പിടികിട്ടാപ്പുള്ളി

മനുഷ്യരെ തിന്നുജീവിക്കുന്നവരിൽ
മുൻപന്തിയിൽ
എന്നും മുറികളുണ്ട്

കണ്ടുനിൽക്കാനാവില്ല
അതിൻ്റെ
ഇരപിടുത്തം

ഗുഹ എന്ന പേരിലായിരുന്നു
തുടക്കം
മനുഷ്യരുടെ എണ്ണം കൂടിയപ്പോൾ
കുറ്റകൃത്യവും വളർന്നു.

കുടിൽ, പുര, ഇല്ലം, ചെറ്റ,
വീട്, ഫ്ലാറ്റ്, ഓഫീസ്, തീവണ്ടി,
ബസ്സ്  എന്നിങ്ങനെ
കള്ളപ്പേരുകളിൽ
സംഘം ചേർന്നു.

മുറിയിൽ കിടന്ന്
മരിച്ചവരുടെ കണക്ക്
ഒരാൾക്കും അറിയില്ല
ഒരു ദേശവും സൂക്ഷിക്കുന്നില്ല
ഒരു പത്രത്തിലും വരുന്നുമില്ല.

ആളുകൾ നിരക്ഷരരാണെന്ന്
മുറികൾ
അത്രയ്ക്ക്
ഉറച്ച് വിശ്വസിക്കുന്നു

2

വീട് വിട്ട് ആളുകൾ
എന്തിന്
ഇറങ്ങിപ്പോകുന്നുവെന്ന്
ഇനിയും മനസ്സിലായില്ലേ ?

ബോധോദയമല്ല
മനസ്സമാധാനമാണ് കിട്ടിയതെന്ന്
ബുദ്ധൻ

അത് തെരുവുകളിൽ
ആഘോഷിച്ച ക്രിസ്തുവിനെ
മുറികൾ
അകത്ത് നിന്ന് പൂട്ടി
ആളുകൾ കാൺകെ
കുരിശിൽ തറച്ചു

പേടിച്ച് തൊട്ട് തൊഴുന്നതും
വട്ടം ചുറ്റുന്നതും
മുറികളെയല്ലാതെ
മറ്റെന്തിനെയാണ് ?

3

പറ്റാവുന്നിടത്തോളം മറ്റു ജീവികൾ
വഴി മാറി നടന്നു
എന്നിട്ടും ചിലര് പെട്ടു

മുറികളില്ലായിരുന്നെങ്കിൽ
മനുഷ്യർ കുറെക്കൂടി
ഉയരം വെക്കുമായിരുന്നു:
മരങ്ങൾ ഉദാഹരണം
വണ്ണം വെയ്ക്കുമായിരുന്നു:
ആനകൾ, കരടികൾ  സത്യം
എന്തിന്
ബുദ്ധി പോലും
നന്നായ് പ്രവർത്തിക്കുമായിരുന്നു
കാട് തെളിവ്.

4

മുറികളോളം
അതിക്രമിച്ചു കയറിയ
ഒരു ഭരണവും
മുമ്പുണ്ടായിട്ടില്ല

അതിനോളം
വലിയൊരു തടവ്
ഇന്നും തീർന്നിട്ടില്ല

അവർ നമ്മളെ
സ്കൂളിൽ ഇരുത്തി
ലോക്കപ്പുകളിൽ  നിർത്തി
കോടതികളിൽ തല കുനിപ്പിച്ചു
ആശുപത്രികളിൽ കിടത്തി
ശവപ്പെട്ടികളിൽ താഴ്ത്തി

5

മുറികളാൽ
വളയപ്പെട്ടിരിക്കുന്നു നമ്മൾ

പുറപ്പെട്ടു പോവുകയല്ലാതെ,
വഴികളിൽ തങ്ങുകയല്ലാതെ
എന്ത് രക്ഷ?

6

ഫേനിൽ കെട്ടിത്തൂങ്ങുന്ന
ഒരു മനുഷ്യനെ
ഓടിച്ചെന്ന് രക്ഷിക്കാതെ
മുറി
കൈയ്യും കെട്ടി
നോക്കി നിൽക്കുന്നത് കാണുന്നില്ലേ?

കോഴിക്കോട് ജില്ലയിലെ മണിയൂരിൽ ജനനം. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എൻ്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ) സാധാരണം (നോവൽ) ഒരു കുന്നും മൂന്ന് കുട്ടികളും, ബൂതം, പത്ത് തലയുള്ള പെൺകുട്ടി (ഒന്നാം ഭാഗം) (ബാലസാഹിത്യം ) എന്നിവ കൃതികൾ. കവിതകൾ തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് , ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പൂന്താനം കവിത അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ കനക ശ്രീ എന്റോൺമെൻ്റ്, മദ്രാസ് കേരള സമാജം കവിത അവാർഡ്, കടത്തനാട് മാധവിയമ്മ കവിത അവാർഡ്, നുറുങ്ങ് എം സേതുമാധവൻ കവിത പുരസ്കാരം, മഴത്തുള്ളി കവിത പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ.