പരദേശങ്ങളിലെ രണ്ട് മുട്ടകൾ

തെറ്റിവീണ
രണ്ട് നിയോഗങ്ങളെപോലെ
ഇരുദേശങ്ങളിലായി
അവർ ഒന്നും മിണ്ടാതെ
കിടന്നുപോയി!

ഒരേജ്ഞാനത്തിന്റെ
ഇരുപുറങ്ങളാണ്
അവരുടെ ദേശങ്ങൾ.

അമ്മമാരുടെ
പ്രജനനപുസ്തകത്തിൽ
എണ്ണമില്ലാത്ത ഏതോ
അധ്യായങ്ങളിൽ നിന്ന്‌
ഒരുരൂപമുണ്ടാക്കി
അവർ പരസ്പരം
കാണാൻ കൊതിച്ച്
കിടന്നു.

ഒരാൾ ആണെന്നും
മറ്റേയാൾ പെണ്ണെന്നും
അവർക്ക് നിശ്ചയിക്കാൻ
കഴിഞ്ഞില്ല.

ലോകത്ത് പിറവിയെന്തിനെന്നും
ലോകം തന്നെയെന്തിനെന്നും
ഇക്കാലത്തും
അവർക്ക്
അസ്തിത്വവികാരങ്ങളുണ്ടായി !

ജീൻപോൾ സാർത്രും
സിമോൺ ദി ബ്യുവറും
പിറവിയുടെ കാലങ്ങളിൽ
രണ്ടുമുട്ടകളായിരുന്നുവെന്ന്
അവർഓർത്തെടുത്തു.

“നമുക്ക്
ഒന്നുകൂടി
പിറക്കാനുണ്ടല്ലോ
മുത്തേ……. “

ഒരു ദേശത്ത്നിന്ന്
മറ്റൊരു ദേശത്തേക്ക്
അവർ മിണ്ടാതെസംസാരിച്ചു.

രണ്ട് മഞ്ഞകൾ
ഹൃദയത്തിൽ സഹർഷങ്ങൾ നിറച്ച്
സന്തോഷിച്ചു.

രണ്ട് വെള്ളകൾ
അവരുടെ സമയങ്ങളിലേക്ക്
മഴപെയ്ത് നിന്നു.

പുറത്ത്അമ്മക്കിളികൾ
ഊണും കറിയും വെച്ചു!

വൈകാതെ
തങ്ങൾക്ക്
പരസ്പരംകാണാനാകു_
മെന്നാശ്വസിച്ച്
അമ്മമാരുടെ
വയറിന്റെ ചുറ്റുവട്ടത്തേക്ക്
അവരൊതുങ്ങിക്കിടന്നു.

കൊയിലാണ്ടി, മുചുകുന്നിൽ ജനനം. ഹയർസെക്കണ്ടറിവിഭാഗം അധ്യാപകനായിരുന്നു. 'ഉടക്കെഴുത്തുകൾ' ആദ്യ കവിതാസമാഹാരം. ഇപ്പോൾ ആനുകാലികങ്ങളിൽ സജീവം.