‘രാമനാട്ടുകര’
കണ്ടക്ടറുടെ ശബ്ദം കേട്ട് മുരളി ചിന്തകളിൽ നിന്നുയർന്നു. അയാൾ തന്റെ ബാഗ് തൊളിലേറ്റി ബസ്സിൽ നിന്നിറങ്ങി.
മനസ്സിലാകുന്നില്ല, മഞ്ചേരി, തൃശൂർ, ഭാഗങ്ങളിലേക്ക് വേർതിരിയുന്ന ജങ്ഷനിലായിരുന്നല്ലോ ബസ് സ്‌റ്റോപ്പ്. മഞ്ചേരി ഭാഗത്തേക്ക് ഉള്ളവ പാറമ്മൽ റോഡിന്റെ അടുത്തുമായിരുന്നല്ലൊ. മുരളി സമീപത്തു നിൽക്കുന്നയാളെ നോക്കി
“പെരിങ്ങാവ് ഭാഗത്തേക്കുള്ള ബസ്സ് ?”
“ദാ അവിടേക്ക് നിന്നോളൂ” അയാൾ ഇടതു ഭാഗത്തേക്ക്ചൂണ്ടിക്കാണിച്ചു.
പത്ത് മിനിറ്റിനുള്ളിൽ ബസ്സ് വന്നു. സ്റ്റാന്റിൽ നിന്നിറങ്ങി ഇടത്തേക്ക് തിരിച്ചപ്പോൾ മുരളി കൗതുകത്തോടെ തന്റെ നാട് നോക്കി കണ്ടു.
മുപ്പത് വർഷങ്ങൾ നൽകിയ മാറ്റം രാമനാട്ടുകരയെ മറ്റൊരു ഇടമാക്കിയിരിക്കുന്നു. ഡോ. മൈതീൻക്കുട്ടിയുടെ വീടിനരികിൽ പുതു കെട്ടിടങ്ങൾ നിറഞ്ഞിരിക്കുന്നു. പഴയ ബസ്സ് സ്റ്റോപ്പ് കാണുന്നില്ല. അരികെ ഒരു കുഞ്ഞു പാർക്ക്. ബസ്സ് നീങ്ങുന്നതിനിടയിൽ കുഞ്ഞക്കൻ ചെട്ടിയാരുടെ കട മനസ്സിലായി. മവേലി സ്‌റ്റോർ വരെ ധാരാളം കെട്ടിടങ്ങൾ. അത് കഴിഞ്ഞ് ഒരു മേൽപ്പാലം കണ്ടു. പുതിയ ജങ്ഷൻ. ഇത് എവിടേക്കായിരിക്കും. മെഡിക്കൽ കൊളേജിലേക്ക് ആവുമോ?. വൈദ്യരങ്ങാടിയിൽ എത്തി ചെറിയ മാറ്റങ്ങൾ കണ്ടു, പള്ളിക്കുളം കാണുന്നില്ല, കുറച്ച് കെട്ടിടങ്ങൾ ഉയർന്നിരിക്കുന്നു. ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികൾ ബസ്സ് തടയുന്നത് കാണുവാൻ ഇതിലെ നടക്കും. അന്നത്തെ അധ്യാപകരെല്ലാം വിരമിച്ചിട്ടുണ്ടാവാം.
പതിനൊന്നാം മൈലിൽ ഇടതുഭാഗത്ത് പെട്രോൾ പമ്പ്, മസ്ജിദ് , പുതിയക്കെട്ടിടങ്ങളും കണ്ടു, ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബസ്സ് നിർത്തി. മുരളി പരിചിത മുഖങ്ങളെ പരതി. ആരേയും മനസ്സിലാവുന്നില്ലലോ. 25 വർഷങ്ങൾ തന്റെ ഓർമ്മകളെ ദ്രവിപ്പിച്ചോ? അയാൾ നിരാശയോടെ പുതിയ കെട്ടിടങ്ങളെ നോക്കിക്കണ്ടു.
