പാസ് വേഡ്

വളരെ കാലങ്ങള്‍ക്കു ശേഷം ഒരു കഥ എഴുതുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. അലമാരയില്‍ നിന്നും കുറെ പേപ്പര്‍ എടുത്ത് പാഡില്‍ ക്ലിപ്പ് ചെയ്ത് മേശപ്പുറത്തു വച്ചു. ഫൗണ്ടന്‍ പേനയാണ് പണ്ട് അയാള്‍ എഴുത്തിന് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അയാളുടെ കയ്യില്‍ ഫൌണ്ടന്‍ പേന ഇല്ല. ജെല്‍പേന കൊണ്ട് അയാള്‍ക്ക് തൃപ്തിപെടേണ്ടി വന്നു.അയാളുടെ തയ്യാറെടുപ്പുകള്‍ കണ്ട് ഭാര്യ ചോദിച്ചു,

“എന്നാത്തിനുള്ള പുറപ്പാടാ?”

“എത്ര നാളായി എന്തെങ്കിലും ഒന്ന് എഴുതിയിട്ട്, ഞാന്‍ ജീവിച്ചിരുപ്പുണ്ടെന്ന് ആളുകള്‍ അറിയണ്ടേ?” അയാള്‍ പറഞ്ഞു.

“എന്നാത്തിനാ, എന്നിട്ട് വേണം ഓരോരുത്തരുടെ വായിലിരിക്കുന്നത് കേക്കാന്‍. എന്തൊക്കെ ആയിരുന്നു. ഞാനൊന്നും മറന്നിട്ടില്ല.”

അയാളും ഒന്നും മറന്നിട്ടില്ല. അയാളുടെ എഴുത്ത് ധാരാളം ശത്രുക്കളെ ഉണ്ടാക്കി. ഫോണില്‍ കൂടിയും ഊമക്കത്തിലൂടെയുമുള്ള ഭീഷണികള്‍ പതിവായിരുന്നു. ഇന്നാണെങ്കില്‍ ചിലപ്പോള്‍ കയ്യും കാലും തന്നെ നഷ്ടപ്പെട്ടേനെ. ക്ലാസ്സെടുക്കുമ്പോഴും പ്രസഗിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ള മിതത്വം എഴുതുമ്പോല്‍ അയാള്‍ കാണിക്കാറില്ല. അപ്പോള്‍ അയാള്‍ മറ്റൊന്നിനെക്കുറിച്ചും വേവലാതിപ്പെടാറില്ല. അപ്പോഴെല്ലാം എഴുത്ത് അയാളെയും കൊണ്ട് ഭ്രാന്തമായി എങ്ങോട്ടോ പോകുന്നു. അയാളുടെ മനസ്സില്‍ വരുന്ന വാചകങ്ങള്‍ അയാള്‍ തുറന്നെഴുതി.

സ്കൂള്‍ ടീച്ചര്‍ ആയ ഭാര്യക്ക് അയാളുടെ കഥയെഴുത്ത്‌ ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. ഒരിക്കല്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ കയറുമ്പോള്‍ അവരുടെ സഹപ്രവര്‍ത്തകര്‍ എന്തോ പറഞ്ഞ് അമര്‍ത്തി ചിരിച്ചു. അയാള്‍ ആയിടെ എഴുതിയ ഒരു കഥ വായിച്ചായിരുന്നു ചിരി. അയാളുടെ ഭാര്യ അതൊന്നും വായിക്കാറില്ല.

“നിന്‍റെ കെട്ടിയോന് മലയാളത്തിലെ നല്ല വാക്കുകള്‍ ഒന്നും അറിയില്ലേ?” മലയാളത്തിലെ രമണി ചോദിച്ചു.

പക്ഷെ ഇതൊന്നും ആയിരുന്നില്ല അയാള്‍ എഴുത്തില്‍ നിന്ന് പിന്‍വലിയാനുള്ള കാരണം. കോളേജില്‍ അസോസിയേഷന്‍ പ്രവര്‍ത്തനം. കുടുമ്പസ്വത്തായി കിട്ടിയ റബ്ബര്‍ തോട്ടത്തിന് പുറമെ ഭാര്യ വീട്ടില്‍ നിന്ന് കിട്ടിയ റബ്ബര്‍ തോട്ടം, ചില്ലറ ബിസിനസ്സുകള്‍ വേറെ. ഇതെല്ലാമായി ഓടി നടക്കുമ്പോള്‍ എഴുതാന്‍ സമയം കിട്ടാതെയായി.

