ഹൃദയശൂന്യതയിൽ
സർവ്വതും എരിയുമ്പോൾ
മഹത്വവൽക്കരിച്ച
ബന്ധവും സ്വന്തവും
നിഘണ്ടുവിൽ
പുതു അർത്ഥത്തിനായ്
നെട്ടോട്ടമോടുന്നു.
അന്യരുടെ കണ്ണുനീരേന്തിയ
ഭിക്ഷാപാത്രത്തിൽ ആടുന്ന
താണ്ഡവനൃത്തത്തിൽ
ഉലകം ഭീതിതമായ
നിന്ദാഹാസ രേണുവിൽ
ചുവക്കുമ്പോൾ
നാമാകരണം അസംഭവ്യമല്ലേ…
വെള്ളവും വളവുമേന്തി വളർത്തിയ
പകയുടെ മരത്തിൽ കായ്ച്ച
കാഞ്ഞിര വിഷക്കുരുവിൽ
സ്വന്തം സ്വർഗത്തിന്റെ
മൂലോടും കഴുക്കോലും
ഊരിയെറിയുവാൻ
വെറി തുള്ളി
മൂക്കയറില്ലാതെ പായുകയാണ് ഇഹം!
കല്പിച്ചേകിയ നിഷ്കളങ്ക
കൂലി വേഷത്തിൽ
യവനികയ്ക്ക് പിറകിൽ
ആടി തിമിർക്കുന്നവരും
പണക്കൊഴുപ്പിന്റ തീക്കനലിൽ
സ്വയം എരിയുന്നവരും
തൂകിയ വെളിച്ചെണ്ണയിലെന്ന പോലെ
അഹങ്കാര തിമിരത്തിലേക്ക്
തെന്നി വീഴുമ്പോൾ
കഠിന വിഷമൂറുന്ന
മൂർഖന്‍ പോലും
സ്ഥാനഭ്രംശലജ്ജയാൽ
ഒളിക്കാൻ ഇടമില്ല!
അപശപ്ത നിമിഷത്തിൽ
വെറുപ്പിന് ഉന്മാദ ജ്വാലയിൽ
പിറന്ന സന്തതികൾ
യുക്തിയുടെ അതിരുകൾ ഭേദിച്ച്
സ്വബോധലേശമന്യേ
വന്യമായ മേച്ചിൽപ്പുറങ്ങളിൽ
ഊഞ്ഞാലു കെട്ടിയാടുമ്പോൾ
ദിഗന്തങ്ങൾ പ്രകമ്പനമേറും
കൊലച്ചിരിയുടെ അലയാഴിയിൽ
പാർശ്വവൽക്കരിക്കപ്പെട്ട
ജീവിത കോലങ്ങളുടെ ഓജസ്സടർന്ന
വികലമായ ശബ്ദങ്ങളും
നിശ്ശബ്ദവീഥിയിൽ തൊണ്ടയിടറി
അനീതിയുടെ ഘോരവീഥിയിൽ
ശ്വാസമകലുംവരെ
സഞ്ചാരം തുടരുന്നു.