ഇവിടെയാണ് തന്റെ തുടർജീവിതം. പുതിയ ജീവിതം നാടിനെ പുൽകിയാവണം, ജീവിതാവസാനം വരെ . അച്ഛന്റെ മരണം നൽകിയ ആഘാതത്തിൽ ഭയന് പറന്നതാണ് അകലങ്ങളിലേക്ക്. പല ഭാഷകൾ , വേഷങ്ങൾ, രൂപങ്ങൾ എല്ലാം അറിഞ്ഞു. വ്യത്യസ്ത ജീവിതങ്ങളുടെ, കാഴ്ച്ചകളുടെ, മൊത്തം PDF മനസ്സിൽ ചുരുട്ടി വച്ചിട്ടുണ്ട്. വായിച്ചു കഴിഞ്ഞാൽ വട്ട പൂജ്യം ആണെന്ന തിരിച്ചറിവ് മാത്രം. അതെ, സ്വന്തമാക്കുവാൻ ഒന്നുമില്ല എന്ന തിരിച്ചറിവ് മാത്രം.
തുടർന്നെങ്കിലും തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കണം. അച്ഛൻ മൺമറഞ്ഞപ്പോൾ അമ്മയും ഏട്ടനും മാത്രമായിരുന്നു വീട്ടിൽ. പലപ്പോഴും പട്ടിണി ആയിരുന്നു. വിശപ്പറിഞ്ഞപ്പോൾ ഏട്ടൻ പഠനം നിർത്തി നാട്ടുവേലയ്ക്കിറങ്ങി. കൂടുകാരന്റെ പ്രലോഭനത്താൽ താൻ ചെന്നൈയിലേക്കും. പ്രമുഖ വ്യക്തികളെ അടുത്തറിയുവാനും അതിലൂടെ സ്വപ്ന ലോകത്ത് പറക്കുവാനും കഴിയുമെന്ന ധാരണയിൽ തങ്ങൾ അലഞ്ഞു. വിവിധ വഴികളിലൂടെ, ഭാഷകളിലൂടെ, വേഷങ്ങളിലൂടെ സഞ്ചരിച്ചു. വഴിയിലെവിടെയോ കൂട്ടുകാരൻ സ്വന്തം പാത കണ്ടെത്തി. പിന്നെ, ഒറ്റയ്ക്ക് തിരക്കുള്ള തെരുവുകളും വിജനമായ കുന്നുകളും താണ്ടി. ഒടുവിൽ ഇവിടെ …..
“പേങ്ങാടെത്തി, ഇറങ്ങുന്നില്ലേ ?” സഹയാത്രികൻ അയാളുടെ ചുമലിൽ തട്ടി.
മുരളി ഇറങ്ങി, ജൻമനാട് നോക്കിക്കണ്ടു. അസൈനാർക്കയുടെ ഇരുനില പീടികകൾ പൊളിച്ച് പണിതിരിക്കുന്നു. ഹസ്സനാജിയുടേയും ഖാദർക്കയുടേയും കെട്ടിടങ്ങൾ അതുപോലെ നിലനിൽക്കുന്നുണ്ട്. രണ്ട് മൂന്ന് പുതിയ കെട്ടിടങ്ങൾ. ഇരു പാർട്ടി ഓഫീസുകൾ രണ്ടും മൂന്നും നിലകളിൽ ഉയർന്നു നിൽക്കുന്നു. രാഷ്ട്രീയവും ഫുട്ബോളും ഇന്നും ആവേശത്തോടെ നിലനിർത്തി പോവുന്നുണ്ടാവാം. കോപ്പുണ്ണിവൈദ്യരുടെ വയൽ നികത്തിയിട്ടുണ്ടല്ലോ. എവിടെയാവാം കളി?. സുരേഷ് മാസ്റ്റർ അവിടെ ഉണ്ടാവുമോ? അദ്ദേഹത്തിന്റെ വീടും പരിസരവും എന്ത് ഭംഗി ആയിരുന്നു. ആ ആൽമരം കാണുന്നുണ്ട്. നിറയെ വവ്വാലുകളും. മാറ്റമൊന്നും വന്നിട്ടില്ല. പിന്നീട് പോവാം. ഒരു ചായ വേണമെന്ന് തോന്നി. എന്നാൽ ഇപ്പോൾ പരിചയപ്പെടലിന്റെ സമയമല്ല. അമ്മയെ കാണണം, വീട്ടിൽ നിന്നു കുടിക്കാമല്ലോ.. അയാൾ പൂച്ചാൽ (ഡെൻമാർക്ക്)റോഡിലൂടെ വീട്ടിലേക്ക് നടന്നു.
