പിങ്ക് നിറമുള്ള കാട്ടിൽ

വലിയൊരു കൊടുങ്കാറ്റിൽ വേരറ്റു വീണ ഒറ്റമരം പോലെ, അവൾ.., ചാരുത.

ചിത്രശലഭത്തെപ്പോലെ ഉയരങ്ങളിൽ പറന്നു പറന്ന് മേഘങ്ങൾക്കൊപ്പം കളിക്കാൻ കൊതിച്ച ഒരു കുഞ്ഞു തുമ്പി !

പതുപതുത്ത അവളുടെ മെത്തയിൽ തന്റെ ടെഡിബിയറിനെ ഇറുകെ മാറോട് ചേർത്ത് മലർന്നു കിടന്നവൾ.., കണ്ണീരടങ്ങുന്നില്ല.

“ഇത്തവണ വെക്കേഷന് ചാരുവിനെ നാട്ടിലേയ്ക്ക് അയയ്ക്കണ്ട… ഏതെങ്കിലും സമ്മർ കോച്ചിംഗ് ക്ലാസ്സിനയയ്ക്കണം. അവൾക്കു ഒരു ചുക്കുമറിയില്ല.. കുറെ സ്ക്കിൽസ് ഡെവലപ് ചെയ്യുന്ന മാതിരി….”
അമ്മ രാവിലെ അച്ഛനോട് പറഞ്ഞ വാക്കുകൾ അവളുടെ കുഞ്ഞു മനസ്സിൽ ഇടിത്തീ വീഴ്ത്തി. അപ്പോൾ തുടങ്ങിയ സങ്കടമാണ്. താൻ ഏറെ കാത്തിരിക്കുന്ന വേനലവധി. തന്നെപ്പോലെ തന്നെ മഴകാത്ത വേഴാമ്പലുകളായി രണ്ടു ജീവനുകളുണ്ട് അങ്ങകലെ…. വാർദ്ധക്യത്തിന്റെ ആലസ്യവും, വ്യഥകളുമായി മരുഭൂമിയിൽ ഇത്തിരി പച്ചപ്പ്‌ കൊതിച്ച്…

ഒരു ചാറ്റൽമഴപോലെ അവരിലേയ്ക്ക് പെയ്തിറങ്ങി സ്നേഹ ജലം കൊടുക്കണം. പട്ടുപോകാറായ മരം വീണ്ടും തളിരിടുന്ന പോലെ അവർക്ക് ഒരു പുനർജന്മം. അവൾക്കു സങ്കടം സഹിക്കാനായില്ല.

ചുമരിലെ ‘കുക്കൂ ക്ലോക്കിലെ’ കിളികൾ അവളെ ചിന്തയിൽ നിന്നുണർത്തി. സമയം രാത്രി ഒൻപതു മണി. അവൾ കിടന്നു കൊണ്ടുതന്നെ ചുറ്റിനും നോക്കി. പിങ്ക് നിറമുള്ള ചുവരിൽ മിക്കിയും, ടോം ആൻഡ് ജെറിയും നിറഞ്ഞു ചിരിക്കുന്നു. തന്റെ സങ്കടങ്ങൾ കണ്ടാലും മനസ്സിലാക്കാനാവാത്ത, എല്ലാറ്റിനും ചിരിക്കുന്ന കൂട്ടുകാർ. മാറോടടക്കിപ്പിടിച്ചിരുന്ന ടെഡിയെ അവൾ വലിച്ചു മാറ്റി, അവന്റെ മുഖത്തു നോക്കി… അവനും ചിരി തന്നെ. പിങ്ക് നിറമുള്ള വനാന്തർഭാഗത്ത് ഒറ്റപ്പെട്ട് വഴി തെറ്റിപ്പോയ കുട്ടിയെപ്പോലെ. അവൾ പകച്ചു. സങ്കടം പറയാൻ ആരുമില്ല, കേൾക്കാനും… ദേഷ്യത്തോടെ അവളാ ടെഡിയെ മുറിയുടെ മൂലയ്ക്ക് വലിച്ചെറിഞ്ഞു.

