പാദുകം

തെരുവിൽ നടക്കുന്നവരുടെ

കാലുകളിലേക്ക് മാത്രം

കണ്ണു കൂർപ്പിക്കുന്ന

അസംഖ്യം ചെരുപ്പുകുത്തികൾ.

അതിലൊരുവൻ ബുദ്ധനെപ്പോലെ

ആശയറ്റ മുഖമുള്ളവൻ

അവന്റെ മുന്നിൽ ഞാൻ നിൽക്കുന്നു.

ആശയുടെ ഒരു കൊടുംകാട്

തീറാധാരമുള്ളവൻ.

പിഞ്ഞിപ്പോയ എന്റെ ചെരിപ്പിലേക്ക്

വിശപ്പു കൊണ്ടാണവന്റെയമ്പ്

ഊരിക്കൊടുത്ത്

നിൽക്കുമ്പോൾ

കാലടിയിൽ അവന്റെ

നേർത്ത സൂചികയറുന്നു.

വേദന സുഖത്തിന്

വഴിമാറിക്കൊടുക്കുകയാണ്

അവൻ വിരലുകൊണ്ടിപ്പോൾ 

കാലടികളെ തലോടി

ക്കൊണ്ടിരിക്കുകയാണ്.

നാഡികളിൽ ലഹരിയുടെ

കുമിളകൾ പൊട്ടിച്ച്

ചുണ്ടുകൾ കൊണ്ട് 

പെരുവിരലുകളെ ഊറ്റിക്കുടിച്ച്

രസന കൊണ്ട് ഒരുദ്യാനം

തീർക്കുകയാണവൻ.

വിള്ളലുകളെല്ലാം തുന്നിക്കഴിഞ്ഞു

അകന്നിരുന്ന വിരലുകളുടെ

അടിവേരുകൾ

നഖങ്ങളുടെ അതിർത്തികൾ

എല്ലാം യോജിച്ചു കഴിഞ്ഞു.

പാദങ്ങളെ കണങ്കാലിലേക്കും

തുടകളിലേക്കും

അരക്കെട്ടിലേക്കും

തടവിയുറപ്പിക്കുമ്പോൾ

അവൻ മൂളിക്കൊണ്ടിരുന്ന പാട്ട് 

ഏതോ ജന്മത്തിൽ

കേട്ടു മറന്ന പോലെ 

മധുരപ്പെടുകയാണ്.

അറ്റം കൊളുത്തുള്ള സൂചി

ആഴ്ത്തി പിൻവലിക്കുമ്പോൾ

ഹൃദയത്തിൽ നിന്നൊരു നൂല്

വലിഞ്ഞു വരുമ്പോലെ.

തെരുവിൽ

എത്രയോ സാക്ഷികളുടെ 

മധ്യത്തിൽ ഇതെല്ലാം 

നടക്കുന്നല്ലോയെന്ന്

മനസ് വേവലാതിപ്പെടുമ്പോൾ

അപ്പോൾ മാത്രം അവനെന്റെ 

മുഖത്തേക്ക് നോക്കുന്നു

കണ്ണിമകളെയും നാസാദ്വാരങ്ങളെയും

വായും, രോമകൂപങ്ങൾ വരെ

അവൻ തുന്നിയെടുത്തു കളയുമെന്ന ഭയത്തിൽ

ഉള്ളിലെവിടെ നിന്നൊക്കെയോ

കിനിയുന്ന സ്രവങ്ങളിൽ വഴുക്കി

കാലുകൾ ധൃതിയിൽ വലിച്ചെടുത്ത്

ഇണ ചേരുകയായിരുന്ന

ചെരിപ്പുകളെ ഉണർത്താതെ

ഓർമ്മകൾക്ക് മീതെ

കനം വച്ചു കൊടുക്കാൻ

പുഷ്പചക്രം വിൽക്കുന്ന

കട തേടി തെരുവിലൂടെ ഓടാൻ മാത്രം

എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് വിപിഎ യുപിസ്കൂള്‍ അധ്യാപകനാണ്. വരവുപോക്കുകള്‍, ടെമ്പിള്‍റണ്‍ എന്നീ കവിത സമാഹാരങ്ങളും, മണ്ണേ നമ്പി, താം ലുവാങ്ങിലെ കൂട്ടുകാര്‍ എന്നീ നോവലുകളും പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍, ഏതു കിളിപാടണം എന്നീ ബാല സാഹിത്യ കൃതികളും രസക്കുടുക്ക, കുട്ടികള്‍ക്ക്വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നീ ശാസ്ത്ര പുസ്തകങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.