धर्मेच अर्थेच कामेच मोक्षेच भरतर्षभ यदिहास्ति तदन्यत्र यन्नेहास्ति न कुत्रचित्।
മനുഷ്യജീവിതത്തിലെ എല്ലാ സംഗതികളെയും പ്രതിപാദിക്കുന്ന ഒരു പുസ്തകം എന്ന നിലയില്‍ മഹാഭാരതം , ഭാരതത്തിന്റെ ഇതിഹാസമായി ലോകത്തിന് മുന്നില്‍ നില്ക്കുന്നു. ആംഗലേയ സാഹിത്യത്തിലെ ഇതിഹാസങ്ങളുടെ മുന്നില്‍ പ്രായം കൊണ്ടും ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഒക്കെ പ്രാധാന്യമുള്ള ഒരു ഇതിഹാസ കാവ്യമാണ് മഹാഭാരതം. ഏകദേശം രണ്ടായിരം വര്‍ഷത്തിന്റെ പഴക്കം ഉണ്ടാകാം മഹാഭാരതത്തിന് എന്നാണ് നിലവിലുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മഹാഭാരതത്തിന്റെ ഭാഷയുടെ കാലഘട്ടം ബി.സി.നാലാം നൂറ്റാണ്ടാണെന്ന ചരിത്രകാരന്മാരുടെ പഠനം സൂചിപ്പിക്കുന്നത് വേദകാലത്തിന്റെ സംഭാവനയാണ് മഹാഭാരതം എന്നുള്ളതാണ്. എഴുത്തിന്റെ കാലവും പഠനവും ഈ പുസ്തകത്തിന്റെ വായനയുമായി ബന്ധപ്പെടുത്തുന്നതില്‍ കാര്യമില്ല എങ്കിലും സാന്ദര്‍ഭികമായി പറയുകയായിരുന്നു എന്നു മാത്രം. ലോകത്ത് ഏറ്റവും കൂടുതല്‍ മൊഴിമാറ്റവും പഠനങ്ങളും ഉപകഥകളും നടന്നിട്ടുള്ള കൃതിയും ഇത് തന്നെയാണ്. മലയാളത്തില്‍, മഹാഭാരത കഥയിലെ കഥാപാത്രങ്ങളെ പ്രധാനമായി എടുത്തുകൊണ്ടുള്ള ഒരുപാട് കഥകളും നോവലുകളും കവിതകളും ഒക്കെ സംഭവിച്ചിട്ടുണ്ട്. വായനക്കാര്‍ ഏറ്റവും കൂടുതല്‍ അതില്‍ ഓര്‍ത്തിരിക്കുന്നവ ഒരു പക്ഷേ എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം ( ഭീമനെ നായകനാക്കി ഒരു വ്യത്യസ്ഥ വായന), പി.ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ (ദ്രൗപതിയെ നായികയാക്കിയുള്ള വായന) തുടങ്ങിയവ ആകണം. ഇവയല്ലാതെ ഒരുപാട് നോവലുകള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും വായനയില്‍ ഓർമ്മ നില്‍ക്കുന്ന രണ്ടെണ്ണം ഇത് മാത്രമാണു എന്നതിനാല്‍ അത് പരാമര്‍ശിക്കുന്നു എന്നു മാത്രം.