ഇതുവരെ അമ്മ തന്നോടൊപ്പം ഉണ്ടായിരുന്നു. അതാണ്‌ പതിവ്. കഥ പറഞ്ഞു വേഗം തന്നെ ഉറക്കിയിട്ട്‌ പോകാൻ. കഥയുടെ കുഴലൂതി തന്നെ ഉറക്കമെന്ന കടലിലിടാൻ കൊണ്ടുപോകുന്ന പൈട് പൈപ്പർ പോലെയാണ് അപ്പോൾ അമ്മയെപ്പറ്റി തോന്നുക. കഴിഞ്ഞ അവധിക്ക് നാട്ടിൽപോയി മടങ്ങവേയാണ് അമ്മ തനിക്കായി പണിത ഈ സ്വർഗ്ഗത്തെപ്പറ്റി പറഞ്ഞത്.

“എല്ലാം ചാരുക്കുട്ടിയുടെ ഇഷ്ട്ടമുള്ള പിങ്ക് നിറത്തിൽ… കുഞ്ഞുമേശ, കസേര, കുഞ്ഞലമാര, ചുവരിൽ നിറയെ മോൾക്കിഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ…” കേട്ടപ്പോൾ ആകെ ത്രില്ലടിച്ചു പോയി. വന്നു കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷെ ഇനി മുതൽ ഒറ്റയ്ക്ക് ഇവിടെ ആണ് കിടപ്പ് എന്നറിഞ്ഞപ്പോൾ സന്തോഷമൊക്കെ അസ്തമിച്ചു.

“അയ്യോ….. മോൾക്ക്‌ ഒറ്റയ്ക്ക് പേടിയാ” എത്രയോ തവണ പറഞ്ഞിട്ടും അമ്മ കേക്കണ്ടേ..

“ഇങ്ങനെ സ്വയം എല്ലാം ചെയ്യാനുള്ള കഴിവ് മോൾക്കുണ്ടാകണം.എന്നും അച്ഛനമ്മമാരെ ആശ്രയിക്കാൻ പറ്റില്ല.”

കർക്കശമായിരുന്നു അമ്മയുടെ വാക്കുകൾ. ഉള്ളിന്റെ ഉള്ളിൽ തോന്നിയ അനാഥത്വവും, സങ്കടവും അമ്മ കണ്ടില്ലെന്നു നടിച്ചു. യാന്ത്രികമായി കഥ പറഞ്ഞു പറഞ്ഞു ചിലപ്പോൾ അമ്മ തന്നെക്കാൾ മുൻപേ ഉറങ്ങും. ചാരുവിനും അതിഷ്ടമാണ്. അമ്മ പോകില്ലല്ലോ… ഉറങ്ങുന്ന അമ്മയെ കെട്ടിപ്പിടിച്ച് അങ്ങനെ സുഖിച്ചു കിടക്കും. പക്ഷെ മനസ്സിൽ മുഴുവൻ സങ്കടമാണ് ഉണ്ടാവുക. ശിലയെ പ്രണയിച്ച രാജകുമാരിയെപ്പോലെ. ഒറ്റയ്ക്ക് ആവോളം പാലും, പഴങ്ങളും കഴിച്ചു്, സ്വാതന്ത്ര്യത്തിന്റെ ചിറകു മുറിക്കപ്പെട്ട സ്വർണ്ണക്കൂട്ടിലെ തത്തയെപ്പോലെ. .ഇന്ന് പക്ഷെ, അമ്മ കഥ പറയാൻ തുടങ്ങിയപ്പോൾത്തന്നെ ഉറക്കം അഭിനയിച്ചു. അമ്മയുടെ സാമീപ്യം തന്നെ അസ്വസ്ഥതയുണ്ടാക്കുന്നു. അച്ഛൻ എന്ത് പറഞ്ഞാലും അമ്മയുടെതാണ് അവസാന വാക്ക്. അവൾക്കു അരിശം തോന്നി. അവളുടെ മനസ്സ് നാട്ടിൽ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടി. അവിടെ എത്തിയാൽ അമ്മൂമ്മയുടെ ടെഡി താനാണ്. അമ്മൂമ്മയെ കെട്ടിപ്പിടിച്ച്, കുറെ കഥകൾ കേട്ട്… പക്ഷേ കഥ മുഴുവനാകും മുൻപ് ഉറങ്ങിപ്പോകും. അമ്മൂമ്മ കഥയ്ക്കൊപ്പം തലയിൽ തഴുകി തഴുകി നെറ്റിയിൽ ഉമ്മ വച്ചു് … അവൾക്കു വീണ്ടും കരച്ചിൽ വന്നു.

