പുസ്തക പരിചയം : ഉടൽവേദം – മനോജ് വെള്ളനാട്

മനോജ് വെള്ളനാടിന്റെ ‘ഉടൽവേദ’ത്തിലെ കമ്പം തൂറി(കഥ)യെ മുൻനിർത്തിയുള്ള ഒരു ഹ്രസ്വ വായന.

കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകൾ പലതുള്ള മനോജ് വെള്ളനാടിന്റെ ‘കമ്പംതൂറി’(കഥ 2021) പുതിയ കഥാസമാഹാരമായ ‘ഉടൽവേദ’ത്തിലൂടെ വീണ്ടും പ്രകാശിതമായതിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത കഥ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള ചില ചിന്തകൾ പങ്കുവെക്കാനുള്ള ഒരെളിയശ്രമം. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ, എഴുത്തുകാരന്റെ ധീരമായ സമീപനത്തോടുള്ള ഐക്യപ്പെടൽ, അങ്ങനെയും ഈ ചെറുവിശകലനത്തെ വിശേഷിപ്പിക്കാം.

നമ്മുടെ ചിന്തകളും വിശ്വാസങ്ങളും എല്ലാം മാറ്റിവച്ചാൽ നാം മനുഷ്യരെല്ലാം ഒന്നാണെന്ന് പറയുന്ന മനോജ് ഒരുറച്ച നിലപാടുള്ള നീതി പക്ഷക്കാരനാണെന്ന് സാക്ഷ്യം പറയുന്ന കഥ. തൻറെ നിലപാടിലും ആദർശ ലക്ഷ്യങ്ങളിലും ഊന്നി നിന്നുകൊണ്ട് തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എഴുത്തിലേക്ക് കൊണ്ടുവരാനും വായനക്കാരെ ആയതിലേക്ക് ആകർഷിക്കാനും ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്, അത് വിജയം കണ്ടു എന്നതിൻറെ നിദർശനം തന്നെയാണ് കമ്പംതൂറി’. ഹിന്ദുത്വ ഫാസിസം പെറ്റിട്ട സന്തതി, ലൗ ജിഹാദ് അടക്കം കേരളീയ മനസ്സുകളിൽ നിന്ന് ഈ പുതുകാലത്തും ഇറങ്ങിപ്പോകാൻ മടിച്ചുനിൽക്കുന്ന ജാതിബോധം ഈ രണ്ടിനെയും ശുദ്ധമായ സറ്റയറിൽ മുക്കി നമുക്ക് മുന്നിലേക്ക് നീക്കിവച്ചിരിക്കുന്നു കഥാകാരൻ.

ഈ കഥയിലേക്ക് നമ്മെ ആകർഷിക്കുന്ന ചില ഘടകങ്ങളുണ്ടെന്ന് മുൻപേ സൂചിപ്പിച്ചല്ലോ, അതിലൊന്ന് ഇതാണ്; കഥാകാനെ അനുസരിക്കാൻ മടിക്കുന്ന കഥാനായിക പലപ്പോഴും പുറത്താണെന്ന് കാണാം. അതായത് കഥാകാരൻ അകത്തും വഴങ്ങാൻ കൂട്ടാക്കാതെ നായിക വെളിയിലുമാണ്. എന്ന് തന്നെയുമല്ല, ഒരു വഴക്കാളിയെപോലെ തൻറെ സ്രഷ്ടാവായ കഥാകാരനുമായി അവൾ നിരന്തരം കൊമ്പുകോക്കുന്നുമുണ്ട്.

രാധിക വർമ്മയുടെ ആവശ്യം ഒന്നേയുള്ളൂ; നായകൻറെ മതം മാറ്റണം. കഥാകാരൻ അതിന് തയ്യാറുമല്ല. ചുരുക്കത്തിൽ, നായികയുടെ ഈയൊരു ദുശ്ശാഠ്യം നിമിത്തം കഥക്കുള്ളിലെ കഥയുടെ മുന്നോട്ടുള്ള ഗതിക്ക് താൽക്കാലികമായെങ്കിലും തടസ്സം നേരിടുന്നുണ്ട്. ഇവിടെ ശ്രദ്ധേയമായി തോന്നിയ മറ്റൊരു കാര്യം; കഥാകാരനെപ്പോഴും നായികക്കു മുമ്പിൽ ഒരു പിതാവിൻറെ സ്നേഹ വാൽസല്യം പ്രകടിപ്പിക്കുന്നു എന്നതാണ്. തൻറെ സദ്ഗുണ സമ്പന്നനായ നായകൻറെ സ്വഭാവ വൈശിഷ്ട്യങ്ങൾ ഒന്നൊന്നായി എണ്ണിയെണ്ണി പറയാൻ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. പക്ഷേ, തൻറെ സൃഷ്ടികർത്താവുമായി സന്ധി ചെയ്യാൻ തെല്ലുമവൾ കൂട്ടാക്കുന്നില്ല.

