ഹുസൈൻ ഹഖാനിയുടെ ‘ഇന്ത്യയും പാകിസ്ഥാനും: എന്തുകൊണ്ട് നമുക്ക് സുഹൃത്തുക്കൾ ആയിക്കൂടാ’ എന്ന പുതിയ പുസ്തകം 2016 വരെയുള്ള ഇന്ത്യ-പാകിസ്ഥാൻ ദ്വന്ദ്വം ചർച്ച ചെയ്യുന്നു. അതോടെപ്പം ഇന്ത്യയിൽ വന്ന മാറ്റങ്ങളും പരിഗണിക്കുന്നുണ്ട്.
ആദ്യത്തെ പുസ്തകത്തിൽ താൻ കൂടി പങ്കാളിയായിരുന്ന പാകിസ്ഥാൻ ഭരണകൂടങ്ങളെയായിരുന്നു ഹഖാനി പ്രധാനമായും വിമർശിച്ചത്. എന്നാൽ ഇത്തവണ രണ്ട് വശത്തിൻറെയും ഇടപെടലുകളെ വ്യക്തമായിത്തന്നെ എടുത്തുപറയുന്നു ഹഖാനി ഈ ചെറുപുസ്തത്തിൽ.
ചരിത്രപരമായി പാകിസ്ഥാൻ എന്നും ഇന്ത്യയെത്തന്നെ നോക്കിയാണ് തങ്ങളുടെ നയങ്ങളും സൈനികശക്തിയും അണുബോംബും എല്ലാം വികസിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടുന്ന ഹഖാനി അക്കാര്യത്തിൽ ഇന്ത്യ വ്യത്യസ്തമാകുന്നതിനെ അഭിനന്ദിക്കുന്നുമുണ്ട്. എന്നാൽ വർത്തമാനകാലം ഇന്ത്യ പാകിസ്ഥാൻറെ പാതയിലേക്കുതന്നെ സഞ്ചരിക്കാൻ ശ്രമിക്കുന്നു എന്ന് സംശയിപ്പിക്കുന്നുവെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നുമുണ്ട്. കാശ്മീർ, ഭീകരവാദം, ആണവായുധം തുടങ്ങി മൂന്ന് പ്രധാന ഘടകങ്ങളെയും ചരിത്രത്തെയും മുൻനിർത്തിയാണ് ഹഖാനി പുസ്തകം എഴുതിയിട്ടുള്ളത്.
ഇന്ത്യയോടുള്ള വെറുപ്പാണ് പാകിസ്ഥാനി ദേശീയത എന്ന് വരുത്തിത്തീർക്കാൻ വർഷങ്ങളായി അവിടുത്തെ ഭരണാധികാരികൾ നടത്തിയിട്ടുള്ള ശ്രമങ്ങളാണ് പാകിസ്ഥാനെ ഇന്നുകാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത് എന്ന് വിലയിരുത്തുന്നത് ഇന്ത്യക്കാർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. അർണബ് ഗോസ്വാമിമാരും സാധ്വി പ്രാചിമാരുമെല്ലാമടങ്ങിയ ഇന്ത്യൻ ദേശീയതക്ക് വേണ്ടി പാകിസ്ഥാനിലേക്ക് ചൂണ്ടി ഗോഗ്വാ വിളിക്കുന്നവർക്കും അവർക്ക് പാടുന്നവർക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയുണ്ട് ഈ പുസ്തകത്തിൽ.
പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ പുരോഗതിക്കും വികസനത്തിനും തടസമായി മാറിയത് ആ രാജ്യത്തിൻറെ ദേശീയത എന്ന വികാരമായിമതത്തെ പ്രതിഷ്ടിച്ചതാണ് എന്ന് ഹുസൈൻ ഹകാനി തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. രാഷ്ട്ര രൂപീകരണത്തിന്റെ ആദ്യകാലം മുതൽ ഇന്ത്യാ വിരുദ്ധവികാരം വളർത്താൻ അത് ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും രൂക്ഷമായി വളർന്നത് സിയാ ഉൽ ഹഖിന്റെ ഭരണകാലത്തായിരുന്നു. അതിന്റെ പ്രധാന കാരണം എന്തെന്നുവച്ചാൽ സുൾഫിക്കർ അലി ഭൂട്ടോ വരെയുള്ള പാകിസ്ഥാൻ ഭരണാധികാരികൾ മതത്തെ രാഷ്ട്രീയ ആയുധം ആയി ഉപയോഗിച്ചിരുന്നു എങ്കിലും അവരാരും അതിൽ വിശ്വസിച്ചല്ല അങ്ങനെ ചെയ്തത്. എന്നാൽ സിയയുടെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതമാണ് ദേശീയത എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.
അക്കാലമാണ് പാകിസ്താന്റെ ജീവിതത്തെ മാറ്റിമറിച്ചത് എന്ന് ഹകാനി പറയുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. പാഠപുസ്തകങ്ങൾ മാറ്റി മറിച്ചതും മതം പൊതു ജീവിതത്തിന്റെ അടിസ്ഥാനമാക്കി മാറ്റിയതും സിയയുടെ കാലത്താണെന്ന് ഒപ്പം ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ സമ്മതിക്കുന്നുണ്ട്. ഹകാനി എന്ന വ്യക്തിയെക്കുറിച്ചു അവർക്കുള്ളത് അത്ര നല്ല അഭിപ്രായം അല്ലെങ്കിലും.