പെട്ടെന്ന് അപ്പൂപ്പന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. ആ കരച്ചിലിനിടയിലും അവൾക്കു ചിരി വന്നു. മഴ തീർന്ന മാനത്ത്, മേഘക്കീറുകൾക്കിടയിലൂടെ, തല നീട്ടുന്ന സൂര്യന്റെ കൊച്ചു തുണ്ട് പോലെ ആ മുഖം വിടർന്നു. അപ്പൂപ്പൻ എപ്പോഴും അങ്ങനാ.. എന്തെങ്കിലും തമാശകൾ പറഞ്ഞു കളിച്ചും, ചിരിച്ചും. രാത്രി ഒരു എട്ടര മണിയാകുമ്പോഴേ അപ്പൂപ്പന് ഉറങ്ങണം. കുംഭകർണ്ണൻ.

“അതപ്പൂപ്പന് ഒരുപാട് ഗുളികയൊക്കെ കഴിക്കുന്നോണ്ടല്ലേ… അത് ഉറക്കത്തിനും കൂടിയുള്ള മരുന്നാ..” അമ്മൂമ്മ സങ്കടത്തോടെ പറയും. എന്തൊരു കരുതലാ അവര് തമ്മിൽ. പക്ഷെ അച്ഛനും, അമ്മയും എല്ലാറ്റിനും തർക്കങ്ങളാണ്. പരസ്പരം സ്നേഹമില്ലത്തവരെപ്പോലെ!

“ചാരുക്കുട്ടാ… അപ്പൂപ്പൻ ഉറങ്ങാൻ പോകുന്നു. പല അപശബ്ദങ്ങളും കേട്ടെന്നിരിക്കും. മോള് പേടിയ്ക്കണ്ടാട്ടോ..” എന്നും അപ്പൂപ്പൻ ഉറങ്ങാൻ പോകുന്നതിനു മുൻപ് പറയും.ഒന്നും മനസ്സിലാവാതെ അവൾ അപ്പൂപ്പനെ നോക്കും.

“അതോ… വായുകോപം അന്തരീക്ഷത്തിൽ ചില പ്രതിധ്വനികൾ ഉണ്ടാക്കുമെന്ന് സാരം”. അപ്പൂപ്പൻ കുടുകുടെ ചിരിക്കും.
“പത്തു വയസ്സ് മാത്രം പ്രായമുള്ള അതിനെന്തറിയാം… പോയി ഉറങ്ങൂന്നെ..”
അമ്മൂമ്മ അപ്പൂപ്പനെ ഓടിക്കും. കുറച്ചു കഴിയുമ്പോൾ കേൾക്കാം അപ്പൂപ്പന്റെ കൂർക്കംവലിയും, ഇടയ്ക്കിടയ്ക്കുള്ള പൊട്ടലും, ചീറ്റലും… കുഞ്ഞിക്കൈ വായിൽ പൊത്തി അവൾ ചിരിക്കുമ്പോൾ
അമ്മൂമ്മയും ഒപ്പം ചിരിക്കും. എന്നിട്ട് സങ്കടത്തോടെ പറയും….