‘വിനയശ്രീ’ എന്ന എഴുത്തുകാരി ഒരു സാഹിത്യകാരി എന്ന നിലയില്‍ മാത്രമല്ല ഒരു ജ്യോതിഷ എന്ന നിലയിലും തന്റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിച്ചിരിക്കുന്ന വ്യക്തിയാണ്. സംസ്കൃതം, പുരാണങ്ങള്‍ എന്നിവയോടുള്ള അടുപ്പം ആകാം ഒരുപക്ഷേ വിനയശ്രീ എന്ന എഴുത്തുകാരിയുടെ തൂലികയിലൂടെ പുരാണ കഥാപാത്രങ്ങളെ തന്റേതായ വായനാനുഭവത്തില്‍ അവതരിപ്പിക്കാന്‍ കഴിവുള്ളതാക്കിയതെന്ന് കരുതുന്നു. ഇതിന് മുമ്പ് വിനയശ്രീയുടേതായി വായിക്കുകയും എഴുതുകയും ചെയ്തത് ശിഖണ്ടിയുടെ കഥ പറയുന്ന നോവല്‍ ആയിരുന്നു. എന്നാല്‍ ആ നോവല്‍ വായിക്കുന്നതിന് മുമ്പ് വായിക്കേണ്ടതായിരുന്നു “പാഞ്ചാലിയുടെ ഏഴുരാത്രികള്‍” എന്നു വായനയില്‍ തോന്നിച്ചു. കാരണം, ശിഖണ്ടിയുടെ കഥയുടെ മൂലകഥ ഈ നോവലില്‍ സൂചിപ്പിച്ചിട്ടിരിക്കുന്നതിനാല്‍ ആണങ്ങനെ തോന്നുവാന്‍ കാരണമായത്. ഈ രണ്ടു നോവലുകളിലും വിനയശ്രീ മഹാഭാരതത്തിന്റെ മൂലകഥയിൽക്കൂടി സഞ്ചരിക്കുകയും പക്ഷേ തന്റേതായ കാഴ്ചപ്പാടുകളിലൂടെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കണ്ടെത്തുകയോ ചിന്തിക്കുകയോ ചെയ്യുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് ഈ നോവലുകളുടെ ഉദയം എന്നു തോന്നുന്നുണ്ട്. ശിഖണ്ടി എന്ന നോവലില്‍ ആരാണ് ശിഖണ്ടി എന്നത് ഒരു സ്വതന്ത ചിന്തയായി അവതരിപ്പിക്കുകയും ലോജിക്കുകളിലൂടെ അതിനെ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ വിനയശ്രീ, ഉത്തരേന്ത്യന്‍ എഴുത്തുകാരനായ അമീഷിന്റെ ശൈലി കടമെടുക്കുകയായിരുന്നു ബോധാബോധപൂര്‍വ്വം. അത് തന്നെയാണ് ഇവിടെ പാഞ്ചാലിയിലും സംഭവിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ മഹാഭാരതം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായേക്കാവുന്ന പല സംശയങ്ങളും ഉണ്ട്. അവയെ പാഞ്ചാലിയുടെ ഏഴു രാത്രികള്‍ വായിക്കുമ്പോള്‍ എങ്ങനെ ലളിതമാക്കാം എന്നുള്ളൊരു പരീക്ഷണമായി ഇതിനെ കാണാം. അമീഷിന്റെ ശിവ ട്രയോളജിയും രാമായണസീരീസും വായിക്കുന്നവര്‍ക്ക് ശിവനെന്ന ദൈവത്തിനെയും രാമനെന്ന ദൈവത്തിനെയും ഇന്നത്തെ കാലത്തെ ഒരു ശരാശരി അഗ്നോയിസ്റ്റിന് (ദൈവം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന കയ്യാലപ്പുറത്തെ തേങ്ങ പോലുള്ള വിശ്വാസി സമൂഹം.)