പൂച്ചയോർമ്മകൾ

കുഞ്ഞുങ്ങൾ ഉറക്കം തുടങ്ങിയെന്ന് കണ്ട് കല്യാണിപൂച്ച പതുക്കെ എണീറ്റു. കോണിയിറങ്ങി. ഉമ്മറത്തെത്തി. കസേരയിൽ താടിക്ക് കൈ കൊടുത്തിരിക്കുകയാണ് ശാരദേട്ത്തി . തന്നെ കണ്ടപാടെ കല്യാണീന്ന് നീട്ടി വിളിക്കാറുളളതാണ്. ഇന്നതില്ല . മുഖം കണ്ടില്ലേ, മോറിക്കമഴ്ത്തിയിട്ട മീൻചട്ടി പോലെ . ഇന്നലത്തെ ആ ഫോൺ സംസാരത്തിനെത്തുടർന്ന് ശങ്കരേട്ടനുമായി ഉണ്ടായ കശപിശയുടെ ബാക്കിയാണ് .

കല്യാണിക്ക് അങ്കലാപ്പ് തോന്നി ശാരദേടത്തിയുടെ മുഖത്തെ മ്ളാനത കല്യാണിയുടെ ഉള്ളമേറ്റെടുത്തു. ശാരദേടത്തിയുടെ ഇഷ്ടങ്ങളും നൊമ്പരങ്ങളും കല്യാണിയുടേതുമാകുന്നു. കല്യാണി പൂമുഖത്തെ ആര്യേപ്പിന്റെ ചോട്ടിൽ വന്നിരുന്നു. ഇവിടെയിങ്ങനെ ചിന്തിച്ച് ഇരിക്കുക കല്യാണിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇവിടത്തെ നേർത്ത കാറ്റിന് എന്തൊരു സുഖമാണ്. അന്ന് ആദ്യമായി അമ്മയോടൊത്ത് ഇവിടെ വന്നത് ഓർമ വരുന്നു . ഉറങ്ങുന്ന തന്നെ അമ്മ ഇട്ടേച്ചു പോയതും ഇവിടെത്തന്നെ. അതിൽപ്പിന്നെ ശാരദേടത്തിയാണ് തന്റെ എല്ലാം .

ഒരിക്കൽ ഇവിടെ ഇങ്ങനെയിരിക്കുമ്പോഴാണല്ലോ ശാരദേടത്തി ആദ്യമായി തന്നെ കല്യാണീ എന്നു നീട്ടിവിളിച്ചത്. അന്ന് ആ വിളിയുടെ സുഖാലസ്യതയിൽ കണ്ണടച്ചിരുന്നപ്പോഴാണ് ആ അപാരമായ അനുഭവമുണ്ടായത്. പലനിറങ്ങൾ ചൂഴ്ന്നു നിൽക്കുന്ന ഒരു മായക്കാഴ്ചപോലെ . കണ്ണു തുറക്കാതെ അതിൽത്തന്നെ ആബദ്ധയായപ്പോഴാണ് ആ ഉൾക്കാഴ്ചയുണ്ടായത്. കല്യാണിക്ക് പൂർവ്വജൻമ സ്മൃതി ഉണ്ടായത്. മുൻജന്മത്തിൻ താൻ കല്യാണി എന്ന തൂലികാ നാമത്തിൽ എഴുതിയ ഒരു എഴുത്തുകാരിയായിരുന്നു ! പൂച്ചകൾക്ക് പൂർവ്വസ്മൃതിയുണ്ടാകുമോ എന്ന് ചോദിച്ചേക്കാം. പക്ഷേ കല്യാണിപ്പൂച്ചയ്ക്ക് ഉണ്ടായല്ലോ !

