കാലു കുത്തുന്നിടം ചുട്ടു പൊള്ളിയിട്ടെന്ന പോലെയാണ് കാലുകൾ മാറ്റി മാറ്റി ചവിട്ടി തുള്ളി പറച്ചികാവിലമ്മ ഓടും പോലെ വന്നത്! .പറച്ചി ഇപ്പൊ വെറും പറച്ചി .! അട്ടി അട്ടിയായുള്ള ഞൊറി മടക്കുകളുള്ള ചുവന്ന ഒട പുടവ കൊണ്ട് ഇല്ലായ്മ്മകൾ മൂടാത്ത വെറും കോലം..!
ചാത്തമ്മൂല കണ്ടൻ ആ നേരത്ത് തൊട്ടുങ്കര ഭഗവതിയുടെ പിറകിലായിട്ട് പൊളിച്ചു തുടങ്ങിയ ചെമ്പക തറയിൽ കുത്തിയിരിപ്പാണ്. കാട്ടു കല്ലുകൾ അടുക്കി വച്ച പഴയ തറ. അതിനടുത്ത് അട്ടിമേൽ അട്ടിയായി ഇറക്കി വച്ചു കഴിഞ്ഞല്ലോ ചെമ്പക തറ പൊളിച്ച് പുതുക്കി കെട്ടാനുള്ള നല്ല ചൊമ ചൊമാ ചോപ്പുള്ള ചെത്തു കല്ല്. മൈലാടും കുന്നിലെ ചെങ്കൽ പണയിലെ കല്ല് അളവൊത്ത് കൊത്തിച്ചതാണ്.
ഈ തറ മാറ്റി പണിയുമ്പോൾ, മുരടിച്ച കൊമ്പുകളിൽ പ്രായത്തിന്റെ ജരാബാധയേറ്റത് പോലുള്ള പറ്റു വേരുകൾ താഴ്‌ക്ക് ഇറ്റു വീഴുമ്പോൾ, കട്ട പിടിച്ച ജലധാര പോലെ തൂങ്ങുന്നുണ്ട്. തറ പുതുക്കി പണി കഴിയുമ്പോൾ ചെമ്പകമരം ഇവിടെ തന്നെ കാണുമോ എന്ന ഒരു സംശയം കണ്ടന്റെ ഉള്ളിൽ പൊന്തി. പകരം ഓരാൽ മരം കാവും പരിസരവും മുഴുവൻ ശിഖരങ്ങൾക്ക് കീഴിലാക്കി കൊണ്ട് പടർന്നു പന്തലിച്ചു നിൽക്കുന്നത് കണ്ടൻ ഉള്ളാലെ കണ്ടു നോക്കി. ഒരു തകര ചെടിയ്ക്കുള്ള വെളിച്ചം പോലും കീഴിൽ അനുവാദം കൊടുക്കാതെ അതിന്റെ ശിഖരങ്ങൾ അതിർത്തികൾ വിശാലമാക്കാൻ ദൂരേക്ക് ദൂരേക്ക് നീണ്ടു പോവുമല്ലോ എന്ന് കണ്ടൻ ഉള്ള് കൊണ്ട് ദീർഘ ദൃഷ്ടി ചെയ്തു. ഏറ്റ് കത്തി അരയിലെ പിട്ടലിൽ *1 നിന്ന് ഊരിയെടുത്തിട്ട് അതിന്റെ കൊക്ക് പോലുള്ള മുന കൊണ്ട് ഇടയ്ക്കൊന്ന് പുറം ചൊറിഞ്ഞു കണ്ടൻ. അരിശം പുകഞ്ഞ മുഖം ഇപ്പൊ പച്ച തീയന്റെ ഊക്ക് കാട്ടുന്നണ്ട്. തെയ്യ തിറ കെട്ടി ആടുന്ന കോലകാരനിൽ കേറി കൂടാത്ത സമയത്തു മുഴുവൻ കണ്ടൻ അരയിൽ പിട്ടലും അതിനുള്ളിൽ മിന്നുന്ന വായ്‌തലയുള്ള മാട്ടുകത്തിയും ഉള്ള തനി ചെത്ത്കാരൻ..! അവന്റെ വലതു ഭാഗം പടിഞ്ഞിരിപ്പാണ് പാടിയിൽ പോതി*2. അരിശം മുഖത്തെഴുതിയ പോലെ കറുത്ത് നിൽപ്പുണ്ട് രണ്ടാൾക്കും. ഉള്ളിലെ കയ്പ്പ് കണ്ടൻ ചെമ്പക തറയിൽ മുളച്ചു പൊന്തിയ തകര കമ്പ് പൊട്ടിച്ചെടുത്തത് കടിച്ചു തുപ്പി കൊണ്ട് കളയാൻ നോക്കുന്നത് കണ്ടപ്പോ പോതിയും പൊട്ടിച്ചു ഒരു തകര കമ്പ്.!
ചെമ്പക മരത്തിന്റ തുച്ചൻകൊടിക്ക്* മാത്രം പൂരം മണക്കുന്ന* വെള്ള പൂക്കൾ നല്ലോണം കണ്ടു. ഇടയ്ക്കൊന്നു വീണത് മാതോടത്ത് അമ്മേടെ ഒത്ത മൂര്ത്തിയിൽ തന്നെ..! ഓരോന്ന് ആലോചിച്ചു കൊണ്ടു കണ്ടൻ ഉള്ളാലെ ചുറ്റിതിരിഞ്ഞു വന്നപ്പോഴാണ് ഒരു പഴേ സംശയം വീണ്ടും പൊട്ടി വീണത്ആ. ചെമ്പക പൂവ് വീണത് പോലെ. അതേ നേരത്തു തന്നെ ഒരോർമ്മ പൊട്ടി വീണു.
