പെൺമരങ്ങൾ

ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന
പ്ലാസ്റ്റിക് പാവടയിട്ട
പാല്‍ ചുരത്തുന്ന
പെണ്‍റബ്ബര്‍ മരങ്ങളായിരുന്നു
വിടിനു ചുറ്റും.
പഴുത്ത റബ്ബറിലയില്‍
ഈര്‍ക്കില്‍ കുത്തി
കാറ്റാടി ഉണ്ടാക്കി കളിച്ചിരുന്ന
കാലത്താണ് ആദ്യ പ്രണയം.
കയ്യാലയില്‍ പടര്‍ന്നുകേറിയ
കാട്ടുപയര്‍
തൃപ്പലി
മുയല്‍ ചെവിയന്‍
അങ്ങനെ അങ്ങനെ.
പ്രണയം പൂത്തുനിന്ന പറമ്പ്
വെയിലിന് നേരെ നിവര്‍ത്തിപ്പി-
ടിച്ചൊരു കുടയാണ്
ഓരോ മരവുമെന്നോര്‍ത്ത്
പോയ ബാല്യം.
നേരം പരപരാന്ന് വെളുക്കുമ്പോള്‍
ടാപ്പിങ്ങിന് വരുന്ന പൗലോച്ചേട്ടന്‍
ചണ്ടിപ്പാല്‍ ഊതി വീര്‍പ്പിച്ച്
പന്തുണ്ടാക്കിയ നട്ടുച്ച.
റബ്ബറിന്‍ കായ പെറുക്കി വിറ്റ്
പാലൈസ് വാങ്ങിത്തിന്ന വൈകുന്നേരം.

ഓര്‍മ്മയോളം പുറകിലേക്ക്
ഇലകൊഴിഞ്ഞൊരു
റബ്ബര്‍ മരംപോലെ
ചാഞ്ഞു നില്‍ക്കുന്നു
കറുത്തു മെലിഞ്ഞ
ഒരു ആണ്‍ ഉടല്‍.

മേല്‍വിലാസം ഇല്ലാത്ത ഉടലുകള്‍ എന്നത് കവിതാ സമാഹാരം. കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നു. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, ഭാരതീയ വിദ്യാഭവനില്‍ നിന്നും ജേര്‍ണലിസം പി.ജി. ഡിപ്ലോമ എന്നിവ പാസ്സായി. കല കൂരാച്ചുണ്ട് സംസ്ഥാന കവിത അവാര്‍ഡ് 2015, ലെനിന്‍ ഇറാനി സ്മാരക കവിത പ്രത്യേക പുരസ്കാരം 2016 എന്നിവ ലഭിച്ചിട്ടുണ്ട്.