
വഴിതെറ്റിവന്ന മഴയ്ക്ക്
പേരില്ലായിരുന്നു..
പിന്നെ, കവിതയവൾക്ക്
ധനുമഴയെന്നു
പേരു നൽകി.
മഞ്ഞുകാലത്തിൻ ദാഹമകറ്റാൻ
വന്നതാണീ ധനുമഴ
അല്ലെങ്കിലും ഈ വരണ്ട
മഞ്ഞുകാലത്തിന്
തീരാത്ത ദാഹമാണെല്ലോ..
മഴയും ഇടിയും കൂടി
വരുമ്പോഴൊക്കെ
കറന്റ് പോയി
അമ്മയുടെ സീരിയൽ കഥകൾ
വിശ്രമിക്കുവാൻ പോകാറുണ്ടായിരുന്നു.
വല്ലപ്പോഴും വന്നുചേരുന്ന
ആ നിശബ്ദതയിൽ
ഹൃദയത്തിൽ അല്പം
വെളിച്ചം വിതറി
ആളുകൾ മറ്റുള്ളവരുടെ
വാക്കുകൾക്ക് ചെവിയോർത്തിരുന്നു..
ആ സമയത്തെ
ഉത്സവങ്ങൾ പെരുമഴയിൽ
കോലംകെട്ടാതെ മഴയുടെ
നൃത്തത്തെ പ്രണയിച്ചിരിക്കാം..
മഴ വന്ന കാര്യമവൾ
മുഖപുസ്തകവുമായി
പങ്കുവെച്ചു..
അതുവായിച്ച മഴ
അപ്പോൾ തന്നെ പിണങ്ങിപ്പോയി…
ഇടിയുടെ കൂടെ കൂട്ടുകൂടി എത്തിയ
ചിതറിയമഴ പക്ഷേ
സ്നേഹിച്ചതില്ല
ചെടികളെ..
പിന്നെ ബാക്കി വെച്ച
കൊടുംചൂടിൽ
ഉരുകി..
പുഞ്ചിരി മാത്രം
പങ്കിടുന്നവളുടെ
മുറിവുകൾ..
മഴ പിണങ്ങിയകാരണം
ഇതുതന്നെയെന്നവൾക്ക് മനസ്സിലാകുന്നുണ്ട്..
കൊടുംതീയിൽ
ഉരുകുമ്പോഴും
മഞ്ഞുപെയ്യുന്ന
കള്ളക്കഥകൾ കൊണ്ട്
നിറച്ച അവളുടെ
നരച്ച വാക്കുകളോട്
ആയിരിക്കാം..
ഇരുട്ടിലെ പാഴ്ച്ചെടി
പിന്നെയും
വിശപ്പ് തീരാതെ വന്ന
കുഞ്ഞു മഴയോട്
നന്ദിയോതിക്കൊണ്ട്
വീഴാതെയിരിക്കാൻ
അകന്നു മാറി നടന്നു..
ആരോടോ പിണക്കം
ഭാവിച്ചു കൊണ്ട്
ധനുമഴ മെല്ലെ മെല്ലെ
മാഞ്ഞു പോകാൻ മടിച്ചു.