അത് കൊറേ പണ്ടാണ്..! കണ്ടൻ തെയ്യ കോലം ആയി പുനർ ജനിച്ചിട്ടില്ല. അതിനൊക്കെ മുമ്പ്.! ഒരു പൊള്ളുന്ന മീന മാസത്തിലെ നട്ടുച്ച ..! അന്ന് വെറും ചെത്തുകാരൻ കണ്ടനാണല്ലോ താൻ.!
കള്ളു നല്ലോണം ഊറി ഒഴുകി മാട്ടു പാനി നിറയാൻ കുരുന്ന് *4 തേക്കണം. അതും തേടി മാതൊടത്തമ്മയുടെ കാവിന്റെ ചുറ്റും നടപ്പായിരുന്നല്ലൊ അന്ന്. ഉച്ചക്ക് പോലും വെയിൽ വീഴാത്ത കാവിന്റെ മൂക്കും മൂലയും ഒറ്റ ചരലും പുറത്തു കാട്ടാത്ത വിതം ചപ്പു മൂടി കിടപ്പാണ്. കാവിന്റെ നടുക്കൊരു കാട്ടു പുളിയൻ മാവുണ്ട്. അത് നാട്ടാർക്ക് കാവിലെ തൊണ്ടൻ മാവാണ്. മാങ്ങ കാലം ആയാൽ ‘അമ്മമാർ ഉച്ചത്തിൽ പറയും:
” ചെക്കാ.. ഉച്ചക്ക് തൊണ്ടന്റെ ചോട്ടിൽ പോയാ തോനെ*5 മാങ്ങ കിട്ടും. പൊറുക്കി കൊണ്ടന്നാ പുളിങ്കരിക്ക് കൂട്ടാ…”. ആ മാവിന്റെ അങ്ങേ പുറത്തോരു കാഞ്ഞിര മരം.. കാഞ്ഞിരത്തിന്റെ ചുറ്റും കുരുന്ന് നുള്ളുന്ന കുറ്റി ചെടികൾ ഒരു പാടു മുറ്റി നിൽപ്പുണ്ട്. തെങ്ങിന്റെ ഇളം കുല കൂമ്പ് മാട്ടു കത്തിക്ക് ചെത്തി കുരുന്ന് ഒരച്ചു തേക്കണം കള്ള് മാട്ടുപാനി *5 യിൽ ഒറു പൊട്ടിയ പോലെ ഊറി നിറയാൻ.
അങ്ങനെ കുരുന്നും നുള്ളി കാവിലെ പച്ചപ്പിൽ മെയ് മുട്ടി നിൽക്കുമ്പോളാണല്ലോ അങ്ങേ പുറത്ത്ന്ന് ഒരൊച്ച പൊന്തിയത്. പെണ്ണോരിത്തിയുടെ ചിരി.. വെറും ചിരിയല്ല താനും!…. കുഞ്ഞാതി പെണ്ണിനെ കെട്ടും മുന്നേ പണ്ടൊരിക്കൽ അമ്പല കുളത്തിന്റെ അപ്പുറത്തെ പുല്ലാഞ്ഞി കാട്ടിനുള്ളില് ഊപ്പാടെ കെട്ടി പിടിച്ചപ്പോ കേട്ട അതേ മാതിരി ചിരി…. കണ്ടന് ചൂടായി.. ഇതാര് മാത്തോടത് കാവിൽ നട്ടുച്ചയ്ക്ക് വേണ്ടാത്ത പണിക്ക് വന്ന പെണ്ണ്.? ഒരുമ്പട്ട പെണ്ണുങ്ങൾ കൊറേ ഉണ്ട് നാട്ടിൽ.. അവരിൽ ആർക്കണപ്പാ ഇത്രേം ഊക്കും വീറും .?അതൊന്ന് കണ്ടിട്ട് തന്നെ കാര്യം. ഒളിഞ്ഞു നോക്കാനല്ല, നേരെ മുമ്പിൽ ചെന്നു നിൽക്കാൻ തന്നെ നടന്നത്. തൊണ്ടൻ മാവിന്റെ കൊമ്പിൽ തല കുത്തനെ തൂങ്ങി കിടക്കുന്ന വവ്വാൽ കൂട്ടം ഞെട്ടി പിടഞ്ഞത് കരിയിലകളിൽ സാധാരണ കേൾക്കാത്ത കാൽ പെരുക്കം കേട്ടത് കൊണ്ടാവും. അവ മണിയാട്ട് ഇല്ലപ്പറമ്പിലെ അവരുടെ രണ്ടാം കൂരകളിലേക്ക് പാറി പോയി.
കരിയില ഞെരുക്കം കേട്ടപ്പോ ആ പെണ്ണും പാറി പോയോ?.. ആ കാവും പറമ്പ് മുഴുവൻ തെണ്ടി നടന്നല്ലൊ അന്ന്. ഒടുവിൽ നടന്നു കാലു കഴച്ചപ്പോഴാണ് പരതി നടത്തം നിന്നത്. മാതൊടത്ത് ഭഗവതിക്ക് മുന്നിൽ ഒന്ന് തൊഴാലൊന്ന് വച്ചിട്ട് കാവിനു മുന്നിൽ നിന്നപ്പോ മലർക്കെ തുറന്നു കിടക്കുന്നല്ലൊ പടി വാതിൽ എന്നാണ് ആദ്യം തോന്നൽ ഉണ്ടായത്. ഉള്ളിൽ മറഞ്ഞു പോയത് കാവിനുള്ളിൽ ഒരു മിന്നൽ പോലെ കണ്ട അതേ മഞ്ഞ പട്ട് തന്നെയോ!. അതാണ് അന്ന് മുതലേ ഉള്ളിൽ വല്ലാണ്ട് തേമ്പി നിൽക്കുന്ന സംശയം .അതൊന്നു ചോദിക്കണം.. ചോദിക്കണം ന്ന് വച്ചിട്ട് കാലമെത്രയായി!… ചെത്തുകാരൻ കണ്ടനെ തല്ലി കൊന്ന് ദൈവ കോലം ആയി ജനിച്ചു പോയല്ലോ..! ഇനിയിപ്പോ അന്നത്തെ ചെത്തുകാരൻ കണ്ടന്റെ ഉള്ളിലെ കാര്യമൊക്കെ മിണ്ടാനും പറയാനും പാടുണ്ടോ എന്നൊരു തടസം എപ്പോഴും തടഞ്ഞു നിർത്തും.