വാസ്തവികതയുടെ കണികപോലുമില്ലാത്ത ലൗ ജിഹാദ് ഉയർത്തി വിട്ടിട്ടുള്ള ഭീതി സമൂഹ മനസ്സുകളിൽ എന്തുമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് കമ്പംതൂറി. രാധിക വർമ്മയിലൂടെ അത് പ്രത്യക്ഷരൂപേണ കാട്ടിത്തരുന്നതിൽ കഥാകാരൻ വിജയിച്ചിട്ടുണ്ട്.

ഏതൊരു രചന എടുത്താലും അതിൽ ഒരു സസന്ദേശം ഉണ്ടാവണം. കമ്പംതൂറി നമ്മോട് പറയുന്നത്; നിങ്ങൾ പിറകോട്ട് നോക്കിൻ, പിറകോട്ട് പിറകോട്ട്, അവിടെ ലിഖിതപ്പെടാത്ത ഒരു ചരിത്രം നിങ്ങൾക്കായുണ്ടെന്ന്. നായിക രാധിക വർമ്മയെ തന്നെ നോക്കുക; നാല് തലമുറക്കപ്പുറം അവളറിയാത്തതും എന്നാൽ, അവളറിയേണ്ടതുമായ ഒരു നീണ്ട ചരിത്രം അവൾക്ക് പിന്നിലുണ്ടെന്നതാണ് വസ്തുത. കഥയിലെ മറ്റൊരു നായകനായ മുസ്ലീമായ സുബൈറിനെ തനിക്ക് വേണ്ടെന്ന് പറയുന്ന ഈ രാധിക വർമ്മ തൻറെ പിതൃത്വത്തെക്കുറിച്ച് തീർത്തും അജ്ഞയാണ്. തൻറെ അമ്മ അശ്വതി മേനോൻ മെഡിസിന് പഠിച്ചിരുന്ന കാലത്തെ സുഹൃത്ത് കുഞ്ഞബ്ദുള്ളയിൽ നിന്നും കിട്ടിയ ബീജമുളയുടെ ഊറ്റത്തിന്റെ പൂർണ്ണകായ രൂപമാണ് ഇന്നത്തെ ഈ രാധികാവർമ്മ. ഇക്കഥയൊക്കെ അവൾക്ക് മുൻപിൽ നിരത്തുന്നെങ്കിലും ആ പ്രതിരോധത്തിന് മുമ്പിൽ കഥാകൃത്ത് ശരിക്കും തോറ്റു പോവുകയാണ്.

നിങ്ങൾ ചരിത്രം നോക്കിൻ എന്ന് കൂടെക്കൂടെ കഥാകൃത്ത് ഓർമ്മപ്പെടുത്തുന്നൂ എന്ന് പറഞ്ഞല്ലോ. ഇവിടെ കുഞ്ഞബ്ദുള്ള എന്ന പേരിനു മുൻപിൽ പുനത്തിൽ എന്ന് ചേർത്താൽ കഥ പൂരിതമായി. വൈദ്യ പഠനകാലത്തെ പുനത്തിലിന്റെ പ്രണയവും രഹസ്യ വിവാഹവുമൊക്കെ നമുക്ക് ഓർക്കാവുന്നതാണ്. ഈയൊരു ഓർമ്മിപ്പിക്കൽ പന്തിഭോജനത്തെ കുറിച്ച് പരാമർശിക്കുന്നിടത്തും വരുന്നുണ്ടെന്ന് കാണാം. ഇങ്ങനെ ഇടക്കിടെ ഓരോന്നോർമ്മിപ്പിക്കുന്ന കൂട്ടത്തിൽ മലയാളിയുടെ ഇഷ്ടഭോജ്യമായ പുട്ടിനും ഒരു ചരിത്രമുണ്ടെന്ന് പറയുന്നു.

