
പൂക്കളുടെ ഭാഷയും
പൂമ്പാറ്റകളുടെ ഭാഷയും
ബാല്യ കൗതുകങ്ങളുമെല്ലാം
നാടുകടത്തപ്പെട്ടിരിക്കുന്നു
‘കുട്ടികൾ’ ഇപ്പോൾ ഇവിടില്ല
വലുതായിട്ടാണ് ജനനങ്ങൾ
ഉണ്ടെങ്കിൽ അവർക്ക് പിന്നാലെ
അജ്ഞാതനായ ‘ കൊലയാളി ‘
അലയുന്നുണ്ട്
പരശ്ശതം മരണങ്ങൾ..?
മരണങ്ങളല്ല കൊല്ലപ്പെടലുകൾ
ആശിക്കാനായി ഒരു നാവുപോലും പാടില്ലെന്ന
കൃത്യമായ ദൂതുണ്ടതിൽ
ജനിതകമായ ഓർമ്മത്തെറ്റുപോലെ
സിരകളിലെ രാസലഹരിയിൽ
പകകൾ വിഘടിച്ച് വിഘടിച്ച്
വളർന്നുകൊണ്ടിരിക്കും
ജീവിതം നിരത്തിലൂടെ
തീപിടിച്ച് നിലവിളിക്കുമ്പോൾ
ചെകുത്താനും നിശബ്ദതകൾക്കും
ഇടയിലുള്ള ആത്മാവിന്റെ കുറവുകൾ
നികത്തിയില്ലെങ്കിൽ…
ഇവിടിനി കുട്ടികൾ ഉണ്ടാവില്ല
മുതിർന്നവർ മാത്രം…..!