“അപ്പൊ…കൂട്ടരേ….”
ഒച്ച കേട്ടപ്പോ കണ്ടൻ വീണ്ടും ചെമ്പക തറയിൽ ഉള്ള് കൊണ്ട് വന്നിരുന്നു..
തൊണ്ടച്ചൻ ആണ് തുടങ്ങി വച്ചത്:
“അപ്പൊ കൂട്ടരെ.. മ്മള് തുടങ്‌ല്ലേ…?”
മറ്റാരും ഒരൊറ്റ വാക്ക് മിണ്ടാതെ തൊണ്ടച്ചനെ കേട്ടിരുന്നു.
“ഒറ്റ പറമ്പിൽ അതെല്ലെങ്കിൽ തൊട്ടടുത്ത പറമ്പിൽ, അങ്ങേ മൂലക്കും ഇങ്ങേ മൂലക്കുമായിട്ട് കാലങ്ങളായിട്ടു ഇരിപ്പെന്ന്യാ നമ്മളിൽ പലരും. ന്നാലോ ഇന്നേക്ക് വരെ ഇമ്മാതിരി ഒരു കുടിയിരിപ്പ് വേണ്ടി വന്നിട്ടില്ലല്ലൊ നമ്മക്ക്. “ഓരോരുത്തരെ ആയിട്ട് മാറി മാറി നോക്കി തൊണ്ടച്ച ൻ. എല്ലാ മുഖങ്ങളും കരി കൊണ്ടു വരച്ചു വയ്ക്കാതെ തന്നെ കറുത്തു കണ്ടു.
അപ്പോഴാണ് ചാമുണ്ഡി ഓടി വന്നതും തൊട്ടുമ്മൽ പോതിയുടെ അടുത്തായിട്ടു പോത്തോയെന്ന് ഒരൊറ്റ ഇരിപ്പ് ഇരുന്നതും. മഞ്ഞൾ മണം.! ആരോ നേർന്നൊരു വെള്ളാട്ടം ഉണ്ടായിരുന്നു കാവിൽ.കെട്ടുന്നത് പെരുവണ്ണാൻ ആണെങ്കിലും കോലം അഴിക്കും വരെ പെരുവണ്ണാൻ ചാമുണ്ഡിയും ചാമുണ്ഡി പെരുവണ്ണാനും ആണല്ലോ. !രണ്ടുടൽ..! ഒരേ മനം.! ഓല ചായ്പ്പിൽ ബാക്കി വന്ന പുളിച്ചുതുടങ്ങിയ കള്ളു ഒറ്റ വലിക്ക് അകത്താക്കിയിട്ടു വണ്ണാൻ നാണു ഓല കീറിൽ മലർന്നു കിടന്ന ശേഷമേ ചാമുണ്ടിക്ക് ഒന്നു കീഞ്ഞു പായാൻ പാങ് കിട്ടിയുള്ളൂ..!
“നോക്ക്…കൂട്ടരേ..ഇന്നോ ഇന്നലെയോ അല്ലല്ലോ നമ്മളിൽ ചിലർ ഈ നാട്ടും പുറത്ത് ദൈവ കോലങ്ങളായി കഴിഞ്ഞു പോകാൻ തുടങ്ങീട്ട്.?…
ഇന്നേ വരെ ആരേലും ഇടങ്ങേര് ഉണ്ടാക്കാൻ വന്നോ ആരേലും നമ്മളെ കാര്യത്തില്.. ഇല്ലല്ലോ..?”
ചെമ്പക തറയിൽ ഇരിപ്പായവർ സ്വന്തം തൊണ്ടയിൽ കുടുങ്ങി പോയ വാക്കുകൾ തന്നെ ആണല്ലോ ഇതെന്ന മട്ടിൽ തലയാട്ടി.
“ഒരു കാര്യം ചെയ്യാ… പറയാൻ ഉള്ളത് ഓരോരുത്തർ ആയിട്ട് ഇവിടെ വന്നങ് പറയന്നെ.. അറിയണല്ലോ ..
അന്യോന്യം..! ഇതിങ്ങനെ വിട്ടാ പിന്നെ ഞാനൂല്ല്യ.. ഇങ്ങളൂല്യ….ന്താ നേരല്ലേ..?”
തൊണ്ടച്ചനുള്ള ഉത്തരം പോലെ തൊട്ടുമ്മൽ പോതിയാണ് ആദ്യം എണീറ്റ് നിന്നത്.
നിന്ന നിൽപ്പിൽ ഉള്ളിലുള്ളത് മുഴുവൻ ഒരേ നേരം പുറത്തുചാടാൻ നോക്കിയത് കൊണ്ട് പോതി ഭഗവതിക്ക് നാക്കിന് തുമ്പിൽ കക്കു പിടിച്ചു. പരവേശം കൂടാതെ പറയാനുള്ളത് പറയാൻ പറ്റാതെ പോവുന്നല്ലോ എന്ന സങ്കടം വന്നു പോതിക്ക്… നാണു പെരുവണ്ണാൻ കോലം കെട്ടി ആടുമ്പോൾ നാവിൻ തുമ്പിൽ താനല്ല പെരുവണ്ണാൻ കുടിച്ച കള്ളാണ് എന്ന ബോധ്യം കൂടി വന്നു പെട്ടു, ഭഗവതിക്ക്. ദേശം മുഴുവൻ കേൾക്കുമാര് പീഠത്തിൽ കാലും കയറ്റി വച്ചുള്ള അട്ടഹാസം നാണുവിനും ഓൻ കുടിച്ച കള്ളിനും മാത്രം അവകാശപെട്ടതല്ലോ എന്ന സങ്കടം കൂടി വന്നപ്പോ പോതി യുടെ ഒച്ച തീരെ പതുങ്ങി പോയി.
