പെണ്ണു കായ്ക്കുന്ന മരങ്ങൾ

മഞ്ഞുതുള്ളി തുളുമ്പുന്ന
പുൽക്കൊടികൾതൻ
വേരടർത്തി കണ്ണെഴുതി
പുലരി വന്നു,
രാവുപോയ വഴിയിലൂടെ
പുലരി വന്നു.

പുലരിവന്ന വഴിയിലൂടെ
ഞാനിറങ്ങുമ്പോൾ
പലവരിയായ് നടനടയായ്
അവർ പോകുന്നു
ഒരുമിച്ചും ഒറ്റയായും
അവൾ പോകുന്നു.
ഇലനുള്ളാ-
നീറ്റവെട്ടാ-
നുലയൂതാനും,
തുണിയലക്കാൻ
തുകലുണക്കാൻ
തുരിശടിക്കാനും,
കല്ലെടുപ്പാൻ
കതിനകെട്ടാൻ
കരിമ്പുവെട്ടാനും,
കള പറിക്കാൻ
വളമിടുവാൻ
വയലു കൊയ്യാനും,
വിറകടുക്കാൻ
വെള്ളമേറ്റാൻ
വിരി വിരിക്കാനും,
വരിവരിയായ്
നിരനിരയായ്
അവൾ പോകുന്നു.

ചൂളമൂർച്ചയി-
ലിരുളു കീറും
വണ്ടി പായുമ്പോൾ
പാളങ്ങൾ –
ക്കിടയിലൂടെ
അവൾ പോകുന്നു.
കോരി വാരി
കൊട്ടയേന്തി
അവൾ പോകുന്നു.
അവളെ,യവ –
ള,റിയാതെ
പിന്തുടർന്നു ഞാൻ.
അരികത്തും
അകലത്തും
കൺതുടർന്നു ഞാൻ.

തെച്ചിപ്പൂങ്കാവുകളിൽ
പൂഞ്ചോലത്താഴ്വരയിൽ
പൂവിൽക്കും തെരുവുകളിൽ
പൂവാകത്തണലുകളിൽ
ഉയിരുരുകിപ്പെരുകുന്നോ-
രുടലലയുന്നിരുളുകളിൽ,
കടൽകേറുംകര വളവിൽ
കർക്കിടകക്കുടിലുകളിൽ,
ഉപ്പളത്തിലൂടുവഴിയി_
ത്തിലെത്തി,നോക്കുമ്പോൾ

അഴിഞ്ഞൂരും
പാവാടയിലൊരു-
കൈചേർത്തും
മറുകൈയാ-
ലിടനെഞ്ചിൻ
മുറിവൊപ്പിയും
കൈക്കിലപോ-
ലിരുപാടും
മുടി ഞേലുന്നോൾ
കരിയൊലിച്ച
കൺതുറിച്ചവൾ
കാറ്റിലാടുന്നു.

ദാ, നോക്കു,

അരികത്തു
രണ്ടു പേരവർ!
അവരാരാകാം?
ഉടൽക്കായ
പറിക്കാനായ്
പണിപ്പെടുന്നോർ !

കണ്ണൂർ ജില്ലയിലെ കാവുമ്പായി സ്വദേശം.പയ്യന്നൂർ കോളേജിൽ മലയാള വിഭാഗത്തിൽ അസി.പ്രൊഫസർ. ആനുകാലികങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "മുറിഞ്ഞു വീഴുന്ന വെയിൽ " എന്ന കവിതാസമാഹാരം 2009ൽ പ്രസിദ്ധീകരിച്ചു. കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാപുരസ്ക്കാരം ലഭിച്ചുട്ടുണ്ട്. കണ്ണൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥി ക്ഷേമം ഡയരക്ടർ ആയി പ്രവർത്തിച്ചു. കേരള ഫോക് ലോർ അക്കാദമി നിർവാഹക സമിതി അംഗമായും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല പൊതുസഭ (സെനറ്റ് ) അംഗമായും നിർവാഹക സമിതി അംഗമായും പ്രവർത്തിക്കുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ മെമ്പറാണ്.