കല്യാണി വീണ്ടും ശാരദേടത്തിയുടെ മുഖത്തേക്ക് നോക്കി. പകലത്തെ ജോലി കഴിഞ്ഞ ഇരിപ്പാണ്. സാധാരണ ഈ നേരത്ത് കവിത എഴുതി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യാറുണ്ട്. അല്ലെങ്കിൽ മറ്റാരാനും എഴുതിയ കവിതകൾക്ക് മനോഹരം, തീവ്രം, ഹൃദ്യം, ആഹാ എന്നൊക്കെ കമൻറിട്ട് ഇരിക്കാറുണ്ട്. ഇന്നിപ്പോൾ ഒന്നും ചെയ്യാതെ ഇങ്ങനെ …

തനിക്ക് മനുഷ്യരെപ്പോലെ സംസാരിക്കാൻ കഴിഞ്ഞെങ്കിൽ …. ശാരദേടത്തിയെ ആശ്വസിപ്പിക്കാമായിരുന്നു. ഇന്നലെ രാത്രി സീരിയൽ കഴിഞ്ഞ നേരമാണ് ശാരദേടത്തിക്ക് ആ കാൾ വന്നത്. സോഷ്യൽ മീഡിയയിൽ പരക്കെ അറിയപ്പെടുന്ന, അംഗബലമേറെയുള്ള സാഹിത്യഗ്രൂപ്പായ ‘എഴുത്തുകോട്ട’യുടെ അഡ്മിൻ ആയിരുന്നു വിളിച്ചത്. ശാരദേടത്തി ആയിടെ പ്രസിദ്ധികരിച്ച കുടലാഴങ്ങൾ എന്ന കവിതാ സമാഹാരത്തിന് ഒരു മേജർ അവാർഡ് !! പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം കുടലാഴങ്ങൾക്കു തരുന്നു.!!! അവാർഡ് പ്രഖ്യാപനത്തിനു മുൻപ് ഗ്രൂപ്പിലെ അഞ്ച് അഡ്മിൻമാർ മാറി മാറി വരും ദിവസങ്ങളിൽ ‘കുടലാഴങ്ങളെ’പ്പറ്റി അവലോകനം എഴുതി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. പുരസ്കാരദാനത്തിന് എത്തുക കേരളത്തെ കോരിത്തരിപ്പിച്ച പ്രസിദ്ധ എഴുത്തുകാരിയുടെ അമ്മാവന്റെ മകനാണ്.! ചടങ്ങ് കവർ ചെയ്യാൻ ചാനലുകൾ. പിന്നെ ഫോട്ടോയടക്കം ഈ വാർത്ത പ്രധാന പത്രങ്ങളിലെല്ലാമുണ്ടാവും. ഈ പുരസ്കാരം ലഭിക്കുമ്പോൾ ശാരദേടത്തി പ്രശസ്തയാകുന്നു. ‘കുടലാഴങ്ങൾ’ പ്രശസ്തമാകുന്നു. ശാരദേടത്തി ചെയ്യേണ്ടത് ഇത്രമാത്രം സാഹിത്യ ഗ്രൂപ്പിന്റെ വാർഷികത്തിന് ഇരുപതിനായിരം രൂപ സംഭാവനയായി നൽകണം.

മധുരിച്ചിട്ടു തുപ്പാതെ
കയ്ച്ചിട്ടു ഇറക്കാതെ
ശാരദേടത്തി …..

അപ്പുറത്തു നിന്നും വീണ്ടും…
രണ്ടു ദിവസത്തിനകം വിവരം വേണം. പല എഴുത്തുകാരും അവസരം കാത്തു നിൽക്കുന്നു. ശാരദയുടെ എഴുത്തിന്റെ തീവ്രത ലോകം അറിയാതെ പോകരുതല്ലോ എന്നോർത്തു മാത്രമാണ് വിളിച്ചത്. എത്ര നല്ലവരാണ് ….. പക്ഷെ ഇരുപതിനായിരം രൂപ സംഘടിപ്പിക്കുന്ന കാര്യം.

