പൂവേ
നീയിപ്പോൾ ചൊരിയുന്ന
ഈ നറുമണം
എന്നെതേടി
എത്രകോടി വർഷങ്ങൾക്കു മുമ്പ്
പുറപ്പെട്ടതാവണം എന്ന് ജനിതകം എന്ന കവിതയിൽ എഴുതിയിട്ടുണ്ട് വീരാൻകുട്ടി.
വിത്തില്‍ തന്നെയുണ്ട് മരത്തിന്റെ ഭാവി. വെയിലും മഴയും അതിനെ വളര്‍ത്തുന്നു എന്നേയുള്ളു എന്ന് അദ്ദേഹം പറയുന്നതും അതുതന്നെയാണ്. ഈ വർഷത്തെ ഗലേറിയ ഗാലന്റ് അവാർഡ് നേടിയ കവി താനെങ്ങനെ ഒരു അധ്യാപകനായി, ഒരു കവിയായി എന്ന് ഓർത്തെടുക്കുന്നു : പേനയിൽ സൂക്ഷിച്ച വിത്ത്
ആരായിത്തീരണമെന്ന ചോദ്യം ഞാനാദ്യം നേരിടുന്നത് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ആദാമിന്റെ മകന് അബു പഠിപ്പിച്ച ശേഷം ലീല ടീച്ചര്‍ അബുവിനെപ്പോലെയാകുവാന് ഇഷ്ടമുള്ളവര്‍ നില്ക്കാന് പറഞ്ഞു. ഗ്രാമത്തിലുള്ളവരെയെല്ലാം സഹായിച്ചും മഴക്കാലത്ത് ആളുകളെ അക്കരെയെത്തിച്ചുമെല്ലാം ത്യാഗജീവിതം നയിക്കുന്ന അബു കാരുണ്യത്തിന്റെ ആള്‍രൂപമായി അപ്പോഴേക്കും മനസ്സില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു.
ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തിന്റെ ഗൗരവമൊന്നും ഓര്‍ക്കാന്‍ അപ്പോള്‍ നേരമുണ്ടായിരുന്നില്ല. ചാടിയെണീറ്റ് എനിക്ക് അബുവിനെപ്പോലെയാവണം എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുത് മാത്രം ഇപ്പോള്‍ ഓര്‍മ്മയുണ്ട്. ഒരുനിമിഷം ക്ലാസ് നിശ്ശബ്ദമായി. ലീല ടീച്ചര്‍ എന്നെ അടുത്തേക്കു വിളിച്ച് എല്ലാവരും കേള്‍ക്കെ അഭിനന്ദിച്ചത് ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു.
അബുവാകാനുള്ള മോഹവുമായി അധികകാലം മുന്നോട്ടുപോകാനായില്ല. വീട്ടില്‍ ചില്ലറ ദാരിദ്ര്യവുമൊക്കെയായി കഴിയുകയാണ്. രണ്ടേക്കറിലേറെ ഭൂമിയുണ്ട്. പറഞ്ഞിട്ടെന്തുകാര്യം തേങ്ങയ്ക്കൊന്നും വിലയില്ല. കിഴങ്ങും ചേമ്പുമെല്ലാം ഉപ്പതന്നെ നട്ടുവളര്ത്തിയതിനാല് വലിയ പട്ടിണിയില്ല എന്നുമാത്രം. ഉപ്പയെപ്പോലെ മണ്ണില്‍ അദ്ധ്വാനിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും എന്തെങ്കിലും നടുന്നതിന്റെ, കിളയ്ക്കുന്നതിന്റെ തിരക്കിലാവും ഉപ്പ. അദ്ദേഹത്തെപ്പോലെ ഒരു കൃഷിക്കാരനാവാനുള്ള ആഗ്രഹം ഉള്ളിലുണ്ട്. അബുവായി ജീവിക്കുന്നതിന് കൃഷി ഒരു തടസ്സമാവില്ലല്ലോ.