“ഈ മരുന്നൊക്കെ അകത്തു പോയാൽ വയറു കേടാകാതിരിക്കോ ?

പിറ്റേന്ന് രാവിലെമോള് പേടിച്ചോ എന്ന് അപ്പൂപ്പൻ ചോദിക്കും.
“ഞങ്ങള് വയസായവര് കോമാളികളാ… മരണം എന്ന ആരാച്ചാർ വധശിക്ഷ വിധിച്ച കോമാളികള്. മരുന്നിന്റെ സഹായത്തോടെ മരണ ശിക്ഷയിൽ താൽക്കാലിക ഇളവുകിട്ടി, ജീവിത തടവറയിൽ ജീവപര്യന്തം ശിക്ഷയിൽ കഴിഞ്ഞു കൂടുന്നുവർ. എപ്പഴാ തൂക്കുക എന്ന് മാത്രം അറിയില്ല…”

അവൾക്കൊന്നും മനസ്സിലായില്ല. പക്ഷെ ഒന്നുണ്ട്.. അമ്മൂമ്മ പറയുമ്പോലെ.

“മോളൂട്ടി വന്നു കഴിഞ്ഞാ പത്തിരുപത് വയസ്സ് കുറഞ്ഞ് ആരോഗ്യം വന്ന പോലെ” എന്ന്…. അവൾക്കും അത് തോന്നിയിട്ടുണ്ട്. നാട്ടിലെത്തിയാൽ പിന്നെ ഒറ്റയ്ക്കെന്ന പ്രശ്നമില്ല. അപ്പൂപ്പനും, അമ്മൂമ്മയും എപ്പോഴും പിന്നാലെ നടക്കും.
“ഓ…വന്നല്ലോ നിങ്ങടെ രാജകുമാരി “
അമ്മൂമ്മയെ സഹായിക്കാൻ വരുന്ന രേണു ആന്റി പറയും. രാജകുമാരിയെ എഴുന്നള്ളിച്ചു നടക്കുന്ന സേവകന്മാരെപ്പോലെ അവർ. ചാരുവെന്ന അമൃത കുംഭത്തിലെ, സ്നേഹാമൃതം നുകരാൻ കാത്തിരിക്കുന്ന ദേവന്മാരല്ലേ അവർ… തപസ്സു ചെയ്തു വർഷത്തിൽ ഒരിക്കൽ പ്രത്യക്ഷമാക്കുന്ന ദൈവം.അത് തന്നെയാണ് അവരുടെ ഭാവവും.

