പി.പത്മരാജൻ- വാക്കും ദൃശ്യവും ഒന്നാകുന്ന കാഴ്ച ശില്പങ്ങളുടെ ഉടയോൻ

വാക്കുകള്‍ അടുക്കി വെച്ച് സുന്ദര കാവ്യരൂപങ്ങൾ. നിഴലും വെളിച്ചവും ഇടകലര്‍ത്തിയും പലവര്‍ണ്ണങ്ങള്‍ ചാലിച്ചും വശ്യമായ ദൃശ്യശില്പങ്ങൾ. ഇവയെല്ലാം മലയാളിക്ക് കാഴ്ചവെച്ച വിസ്മയ കലാകാരനായിരുന്നു പി പത്മരാജന്‍.

സുഗന്ധ വാഹിയായ കാറ്റിൽ മഴവില്ലു ചൂടിയ ഒരു മേഘക്കീറായി ഒഴുകിയെത്തി, മഴയായി പെയ്ത് ,പുഴയായി ഒഴുകി കാലത്തിന്റെ ചക്രവാളങ്ങള്‍ക്കപ്പുറത്തെ ഏതോ സാഗരത്തിലേക്ക്, ഏതോ ഗന്ധര്‍വ്വ ലോകത്തേക്ക് പൊടുന്നനെ ആ പ്രതിഭ പോയ്‌ മറഞ്ഞു …

കഥകള്‍ പറഞ്ഞ് വായനക്കാരെ മയക്കിയ, അനുഭൂതി പകരുന്ന കാഴ്ചകള്‍ ഒരുക്കി പ്രേക്ഷകരെ കൈയ്യിലെടുത്ത, ചെറുകഥയിലും നോവലിലും സിനിമയിലും വ്യത്യസ്ത തലങ്ങളിലൂടെ അനുവാചകരേയും കാഴ്ചക്കാരേയും കൂടെക്കൊണ്ടു പോയി കാണാത്ത ലോകങ്ങള്‍ കാട്ടിത്തന്ന പത്മരാജൻ്റെ എഴുപത്തി അഞ്ചാം ജന്മദിനമായിരുന്നു ഇന്നലെ മെയ് 23 .

മലയാളി പ്രേക്ഷകൻ്റെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച ഒരു പറ്റം സിനിമകളുടെ ഉടയോനാണ് പത്മരാജൻ. എഴുത്തായാലും സിനിമയായാലും വേറിട്ട സംവേദനം അനായാസേന അദ്ദേഹത്തിന് സാധിച്ചിരുന്നു. ഭരതനൊപ്പവും പിന്നീട് ഒറ്റയ്ക്കും സിനിമയ്ക്ക് തനതായ ചാരുത പകര്‍ന്നു നല്‍കി.

കാഴ്ചയ്ക്ക് അകമ്പടിയായി താളമുള്ള വാക്കുകള്‍ പത്മരാജന്റെ സിനിമകളില്‍ സംഭാഷണ ശകലങ്ങളായി പിറവിയെടുത്തിരുന്നു. ചിലപ്പോഴെല്ലാം കവിത തുളുമ്പുന്നവയും. അക്ഷരങ്ങള്‍ ചായക്കൂട്ടുകളായി മാറ്റിയെടുത്ത് ഒരു ചിത്രകാരന്റെ വൈദഗ്ദ്ധ്യത്തോടെ ഒരോ ഫ്രയിമുകളും അണിയിച്ചൊരുക്കാന്‍ സര്‍ഗസ്വരൂപിയായ ഈ’ കലാകാരന് കഴിഞ്ഞിരുന്നു.

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലും തൂവാനത്തുമ്പികളിലും പ്രണയത്തിന്റേയും കാമത്തിന്റേയും ലോലവും തീക്ഷണവുമായ സന്ദര്‍ഭങ്ങളില്‍ ഇത്തരം വാക്കുകളും ദൃശ്യങ്ങളും ഇണചേര്‍ന്ന് രമിക്കുന്നത് കാണാം.

കണ്ണുകാണാത്ത കാമവെറിയില്‍ തകര്‍ന്നു പോയ സോഫിയ നെഞ്ചുപൊട്ടി പറയുന്ന ഇടറിയ വാക്കുകളില്‍ നിരാശയുടെ വര്‍ണരഹിതമായ ഏതോ ചായക്കൂട്ടില്‍ അക്ഷരങ്ങളുടഞ്ഞ് പോകുന്ന സംഭാഷണങ്ങള്‍ പത്മരാജന്‍ എഴുതിവെച്ചു.