അങ്ങിനെയിരിക്കെയാണ് ഒരു സംഭവമുണ്ടാവുന്നത്. മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്. ഒരു ദിവസം എന്നേക്കാള്‍ ആരോഗ്യമുള്ള എന്റെ അനുജന് ഉപ്പയില്‍ നിന്നും കൈക്കോട്ടു വാങ്ങി ആഞ്ഞുകൊത്തുകയാണ്. എനിക്കതു കണ്ടിട്ട് അസൂയതോന്നി. ഞാന്‍ ചിണുങ്ങാന്‍ തുടങ്ങി. ഉടനെ ഉപ്പ കൈക്കോട്ടു വാങ്ങി എന്റെ കയ്യില്‍ തന്നു. ഞാനത് ആവേശത്തോടെ ഉയര്‍ത്തിനോക്കി. കൈക്കോട്ടു വേണ്ടത്ര പൊങ്ങുന്നില്ല. നാണക്കേടല്ലേ വീണ്ടും ശ്രമിച്ചു. ഈര്‍ക്കില്‍ പോലുള്ള എനിക്കതിന്റെ ഭാരം താങ്ങാനായില്ല. മണ്ണിനെ നോവിക്കാതെ ഒന്നോ രണ്ടോ കൊത്തുകൊത്തി. എന്റെ പങ്കപ്പാടു കണ്ട് ഉപ്പ കൈക്കോട്ടു തിരിച്ചുവാങ്ങി അനിയനെ ഏല്‍പ്പിച്ചശേഷം പറഞ്ഞു:
“പടന്ന പിടിച്ച് ജീവിക്കാനുള്ള കൊതം നെനക്കില്ല. പെന്നുപിടിച്ച് ജീവിക്കാന്‍ പറ്റോന്ന് നോക്ക്.” പേന പിടിച്ച് ജീവിക്കുക! എന്നുവച്ചാല്‍ പഠിച്ച് വലിയ ആളാവുക. ആ വാക്കുകള്‍ വളരെക്കാലം എന്നെയിട്ടോടിച്ചു. കുഴിമടിയെല്ലാം കളഞ്ഞു പഠിക്കാന്‍ തുടങ്ങി. അതിനിടയില്‍ അബുവിനെ മിക്കവാറും മറന്നു.
ഭാവിയില്‍ ആരാവണം? സംശയിക്കേണ്ടി വന്നില്ല. ആരാധനാപാത്രങ്ങള്‍ മുന്നിലുള്ളപ്പോള്‍ വേറെ മാതൃകയെന്തിന്. അങ്ങിനെയാണ് അദ്ധ്യാപകനാവാനുള്ള മോഹം ഉള്ളില്‍ ചേക്കേറിയത്. ആരും കാണാതെ മാഷായി അഭിനയിക്കുക, വഴിയരികിലെ കമ്മ്യൂണിസ്റ്റ് പച്ചയുടെ തിരുള് പിടിച്ച് എന്താ ക്ലാസ്സില്‍ വരാഞ്ഞതെന്നു ചോദിച്ച് അടിച്ച് ഇല കൊഴിക്കുക. കറുപ്പു മാഷെപ്പോലെ ഒച്ച പുറപ്പെടുവിക്കുക അങ്ങിനെ മാഷാവാനുള്ള എന്റെ തിടുക്കം കൂട്ടുകാര്‍ക്കും മനസ്സിലായിത്തുടങ്ങി. അവര്‍ ഒറ്റ സ്വരത്തില്‍ പറയുകയും ചെയ്തു:
“നീ മാഷോ ആരുവേണേലുമായിക്കോ. എന്നാല്‍ അതിന്റെ പേരില്‍ തല്ലുകൊള്ളാന്‍ ഞങ്ങളെ നോക്കണ്ട.”
അങ്ങിനെ പറയാന്‍ അവരെ പ്രേരിപ്പിച്ചതിനു ഒരു കാരണമുണ്ട്. മാഷാവാനുള്ള മോഹം എന്നെ അപ്പോഴേക്കും വള്ളികളുടേയും ചെടികളുടേയും ആരാധകനാക്കിക്കഴിഞ്ഞിരുന്നു. എവിടെ നല്ല വള്ളി കണ്ടാലോ ചെടിക്കമ്പു കണ്ടാലോ അതിലൊരു നല്ല വടിയുടെ സാദ്ധ്യത ഞാന്‍ തിരിച്ചറിഞ്ഞു. അതു മുറിച്ചുകൊണ്ടുവന്നു മേശമേല്‍ വയ്ക്കല്‍ എന്റെ പതിവായി. ചിലപ്പോള്‍ വീട്ടില്‍ നിന്നും എണ്ണയിട്ടു മിനുക്കിയാണ് കൊണ്ടുവരിക.