കേട്ടപടി ശങ്കരേട്ടൻ പറഞ്ഞു, “പറ്റില്ല ശാരദേ.” ശങ്കരേട്ടൻ തന്റെ പ്രാരാബ്ധങ്ങളുടെ . കോമ്പലപ്പടക്കത്തിന് തീ കൊളുത്തി .

കോവിഡ് കാലമായതിനാൽ ഒത്തിരി നാൾ പണിയില്ലാതെയിരുന്നതാണ് വീണ്ടും തയ്യൽക്കടയിൽ പോകാൻ തുടങ്ങിയേയുള്ളു. പെണ്ണിന്റെ ബാങ്ക് കോച്ചിങ് ഫീസ്….ചെക്കന്റെ എൻട്രൻസ് കോച്ചിങ്ങ് ഫീസ്… അങ്ങനെ പലതും ..

“ഇങ്ങള് പറയണത് ശരി തന്ന്യാ, ന്നാലും ഇതു പോലെ ഒരവസരം ഇനി വരുമോ ….” മടിച്ചു മടിച്ചു ശാരദേടത്തി പറഞ്ഞു.

ഇതാ ഈ വള വിറ്റിട്ട് തൽക്കാലം കാര്യം നടത്തിയാലോ”

“കയ്യിലുണ്ടായിരുന്ന മൂന്ന് വളയിൽ രണ്ടെണ്ണം വിറ്റിട്ടല്ലെടി പുസ്തക പ്രസിദ്ധീകരണവും പ്രകാശനവും നടത്തിയത് ….എന്തു കാര്യണ്ടായി”

“നൂറു കോപ്പി മതീന്ന് പറഞ്ഞപ്പോൾ നിനക്ക് അഞ്ഞൂറെണ്ണം തന്നെ വേണം. എന്നിട്ടെന്തായെടി ….” ശങ്കരേട്ടൻ രോഷാകുലനായി . കണ്ണുകൾ മേശപ്പുറത്തെ പുസ്തകക്കെട്ടിലേയ്ക്ക് പാഞ്ഞു.

“അത് പിന്നെ നമ്മൾ അല്പം ക്ഷമ കാണിക്കണം ശങ്കേരേട്ടാ”

അനുനയസ്വരത്തിൽ ശാരദേടത്തി .

“അതെയതെ…. പുസ്തകത്തിന്റെ പേര് കേട്ടാലോ .. കുടലാഴങ്ങൾ… ഞാനന്നേ പറഞ്ഞതാ ആ എരണം കെട്ട പേര് വേണ്ടെന്ന്.. അപ്പം നീയെന്താ പറഞ്ഞത്…. പല കവിതകളുടെയും സമാഹാരങ്ങളുടെയും പേര് ആഴങ്ങൾ ചേർത്താണ്. കടലാഴങ്ങൾ,.. പുഴയാഴങ്ങൾ,.. ഹൃദയാഴങ്ങൾ,… മണ്ണാഴങ്ങൾ എന്നിങ്ങനെയാണ് അതു കൊണ്ട് ഈ പേര് ക്ലിക്കാവുമെന്ന് ക്ലിക്കായതല്ലേ ഈ ഇരിക്കുന്നത്.” ശങ്കരേട്ടൻ വിടാൻ ഭാവമില്ല.

“ഇവിടെയാരെക്കൊണ്ടെങ്കിലും മതി പ്രകാശനംന്ന് പറഞ്ഞപ്പോ അതിനും പ്രസിദ്ധകവി തന്നെ വേണം. എന്നിട്ടെന്തായി?……”

“മനുഷ്യ, നിങ്ങള് ഒരുമാതിരി വർത്താനം പറയര്ത്. അമ്പലത്തിൽ കണക്കെഴുതണ നാരാണന്നാരെക്കൊണ്ട് പ്രകാശിപ്പിക്കാനല്ലേ ഇങ്ങള് പറഞ്ഞത്?

ശാരദേടത്തി ചൂടായി.