കറുത്തു തണുത്ത വെള്ളം. ആരോ അതിന്റെ ആഴങ്ങളിലേയ്ക്ക് തന്നെ വലിച്ചു കൊണ്ട് പോകുന്നതായി ചാരുവിനു തോന്നി. തിരികെ, ശ്വാസം പിടിച്ചു മുകളിലേയ്ക്ക് വന്ന്… ശ്വാസം എടുക്കാൻ പാടുപെടവേ… അവിടെ അതാ രണ്ടുപേർ… കരയിലായി. കരയ്ക്ക്‌ ഒരുപാട് ദൂരമില്ല. അവർ കൈകൾ തന്നിലേയ്ക്കു നീട്ടി നിൽക്കുന്നു … സ്നേഹ വായ്‌പ്പോടെ. അവരിലേയ്ക്ക് അടുക്കാനായി വീണ്ടും നീങ്ങവേ കണ്ടു… അവർക്ക് പിന്നിലായി, രണ്ടു കഴുകൻ കണ്ണുകൾ. നിശ്ചലമായിപ്പോകെ പെട്ടെന്ന് ഒരു നീരാളിപ്പിടുത്തം.. കാലുകളിൽ. താഴേയ്ക്ക് താഴേയ്ക്ക് … ശ്വാസം കിട്ടാതെ പിടഞ്ഞവൾ മുകളിലേയ്ക്ക് എത്താൻ ശ്രമിക്കവേ.. അതിനു കഴിയാതെ പിടഞ്ഞെണീക്കാൻ ശ്രമിക്കുമ്പോൾ കണ്ടു… ബെഡ് റൂമിന്റെ അരണ്ട വെളിച്ചത്തിൽ ഒത്തു കറുത്ത നീരാളിയെ..
…. കൈകൾ മുകളിലേയ്ക്കും താഴേയ്ക്കും ചലിപ്പിച്ച്…
ഭയം കൊണ്ട് അവൾ കിടക്കയിൽ കമിഴ്ന്നു കിടന്നു. സ്വപ്നമാണെന്ന് ബോധം വന്നെങ്കിലും തിരിഞ്ഞു നോക്കാനാവാതെ വിയർത്തു. തൊണ്ട വരളുന്നുണ്ട്. ഒരാശ്വാസത്തിന് എപ്പോഴും ചെയ്യാറുള്ളതു പോലെ ടെഡിയെ കെട്ടിപ്പിടിക്കാൻ വേണ്ടി കിടക്കയിൽ പരതുമ്പോളറിഞ്ഞു. അതവിടെയില്ല. അവനെവിടെപ്പോയി? അവൾ എണീറ്റിരുന്നു. ഒരു നിഴൽക്കൂട്ടുപോലുമില്ലാത്ത മുറിയിൽ ശ്മശാനമൂകത. കുക്കുവിന്റെ സമയം
അറിയിക്കൽ പോലും കൂമൻ കൂകുന്ന പോലെ തോന്നി. തനിക്ക് താഴെ ഒരനിയനോ അനുജത്തിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് അവളാശിച്ചു. അമ്മൂമ്മ എപ്പോഴും അമ്മയോട് അത് പറയാറുണ്ട്.
“ഒന്നൂടെ വേണം. അല്ലെങ്കിൽ സ്നേഹം പങ്കു വയ്ക്കാനാവാതെ അതിന്റെ മനസ്സ് മുരടിച്ചു പോകും. ഞങ്ങൾക്ക് അന്ന് നിവർത്തിയില്ല…. ആറ്റുനോറ്റു കിട്ടിയതാ നിന്നെ. പിന്നെ ദൈവം കടാക്ഷിച്ചില്ല”. പക്ഷെ.. അമ്മയ്ക്ക് ദേഷ്യമാണ് വരിക അപ്പോൾ.
“ഒരാളെത്തന്നെ വളർത്താൻ ഞാൻ പെട്ട പാട്… എന്റെ പ്രൊമോഷൻ പോലും വേണ്ടെന്നു വയ്ക്കേണ്ടി വന്നു എനിക്ക്.” അമ്മയുടെ ലക്ഷ്യങ്ങൾക്ക് തടസ്സം നിൽക്കുന്ന ഒരു കീറാമുട്ടിയായിരുന്നുവോ താൻ. ?!
തന്റെ ക്ലാസിൽ മിക്കവാറും ഒറ്റക്കുട്ടികളാണ്. നിമിഷയും, തുഷാരയും ഇരട്ടകളാണ്.
“രാത്രി മുഴുവൻ കതകടച്ചിട്ടു അടിച്ചു പൊളിയ്ക്കും ഞങ്ങൾ” എന്നാണവർ പറയുക.
തനിക്ക് ഈ ടെഡി മാത്രമേ ഉള്ളൂ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാൻ.
അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്.ഒരു മൂലയിൽ അനാഥനെപ്പോലെ കമിഴ്ന്നു കിടക്കുന്ന അവനെ. അവൻ കരയുന്നുണ്ടോ ? ഏയ്..അവനെപ്പോഴും ചിരിതന്നെ.