ഒരിക്കല്‍ മീന്കാരന് അമ്മതിനെ സേവപിടിച്ചു വശത്താക്കി ഒരു തെരണ്ടിവാല് സ്വന്തമാക്കി. അതു പാകപ്പെടുത്തി ഒന്നാന്തരം മര്‍ദ്ദകോപകരണമാക്കി ക്ലാസ്സില്‍ കൊണ്ടുവന്നു വച്ചു. തെരണ്ടിവാലുകൊണ്ടടിച്ചാല് ഏതു പഠിക്കാത്തവനും പഠിച്ചുപോകും. വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നല്ലേ ആരും ആഗ്രഹിക്കുക, ഒരു ഭാവി അദ്ധ്യാപകന് പ്രത്യേകിച്ചും? ഞാനും അതേ ആഗ്രഹിച്ചുള്ളൂ. പക്ഷെ തെരണ്ടിവാല്‍കൊണ്ട് അദ്ധ്യാപകന്റെ അടിയേറ്റു പുളഞ്ഞ കൂട്ടുകാരുടെ മുഖം കറുത്തു. അവര്‍ പറഞ്ഞതിലും വാസ്തവമില്ലേ? ഞാന്‍ ഭാവിയില്‍ മാഷാവുന്നതിന് അവര്‍ ഇപ്പോഴേ തല്ലു കൊള്ളേണ്ടതുണ്ടോ? അതോടെ തല്ക്കാലം വടി ക്ലാസ്സില്‍ കൊണ്ടുവരുന്ന പതിവു ഞാന്‍ നിര്‍ത്തി.
എങ്കിലും എന്നിലെ മാഷ് വളര്‍ന്നു വളര്‍ന്നു വന്നു. ആദ്യം എല്‍.പി. സ്ക്കൂള് മാഷായിരുന്ന അയാള്‍ പിന്നെ യു.പി. സ്ക്കൂള് മാഷായി. പിന്നെ ഹൈസ്ക്കൂള് അദ്ധ്യാപകനായി. ഫറൂഖ് കോളജിലെത്തിയപ്പോള്‍ കോളജ് അദ്ധ്യാപകന്റെ രൂപമായിരുന്നു എന്നിലെ അയാള്‍ക്ക്. അതിനിടയില്‍ അബു പൂര്‍ണ്ണമായും മരിച്ചുവോ? ഇല്ലെന്നു വേണം കരുതാന്‍. വേദനിക്കുന്ന ആരെയെങ്കിലും നോക്കി ഞാനിടുന്ന പൂഞ്ചിരിയില്‍ അബുവിന്റെ കാരുണ്യം കൂടി കലര്‍ന്നിട്ടുണ്ടാവണം.
പ്രീഡിഗ്രി പാസ്സായ ഉടനെ കായണ്ണയിലെ മനീഷ ട്യൂട്ടോറിയല്‍സില്‍ മലയാളം മാഷായി ചെന്നുകയറി. കുട്ടികളോട് സ്റ്റാന്റപ്പ് എന്നു പറഞ്ഞു. അപ്പോള്‍ കൈത്തണ്ടയിലെ രോമങ്ങള്‍ പുളകത്താല് എഴുന്നേറ്റുനിന്നത് അവര്‍ കണ്ടുകാണില്ല. ജീവിതലക്ഷ്യം പൂര്‍ത്തിയായതിന്റെ നിര്‍വൃതി അങ്ങിനെ അറിഞ്ഞു.
പിന്നെ സ്ക്കൂള്മാഷും കോളേജ് മാഷുമായി. മാഷല്ലാതെ മറ്റൊരാളുമാകാന് എനിക്കു കഴിയുമായിരുന്നില്ല എന്ന് ഇന്നു മനസ്സിലാവുന്നു. പേനപിടിച്ച് ജീവിക്കാന്‍ ഉപ്പ അന്നു പറഞ്ഞതിന്റെ പൊരുള്‍ കവിതയെഴുതി ഞാന്‍ പൂരിപ്പിക്കുന്നു.
വിത്തില്‍ തന്നെയുണ്ട് മരത്തിന്റെ ഭാവി. വെയിലും മഴയും അതിനെ വളര്‍ത്തുന്നു എന്നേയുള്ളു.