പോളിഗാമി

“ഓളെന്താ ഇവടെ വന്നു നിക്കണത്?”

“ഓൻ പോയീലെ.. അപ്പൊ കൊറച്ചീസം ഇവടെ നിക്കാൻ വന്നതാ.” ഉമ്മ ആരോടോ സമാധാനം പറയുന്നത് കേട്ടു.

ഒന്നും അറിയാത്തത് പോലെ മുകളിലേക്ക് കയറിപ്പോയി. കുഞ്ഞ് ഉണർന്നിട്ടില്ലായിരുന്നു. മുറിക്ക് ഇന്നും ആ പഴയ മണം തന്നെയാണെന്നവൾ ഓർത്തു. അടച്ചിട്ടിരിക്കുന്ന ചില്ല് കൂടിനുള്ളിൽ സമാധിയടഞ്ഞ തന്റെ പുസ്തകങ്ങളിലേക്ക് അവൾ കണ്ണോടിച്ചു. പ്ലസ്ടു കാലത്തെ റെക്കോർഡ് ബുക്കുകളായിരുന്നു ഏറ്റവും മുകളിൽ. ഇനിയും ദ്രവിച്ചു പോകാത്ത ഓർമ്മയുടെ പൊടിപടലങ്ങൾ തട്ടിക്കൊണ്ട് അവൾ ബോട്ടണി റെക്കോർഡ് തുറന്നു.

താൻ വരച്ച ആന്തറിന്റെ പടം കണ്ടപ്പോൾ പൂമ്പാറ്റയുടെ ചിത്രം വരച്ചു തരുവോ എന്ന് ചോദിച്ചു വന്ന കൂട്ടുകാരിയുടെ മുഖം ഓർമ വന്നു.

തന്റെ ഹാൻഡ് റൈറ്റിങ്ങിനും താൻ വരച്ച ചിത്രങ്ങൾക്കും എന്നും ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. രണ്ടാം ക്ലാസ്സിൽ ചിത്രരചനക്ക് ഫസ്റ്റ് അടിച്ചപ്പോൾ ഇനി മേലിൽ ജീവനുള്ളവയുടെ പടം വരക്കരുത് എന്ന് താക്കീത് ചെയ്തു വിട്ട മദ്രസയിലെ ചെമ്പൻതാടിക്കാരൻ ഉസ്താദിനെയും ഈ വേളയിൽ സ്മരിച്ചു.. ഇന്ന് ഓർക്കുമ്പോൾ എല്ലാം ചിരിക്കാനുള്ളവ മാത്രമാണ്… എല്ലാം.

സൂവോളജി ക്ലാസ്സിൽ ഹെർമഫ്റോടൈറ്റുകളെ പറ്റി പഠിക്കുന്നതിനിടയിലാണ് മനുഷ്യൻ പോളിഗാമസ് ആണെന്നതിനെ പറ്റിയുള്ള ചർച്ച കടന്നു വന്നത്. (ഒന്നിലധികം ഇണകൾ ഉണ്ടാകുന്ന അവസ്ഥ) അന്ന് അത് പറഞ്ഞു ഒരുപാട് ചിരിച്ചിട്ടുണ്ട്. അതെന്താ മനുഷ്യന്ന് മോണോഗമസ് ആയാൽ പോരെ?

അദ്ദേഹവും പോളിഗാമസ് ആണെന്നത് താൻ ഓർക്കണമായിരുന്നു. എന്തെ ഓർത്തില്ല? മനുഷ്യന്റെ പോളിഗാമിക് നേച്ചർ അറിഞ്ഞിട്ടും തനിക്കത് പൊറുക്കാനായില്ല.എല്ലാം വലിച്ചെറിഞ്ഞു പോന്നു.

റെക്കോർഡിന്റെ പേജുകൾ വീണ്ടും മുന്നോട്ടു മറിച്ചു. ഇൻഫെർട്ടിലിറ്റിയും കോൺട്രാസെപ്റ്റിവസും ഒക്കെ പഠിപ്പിക്കുന്നതിനിടയിൽ താനെന്തോ സംശയം ഫ്രണ്ട്‌സിനിടയിൽ അവതരിപ്പിച്ചപ്പോൾ ഒരുത്തി പറഞ്ഞത് ഇങ്ങനെയാണ് “നീ ഇപ്പൊ അതൊന്നും അറിയണ്ട. അതൊക്കെ പെട്ടെന്ന് കല്യാണം കഴിക്കുന്നോർക്ക് അറിയാൻ ഉള്ളതാ..”ശരി തന്നെ. താൻ എന്തിനിപ്പോ അതൊക്കെ ആലോചിക്കണം..

വൃത്തിയിൽ ഉരുട്ടിയെഴുതിയ വാക്യങ്ങൾ അവളെ നിർവികാരമായി നോക്കി നിന്നു.

ഓർമ്മകൾ വീണ്ടും പുറകോട്ടു പോയി. “ഇയ്യെന്തിനാ ഇത്ര വൃത്തീല് എഴുതുന്നത്. ഡോക്ടർമാരൊക്കെ വൃത്തില്ലാതെ എഴുതണോരാ ട്ടൊ.”

അവൾ ഒരു പേനയെടുത്ത് റെക്കോർഡിന്റെ ഒഴിഞ്ഞ പേജിൽ എഴുതി നോക്കി. ഇന്ന് തന്റെ കയ്യക്ഷരം ഒട്ടും ഭംഗിയില്ലാത്തത് ആയിരിക്കുന്നു. പക്ഷേ ഡോക്ടർ ആയില്ല എന്ന് മാത്രം.

അവൾ ആ റെക്കോർഡ് പൂട്ടി വെച്ചു  ഓട്ടോഗ്രാഫ് കയ്യിൽ എടുത്തു. അതിന്റെ അവസാനത്തെ പേജിൽ തന്റെ പ്രിയ കൂട്ടുകാരി എഴുതിയത് ഇങ്ങനെ.

‘ജീവിതം ഒരു കടലാവുമ്പോൾ അതിലൊരു കുഞ്ഞു മീനായി നീന്തി തുടിക്കുക.’

അവൾ എന്തോ ഓർത്തു പുഞ്ചിരിച്ചു. കുഞ്ഞുണർന്നു കരയാൻ തുടങ്ങിയിരുന്നു. പുസ്തകങ്ങളെല്ലാം ചില്ല്കൂട്ടിൽ തന്നെ വെച്ച് അവൾ തിരികെ നടന്നു.

മലപ്പുറം സ്വദേശിനി .സി എ വിദ്യാർത്ഥിനി. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും എഴുതാറുണ്ട്