“അതേ …. നാരാണന്നാര്ക്കെന്താടി ഒരു കൊറവ് ?” “ഭഗവതിന്റെ അഞ്ചാറു കീർത്തനം എഴുതിയ ആളാണ് . കൊടുങ്ങല്ലൂരിൽ പോകുമ്പം ചൊല്ലാൻ സ്വന്തമായി പാട്ടെഴുതിയ ആളാണ്”

ശാരദേടത്തി സകല നിയന്ത്രണവും വിട്ടു.

“ഇതാ മനുഷ്യാ . നിങ്ങള്ക്ക് വിവരമില്ല. അതെങ്ങനാ പത്താം ക്ലാസിലെ പരീക്ഷ ന്റെ സമയത്ത് പേടിച്ച് നാടുവിട്ടതല്ലെ ? ഇനി ങ്ങള് ഒരക്ഷരം മിണ്ടരുത്.”

“ഇങ്ങൾക്കൊന്നും മനസ്സിലാവില്ല”

ശങ്കരേട്ടൻ പിന്നെ മിണ്ടിയില്ല.. പത്താം ക്ലാസിലെ നാടുവിടൽ ശാരദയുടെ അവസാനത്തെ ആയുധമാണ്. കല്യാണി ഓർത്തു. ശാരദേടത്തി പറഞ്ഞത് എത്ര ശരിയാണ്. ‘മനസ്സിലാകില്ല’ പ്രോത്സാഹനങ്ങൾക്കും അംഗീകാരങ്ങൾക്കുമുള്ള ഒരെഴുത്തുകാരിയുടെ ദാഹം മറ്റാർക്കും മനസിലാകില്ല.

കല്യാണി പതുക്കെ കണ്ണുകളടച്ചു. പൂർവ്വജന്മത്തിലെ ഓർമയിൽ കല്യാണി വിലയം പ്രാപിക്കുകയാണ്. കല്യാണി എന്ന എഴുത്തുകാരിയുടെ പ്രാചീനവ്യഥ കല്യാണിപ്പൂച്ചയിൽ ആവേശിക്കുന്നു. എല്ലാം തെളിയുന്നു, കൺമുമ്പിലെന്നപോലെ .

അന്ന്, കൂറെ ആനുകാലികങ്ങളിൽ എഴുതി നാട്ടിലും വീട്ടിലും താൻ പേരെടുത്ത കാലം. നാട്ടിൽ ചെറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാൻ, ആശംസകൾ നേരാൻ ഓരോ സംഘടനകൾ വിളിച്ചു തുടങ്ങി. വീടുകളിൽ കുഞ്ഞിന്റെ ഇരുപത്തെട്ടിനു പോലും കല്യാണി പങ്കെടുക്കണം

അങ്ങനെയിരിക്കെയാണ് മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ആശംസയർപ്പിക്കാൻ പാർട്ടിക്കാര് കല്യാണിയെ വിളിച്ചത്. പ്രസംഗം കഴിഞ്ഞനേരം സുന്ദരിയായ കല്യാണിയോട് അടുത്തിരുന്ന സാഹിത്യകുതുകിയായ മന്ത്രി പതുക്കെ ചോദിച്ചു.

“കല്യാണി കഥകൾ മാത്രമെ എഴുതിയിട്ടുള്ളോ”

“അതെ”

“ഒന്നു മാറ്റിച്ചവിട്ടു. ഒരു നോവലെഴുതു”

“ശോ.അത് പിന്നെ …”

“എന്ത് ശോ …നോവലെഴുത്തുകാർ എല്ലാരും ആദ്യം കഥയാ എഴുതിയത്”

“കല്യാണി എഴുതു .കല്യാണിക്കു കഴിയും”

പിന്നെ വിപ്ലവാഭിമുഖ്യമുള്ള മന്ത്രി മന്ത്രിക്കും പോലെ പറഞ്ഞു

“ചെഗുവേരയെപ്പോലെ ഒരു കഥാപാത്രത്തെ നായകനാക്കികൊണ്ട് കേരളിയാന്തരീക്ഷത്തിൽ ഒരു നോവൽ എഴുതണം. പുസ്തകമായാൽ ഒരു അക്കാദമി അവാർഡ് തരപ്പെടുത്തുന്ന കാര്യം ഞാനേറ്റു.”