“വാടാ ചക്കരെ..സോറി. അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ ചെയ്തതല്ലേ…” അവൾ അവനെ ഇറുകെ പുണർന്നു. താനും ഒരു പാവയായിരുന്നെങ്കിൽ…സങ്കടപ്പെടാതെ ചിരിച്ചു ചിരിച്ച്.. എപ്പോഴും ഇരിക്കാമായിരുന്നു… അവളോർത്തു.

സമയം പത്തരയായിരിക്കുന്നു. ഇതിനിടയിൽ ഒരുറക്കവും, ഒരു ദു:സ്വപ്നവും.. ഇനി കുറെ നേരത്തേയ്ക്ക് ഉറക്കം വരില്ല. അവൾ മെല്ലെ എണീറ്റ് അവളുടെ ബെഡ്റൂമിന്റെ ജനാല തുറന്നു. അവിടെ നിന്ന് നോക്കിയാൽ അവളുടെ ഫ്ലാറ്റിന്റെ ഇടതു വശത്തൂടെ പോകുന്ന റോഡ്‌ കാണാം. റോഡിൽ അപ്പോഴും വണ്ടികൾ പായുന്നു. ഉറങ്ങാത്ത നഗര മുഖം. പെട്ടെന്നാണ് അവളുടെ കണ്ണിൽ ആ കാഴ്‌ച ഉടക്കിയത്.

വഴിയോരത്ത് താമസിക്കുന്ന ഒരു കുടുംബം. അച്ഛനും, അമ്മയും, രണ്ടു മക്കളും. അമ്മ ഒരു കിണ്ണത്തിൽ നിന്നും ആഹാരമെടുത്തു മക്കളെ ഊട്ടുന്നു. അച്ഛനും താൻ കഴിക്കുന്ന പാത്രത്തിൽ നിന്നും ഇടയ്ക്കിടയ്ക്ക് തന്റെ പങ്ക് അവർക്ക് നൽകുന്നുണ്ട്. അത്താഴം കഴിച്ചു തീർന്നപ്പോൾ, അമ്മ റോഡു മുറിച്ചു കടന്ന്, പൈപ്പിൽ നിന്നും വെള്ളമെടുത്ത് പാത്രങ്ങൾ കഴുകി, കുറെ വെള്ളവുമായി തിരികെ വന്ന് കുട്ടികളുടെ വായ കഴുകുന്നു. എന്നിട്ട്, തുള വീണ ഒരു കട്ടിപ്പുതപ്പെടുത്ത് വെറും നിലത്തിട്ട്, അതിനു മുകളിൽ ഒരു കോട്ടൺ സാരിയും വിരിക്കുന്നു. പിന്നെ എല്ലാപേരും വട്ടം കൂടിയിരുന്ന് എന്തോ പറഞ്ഞു ചിരിക്കുന്നു.

ഇതാണ് സ്വർഗ്ഗം… പക്ഷേ ഒരു നിർവികാരത അവളെ പൊതിഞ്ഞിരുന്നതു കൊണ്ട് അവൾക്കൊന്നും തോന്നിയില്ല… എല്ലാം ശീലമായിരിക്കുന്നു.ആ ഭാവത്തോടെ തന്നെ അവൾ അവരെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുമച്ഛനും സുരക്ഷയുടെ മതിൽ തീർത്ത്‌ രണ്ടറ്റവും… കുട്ടികൾ നടുവിലുമായി അവർ കിടന്നു. പിന്നെയും എന്തൊക്കെയോ സംസാരം. ചേറിൽ വിരിഞ്ഞ് പരിമളം പരത്തുന്ന നാല് താമരകൾ അവൾക്കു മുന്നിൽ. അതിന്റെ നറുമണം അവളുടെ അടുത്തേക്ക് ഒഴുകി വരുന്നതായി അവൾക്കു തോന്നി… സ്നേഹത്തിന്റെ, സുരക്ഷയുടെ, വാത്സല്യത്തിന്റെ മണമുള്ള ഇളം കാറ്റിൽ ആ സ്നേഹ സുഗന്ധം അവളെ തഴുകി കടന്നു പോയി. വേഗം ജനലടച്ച് അവൾ തന്റെ കിടക്കയിലേയ്ക്ക് വീണു. മരവിപ്പ് കാരണം കരഞ്ഞില്ല. പല ചിന്തകളിലൂടെ തെല്ലു കഴിഞ്ഞു അവളുറങ്ങി.