വിശ്വസം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന വിധത്തില്‍ പരുവപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഇതേ രൂപത്തിലുള്ള മഹാഭാരതം സീരീസ് പണിപ്പുരയില്‍ ആണെന്നാണ് കേള്‍വി. പാഞ്ചാലിയുടെ ഏഴു രാത്രികള്‍ എന്നു കേള്‍ക്കുമ്പോള്‍ അതെന്തുകൊണ്ടു അങ്ങനെ എന്നു ചിന്തിക്കുക സ്വാഭാവികം. അഞ്ചു പുരുഷന്മാരുടെ ഭാര്യയായിരിക്കുന്നവള്‍ക്ക് ഏഴു രാത്രികള്‍ എങ്ങനെ ഉണ്ടാകുക? ഇവിടെയാണ് എഴുത്തുകാരിയുടെ ഭാവനയില്‍ വിടരുന്ന സാധ്യതകള്‍ മറനീക്കി വരുക. കൃഷ്ണനും, കര്‍ണ്ണനും കൂടിയായാല്‍ ഏഴുപേരാകുന്നു!!!. പക്ഷേ കൃഷ്ണന്‍ …. എങ്ങനെയും അത് അംഗീകരിക്കാം. കാരണം അങ്ങേരുടെ പേര് ആധുനിക കാസനോവയുടെ പഴയ പ്രതീകമായിട്ടാണല്ലോ പ്രശസ്തമാകുന്നത്. പതിനായിരത്തിയെട്ട് പ്രണയിനികളുടെ കഥകളും അതിന്റെ വ്യാഖ്യാനങ്ങളും ഭൂരിപക്ഷവും വായിച്ചിട്ടുള്ളതുമാകണം. പക്ഷേ പാണ്ഡവരുടെ അളിയനായ കൃഷ്ണന്‍ പാഞ്ചാലിക്ക് ആങ്ങളയാണല്ലോ മലയാളിയുടെ വിവാഹബന്ധത്തിന്റെ / കുടുംബ ബന്ധത്തിന്റെ ചിന്തയില്‍ എന്നു തോന്നാമെങ്കിലും അഗമ്യഗമനത്തിന്റെ ലോലസാധ്യതകളെ പരീക്ഷിക്കാനുള്ള ശ്രമമായി അതിന്റെ കാണേണ്ടി വരുന്നു. അപ്പോഴും കര്‍ണ്ണന്‍ എന്നത് വിപരീതപക്ഷമാണല്ലോ. കുരുപക്ഷത്തെ രാജാവു അഥവാ സൂതപുത്രന്‍. കഥയുടെ അവസാനങ്ങളില്‍ മാത്രം കൗന്തേയനായി മാറുന്ന ഒരാള്‍. അയാളെങ്ങനെ ആകും പാഞ്ചാലിയുടെ രാത്രിയിലൊന്നു സ്വന്തമാക്കുന്നത് എന്ന ചിന്ത വായനക്കാരെ കുഴപ്പിച്ചേക്കാം. ആ രണ്ടു ചിന്തയുടെയും ഉത്തരമാണ് ഈ നോവലില്‍ പ്രമേയമായി വരുന്നത്. സാധ്യതകളെ കൊണ്ടുള്ള ഒരു നൂല്‍പ്പാല സഞ്ചാരം എന്നു വേണമെങ്കില്‍ പറയാമതിനെ. ആര്‍ക്കും ആരെയും, എങ്ങനെയും ചിന്തിക്കാം . വിശകലനം ചെയ്യാം ആരും അതിന്റെ അവകാശവാദം പറഞ്ഞു വരില്ല. (എന്നു തീര്‍ത്തു പറയാന്‍ കഴിയില്ല. പ്രത്യേകിച്ചു ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും കാര്യത്തില്‍). അതിനാല്‍ത്തന്നെ എഴുത്തുകാരി ആ സാതന്ത്ര്യം ഇവിടെ ഉപയോഗിക്കുന്നു. പാണ്ഡവരെക്കാള്‍ മുന്നേ പാഞ്ചാലി കണ്ടു മോഹിച്ചു പോയ പുരുഷന്‍ ആണ് കര്‍ണ്ണന്‍. ശിഖണ്ടിയുടെ അനിഷ്ടം മൂലം ഉപേക്ഷിക്കേണ്ടി വരുന്ന പ്രണയം. അതുപോലെ മനസ്സില്‍ പ്രണയം തോന്നിയ കൃഷ്ണന്‍, പാണ്ഡവരുടെ പത്നിയായതിനാല്‍ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നായി മാറിയ പ്രണയം. ഈ നോവലില്‍ അഞ്ചുപേര്‍ക്ക് വീതിച്ചുകൊടുത്ത പാഞ്ചാലിയുടെ മനസ്സിലൂടെയുള്ള സഞ്ചാരമാണ് ഇതിവൃത്തം. പാണ്ഡവര്‍ അഞ്ചുപേരുടെയും ഒപ്പമുള്ള രാത്രികള്‍, രതി, അവരിലെ പ്രണയം, പ്രണയശൂന്യത, മനോവിചാരങ്ങള്‍ എന്നിവയിലൂടെ കടന്നു പോകുന്ന പാഞ്ചാലി കര്‍ണ്ണനോടും കൃഷ്ണനോടും ഭാവനയിലൂടെ ഓരോ രാവ് സഞ്ചരിക്കുന്നുണ്ട്. കഥയുടെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഈ സംഭവങ്ങളെ കോര്‍ത്തുകെട്ടുന്ന ഒരു കൃതിയാണ് പാഞ്ചാലിയുടെ ഏഴു രാത്രികള്‍ .