ഏതായാലും ഇന്നയാള്‍ ഒരു കഥ എഴുതാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ ഒന്നും മനസ്സിലേക്കു വരുന്നില്ല. കഥയുടെ ഉറവ വറ്റിപ്പോയോ?. അയാള്‍ എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല. ഒന്നുമെഴുതാന്‍ ആകാതെ തുറന്നു വച്ച പേനയുമായി ഒരേ ഇരിപ്പിരുന്ന അയാളെ നോക്കി ഭാര്യ പറഞ്ഞു,

“എനിക്കറിയാം എഴുതാന്‍ പറ്റത്തില്ല”

“ഒരു തുടക്കം കിട്ടുന്നില്ല വല്ലാത്തൊരു ബ്ലോക്ക്‌”

“നന്നായി” ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു

“ഉച്ചയായി വല്ലതും കഴിക്കാന്‍ നോക്ക് ഷുഗറുള്ളതാ”

അയാള്‍ക്ക് ഭക്ഷണത്തിന് രുചി തോന്നിയില്ല. കഴിച്ചു എന്ന് വരുത്തി വീണ്ടും എഴുത്തുമേശക്കരികില്‍ വന്നു. അപ്പോഴും വാക്കുകള്‍ അയാള്‍ക്ക് പിടി കൊടുക്കാതെ ഒളിച്ചു കളിച്ചു.

“നിങ്ങള്‍ കിടക്കുന്നില്ലേ” ഭാര്യ ചോദിച്ചു,

പെന്‍ഷന്‍ പറ്റിയ ശേഷം ചെറിയ ഉച്ചയുറക്കം ദിനചര്യയുടെ ഭാഗമായിരുന്നു. അയാള്‍ ഉച്ചയുറക്കം വേണ്ടെന്നു വച്ചു. അതിനിടയില്‍ ഭൂഗോളത്തിന്‍റെ ഏതോ ഒരു കോണില്‍ നിന്ന് അയാളുടെ മകന്‍റെ വിളിയെത്തി. അയാളുടെ ഭാര്യ മകനോടു പറഞ്ഞു

“നിന്‍റെ ഡാഡിക്ക് പഴയ അസുഖം വീണ്ടും തുടങ്ങിയെന്നു തോന്നുന്നു, എഴുത്തിന്‍റെ സൂക്കേട്‌” മകന്‍ ചിരിച്ചു.

“ഡാഡി എഴുതട്ടെ ശല്ല്യം ചെയ്യണ്ട” അവര്‍ അയാളെ അയാളുടെ പാട്ടിനു വിട്ടു.

അന്ന് മുഴുവന്‍ അയാള്‍ എഴുതാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കൊന്നും എഴുതാന്‍ കഴിഞ്ഞില്ല. രാത്രി കിടന്നിട്ട് അയാൾക്കുറക്കം വന്നില്ല. അയാള്‍ ആദ്യമായി കഥ എഴുതിയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഏറെ ഇഷ്ടപ്പെട്ട സഹപാഠിക്ക് വേണ്ടിയായിരുന്നു. നോട്ടുബുക്കില്‍ നിന്നും കീറിയെടുത്ത പേജില്‍ എഴുതിയ ആദ്യകഥ നാലായി മടക്കി അയാള്‍ സ്കൂള്‍ വരാന്തയില്‍ വച്ച് ആരും കാണാതെ അവളുടെ കയ്യില്‍ കൊടുത്തു.

“ഇതെന്നാ?” അവള്‍ അത്ഭുതത്തോടെ അയാളെ നോക്കി.

“കഥ, ഞാനെഴുതിയതാ… വീട്ടില്‍ പോയി വായിച്ചാല്‍ മതി”

പിറ്റേന്ന് കണ്ടപ്പോള്‍ അവള്‍ പറഞ്ഞു, “കഥ നന്നായിട്ടുണ്ട് എങ്ങനാ ഇതൊക്കെ എഴുതുന്നത്?”

“അതൊരു രഹസ്യാ”

“എങ്കില്‍ പറയണ്ട”

“പറയാം”

അവന്‍ അവളുടെ കാതില്‍ ആ രഹസ്യം പറഞ്ഞു. അപ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങുകയും മുഖത്ത് നാണം വരുകയും ചെയ്തു. അത് തിരിച്ചു കൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞു.

