പുലരുവോളം പാട്ട് പുതുക്കുന്നവൻ

വിശന്നിരിക്കുന്നവന്
ആകാശത്തിൻ്റെ നീലീമയോ
കടലിൻ്റെ അഗാധതയോ
കാണാനാവില്ല.

അവനെപ്പൊഴും
നെൽപാടങ്ങളിലേക്ക്
കണ്ണയക്കുന്നു…
മണ്ണിനെ
സ്വപ്നം കാണുന്നു.

മഴയോട്
വേവലാതിപ്പെടുന്നു..
ഒരു കൂട്ടം കിളികൾക്ക്
തിനയെറിയുന്നു.

സൂര്യനെ വലംകൈയ്യിലേന്തി
തേക്കുപാട്ടിനൊപ്പം
നൃത്തം വയ്ക്കുന്നു.

തോരാമഴയെത്ത്
തൊപ്പിക്കുട ചൂടുന്നു,
വേരാഴത്തിലെ
നീരാഴം കണ്ടിറങ്ങുന്നു.

മോഹ ചാലുകൾ കീറുന്നു.
പുലരുവോളം
പുതു പുതു പാട്ടുകൾ
പാടുന്നു.

അധ്യാപികയാണ്. കവിതകളും ബാലസാഹിത്യവും എഴുതുന്നു. ഒരു സമാഹാരം പ്രകാശനം ചെയ്തു (ബർസാനയിലെ രാധ). തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് താമസം