“ന്റെ കാര്യം…. ഇപ്പൊ തന്നെ നന്നേ വിഷമത്തിൽ ആയല്ലൊ പരദൈവങ്ങളെ..”
ഒച്ചയില്ലാത്ത ഒരു നിലവിളി പോലെ തോന്നി കണ്ടന്.!
പാപ്പിനി കുന്നിലെ മല്ലപള്ളി തറവാട്ട്കാർ പുളിമര ചോട്ടിൽ വിളക്ക് തറ സ്ഥാപിച്ചു സ്ഥാനം കല്പിച്ചത് ആ തറവാട്ടിന്റെ മാത്രല്ല, അതിനും പുറത്തോട്ടും അവകാശം ഉണ്ടെന്ന ഭയ ഭക്തിയോടെ തന്നെ ആയിരുന്നല്ലോ…. ആ തറവാട്ട് പറമ്പിൽ എനിക്കായിട്ട് എന്തിനിപ്പോ ഒരു അതിര്…?” നാട്ടു ദൈവത്താൻമാരും ഭഗവതിമാരും തൊട്ടുമ്മൽ പോതിയെ കേട്ടോണ്ടിരുന്നു.
“പുളി ചോടും വാള് വീശാനുള്ള ഇത്തിരി വട്ടവും മതിലിനുള്ളിൽ… അതാ ത്രേ സ്വർണ്ണപ്രശ്നകാരൻ എനിക്കുള്ള അവകാശം പറഞ്ഞു വച്ചത്. “എന്നെ കുടിയിരുത്തിയ തറവാട്ടിൽ…. ഞാൻ വാളും കൊണ്ടു ചുറ്റി പാഞ്ഞ ദേശത്ത് എനിക്കിനി ആ പുളി ചോടും വട്ടവും മാത്രം.. “വാക്കുകൾ തൊണ്ട യിൽ തടഞ്ഞപ്പോൾ പോതി നിർത്തി. ഇരുന്നു പോയി പാപ്പണം കൊടിന്റെ ഭഗവതി, പച്ച മണ്ണിൽ..! ബാക്കി പറഞ്ഞത് തൊണ്ടച്ചൻ.
“എന്ത്.കഷ്ടാ.. ന്ന് നോക്ക്… ഈ പോതീടെ അവസ്‌ഥ തന്യല്ലേ നമ്മക്കോരോരുതർക്കും… ഇന്നലെ പൊതി.. നാളെ മറ്റൊരു കാവിൽ…”
കണ്ടൻ വീണ്ടും തറയിൽ നിന്ന് തല നീട്ടി ആർക്കോ ഇട്ടു കാർക്കിച്ചു തുപ്പി.
“കയ്യേറ്റം… വെറും കയ്യേറ്റാണിത്… ഇതെപ്പോ തുടങ്യതാ കൂട്ടരേ.. പണ്ടും മുന്നേ കേട്ടിട്ടുണ്ടോ നമ്മളിൽ ആരേലും സ്വർണ്ണ പ്രശ്നമെന്നത്..? കൊല്ലം കൊറേ ആയല്ലോ ഞാനും നിങ്ങളും ഈ നാട്ടിൻ പുറം ചുറ്റി നടക്കുന്നു. ഒരു നാലു കല്ല് വളച്ചു വച്ചിട്ട്ല്ലല്ലോ നമ്മളാരും പണ്ടും മുന്നേ.?”
ചെമ്പക ചോട്ടിൽ ആ ചോത്യം വന്നു വീണു. അവിടുന്ന് തീയിൽ തുള്ളാൻ പായുന്ന പൊട്ടൻ തെയ്യത്തെ പോലെ തൊണ്ടച്ചന്റെ വാക്കുകൾ പരക്കം പാഞ്ഞു. നാട്ടു ദൈവങ്ങൾ അതിനു പിന്നാലെ എത്തി നിന്നത് കുന്നും പുറത്തെ പുതിയോത്ര പറമ്ബിൽ.! പത്തിരുപത് കൊല്ലം മുന്നേ കുന്നുംപുറത്തെ പുതിയോത്ര പറമ്പിൽ ചെമ്പക ചോട്ടിൽ ആകെ ഉള്ളത് ഒരു കല്ല്.! പുതിയോത്ര കെട്ടുന്ന കാലത്ത് ഓല കൊണ്ടൊരു പുര ! തീർന്നല്ലോ നമ്മളെ ചുറ്റി കെട്ടൽ..!