“അമ്മച്ചിയിപ്പോള്‍ അമ്മച്ചിയല്ലാതായി, എലിസബത്ത് എനിക്കിപ്പോള്‍ അനിയത്തിയല്ലാതായി, എനിക്ക് നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന അമ്മച്ചിയേയും അനിയത്തിയേയുമാണ്.” സോഫിയയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വിങ്ങുന്ന അമ്മച്ചിയുടെ നിസ്സഹായവസ്ഥ.

മൂന്നാം പക്കത്തിലെ തമ്പി എന്ന മുത്തച്ഛന്‍ ഒഴിവുകാലം ആസ്വദിക്കാന്‍ വന്ന കൊച്ചുമകനായ പാച്ചുവിനെ കടലിലെ തിരയില്‍ കാണാതായ ശേഷം തീവ്രദുഖിതനായി കഴിയവെ പാച്ചുവിന്റെ മുറപ്പെണ്ണുകൂടിയായ ഭദ്രയെ ആശ്വസിപ്പിക്കാനായി ചെല്ലുമ്പോള്‍ ശുഭാപ്തിവിശ്വാസം പകരുന്ന വാക്കുകള്‍ പറയുന്നു. കപ്പല്‍ച്ഛേദത്തിലും മീന്‍പിടിത്തത്തിനിടയിലും കടലില്‍ ദിവസങ്ങളോളം കഴിഞ്ഞവര്‍ മടങ്ങിയെത്തിയ സംഭവങ്ങള്‍ വിവരിക്കുന്നു.

“എന്തിനാ അമ്മാവ… കൊച്ചുകുട്ടികളോട് പറയുന്നതുപോലെ അമ്മാവന് അറിയില്ലേ. ? ”

വാക്കു വെട്ടി മുറിച്ചിട്ട് പിടയുമ്പോള്‍ തമ്പിയുടെ മനസ്സില്‍, പാച്ചു മുങ്ങിപ്പോയ കടലിന്റെ വലിയ ഇരമ്പല്‍ ഉയരുന്നു. തമ്പിയുടെ മുഖത്ത് വലിയൊരു തിരമാല വന്നടിക്കുന്നു… ദുഖം… സാന്ത്വനം യാഥാര്‍ത്ഥ്യത്തെ നിസ്സഹായവസ്ഥയില്‍ അംഗികരിക്കുന്ന ദൃശ്യഭാഷ…വാക്കുകൊണ്ട് മുഴുമിപ്പിക്കാനാകാത്തത് കടലിന്റെ രൗദ്രത വിളിച്ചു പറയുന്ന ആര്‍ത്തലച്ച ഒരു തിരമാലയില്‍ ഒറ്റ ഷോട്ടിലൊതുക്കി അവതരിപ്പിച്ചാണ് ദൃശ്യഭാഷയുടെ വൈദഗ്ദ്ധ്യം പത്മരാജന്‍ തെളിയിക്കുന്നത്.

രതിനിര്‍വേദത്തിലെ പാമ്പിന്‍ കാവിലെ രംഗങ്ങള്‍ മലയാളിക്ക് അത്രപ്പെട്ടെന്ന് മറക്കാനാവില്ല. ഭാഷയുടെ പരിമിതിയില്‍ പറയാന്‍ കഴിയാത്തതും ദൃശ്യഭാഷയില്‍ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മനോഹരമായ ബിംബവല്‍ക്കരണത്തിലൂടെ വിസ്മയക്കാഴചയൊരുക്കി അവതരിപ്പിക്കാവുന്നതുമായ സാധ്യത പത്മരാജന്‍ തിരക്കഥയില്‍ എഴുതി വെച്ചത് ചിത്രകാരന്റെ ഭാവനയിലൂടെ രംഗ ആവിഷ്‌കാരങ്ങള്‍ സന്നിവേശിപ്പിക്കുന്ന ഭരതന് അനായാസമായി പ്രേക്ഷകരിലേക്ക് എത്തിക്കാനായി.

പെരുവഴിയമ്പലം , കള്ളന്‍ പവിത്രന്‍, തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലും പിന്നീട് അപരന്‍, തൂവാനത്തുമ്പികള്‍ എന്നീ ചിത്രങ്ങളിലും ഇത്തരം വാക്കും ദൃശ്യവും ഐക്യപ്പെടുന്ന നിരവധി സുന്ദരമുഹൂര്‍ത്തങ്ങള്‍ ഒരുക്കിവെയ്ക്കാന്‍ പത്മരാജന് കഴിഞ്ഞിട്ടുണ്ട്.

