പൂമുഖം

കൊച്ചുബാവയെക്കുറിച്ചോർക്കുമ്പോൾ
ഒത്തിരി ചർച്ചാ നേരം തെളിയുന്നു.
അത്താഴം കഴിഞ്ഞു വായിച്ച കഥകൾ
പുലരും വരെ ചൊല്ലിയ കവിതകൾ
വൃദ്ധമാതാവിനും വൃദ്ധ സദനത്തിനും
സാന്ത്വനം നല്കിയ ചൂട്ടുവിരൽ കാണുന്നു.

തീ വരമ്പിലൂടെ പാച്ചിലായിരുന്നു
നട്ടുച്ചയൊഴിവിലെ കഥയെഴുത്ത്
എഴുതി കുറുക്കി തിരുത്തി ചാട്ടുളി വാക്ക്
നെഞ്ചിൽച്ചേർത്ത കരവിരുത്
ക്ലേശം ആരറിഞ്ഞു, ആരുമറിഞ്ഞില്ല.

സിനിമാക്കമ്പത്തിന്റെ ബലൂൺ
കളികണ്ടവർ അതിശയ
പ്പൂതിയിൽ ഒത്തുചേർന്നിടം
പൂരമായിപ്പിന്നെ പൂമുഖമായി.

വടകരക്കാരാ വാടോ കേറ്
ചിരിയോടെ ലോഹ്യം തീർത്ത
എത്രയോ നേരം, നിലാവ് കുടിച്ചു
കടപ്പുറത്തൂടെ നടന്ന രാത്രികൾ.
കവിതയിൽ കനൽ വേണമെന്നു എപ്പോഴും
പറഞ്ഞുള്ള സംസാരം
ഇപ്പോഴും മേലേരിയായ് കത്തുന്നു
ഞാനതു വാരി തീപ്പൊട്ടനാകുന്നു.

രാത്രി കുത്തിക്കെടുത്തിയ ചൂട്ട്
മുറ്റത്ത് കല്ലിനൊപ്പം കാവലാൾ
പെരുമാളെ തോറ്റി ഒളി പകർന്ന
പൊലിസ്ഥലം ഊക്കിന്റെ ചെത്തു വഴി
കലംകരി, ചോപ്പൻ കൊത്ത്, മരം നിന്നിടം
ചേറും വിയർപ്പുമുള്ള നാടിന്നടയാളം.

  • കൊച്ചുബാവ മാസത്തിലൊരിക്കൽ എഴുത്തുകാർക്ക് കൂടിച്ചേരാൻ ഒരുക്കിയ ഇടം – പൂമുഖം.
വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.