തൊണ്ടച്ചന്റെ തൊണ്ട പുകയുന്നത് കണ്ടന്റെ ഉള്ളറിഞ്ഞു. പുതിയോത്ര പറമ്പിൽ സ്ഥിരം കെട്ടി പണിത കെട്ടിടം തീർത്തത് നാട്ടാർ.! കൊല്ലം പത്തിരുപത് കഴിഞ്ഞിപ്പോ തെക്കു നിന്നു വന്നൊരു ബ്രാഹ്മണൻ സ്വർണ്ണ പ്രശ്നം വച്ചപ്പോ കണ്ടത്രേ ആ പറമ്പും പത്ത് രണ്ടായിരം കൊല്ലം മുന്നേ ക്ഷേത്ര ഭൂമി.. കാവും കല്ലും ചെമ്പക തറയും കിളച്ചു കോരി പണി തുടങ്ങിയല്ലോ. ക്ഷേത്രം പൊങ്ങും മുന്നേ പഞ്ചായത്തു റോട്ടിൽ രണ്ടാന പൊക്കത്തിൽ കവാടം പണി തീര്തതല്ലോ.! “ശ്രീ ചൈതന്യയേശ്വരി ക്ഷേത്രം”
“ചാത്തം മൂല കണ്ടനെ ചവിട്ടി കൊല്ലിച്ച കരുമാരം കുന്ന് ഇല്ലത്തെ താവഴിക്കാരെ കൊണ്ടാണല്ലോ സ്വർണ്ണ പ്രശനം വെപ്പിച്ചത് മല്ലപ്പള്ളി തറവാട്ട് കാർ!.. പോതിക്ക് പുളിമര ചോട്ടിലെ കല്ലും തറ മതി ! അതിനു ചുറ്റും കയ്യകല പാട് ചുറ്റു മതിൽ. അതിനുള്ളിൽ ഉള്ള അവകാശം ! പുറത്തു വേറെ ക്ഷേത്രം വരും… വരണം..! രണ്ടായിരം കൊല്ലം മുന്നേ ഉണ്ടായിരുന്നു മല്ലപള്ളി പറമ്പി ലും ഈശ്വര ചൈതന്യമെന്ന്.! അത് വീണ്ടെടുക്കാൻ പ്രശ്ന വിധി പ്രകാരം ചുറ്റമ്പലമുള്ള ഒരു ക്ഷേത്ര നിർമ്മാണം ആണ് കാണുന്നത് പോലും.! പുളി തറയിൽ ഉള്ളത് വെറും ദുഷ്ട ദേവതയത്രെ!
മല്ലപള്ളി തറവാട്ടു പറമ്പിൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രം പണി തീർന്നാൽ, പാവം പോതിക്ക് പിന്നെ പുറത്തിറങ്ങാൻ വഴിയില്ല.! അതല്ലെങ്കിൽ തോട്ടമ്മൽ പോതി പിറകിലെ തോട്ടിലേക്ക് ഇറങ്ങി കയറണം.അക്കരെ..! ആരാന്റെ പറമ്പിലേക്ക്…! കുടിയിരുത്തിയ കാരണവന്മാരൊക്കെ തലമുറകൾ മുന്നേ ചത്തു മണ്ണടിഞ്ഞല്ലോ…. ആരോട് പറയാൻ.?.
കണ്ടൻ വീണ്ടും ഒരു തകര കമ്പ് ഒടിച്ചെടുത്തു. മുകളിൽ ചെമ്പക മരത്തിൽ വെള്ള പൂക്കളിൽ പോലും ഇരുട്ട് നുഴഞ്ഞു കയറി കൂടി തുടങ്ങി. സന്ധ്യയാണ്. രാത്രി വന്നു തുടങ്ങി..!
കണ്ടനുള്ളത് ചാത്തൻമൂല കോട്ടവും അതിനു ചുറ്റുമുള്ള വിളിച്ചാ കേൾക്കുന്ന നാട്ടുമ്പുറം മുഴവനുമായിരുന്നല്ലോ. ചാത്തം മൂല കോട്ടത്തിനു ചുറ്റും കാലു തടയും വിതം ഒരു വരമ്പു കെട്ടാൻ ആരും ചിന്തിച്ചിട്ടു പോലുമില്ല ഇന്നേ വരെ.!
ചാത്തൻ മൂല കുടുമ്പത്തിൽ ആരുടെ തലയിൽ ആണോ സ്വർണ്ണപ്രശ്നം വയ്പ്പിക്കാൻ പുത്തി ഉദിച്ചത്. അത് കുറേ കൂടി മുമ്പാണ്. നാലഞ്ചു കൊല്ലം മുമ്പ്. പ്രെസനം വയ്പ്പിക്കാൻ കൊണ്ടന്നത് തെക്കു കോങ്ങിനി ദേശക്കാരൻ കുടുമയെ..!
ദേശം മാറിയിട്ടെന്ത്! ഉള്ളിൽ ആ വർഗ്ഗം മൊത്തം ഒരേ ചോര..! ചതിയാണ് പറ്റിയത്. അക്കൊല്ലം തന്റെ കോലം കെട്ടിയത് ചത്ത് പോയ മാധവൻ വണ്ണാൻ.! പഠിച്ച.പണി പതിനെട്ടും നോക്കി തെയ്യ കോലം കെട്ടി ആടുന്ന നേരത്തു വണ്ണാൻ മാധവന്റെ നാക്കിനു തുമ്പു കൊണ്ട് അത് പാടില്ലെന്ന് പറയിക്കാൻ.. ചങ്കു മുട്ടും വരെ കള്ളും കുടിച്ചിട്ട് കോലം കെട്ടിയ മാധവൻ ആകെ പറഞ്ഞത് പ്രെസനം പാടില്ല… പ്രശനം പാടില്ലയെന്നു മാത്രം.! കുറി വാങ്ങാൻ വന്ന നായർ തറവാട്ട് കാരിൽ കുടുംബ സ്വത്തിനു വേണ്ടി കോടതിയും വാക്കണവും മൂത്ത് നിൽക്കുന്നവരിൽ ചിലരുടെ കാര്യം അതോടെ രക്ഷപ്പെട്ടത് മാത്രം ബാക്കി. പ്രെസനം പാടില്ലെന്ന് കണ്ടൻ കോലം പറഞ്ഞിട്ടുണ്ട് എന്ന ഒറ്റ തീർപ്പിൽ കോടതിയിൽ കിടന്ന കേസുകൾ മൂന്നെണ്ണം മുങ്ങി പോയി.!