*

ഒരു മാസത്തിനു ശേഷം ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം….

സ്ക്കൂളിൽ നിന്നും ചാരുവിനെ ഡ്രൈവർ പഴനിമാമ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അവൾക്കു വെള്ളിയാഴ്ചകൾ ഇഷ്ടമാണ്… രണ്ടു ദിവസം അവധി കിട്ടും. രാവിലെയുള്ള ഉറക്കമെണീക്കലും, ഓട്ടവും വേണ്ടല്ലോ..

“മല്ലി അക്കാ… കുഴന്തൈ വന്താച്ച് “
അയാൾ അകത്തേയ്ക്കു നോക്കി, ചാരുവിന്റെ വീട്ടിലെ സഹായിയായ മല്ലികയോട് വിളിച്ചു പറഞ്ഞു. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ വന്ന ശേഷമേ മല്ലിക പോകാറുള്ളൂ. പുറത്തേയ്ക്കു വന്ന മല്ലിക ചാരുവിന്റെ കൈ പിടിച്ച്, ബാഗ് അയാളുടെ കൈയ്യിൽ നിന്നും വാങ്ങുന്നതിനിടയിൽ അയാളോട് പറഞ്ഞു..

“തമ്പീ…ഇന്നിക്ക് നൈട്ട് അയ്യാ എല്ലാം ഊരുക്കു പോരാങ്കോ…. അവങ്കളെ നീ എയർ പോർട്ട്‌ക്ക് കൂട്ടീട്ടു പോകണ്‌മാം…അയ്യാ ചൊല്ല ചൊന്നാര്.”
മല്ലി അക്കാ പറഞ്ഞത് കേട്ട് അവൾക്ക് പറഞ്ഞറിയിക്കാൻ ആകാത്ത ആഹ്‌ളാദം. രാത്രി നാട്ടിലേക്ക് പോകുന്നു എന്ന്. വിമാനത്താവളത്തിൽ കൊണ്ട് ചെന്ന് ആക്കണമെന്ന്.

“ഏൻക്കാ തിടീർണ്? “
പെട്ടെന്ന് എന്താ ഒരു യാത്ര എന്ന് അവൾക്കും ആകാംഷ തോന്നിയിരുന്നു.

“പാപ്പാവോട താത്താക്ക് ഒടമ്പുക്ക് മുടിയലിയാം…!”

അപ്പൂപ്പന് അസുഖമാണെന്നുള്ള ആ മറുപടി അവളുടെ ഉത്സാഹം കെടുത്തി.

“അയ്യോ… അപ്പൂപ്പന് എന്നാച്ച്?” ചാരുത മല്ലികയെ മിഴിച്ചു നോക്കി.

“തെരിയലൈടാ കണ്ണാ..” മല്ലികക്കും കൂടുതലൊന്നും അറിയില്ലായിരുന്നു.

എങ്ങനെയിപ്പോൾ കാര്യമറിയും… അച്ഛനും, അമ്മയും വീട്ടിൽ ഇല്ലാത്തതു കൊണ്ട് സെൽഫോൺ വീട്ടിൽ ഇല്ല… അവൾക്കു പെട്ടെന്ന് ഒരു ബുദ്ധി തോന്നി. മല്ലികയുടെ ഫോണിൽ നിന്നും നാട്ടിലേയ്ക്ക് വിളിക്കാം.

ഫോൺ എടുത്തത് അമ്മൂമ്മ ആയിരുന്നു.

“അമ്മൂമ്മാ…ഇത് ഞാനാ…അപ്പൂപ്പനെവിടെ?” പിന്നെയൊന്നും സങ്കടം കൊണ്ട് അവൾക്കു പറയാൻ കഴിഞ്ഞില്ല.