വഹാബിസത്തിന്റെ വളർച്ച അഥവാ കടന്നു കയറ്റം, മുല്ലകൾക്ക് ലഭിച്ച സ്വീകാര്യത, പട്ടാളത്തിന്റെ അനിഷേധ്യ സ്ഥാനം, കാശ്മീരിലും അഫ്ഗാനിസ്ഥാനിലും ഉള്ള തീവ്രവാദ പ്രോത്സാഹനങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുതകൾ തെളിവുസഹിതം വിവരിക്കുന്നുണ്ട് ഹകാനി.
ഇതിന് തുടക്കം മുതൽ സിയക്കൊപ്പം നിന്ന രാജ്യം ഏതാണ് എന്ന് ചോദിച്ചാലുള്ള മറുപടി സൗദി എന്നതാവില്ല, പകരം അമേരിക്ക എന്നതാവും. കാരണം സൗദി അനുവദിച്ച പണത്തേക്കാൾ എത്രയോ അധികവും ഉപകാരപ്രദവുമായിരുന്നു അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക, ആയുധ സഹായങ്ങൾ. ഇതിനെ മതത്തിന്റെ പേരിലല്ല കൈവരിച്ചതെങ്കിലും സിയാ ഉപയോഗിച്ചത് അതിനുവേണ്ടിയായിരുന്നു. അഫ്ഗാനിസ്ഥാൻ എന്ന അയൽവാസിയുടെ കമ്യൂണിസ്റ്റ് ചായ്‌വും സോവിയറ്റ് ഇടപെടലും ചൂണ്ടിക്കാട്ടി അമേരിക്കയെ ബ്ലാക്ക്മെയിൽ ചെയ്ത കൈവശപ്പെടുത്തിയ പണം ഏറെയും കാശ്മീരിലേക്കും ബലൂചിസ്ഥാനിലേക്കും ചെലവഴിക്കപ്പെട്ടു എന്നാണ് ഏറെക്കാലം പാകിസ്ഥാൻ ഭരണകൂടങ്ങളോട് (മാറിമാറിവന്ന) അടുത്തുനിന്ന ഹകാനി ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയുടെ ചെലവിൽ ഐ.എസ.ഐ നേരിട്ട് പരിശീലനം നൽകി അഫ്ഗാനിസ്ഥാനിലേക്ക് അയച്ച വഹാബി സൈന്യത്തിന്റെ ഭാഗമായിരുന്ന ഒസാമ ബിൻ ലാദൻ എന്ന വ്യവസായി എങ്ങനെ അമേരിക്കയെ തന്നെ വിറപ്പിച്ച നേതാവായി എന്ന് അന്വേഷിക്കുകയാണെങ്കിൽ അതിനു നന്ദി പറയേണ്ടത് പാകിസ്ഥാനോടും സിഐഎ യോടും ആയിരിക്കും.
തുടങ്ങിയ ഇടത്തേക്ക് തിരിച്ചു വരാം… മതം രാഷ്ട്രീയ ആയുധമാക്കി ഇന്ത്യ ഭരിക്കുന്ന കക്ഷികൾ ആദ്യകാലം മുതലേ ഉണ്ട്… അതെ, കോൺഗ്രസിനെ കുറിച്ച് തന്നെ. പക്ഷെ അവർ മതത്തെ ഇന്ത്യൻ ദേശീയതയോട് ചേർത്തുനിർത്തി എണ്ണിയിട്ടില്ല. അതൊരു താൽക്കാലിക നേട്ടത്തിന് വേണ്ടിയുള്ള ഉപയോഗിക്കൽ മാത്രമായിരുന്നു. അത് ദോഷകരമല്ല എന്നല്ല, പക്ഷേ, ഇന്ന് നമ്മൾ കാണുന്നത് അതല്ല. കോൺഗ്രസ് ഇട്ട വഴിമരുന്നിനെ ഉപയോഗിച്ചാണ് ബിജെപി അധികാരത്തിൽ എത്തുന്നത്, ഭൂട്ടോയും മുൻ നേതാക്കളും ഇട്ട വഴിയേ വന്ന സിയാ അതിനെ നന്നായി ഉപയോഗിച്ചതുപോലെ കോൺഗ്രസ് വഴിമരുന്നിട്ടു വളർത്തിയ മത രാഷ്ട്രീയത്തെ വിജയകരമായി ഉപയോഗിക്കുന്നുണ്ട് മോഡി. ഇന്ത്യൻ ദേശീയത മതം തന്നെയാണെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും അത് പറയുന്നവരെ വളർത്തുന്നുണ്ട് പ്രധാനമന്ത്രി.
പുസ്തക പരിഷ്കാരങ്ങളും പഠന രീതികളില് മാറ്റവും ഒക്കെ ഔദ്യോഗികം ആവുന്നതോടെ മത ദേശീയത എന്ന വികാരം പണ്ടത്തേക്കാൾ ഏറെ പടർന്നുപിടിക്കുന്നു.
ഈ മാറ്റങ്ങളുടെ ഭാവി പാകിസ്ഥാൻ എന്ന രാജ്യം സ്വയം രക്ഷനേടാൻ കഷ്ടപ്പെടുന്ന തീവ്രവാദം എന്ന അപകടത്തിലേക്കാവും എന്നത് പ്രവചിക്കാവുന്ന കാര്യം മാത്രമാണ്. അതുകൊണ്ടുതന്നെയാണ് അത് സ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരു ഇന്ത്യക്കാരനേയും ഭയപ്പെടുത്തേണ്ടത് ആവുന്നതും എന്നും ഹുസൈൻ ഹഖാനിയുടെ പുസ്തകം പറയുന്നു.