കണ്ടന്റെ കാര്യം നേരെ ചൊവ്വേ മിണ്ടാൻ പറ്റാത്ത മാധവൻ അടുത്ത കൊല്ലം കോലം കെട്ടും മുന്നേ ചത്തു പോയത് അവന്റെ കരള് പുകഞ്ഞ കള്ളു കുടി കൊണ്ടാണ്.
എന്നാലും തൊണ്ടച്ചൻ അന്നൊരിക്കൽ മൂളിയ മൂളൽ തനികിട്ടുള്ളതാണല്ലോ എന്ന ചിന്ത അപ്പോ തോന്നി. അമ്മാതിരി ചെയ്ത് ചെയ്യാൻ പങ്കുണ്ടായിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ കരുമാരങ്കരി ഇല്ലം ചുട്ടു പോയേനെ…! അത്ര പകയില്ലേ തനിക്ക്! അന്നൊരിക്കൽ പാമ്പ് കടിയേറ്റ ചിരുത പെണ്ണിനെ നട്ടുച്ച കഴിഞ്ഞ നേരത്തു നാലാൾ കൂടി പൊക്കി എടുത്താണ് ഇല്ലത്തെ മുറ്റതെത്തിച്ചത്. നോക്കിയ പാട് നമ്പൂരി പറഞ്ഞത് ഇത് തീർന്നു പോയല്ലോ എന്നാണ് പോലും..! അന്തികള്ള് ചെത്താൻ മേച്ചേരി വയലിലെ തെങ്ങും പാട്ടത്തിൽ ആയിരുന്നല്ലോ താൻ. ചെത്തി കൊറച്ച പാണിൽ കുരുന്നു തേച്ചു പിടിപ്പിക്കുമ്പോഴാണ് താഴെ കൂടെ നാലാൾ കൂടി ഒരു പെണ്ണിനെ ചൊമണ്ണോണ്ട് പോകുന്നത് കണ്ണിൽ പെട്ടത്. ഇതെന്ത് കൂത്ത്ന്നു വച്ചിട്ട് ചോദിച്ചതാ..”യേ..ഓറെ..ഇതെന്നാപ്പാ..പെണ്ണിന് പറ്റിയെ..”
ഉത്തരം വന്നു അപ്പൊ തന്നെ.:
“ഇല്ലത്ത് കൊണ്ടു പോയതാ ..വിഷം തീണ്ടിന്.. “മേലോട്ട് നോക്കി ഉത്തരം പറഞ്ഞത് ഒപ്പം നടക്കുന്ന അഞ്ചാമൻ ഒരുത്തൻ .! അവനെ കണ്ടപ്പോ തന്നെ പോലൊരു ഒത്ത തീയ്യനല്ലോ എന്നൊരു തോന്നൽ.”
“കടിച്ചത് കൂടിയ എനാത്രേ.. ..തീർന്നൂ..ന്ന് പറഞ്ഞു നമ്പൂരി..”
“ഉയന്റപ്പ..! അതെന്ത് പറച്ചിൽ..! കണ്ടിട്ട് ഇപെണ്ണിന് വലിപ്പു നിന്നിട്ടില്ലല്ലാ.. “അത് കേട്ട പാടെ പെണ്ണിനെ ചുമന്നവർ നാലു പേരു ചിരുതയെ കിടത്തിയ മുള മഞ്ചൽ താഴെയിറക്കി വച്ചിട്ട് മേലോട്ടു നോക്കി. ഇതാര്..? ഒപ്പം നടന്ന അഞ്ചാമൻ അപ്പോൾ താഴെ ചിരുത പെണ്ണിന്റെ നെഞ്ചത്തേക്കും കുനിഞ്ഞു നോക്കി. ഒരു തോർത്തു കൊണ്ട് മൂടിയിട്ട പെണ്ണിന്റെ ഒത്ത മാറിടം അനങ്ങുന്നല്ലോയെന്ന് അവനറിഞ്ഞു.
കൂടെ നടന്നിട്ട് നമ്മൾ അഞ്ചാറ് പേര് അറിയാത്ത കാര്യം തെങ്ങിൻ മണ്ടയിൽ ഇരുന്നിട്ട് ഈ തീയ്യൻ കണ്ടറിഞ്ഞല്ലോ എന്ന അമ്പരപ്പ് തീരും മുന്നേ മുകളിൽ ഇരുന്ന മടലിൽ നിന്ന് നിർദ്ദേശം കൊടുത്തു.:
“നിങ്ങളൊരു കാര്യം ചെയ്യപ്പാ….ആ കുഞ്ഞീനെ തോട്ടിൽ മൂന്നോട്ടം മുക്കി കരക്ക് കേറ്റിക്കോ… അപ്പളത്തേക്ക് ഞാനുമങ്ങു എറങ്ങി കൊള്ളാ”
മൂന്നു മുക്കി കേറ്റിയ ചിരുത ഉറക്കം ഞെട്ടിയപോലെ ഒന്ന് പിടഞ്ഞപ്പോഴേക്കും തെങ്ങിൽ നിന്ന് ഇറങ്ങിയ കണ്ടൻ തോട്ടു വക്കിൽ പരതി പറിച്ച കാട്ടു ചപ്പിന്റെ* നീര് വായിൽ ഇറ്റിച്ചു കഴിഞ്ഞു. അവിടെ കിടക്കട്ടെ കൊറച്ചു നേരത്തേക്ക് എന്നും പറഞ്ഞു നാലു തെങ്ങു ബാക്കിയുള്ളത് ചെത്താൻ പോയ കണ്ടൻ തിരികെ തൊട്ടു വക്കിൽ വീണ്ടും മാട്ടുപാനി ഇറക്കി വയ്ക്കുമ്പോഴേക്കും ചിരുത എണീറ്റ് തലമുടി വാരി കെട്ടുന്നുണ്ട്. അന്ധാളിച് നിൽപ്പാണ് കൂടെ വന്ന അഞ്ചാറ് പേരും.!