“വേണ്ട വച്ചോളു നിനക്ക് വേണ്ടി എഴുതിയതാ.”

പിന്നിട് കാണുമ്പോള്‍ അവര്‍ പരസ്പരം ഒരു പുഞ്ചിരി ഒളിപ്പിച്ചു വയ്ക്കാറുണ്ട്. കുറച്ചു നാളുകള്‍ക്കു ശേഷം അവള്‍ സ്കൂളില്‍ വരാതെയായി. അവള്‍ പഠിത്തം നിറുത്തിയെന്നരോ പറഞ്ഞു. ഒരു വെള്ളിയാഴ്ച ഉച്ചക്ക് അവനും കൂട്ടുകാരനും കൂടി അവളെ തേടി പുറപ്പെട്ടു. പാടത്തിനക്കരെ ആയിരുന്നു അവളുടെ വീട്. മണ്‍ ചുവരുകളുള്ള ഓല മേഞ്ഞ വീടായിരുന്നു അത്. വീട്ടില്‍ അവളും അമ്മയും ഉണ്ടായിരുന്നു. അവളെ ഇനി പഠിക്കാന്‍ വിടുന്നില്ലെന്ന് അമ്മ പറഞ്ഞു. അവളുടെ വിവാഹം നിശ്ചയിച്ചു. അവളുടെ ബന്ധത്തിലുള്ള ഒരാളാണ് വരന്‍. ഇപ്പോള്‍ ഗള്‍ഫിലാണ്. രണ്ട്‌ വര്‍ഷം കഴിയുമ്പോള്‍ വരും. അതുവരെ സ്കുളില്‍ വിട്ടുകൂടെ എന്നയാള്‍ ചോദിച്ചു.

“ഓ എന്നാത്തിനാ?” എന്നായിരുന്നു അവരുടെ മറുപടി.

അവളുടെ അച്ഛന്‍ വളരെ നേരത്തെ മരിച്ചുപോയെന്ന് അന്നാണ് അവന്‍ അറിഞ്ഞത്. തിരിച്ചു നടക്കുമ്പോള്‍ അവര്‍ക്കൊപ്പം വന്ന് അവള്‍ ചോദിച്ചു,

“കഥ തിരിച്ചു വേണ്ടേ, ഞാന്‍ കരുതി അത് തിരിച്ചു വാങ്ങാന്‍ വന്നതാണെന്ന്”

“വേണ്ട വച്ചോളു”.

“ഇത് വരെ ഉറങ്ങിയില്ലേ നാളെ പൂഞ്ഞാറില്‍ പോകാനുള്ളതാ” ഉറങ്ങാതെ കിടന്ന അയാളോട് ഭാര്യ ചോദിച്ചു.

ശരിയാണ് നാളെ പൂഞ്ഞാറില്‍ ഒരു ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു.

“നീ പോയാല്‍ പോരെ?”

“നേരത്തെ പറഞ്ഞിരുന്നതല്ലേ? ഇപ്പോ ഇതെന്നാ പറ്റി”

അതിനയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.

രാത്രി വളരെ വൈകി എപ്പോഴോ അയാളുറങ്ങി. ഉണരുമ്പോള്‍ ഭാര്യ പൂഞ്ഞാറില്‍ പോകാനുള്ള തയ്യാറെടുപ്പിലയിരുന്നു. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു,

“നീ പോയാല്‍ മതി, ഇന്നെനിക്കു കുറച്ചു പണിയുണ്ട് വണ്ടിയെടുക്കാന്‍ ഞാന്‍ ജോസിനോട് പറഞ്ഞിട്ടുണ്ട്”

അയാള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ വിളിക്കാറുള്ള പയ്യനാണ് ജോസ്. കാലത്ത് വിളിക്കുമ്പോള്‍, ഭാഗ്യം അവനെങ്ങും പോയിട്ടില്ല. ഭാര്യ പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല, തര്‍ക്കിച്ചത് കൊണ്ട് കര്യമില്ല എന്നവര്‍ക്കറിയാം. ഏതോ കഥ അയാളുടെ തലയില്‍ കേറിപറ്റിയിട്ടുണ്ട്. ഇനി അതിനെ തലയില്‍ നിന്നിറക്കാതെ സ്വസ്ഥത കിട്ടില്ല. പണ്ടും അങ്ങനെയാണ്.