പുട്ടിന്റെ പൂർവ്വ നാമമെത്ര കമ്പംതൂറി. ഈ കമ്പംതൂറി പണ്ട് കീഴാളന്റെ മാത്രം ഭക്ഷണം ആയിരുന്നു എന്നും കഥ സാക്ഷ്യം പറയുന്നു. പണ്ടിത് കൊട്ടാരത്തിൽ വച്ച് സായിപ്പന്മാർക്കൊപ്പം കഴിച്ച അത്തം തിരുനാൾ കാർത്യായനി തമ്പുരാട്ടിയെ ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കുന്നതും കീഴാളൻ മാത്രം കഴിക്കുന്ന ഭക്ഷണം കഴിച്ചു എന്നതിന്റെ പേരിലാണ്. അവിടം കൊണ്ടും തീർന്നില്ല, പടിയടക്കുന്നതിന് മുന്നോടിയായി നായൻമാർക്ക് ഇഷ്ടദാനമായി കൊടുക്കാനും ഒരു ശ്രമം നടക്കുന്നുണ്ട്. കമ്പംതൂറി കഴിച്ചു പോയില്ലേ ഇനി നടക്കില്ലെന്ന് നായന്മാരും പറഞ്ഞു. അങ്ങനെയാണ് വർക്കല ചോവക്കുടിയിലെ ഒരു നാണുവിനെകൊണ്ട് അന്നക്കന്ന് കാർത്യായനിയെ പിടിച്ച് കെട്ടിച്ചുവിടുന്നത്. ദളിതനോടും ദരിദ്ര ജനവിഭാഗത്തോടുമുള്ള സവർണ മനോഭാവത്തിന് എക്കാലത്തും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന്.ജാതീയമായ ഈയൊരു ഉച്ചനീചത്വത്തെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകണം കാർത്യായനിയുടെയും നാണുവിന്റെയും ഒമ്പത് മക്കളിൽ ഒരുവനായ കരുണൻ ഭാര്യസമേതം ക്രിസ്ത്യാനി ആവുന്നത്. ‘…..അപ്പോഴേക്കും ഇവർ സെക്കൻഡ് ക്ലാസ് ക്രിസ്ത്യാനി ആയെന്നാണ്’ കഥയിൽ പറയുന്നത്. അതായത്, കീഴാളനെപ്പോഴും കീഴാളനെന്ന് വ്യംഗ്യം.

തരുണനെന്ന ഈ ഫ്രാൻസിസിലൂടെ തന്നെയാണ് വൈകാതെ കമ്പംതൂറി പുട്ടെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങന്നതും ജനകീയത കൈവരിക്കുന്നതും. ഇതോടൊപ്പം ചേർത്ത് പറയേണ്ടുന്ന മറ്റൊരു കാര്യം; കാർത്യായനിയുടേയും നാണുവിന്റേയും പിൽക്കാല തലമുറ രാധികവർമ്മവരെ എത്തുമ്പോഴേക്കും ജാതിയിൽ നിന്നും ജാതി മാറുന്നവരേയും മതത്തിൽ നിന്ന് മതം മാറുന്നവരേയും പരിചയപ്പെടാനുള്ള ഒരു ഭാഗ്യം വായനക്കാർക്ക് കിട്ടുന്നു എന്നതാണ്. രാധിക വർമയിലേക്ക് തന്നെ തിരിച്ചുവന്നാൽ, ഒടുവിലവൾ സുബൈറിനെ സ്വീകരിക്കുന്നതായി പറയുന്നുണ്ട്. എന്നാൽ, ഒരു വിശ്വാസത്തിൽ നിന്നും മറ്റൊരു വിശ്വാസത്തിലേക്കവൾ പോയതായി കഥയിലെങ്ങും കാണുന്നില്ല. എന്തായാലും ഒരു മനം മാറ്റത്തിലൂടെ അവൾ സുബൈറിനെ സ്വീകരിച്ചു എന്ന് കരുതേണ്ടതായി വരും. ഇനി ഇതൊന്നുമില്ലാതെയും മനുഷ്യർക്ക് ജീവിത വ്യവഹാരം നടത്താം. അതിന് നമ്മൾ മനുഷ്യരാവണം. വരികൾക്കിടയിലൂടെ കഥാകാരനും പറയുന്നു, നിങ്ങൾ മനുഷ്യരാകൂ എന്ന്. ഈയൊരാഹ്വാന ശബ്ദം തന്നെയാണ് ഇക്കഥയുടെ പ്രസക്തിയും എന്ന് ഞാൻ വിശ്വസിക്കുന്നു.

പാലക്കാട് തച്ചംപാറ സ്വദേശിയാണ്. പ്രവാസ ജീവിതത്തിനൊടുവിൽ ഇപ്പോൾ നാട്ടിൽ ഹോട്ടൽ ജീവനക്കാരനാണ്. ഓൺലൈൻ മീഡിയകളിൽ എഴുതി വരുന്നു.