അന്ന് തുടങ്ങിയ പകയാണല്ലോ. അന്നൊരിക്കൽ അന്തി ചെത്ത് കഴിഞ്ഞു കൂരയിലേക്ക് മടങ്ങുന്ന നേരം നോക്കി ചാടി വീണത് അഞ്ചാറെണ്ണം. മാട്ടു കത്തി ക്ക് ഒന്നു വീശാൻ പാങ് കിട്ടും മുന്നേ തല്ലി വീഴ്ത്തിയത് ഇല്ലത്തെ ചോറ്റു പട്ടി നാരായണൻ നായർ.. വീഴും മുന്നേ ഒന്നു കൊടുത്തു നായിന്റെ മോന്റെ കരണ കുറ്റിക്ക്… ആ പക തീർന്നത് ഞാറ്റു കണ്ടതിൽ അഞ്ചാളും കൂടി ചളിയിൽ മുക്കി പിടിച്ച് കൊന്നിട്ടാണ്. കണ്ടൻ തെങ്ങിൽ നിന്ന് വീണ്ച്ചത്തുപോയെന്ന് വിളിച്ചു കൂക്കിയത് കുറെ നേരം കൂടി കാത്ത് നിന്നിട്ടാണ്. ചളിയിൽ മുക്കി കൊന്നത് തനിക്ക് മേലേ വളരാൻ ഒരു കീഴാളൻ പാടില്ലെന്ന തമ്പരാക്കന്മാരുടെ ഉള്ളിലിറിപ്പ് കൊണ്ടെന്ന് നാട്ടുകാർ മുഴുവൻ പാടി നടന്നതും പിറ്റേ കൊല്ലം തൊട്ട് ചാത്തം മൂല പറമ്പിൽ കോലം കെട്ടി തനിക്ക് പുനർജന്മം കിട്ടിയതും അന്നേ പൊള്ളി നിൽക്കുന്നുണ്ടല്ലൊ അവരുടെ വർഗ്ഗത്തിനു മുഴുവൻ..!
ആ പൊള്ളൽ തീർക്കാൻ വന്നത് പോലെയായി തെക്ക് നിന്ന് വന്ന കോങ്ങിണി.! അതാണല്ലോ ചാത്തം മൂല പറമ്പത്തെ കാവിന്റെ മുറ്റത്ത് കാവിനു ചുറ്റും ചുറ്റു മതിൽ എന്ന തീർപ്പായി തിളച്ചു വീണത് !. കുടുംബകാരെ വേണം നിരത്തി നിർത്തി പച്ച മടലിന് തല്ലാൻ…. തല്ലി കൊന്ന ഇല്ലത്തിന്റെ പടിയിൽ കൊല്ലം തോറും തെയ്യം കെട്ടി ഇറങും പാടെ ഒരു എഴുന്നള്ളത് ഉണ്ടായിരുന്നല്ലോ .” കണ്ടോളിൻ തമ്പറാക്കന്മാരെ., നിങ്ങള് ചത്താലും നാട്ടിൻ മൂലക്ക് ഞാൻ ബാക്കിയുണ്ട് ” എന്നു തെളിച്ചു കൊടുക്കാൻ പോവുന്ന പോക്ക് മടുത്തു കഴിഞ്ഞു. അവർ ജയിച്ചു നിൽക്കുന്നത് കണ്ടൻ തീയ്യനെ ചുറ്റു മതിലിനുള്ളിൽ കുടുക്കി നിർത്താൻ കഴിഞ്ഞിടത് ആണല്ലോ…. ഒന്നരയാൾ പൊക്കത്തിൽ ഉള്ളിലെ കാവിന്റെ ചുമർ പോലും പുറം ലോകം കാണാത്ത പാങ്ങിൽ അല്ലെ കുടുക്കി നിർത്തിയത്.! തൊഴുത് കുറി വാങ്ങാൻ കാവിന്റെ മുറ്റം വരെയൊന്ന് കേറി കിട്ടാൻ നാലഞ്ചു കൊല്ലമായി നാട്ടാർ മുഴുവൻ നിരനിര നിൽക്കുന്നത് കാണുമ്പോ പുകച്ചിൽ തീരുന്നില്ലല്ലൊ ഉള്ളിൽ..
തൊണ്ടച്ചന്റെ ഒച്ച പൊന്തുന്നത് കേട്ടിട്ടാണ് കണ്ടൻ വീണ്ടും തല പൊന്തിച്ചു നോക്കിയത്.:
“കണ്ടന്റെ കാര്യം അങ്ങനെ… പോതിക്ക് പറയാനുള്ളത് നമ്മൾ കേട്ടു.പണ്ടും മുന്നേ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ നമ്മക്ക് ചുറ്റും കൂടി കൂടി വന്നു മൂടുന്നുണ്ട്… മ്മളെ കാവുകളുടെ പേര്… ഉള്ളിലുള്ള മൂർത്തികള്ടെ പേര്… ഒന്നും ബോദിക്കാതെ ആയി തുടങ്ങി പലർക്കും..”
തൊണ്ടച്ചൻ നിർത്തിയത് പറച്ചിയുടെ മുഖത്ത്. .!..”
“അല്ല… പറച്ചി… നിനക്കീ പറച്ചിയെന്ന പേരും കൊണ്ട് എത്ര കാലം നിന്റെ കാവിന്റെ അവര് കെട്ടി കുടുക്കിയ മതിലിനുള്ളിൽ ഇരിക്കാൻ പറ്റും പറച്ചി..?'”
