പുതപ്പ്

കണ്ണെത്താത്തിടത്തോളം
നീണ്ട്,
ചോളം ചുറ്റിവരും
പാട്ടിൽ,

ആറ്റിലേക്കുചാഞ്ഞ
നെല്ലിമരക്കൊമ്പിൽ,

പരുത്തിയും ഗോതമ്പും
വൈകുന്നേരവും
വീണടിഞ്ഞ,

കാറ്റിലാടും,
കൈതച്ചക്കയുടെയും
ചെമ്പകപൂകളുടെയും  
ചൂരുള്ളചെളിയിൽ…

മഴയ്ക്കുമി-
രുട്ടിനുമിടയിൽ,
വീട്ടിലേക്കു മടങ്ങാൻ
മടിക്കുന്നതാരാണ്?

പാ(ത)തിയിൽ
പുതഞ്ഞവർക്ക്,
ചോളപ്പാടം കടക്കാനുള്ള
വഴിയേതാണ്.

||

നിഴലിലേറി
കാമ്പുകൊത്താൻ
കിളികളെത്തുന്നതും
കാത്ത്
ഞങ്ങളിരുന്നു…

അത്താഴത്തിന് വിളമ്പാറുള്ള
മുറിവോർത്തിട്ടാവണം,
അവൾ നനഞ്ഞു.

വരണ്ട ചുണ്ടുകൾ
കൂട്ടിയുരച്ച്, തീപ്പൊരിയുണ്ടാക്കി
തണുപ്പുകാലം കടക്കുന്നവരെപ്പറ്റി
പറയണമെന്നു തോന്നി.

നാട് ആലപ്പുഴ. കേരള മീഡിയ അക്കാഡമി, എൻ.എസ്.എസ്. കോളേജ്, ചങ്ങാനാശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കുറച്ചുകാലം മാതൃഭൂമി ന്യൂസ്‌പേപ്പറിൽ പ്രൂഫ് റീഡറായി ജോലി ചെയ്തു.