പ്രമേയത്തിന്‍റെ പുതുമയാണ് ഈ നോവലിന്റെ പ്രത്യേകത. നല്ല പഠനം/വിശകലനം ചെയ്തിരിക്കുന്നുണ്ട് വിഷയത്തില്‍ എന്നത് എഴുത്തില്‍ തെളിഞ്ഞു കാണാം. എങ്കിലും, എല്ലാം ഒറ്റയടിക്ക് പറയാനുള്ള ഒരു വ്യഗ്രതയും, പറയുന്നവ പാതിരാവുന്ന ചില ഇടങ്ങളും ഒക്കെക്കൊണ്ടു പാഞ്ചാലി ഒരു നിലപാടില്ലാത്ത സ്ത്രീയായി ചിത്രീകരിക്കപ്പെടുന്നത് പല ഇടങ്ങളിലും മുഴച്ചു നില്‍ക്കുന്നുണ്ട്. പ്രണയത്തിലായാലും പകയിലായാലും വികാരപ്രകടനങ്ങളിലായാലും അത് ചിലപ്പോഴൊക്കെ മുന്‍ നിലപാടുകളെ നോക്കി ചിരിക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ട്. സ്വതന്ത്ര വ്യക്തിത്വമുള്ള ഒരാള്‍ എന്ന നിലയിലെക്കു കൊണ്ട് വരാനുള്ള, ശ്രമങ്ങള്‍ കുലസ്ത്രീകളുടെ നിലവാരത്തിലേക്കും ചിലപ്പോള്‍ കേവലം അബലയായ വെറും സ്ത്രീ കഥാപാത്രങ്ങളുടെ താഴ്ചയിലേക്കും ഒക്കെ ചാഞ്ചാടിക്കളിക്കുന്നുണ്ട്. വായനക്കാര്‍ക്ക് പാഞ്ചാലിയോട് സഹതാപം തോന്നിത്തുടങ്ങുന്ന അതേ നേരത്ത് തന്നെ അവളോടു പുച്ഛം തോന്നുന്ന അവസ്ഥ ഉണ്ടാകുകയും അത് വീണ്ടും മാറി ഇഷ്ടം ജനിപ്പിക്കുകയും പൊടുന്നനെ അത് ഹാസ്യമായി മാറുകയും ചെയ്യുന്ന ഒരു വായന ആണ് എഴുത്തുകാരി നല്‍കുന്നത്. ഒരു പക്ഷേ അതവരുടെ രചനയുടെ കൗശലം ആകാം അതോ പാളിച്ചയോ. ലെസ്ബിയന്‍ സ്നേഹത്തിന് വളരെ പ്രാധാന്യം നല്‍കുന്ന ഒരു കാഴ്ചപ്പാട് പാഞ്ചാലിയിലും ശിഖണ്ടിയിലും പടര്‍ന്ന് കിടക്കുന്നതു കാണാന്‍ കഴിയുന്നുണ്ട് . സ്ത്രീക്ക് മാത്രമേ സ്ത്രീയെ അറിയാനും സന്തോഷിപ്പിക്കാനും കഴിയുകയുള്ളൂ എന്നൊരു കാഴ്ചപ്പാടിലേക്ക് വായനക്കാരെ കൈപിടിച്ചു കൊണ്ട് പോകുന്ന അനുഭവമായി അത് തോന്നിപ്പിച്ചു . ഒറ്റവായനയ്ക്ക് ഉതകുന്ന ഒരു വലിയ നോവല്‍ എന്ന രീതിയില്‍ പാഞ്ചാലിയുടെ എഴുരാത്രികള്‍ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നു .
പാഞ്ചാലിയുടെ ഏഴു രാത്രികള്‍ (നോവല്‍ )
വിനയശ്രീ
അക്ഷര സ്ത്രീ പബ്ലിക്കേഷന്‍സ്