തൊണ്ടച്ചന്റെ പറച്ചിയോടുള്ള ചോത്യം ഇടിതീ പോലെ ആണ് ചെമ്പക ചോട്ടിൽ വീണത്. തുള്ളി എണീറ്റ് ഒന്ന് ആർത്തട്ടഹസിക്കണം എന്നു തല പെരുത്തു വന്നു ചാമുണ്ഡിക്ക്. ! ക്ഷീണിച്ച ഒരൊച്ചയായ് അതു തൊണ്ടയിൽ നിന്നു പുറത്തു ചാടിയത് ആരും കേട്ടില്ല. ഒച്ചയിട്ടു കൊണ്ടുള്ള കാവിന്റെ മുറ്റത്തെ തുള്ളൽ പോലും വണ്ണാൻമാരുടെ കുടലിൽ കിടക്കുന്ന കള്ളിന്റെ അളവ് പോലെ ആണെന്ന കാര്യം മറന്നു പോയി ചാമുണ്ഡി .!
“നമ്മളെന്ത് ചെയ്യും.. ഇനിയിപ്പോ.. പരദൈവങ്ങളെ..?”
അത് വരെ ഒന്നും മിണ്ടാതെ ഇരുന്ന മാതൊടത്ത് ഭഗവതി മെല്ലെയാണ് അത് ഉച്ചരിച്ചത്.. കണ്ടൻ നോക്കി. ഇത്ര കറുത്ത് കണ്ടിട്ടില്ല ഇന്നേ വരെ..! ചെമ്പക തറ തണുത്ത് തുടങ്ങി.
” വിട്ടു പോകാം നമ്മക്ക്… അവര് നമ്മളെ പെരുവഴിയിൽ ഇറക്കി വിട്ടിട്ട് അവരുടെ മൂർത്തികളെ കൊണ്ടിരുത്തും മുന്നേ ദേശം വിട്ടു പോകാം.അല്ലേച്ചാൽ ദാസ്യപണിക്ക് നമ്മളെ കൂട്ടും അവരിൽ ചിലർ. തീർപ്പ് പറഞ്ഞത് തൊണ്ടച്ചൻ തന്നെ.! നാടും നമ്മളെ പൈതങ്ങളേയും വിട്ട് മല കേറി പോവുക തന്നെ…” പറഞ്ഞു നിർത്തുമ്പോൾ ആദ്യമായി തൊണ്ടച്ചനു ഒച്ച ഒന്നു വിറച്ചു വയസ്സായല്ലോ തനിക്കെന്നു നൂറ്റാണ്ടുകൾക്ക് ശേഷം തൊണ്ടച്ചനു തോന്നിപ്പോയി.ദേശം വിട്ട് കുന്ന് കേറാം…”! അല്ലേലും കാടു കേറാൻ നമ്മക്കെന്തിന് മടി.. കൂട്ടരേ…”
മുന്നിൽ നടന്നത് കണ്ടൻ.! പിറകിൽ ചാത്തം മൂല പറമ്പിന്റെ അപ്പുറം കൂടി ഒരു ജാഥ പോലെ മാതൊടത്തമ്മയും തൊട്ടുമ്മൽ പോതിയും പറച്ചിയും തൊണ്ടച്ചനും മൈലാടും കുന്നിലപ്പനും കാഞ്ഞിര തറ മുത്തപ്പനും കുന്നുമ്മൽ ഭഗവതിയും ഒച്ചയനക്കം ഇല്ലാതെ നടന്നു. കുടുക്കി കെട്ടാത്ത ഇത്തിരി ഇടം കുന്നിന്റെ അപ്പുറമേങ്ങോ കാണുമെന്ന് ഉള്ളാലെ പറഞ്ഞും കൊണ്ട്….
പാടി പതിഞ്ഞ തന്റെ തോറ്റം പാട്ട് അങ്ങേ മല വരെ കേൾക്കുന്നത്ര ഉച്ചത്തിൽ നീട്ടി ചൊല്ലാൻ തൊണ്ടയിൽ വന്നു മുട്ടി പൊട്ടൻ കോലത്തിന്..
“നീങ്കളെക്കൊത്ത്യാലും
ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും
ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാൽ
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും
നീങ്കളെ കൊത്ത്യാലും ചോപ്പന്നെ ചോര…..
നാങ്കളെ കൊത്ത്യാലും…..ചോപ്പന്നെ ചോരാ..”
______________~__________________
* 1-പിട്ടൽ :മലബാറിൽ കള്ളു ചെത്തുകാർ ഉപയോഗിക്കുന്ന ഒരു തരം കത്തി ഉറ.ഇതിൽ ആണ് തെങ്ങിൽ കയറുമ്പോൾ ചെത്തു കത്തി തിരുകി വയ്ക്കുന്നത്
*2.-പോതി :ഭഗവതി എന്നതിന്റെ മലബാറിൽ ചില ഭാഗങ്ങളിൽഉള്ള ഗ്രാമ്യ പദം
*3.-തുച്ചാൻ കൊടി: ഏറ്റവും ഉയരത്തിൽ ഉള്ള കൊമ്പ് എന്നർത്ഥം വരുന്ന ഗ്രാമ്യ പദം.
*4-കുരുന്ന്:കള്ള് ഊറി വരാൻ വേണ്ടി ചെത്ത് തൊഴിലാളികൾ മലബാർ ഭാഗത് ഉപയോഗിക്കാറുള്ള പച്ചില.മറ്റു ഭാഗങ്ങളിൽ വേറെ ചിലതാണ് ഈ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കാറുള്ളത്.
*5 മാട്ടുപാനി :കള്ള് ശേഖരിച്ച് വയ്ക്കുന്ന പ്രത്യേക ആകൃതിയുള്ള കുടം .ഇതിന്റെ മുകൾ ഭാഗം വലുപ്പം കുറവും താഴോട്ട് വലുപ്പം കൂടിയും ഇരിക്കും