പേരിനപ്പുറം

കാരിരുമ്പാണ് ഹൃദയം എന്ന്
വ്യാഖ്യാനിച്ചവരേറെ…
കാറ്റിലാടിയുലയുന്ന മനസ്സിന്നുടമ
മനസ്സിനെ നിയന്ത്രിക്കാൻ സ്വയം
ഉരുകി ശക്തനാവുന്നവൻ

മക്കൾ തന്നോളം വലുതായപ്പോൾ
ഉള്ളിൽ ഹർഷാരവം നിറഞ്ഞുവെങ്കിലും
വളർമ കണ്ടില്ലെന്ന നാട്യമുള്ളവൻ

പ്രിയപ്പെട്ടവരുടെ വേർപാടിൽ പോലും
ഇറ്റു കണ്ണീർപൊഴിക്കാൻ
വിധിയില്ലാത്തവൻ

കുടുംബത്തിനുവേണ്ടി
മെഴുകുതിരിയായുരുകിത്തീരാൻ
വിധിക്കപ്പെട്ടവൻ

ഹൃദയച്ചൂടിൽ
ആരെയും വേവാൻ അനുവദിക്കാത്തവൻ
ആകാശത്തോളം സ്വപ്നമുണ്ടെങ്കിലും
ഭൂമിയിൽ വേരുകളോടിക്കാൻ
മാത്രം കൊതിച്ചവൻ

പൊയ്മുഖമണിഞ്ഞു കൊണ്ട്
കല്പാന്തകാലത്തോളം
ജീവിക്കാൻ നിയോഗിച്ചവൻ

ഏതഴലിലും പിടിച്ചുനിന്നത്
ദുർവ്യാഖ്യാനങ്ങളോടുള്ള ഭീതി

സത്യങ്ങൾ എത്രയോ ദൂരെ
അവൻ്റെ പേരാണ് ‘പുരുഷൻ’

കോഴിക്കോട് കുന്ദമംഗലം സ്വദേശി. നവമാധ്യമങ്ങളിൽ കവിതകളെ എഴുതാറുണ്ട്. CIRHSS-ൽ അദ്ധ്യാപിക ആണ്.