എനിക്കറിയുന്ന ശരീരമാണ്,
ഇന്ന് കീറിമുറിക്കും തീർച്ച.
നീരുവന്നാൽ
പേടിക്കുന്ന ശരീരത്തിനുള്ളിൽ
ഇങ്ങനെ ഒരു ചിന്ത എന്നു കയറിക്കൂടി
എന്തൊക്കെയാ
അസുഖമാണെന്ന് കേട്ടിരുന്നു, പാവം.
മരിക്കുന്നതു വരെ, ഭയങ്കരി
അല്ലേലും മരിച്ചാല്‍ പാവമാകും
സ്വാഭാവികം.
എന്നാലും
ചോര കണ്ടാ കരയുന്ന
പെണ്ണിനിത് എന്തു പറ്റി…!
സാരിയുടുക്കാൻ മടിയുള്ള
മാക്സി മാത്രം ഇടുന്ന
അവർക്കിതെന്തു പറ്റി…!
ചീവിടുകൾ
ആർത്താർത്തു കരയുന്ന
രാത്രികൾക്ക്…
കള്ളുകുടിച്ചു കൂടിയാടിയ
സായാഹ്നങ്ങൾക്ക്,
അപ്പുറത്തെ വീട്ടിലെ
തെറിവിളികൾക്ക്..
മോചനം.
അവനാദ്യം വാങ്ങി നല്കിയ
സാരിക്കൊണ്ട് ഒരു ഉപകാരമായി.
അവർ കാണാത്ത സാരിയാണ്.
കീറിയ സാരിയാണ്…
അവളുടെ ശരീരം
ഒട്ടു ഭംഗിയില്ലാതെ
വലിഞ്ഞു വെപ്രാളപ്പെട്ടപ്പോ കീറിയതാണ്.
വിട്ടുക്കൊടുക്കാത്ത ഓർമ്മകളത്രയും
വെറുതെ വിട്ടുകളഞ്ഞവൾ
ആത്മഹത്യ ചെയ്തു.
അതെ
ഇന്നവളെ കീറിമുറിക്കും തീർച്ച ;
പോസ്റ്റുമോർട്ടം.