നെഞ്ചിൽ പൂത്തിരി കത്തി.

മന്ത്രി കീശയിൽനിന്നു പേനയെടുത്ത് തന്റെ ഉള്ളങ്കയ്യിൽ ബോണ്ടയും പഴം പൊരിയും വരച്ചത് അറിയാത്തപോലെ കല്യാണി ഇരുന്നു.
പിന്നെയങ്ങോട്ട് നോവലെഴുത്തായിരുന്നു. ആദ്യം ചെഗുവേരയെക്കുറിച്ച് കിട്ടാവുന്നതൊക്കെ വായിച്ചു പിന്നെ ആ ജീവിതത്തെ പരമാവധി ഉൾക്കൊള്ളും വിധം കേരളീയ പശ്ചാത്തലത്തിൽ എഴുതിത്തീർത്തു. മോഹം പടർന്നു പന്തലിച്ചു.

പക്ഷെ വിധി എത്ര നിർദയമായാണ് പെരുമാറിയത്.

അവാർഡ് പ്രഖ്യാപനം വരുന്നതിനു മാസങ്ങൾക്കു മുമ്പുള്ള തെരെഞ്ഞെടുപ്പു കാലത്ത് മൈദ കടത്തുകേസിൽ പെട്ട് മന്ത്രി രാജിവെച്ചതു ചരിത്രം.

പൈങ്കിളി നോവലിസ്റ്റ് പൈലി കോട്ടായി അക്കാദമി അവാർഡുമായി പറന്നു. കുട്ടാപ്പുസ്മാരകട്രസ്റ്റ് എർപ്പെടുത്തിയ ഇരുനൂറ്റമ്പതു രൂപയുടെ ‘കുട്ടാപ്പു അവാർഡ് കൊണ്ട് തനിക്ക് ആശ്വസിക്കേണ്ടി വന്നു. ഇത് കല്യാണി എന്ന എഴുത്തുകാരിയുടെ സാഹിത്യ ജീവിതം.

ഒരു മുരളൽ കേട്ട് കല്യാണിപ്പൂച്ച കണ്ണു തുറന്നു, മുജ്ജന്മസ്മൃതികളുടെ ചങ്ങലയറ്റു വീണ്ടും ഈ ജൻമത്തിലേക്ക് …..

മതിലിനപ്പുറത്തു നിന്ന് അവൻ വിളിക്കുന്നു. വെള്ളയും കറുപ്പും നിറത്തിൽ ആ ചുള്ളൻ പൂച്ച . അടുത്തിടെ പരിചയപ്പെട്ടവൻ…. രണ്ടു പ്രസവത്തിലായി ആറ് കുട്ടികളുടെ അമ്മയായിട്ടും അവന് തന്നെ പിടിച്ചിരിക്കുന്നു.

“ങ്‌ഹും….അല്ലങ്കിലും ഈ കല്യാണി പൂച്ചയെ നോക്കാത്ത കാടനാരുണ്ടിവിടെ.”

ഇതുവരെ പെറാത്ത ആ വെള്ളക്കുറിഞ്ഞി അവന്റെ കണ്ണിൽ പെടാതെ നോക്കണം. കുഞ്ഞുങ്ങൾ എണീക്കും മുമ്പ് ഇത്തിരി നേരം അവനോടൊപ്പം കൂടാം.

എപ്പോൾ വേണമെങ്കലും ആരെ വേണമെങ്കിലും പ്രണയിക്കാനുള്ള പൂച്ചകളുടെ സ്വാതന്ത്ര്യത്തിൽ അഭിമാനം പൂണ്ട്, കല്യാണി മതിലുചാടി.

കോഴിക്കോട് സ്വദേശിയാണ്. കവിതാസമാഹാരങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്