കാമം, പ്രണയം, രതി എന്നിവയുടെ വിവിധ ഭാവങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ കടന്നുവരാറുണ്ട്. മഴയും പൂക്കളും പാമ്പിന്‍കാവും എല്ലാം ബിംബങ്ങളായി ഇഴപാകിയാണ് എത്തുന്നത് മറുവശത്ത് മരണം, കൊലപാതകം ചതി, വഞ്ചന, പക, മോഷണം, എന്നു വേണ്ട ലോകത്തിലെ സകല നന്മതിന്മകളും പത്മരാജന്‍ ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.

കാല്‍പനികതയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും നേര്‍ത്ത പടലത്തിലൂടെയാണ് ഈ മാസ്മരികത അവതരിപ്പിക്കുന്നത്.

സ്വര്‍ഗത്തിലെ ഓര്‍മകള്‍ നഷ്ടപ്പെട്ട ഗന്ധവര്‍വ്വന്‍ ഭൂമിയിലെത്തുകയും പിന്നീട് ശാപത്തിന്റെ കാലാവധി കഴിഞ്ഞ് മടങ്ങിപ്പോകുമ്പോള്‍ ഭൂമിയിലെ ഓർമ്മകൾ മായിച്ചുകളയുമെന്നും പ്രസ്താവിക്കുന്ന രംഗങ്ങളില്‍ വരച്ചുവെച്ച നഷ്ടബോധത്തിന്റെ ദൃശ്യങ്ങള്‍…തന്നേയും മറക്കുമെന്ന വെളിപ്പെടുത്തല്‍ ഒരു കാമുകിയുടെ ഹൃദയത്തെ എങ്ങിനെ വലിച്ചുകീറുമെന്നതും ഭാമയുടെ മുഖത്ത് തെളിയുന്ന ആ ഭാവപൂർണ്ണമായ ദൃശ്യങ്ങളില്‍ കാണാനാകും.

ബന്ധങ്ങളുടെ ദിവ്യസൗരഭ്യത്തെക്കുറിച്ച് വർണ്ണിക്കുന്ന വാക്കുകളിലൂടെ നഷ്ടപ്പെട്ടെന്നു തോന്നുന്ന ജീവിതത്തെ തിരികെപ്പിടിക്കാനുള്ള ശ്രമവും പിന്നീട് ഈ ഭൂമിയില്‍ തന്നെ തുടരുന്നതിന്റെ അഭിവാഞ്ഛ തുളുമ്പുന്നവ…

“രണ്ടുപകലും രണ്ടും രാത്രിയും നിന്നെ കാണാന്‍ വേണ്ടി ശ്രമിക്കുകയായിരുന്നു ഞാന്‍. ചാരന്‍മാരുടെ കണ്ണുവെട്ടിക്കാന്‍ ഇന്നേ കഴിഞ്ഞുള്ളു. ഈ രാത്രി അവരുടെ കണ്ണില്‍പ്പെടാതിരുന്നാല്‍ ഈ ചന്ദ്രന്‍ അസ്തമിക്കും വരെ നമ്മള്‍ ഒന്നിച്ചു കഴിഞ്ഞാല്‍ ഞാന്‍ അവരെ ജയിച്ചു. എനിക്കു പിന്നെ മനുഷ്യനാകാം. കെണിയുടേയും ചതിയുടേയും ക്രൂരതയുടേയും ലോകത്തോട് വിടപറയാം” എന്ന് സ്വര്‍ഗവാസിയായ ഗന്ധര്‍വ്വനെ കൊണ്ട് പറയിപ്പിക്കുന്ന പത്മരാജൻ അവസാനമായി നമ്മോട് പറഞ്ഞത് സ്വര്‍ഗത്തേക്കാള്‍ മനോഹരമായ ഈ ഭൂമിയെക്കുറിച്ചുള്ള എന്നും എക്കാലവും ഉള്ള ആ സുന്ദരകവിസങ്കല്‍പ്പം തന്നെയല്ലേ…

“ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഈ മനോഹരതീരത്തു തരുമോ ഇനി ഒരു ജന്മം കൂടി “എന്ന വയലാറിന്റെ വിടപറച്ചില്‍ പാട്ടിനു തുല്യമല്ലേ ഞാന്‍ ഗന്ധര്‍വ്വനിലെ നായകകഥാപാത്രമായ സ്വര്‍ഗവാസിയായ ഗന്ധര്‍വ്വന്‍ ഭൂമിയെക്കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ പത്മരജന്റെ തൂലിക എഴുതിവെച്ചതും… ?

എഴുതിയവയേക്കാള്‍ ഏഴുതാതെ ബാക്കിവെച്ചത് എത്രയെന്ന് പത്മരാജന്റെ മനസ്സിനു മാത്രമേ അറിയാനാകു… ഏതോഗന്ധര്‍വ്വ ലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരാന്‍ വെമ്പുന്നുണ്ടോ ആ ഗന്ധര്‍വ്വ ജന്‍മം…,?