ജോസ് വന്ന് വണ്ടിഎടുത്തപ്പോള്‍ അവര്‍ യാത്ര പറഞ്ഞിറങ്ങി.

“ആഹാരം ഫ്രിഡ്ജില്‍ ഉണ്ട്. സമയമാകുമ്പോള്‍ എടുത്തു ചുടാക്കി കഴിച്ചോണം. എഴുത്തില്‍ മുഴുകി മറക്കണ്ട. ഷുഗര്‍ ഉള്ളതാണ്” പുറത്തേക്കിറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു.

ഭാര്യ പോയപ്പോള്‍ അയാള്‍ വസ്ത്രം ധരിച്ചു പുറത്തിറങ്ങി. അയാള്‍ പഠിച്ച സ്കുള്‍ ഇന്ന് വലിയ സ്കുളായി. പാടം മിക്കവാറും നികന്നു പോയി. അവിടെ ധാരാളം വീടുകളായി. തന്‍റെ ആദ്യത്തെ കഥ സമ്മാനിച്ച കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള വഴി അയാള്‍ക്ക് തെറ്റിയില്ല. അയാള്‍ ആ നാട്ടില്‍ തന്നെയാണ് താമസിച്ചിരുന്നതെങ്കിലും അവളെ അയാള്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ല. അന്നത്തെ വരമ്പിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ ടാര്‍ റോഡാണ്. കുടില്‍ ഇരുന്ന സ്ഥലത്ത് ഒരു രണ്ടുനില വീട്. മുറ്റത്ത്‌ പൂന്തോട്ടം. മതിലിനു മുകളിലൂടെ അയാള്‍ കണ്ടു അവള്‍ തന്നെ. അവളുടെ ഭര്‍ത്താവും ഒപ്പമുണ്ട് ചെടി നനയ്ക്കുകയാണ്. അയാള്‍ ഗേറ്റ് തുറന്ന് അകത്തേക്കു കടന്നു.

“അല്ല, ഇതാര് സാറോ വരൂ”

അവളുടെ ഭര്‍ത്താവ് അയാളെ അകത്തേക്ക് ക്ഷണിച്ചു, അയാളെ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. അയാള്‍ അവളെ ശ്രദ്ധിച്ചു. ആ പഴയ പുഞ്ചിരിക്ക് മാറ്റമൊന്നുമില്ല.

“എനിക്ക് ആഴ്ചപ്പതിപ്പിന്‍റെ കുറച്ചു പഴയ ഒരു ലക്കം വേണം ഇവിടെ തിരക്കിയാല്‍ കിട്ടിയേക്കും എന്നാരോ പറഞ്ഞു.” അയാള്‍ പെട്ടന്നൊരു നുണ പറഞ്ഞു.

“കാണും, ഇവളൊന്നും കളയാറില്ല.”അവളുടെ ഭര്‍ത്താവ് പറഞ്ഞു.

“ചായ എടുക്കട്ടെ?” അവള്‍ ചോദിച്ചു.

“വേണ്ട കുറച്ചു തിരക്കുണ്ട്‌.” അയാള്‍ ശരിക്കും തിരക്കിലായിരുന്നു.

“ഞങ്ങള്‍ ഒപ്പം പഠിച്ചവരാ, അറിയോ” അവളുടെ ഭര്‍ത്താവിനോടായി അയാള്‍ പറഞ്ഞു.

“ഉവ്വ്,പറഞ്ഞിട്ടുണ്ട്.”

അവര്‍ മാസികള്‍ അടുക്കിവച്ചിരുന്ന മുറിയിലേക്ക് കടന്നു

“നിങ്ങള്‍ നോക്കിയെടുക്കു ഞാന്‍ ഇപ്പൊ വരാം” എന്നു പറഞ്ഞുകൊണ്ടു അയാള്‍ മുറ്റത്തേക്കിറങ്ങി ചെടി നനക്കല്‍ തുടര്‍ന്നു. അവള്‍ പത്രക്കെട്ടുകള്‍ അലമാരയില്‍ നിന്ന് താഴേക്കിട്ടു. അവര്‍ തിരയാന്‍ തുടങ്ങി.

