ഒരാശാരിയുണ്ടായിരുന്നു,
ഉച്ചയ്ക്കു ചോറുവിളമ്പും,
കറിവിളമ്പും ആശാരിച്ചി
ഉപ്പോ മുളകോയരവോ
പപ്പടത്തിൻ്റെ പൊള്ളമോ
മുരിങ്ങക്കായുടെ മൂപ്പോ
എന്തെങ്കിലുമൊരു കുറ്റം
ഉളിവായിൽ തടഞ്ഞ്
ആശാരി പെണ്ണിൻ്റെ
മുടിക്കുകുത്തിപ്പിടിക്കും
കുനിച്ചു നിർത്തും
മുഴക്കോൽ മുറിയെത്തല്ലും
അവൾ കൊള്ളും
ഒരു വറ്റു പോലും
ബാക്കി വയ്ക്കാതെയുണ്ട്
വിരലീമ്പിയേമ്പക്കം വിട്ട്
ആശാരി പിന്നെ തെല്ലുമയങ്ങും
വിളമ്പലും,
കുറ്റം പറയലും
മുടിക്കു കുത്തലും
കുനിച്ചു നിർത്തലും
അടിയും, ഉണ്ണലും
ഏമ്പക്കവും, മയക്കവും
പെണ്ണിനും തഴമ്പായി
ഒരു ദിനം
ഉപ്പുപാകത്തിന്
മുളകുപാകത്തിന്
ചോറിലൊരു കറുത്ത വറ്റില്ലാതെ,
നാക്കിലക്കൊരു കീറലില്ലാതെ
പത്തു കൂട്ടം കറിയും
പായസവും വച്ച് കാത്തിരുന്നു ആശാരിച്ചി
വന്നു
പലക മേലിരുന്നു
തൊട്ടു നക്കി
ചോറിൽ പരതി
പുരികം വളച്ച്
കട്ടിലക്ക് ചാരി നിന്ന
ആശാരിച്ചിയോടലറി
എന്തെങ്കിലും
ഒരേതു ഉണ്ടാക്കി കൂടടീ നിനക്ക്,,?
മറ്റെന്തോ കറി
ചോദിക്കയാണെന്നും കരുതി
ആശാരിച്ചി മുറുമുറുത്തു
ഇനി ഇങ്ങക്ക്
എന്ത് തന്തേടെ
തലയാ വേണ്ടീത്,,,?
ആഹാ,,, നീയെൻ്റെ തന്തയ്ക്ക് വിളിക്കാൻ മാത്രം മുറ്റിയോ ?
ആസനത്തിൽ നിന്ന്
ഇരുന്ന പലക
പറിച്ചെടുത്ത്
ആശാരി ഒരേറ്
പെണ്ണിൻ്റെ തല പൊട്ടി
ചോരപ്പുഴ
ആശാരി കറീം കൂട്ടി
കുഴച്ചുരുട്ടി
പായസോം കുടിച്ച്
ഇലവടിച്ച്
വിരലീമ്പി
ഏമ്പക്കം വിട്ട്
ഉണ്ടെഴുന്നേറ്റ്
മയങ്ങാൻ പോകുന്നു
ഇന്നും
പഥ്യം തെറ്റിക്കാതെ.
*പൊള്ളം (കുമിള)
*ഏതു (ഹേതു, കാരണം)