പെട്രോൾ പമ്പിൽ

നീണ്ട നിരയിലൊരു സ്കൂട്ടർ
ദുർബലമായ ചിരിയിൽ
സൗഹൃദ യാത്രയുടെ
ഒരു ചെറുപാലം തുറന്നിടുന്നു

150 രൂപയ്ക്ക് പെട്രോൾ
നിറച്ചു കൊണ്ടിരിക്കെ
ഡിക്കിയിലപ്പോൾ
അതേ നിർമ്മലമായ ചിരിയോടെ
കവിയുടെ കാൽപ്പാടുകൾ,
കണ്ടൽക്കാടുകൾക്കിടയിലെ
ജീവിതമായി കല്ലേൻപൊക്കുടൻ
ഭൂമിയെ നനയ്ക്കുന്നു

ഒരു ഒട്ടുമാവിൻ തൈ
ഹാൻഡിലിനിടയിലൂടെ
നീലാകാശത്തെ
കിനാക്കാണുന്നു

എത്ര ചോറ്റു പാത്രരുചികൾ,
വിരുന്നു പലഹാരപ്പൊതികൾ
പ്രതീക്ഷാനിർഭരമായി
കടന്നുപോയിട്ടുണ്ടീ യന്ത്രത്തെ ?
തൂവിപ്പോയ നെയിൽ പോളിഷും
കെറുവിച്ച നവദാമ്പത്യവും
പ്രണയത്തിന്റെയൊറ്റപ്പൂവും….

നിറഞ്ഞ ബസുകളുേയും
ഭാരിച്ച ട്രക്കുകളുടേയും
നീണ്ട നിരയിൽനിന്ന്
നിരുപാധികമായ ചിരിയായി
ഒരു സ്കൂട്ടർ യാത്രയിൽ നിന്നും..

കണ്ണൂർ ജില്ലയിലെ പഴശ്ശി സ്വദേശി. അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, പ്രഭാഷകൻ. 'ജീവിതരേഖ', 'ഗ്രീൻ ലീഫ്', 'പലതരം വീടുകൾ' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.