“ഞാന്‍ ഒരു കാര്യം അറിയാന്‍ വന്നതാണ്‌” മുഖവുരയില്ലാതെ അയാള്‍ പറഞ്ഞു,

“ഒരിക്കല്‍ ഞാന്‍ നിനക്കൊരു കഥ തന്നത് ഓര്‍മ്മയുണ്ടോ? ”

“ഉണ്ട്”

“അതെഴുതിയതിന്‍റെ രഹസ്യം നീ എന്നോട് ചോദിച്ചില്ലേ”

“ഉവ്വ്, എനിക്കത് പറഞ്ഞു തന്നല്ലോ”

“നിനക്കത് ഓര്‍മയുണ്ടോ?”

പെട്ടന്ന് അന്ന് എട്ടാം ക്ലാസ്സുകാരിയുടെ മുഖത്ത് വന്ന അതെ നാണം അവളുടെ മുഖത്ത് വീണ്ടും വന്നു.

കടന്നു പോയ കാലം അയാള്‍ക്കു മുന്നില്‍ പെട്ടെന്നില്ലാതായി. പഴയ സഹപാഠി അവിടെ നില്‍ക്കുന്നതായി അയാള്‍ക്ക് തോന്നി. ഇരുനിറം, എണ്ണമയമുള്ള മുടി. വശ്യമായ പുഞ്ചിരി.

“ങ്ങും ഓര്‍മ ഉണ്ടെങ്കിലോ?”

“ഞാനത് മറന്നു, ഒന്ന് പറഞ്ഞു തരുമോ?”

അവള്‍ ചിരിച്ചു. താന്‍ പറഞ്ഞത് അബദ്ധമായോ എന്നയാള്‍ ആശങ്കപ്പെട്ടു.

“പറയാം”

അവള്‍ അയാളുടെ ചെവിയില്‍ ആ രഹസ്യം പറഞ്ഞു.

“പഴയ സഹപാഠികള്‍ വര്‍ത്തമാനം പറഞ്ഞ് വന്ന കാര്യം മറന്നോ, ഇത് വരെ കിട്ടിയില്ലേ?” എന്നു ചോദിച്ചു കൊണ്ട് അവളുടെ ഭര്‍ത്താവ് അങ്ങോട്ടു വന്നു.

“ദാ ഇപ്പോ കിട്ടി” എന്ന് പറഞ്ഞു കൊണ്ട് അയാള്‍ കയ്യില്‍ കിട്ടിയ മാസിക കൈക്കലാക്കി പുറത്തേക്കു കടന്നു.
യാത്ര പറയുമ്പോള്‍ അയാള്‍ അവളുടെ ഭര്‍ത്താവിനോടു തിരക്കി.

“കുട്ടികളൊക്കെ?”

“രണ്ടുപേര്‍… ഒരാണും ഒരു പെണ്ണും…. രണ്ടുപേരും ഗള്‍ഫിലാണ്, മൂത്തവന്‍ ബിസിനെസ്സ്, മോള് ഡോക്ടര്‍.”

ഗേറ്റ് കടക്കുമ്പോള്‍ അയാളുടെയും അവളുടെയും കണ്ണുകള്‍ ഒന്നുടക്കി. ഒളിച്ചു വച്ച പുഞ്ചിരി ഒരിക്കല്‍ കൂടി കൈമാറി.

വിവാഹത്തില്‍ പങ്കെടുത്തു ഭാര്യ തിരിച്ചെത്തുമ്പോള്‍ അയാള്‍ സോഫയില്‍ കിടന്നു മയങ്ങുകയായിരുന്നു.

“ഇതിയാന് വാതില്‍ കുറ്റിയിട്ട് ഉറങ്ങിക്കുടെ” അവള്‍ തന്നത്താന്‍ പറഞ്ഞു.

ഫ്രിഡ്ജില്‍ വച്ചിരുന്ന ആഹാരം അങ്ങനെ തന്നെ ഉണ്ടായിരുന്നു. മേശപ്പുറത്ത് വടിവൊത്ത അക്ഷരങ്ങളില്‍ നീല മഷിയില്‍ എഴുതി തീര്‍ത്ത കടലാസുകള്‍ അടുക്കി വച്ചിരിക്കുന്നു.

എറണാകുളം ജില്ലയിൽ പടിഞ്ഞാറേ കുടുങ്ങാള്ളോർ സ്വദേശി. കേന്ദ്രസർക്കാർ സർവീസിൽ നിന്ന് വിരമിച്ചു. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും എഴുതാറുണ്ട്.