“ഒന്നുമില്ല മോളേ..ചെറിയ തലകറക്കം… ബീപ്പിയുടെ… ദേ..ഞാൻ കൊടുക്കാം” അമ്മൂമ്മയുടെ മറുപടി അവൾക്കു അല്പ്പം ആശ്വാസം നല്കി.

“മക്കളേ…” അപ്പൂപ്പന്റെ ശബ്ദം ഇടറിയിരുന്നത്‌ അവളിൽ ഭീതിയുണർത്തി.

“ഒന്നുമില്ല…. അപ്പൂപ്പന്… ഇതൊക്കെ അപ്പൂപ്പന്റെ ഒരു സൂത്രമല്ലേ… നിന്റെ അമ്മയെ പറ്റിക്കാൻ… നാളെ അപ്പൂപ്പന്റെ ചക്കരയെ കാത്ത് അപ്പൂപ്പനിരിക്കും.. വേഗം വായോ… പിന്നെ കേക്കണോ.. അടുത്ത മാസത്തെ വേനലവധിക്കും ചാരുക്കുട്ടനെ ഇവിടെയ്ക്ക് അയക്കാമെന്ന് അമ്മയെ സമ്മതിപ്പിച്ചു ഈ അപ്പൂപ്പൻ…ഹ ഹ ഹ …”
ആ ചിരിയിലെ തളർച്ച ചാരു തിരിച്ചറിഞ്ഞില്ല. അപ്പോഴേയ്ക്കും അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

“അപ്പൂപ്പൻ ആരാ മോൻ….” അവൾ ഉത്സാഹത്തോടെ അപ്പൂപ്പന്റെ സൂത്രത്തെയോർത്തു
ചിരിച്ചു.

തന്റെ വയ്യായ്ക ഒരു വിധത്തിലും അവളറിയരുതെന്ന് ആ വൃദ്ധൻ ആശിച്ചു. കുട്ടിയെ നാട്ടിലേയ്ക്കയയ്ക്കാൻ പറ്റില്ലെന്ന മകളുടെ പിടിവാശിക്കു മുൻപിൽ തോറ്റു കൊടുക്കാതെ അവളോട്‌ യുദ്ധം ചെയ്ത്, സ്നേഹത്തിനു വേണ്ടി അടരാടി അവസാനം താഴേയ്ക്ക് പതിച്ച ആ പടു വൃക്ഷം.. അതിൽ പടർന്നിരുന്ന വള്ളിയും, ആ വീഴ്ച്ചയിൽ, വല്ലാത്ത തളർച്ചയിൽ ചാരുവെന്ന ചാറ്റൽ മഴയിൽ വീണ്ടും തളിരിടുമെന്ന ശുഭപ്രതീക്ഷയോടെ കിടന്നു, നിലം പൊത്തിയ ആ പടുവൃക്ഷം.

പുതു നാമ്പുകൾ പൊട്ടി മുളച്ച്, കരിയിലക്കിളികൾ വന്നു കലപിലകൂട്ടി, വന്നണയാൻ പോകുന്ന നാളുകളെ സ്വപ്നം കണ്ട്……………

ഉരുണ്ടു കൂടിയ സ്നേഹത്തിന്റെ കാർമേഘത്തെ അടിച്ചു കൊണ്ടുപോകാൻ ഒരു കാറ്റ് അപ്പോഴേയ്ക്കും കിഴക്കോട്ട് തിരിച്ചിരുന്നു.

കന്യാകുമാരി ജില്ല സ്വദേശം. ചെന്നൈയിൽ സ്ഥിര താമസം. ഓൺലൈനിലിൽ എഴുതുന്നു. കന്യാകുമാരി മലയാള സമാജം മാസികയിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഗീതം, ചിത്രരചന എന്നിവയിലും താൽപ്പര്യമുണ്ട്.