പോരുകോഴികൾ

കൊക്ക്കോർത്ത്‌
നാവ് തള്ളി കോമരം തുള്ളി,
പടനിലത്തിൽ
പൊടിയുയർത്തി പടഹമാടി,
പോരുകോഴികളെ….
നിങ്ങൾ….കൊമ്പ്കോർത്തു…

ചിറകിടിച്ചു പറപറന്ന്
പുകിലുയർത്തി,
പൊടിപറത്തി കുതികുതിച്ചു
ചടുലമാടി,
പോരുകോഴികളെ…..
നിങ്ങൾ…..കലഹമാടി….

പതപത്യ്ക്കും നുരചിതറും
ചോരപൂവുകൾ വിടർത്തിയാടും…..
രുധിരതാണ്ഡവതുടിയിളക്കി……
പോരുകോഴികളെ….
നിങ്ങൾ…..ചുടലയാടി….

കാൽവിരലിൽ ആണികെട്ടിച്ചു,
ചിറകുമിനുകിച്ചു,
കൊക്ക് കൂർപ്പിച്ചു,
പൊരിവെയിലിൽ
കാണികൾ കൗതുകം പൂണ്ടൂ…..
പോരുകോഴികളെ…..
നിങ്ങൾ….. ചാവേറുതൊല്ലകളായി…..
ചാവേറുതൊല്ലകളായി…..

ഈ കലിയിളക്കത്തിൽ,
നെഞ്ഞുകീറി നിലവിളക്കും
മണ്ണിന്റെയൊച്ച,
ചൂടുകാട്ടിലാലിഞ്ഞു പോയി,
പേമാരികുത്തിലോലിച്ചു പോയി…..

കൂർത്തകൊക്കാൽ
നീണ്ട കാൽവിരലാൽ….
കരളുപിളർക്കും…..
കൂട്ടരുടെ കുടലുമാല
കൊത്തിയെടുത്തു
കഴുത്തിലിട്ടു ശവതാണ്ഡവമാടും….
പോരുകോഴികളെ…..
നിങ്ങൾ….. ചാവേറുതൊല്ലകളായി…..
ചാവേറുതൊല്ലകളായി…..

കാണികൾക്കായി
കുരുത്തിയുത്സവമാടും
വെറും ചാവേറുതൊല്ലകളായി…..

കുറിപ്പ് : സമകാലീന രാഷ്ട്രീയ അന്തരീക്ഷം. കാണികളുടെ ആനന്ദത്തിന് വേണ്ടി സഹജീവികളുടെ നെഞ്ച് പിളർക്കുന്ന ചാവേറുകൾ ആയ പോര് കോഴികളായി മനുഷ്യർ.

തിരുവനന്തപുരം സ്വദേശിയാണ്, ഇപ്പോൾ താമസം ഗുജറാത്തിലെ ബറോഡയിൽ. ഫുഡ്‌ കോര്പറേഷൻ ഓഫ് ഇന്ത്യയിൽ ക്വാളിറ്റി കൺട്രോളർ ആയി ജോലി നോക്കുന്നു. ആനുകാലികങ്ങളിലും മറ്റും കവിതകൾ എഴുതാറുണ്ട്.