റോഡിനിരുവശവും മണ്ണ് നികത്തി വീടുകൾ നിരന്നു കഴിഞ്ഞിട്ടുണ്ട്. ബിച്ചാലി ഹാജിയുടെ വയലുകൾ മാത്രം ഞാറുകൾ നിറഞ്ഞു നിൽക്കുന്നത് അയാളിൽ ആനന്ദം ഉളവാക്കി. ഡെൻമാർക്ക് റോഡ് പൂച്ചാലിലേക്ക് ബന്ധിപ്പിച്ചു കണ്ടു. അന്നുണ്ടായിരുന്നോ? രണ്ടാം വളവ് കഴിഞ്ഞുള്ള നടവഴി അതുപോലെ തന്നെ. കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇവിടെയും കുറച്ച് വീടുകൾ നിറഞ്ഞിട്ടുണ്ട്. നായടിയേട്ടന്റെ വീടെവിടെ ? മുരളി മുന്നോട്ട് നീങ്ങി. തന്റെ വീട് മാത്രം അത് പോലെ നിൽക്കുന്നത് കണ്ടു. ഒരു മാറ്റവും ഇല്ല. അയാൾ നടവഴിയിൽ നിന്നുള്ള പടവുകൾ കയറി. മുറ്റം നിറയെ പുൽപ്പടർപ്പുകൾ. ചുമരുകളിൽ ചിതലരിച്ചു നിൽക്കുന്നു.
പിൻഭാഗം കൂടുതൽ ദയനീയാവസ്ഥയിൽ കണ്ടു. പട്ടിക ദ്രവിച്ച്, ഓടിളകി വീണ്… മുരളി തന്നെ എത്തിനോക്കുന്ന ചില മുഖങ്ങൾ കണ്ടു. മുഹമ്മദ്ക്കയുടെ വീട്ടിൽ മാറ്റാരോ താമസിക്കുന്നുവെന്ന് തോന്നുന്നു. വേലായുധേട്ടന്റെ വീട്ടിലേക്ക് നടന്നു. അദ്ദേഹത്തിന്റെ മകനായിരിക്കാം , ഒരു യുവാവിനെ കണ്ടു. ചോദ്യഭാവത്തിൽ തന്നെ നോക്കുന്നു.
“മോന,ആ വീട്ടിലുള്ളവർ എവിടെ?”
“അവർ മരണപ്പെട്ടിട്ട് വർഷങ്ങളായില്ലേ?” അവൻ അത്ഭുത ഭാവത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു.
മുരളി സ്തബ്ദനായി നിന്നു. തനിക്ക് ചുറ്റും ഇരുൾ പരക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
അയാൾ പതിയെ പടവുകളിറങ്ങി നടവഴിയിലെത്തി. അപരിചിതനെ കണ്ട് അയൽക്കാർ കൂട്ടം കൂടി. അവരിൽ നായടിയേട്ടനെ കണ്ടപ്പോൾ മുരളി അദ്ദേഹത്തിനരികിലേക്ക് ചെന്നു.
“നായട്യേട്ടാ, ഞാൻ മുരളിയാണ്”
“ആ കുട്ടനോ . എവിടെ ആയിരുന്നു ?”
“മുംബൈയിൽ ….
“അമ്മയും ഏട്ടനും …?”
സന്തോഷം നിറഞ്ഞ മുഖം മങ്ങുന്നത് കണ്ടു.
“രാജന് അപസ്മാരമായിരുന്നല്ലോ. ചേലഞ്ചിറയിൽ കുളിക്കുമ്പോൾ ഇളകി. ആരും ഉണ്ടായിരുന്നില്ല…” “അമ്മ”
“അവൻ പോയതറിഞ്ഞ് അമ്മ മാനസികമായി തകർന്നു. പിന്നെ ഭക്ഷണമൊന്നും കഴിക്കാതെയായി. ഒരു ദിവസം മുറ്റത്ത് കിടക്കുന്നത് ആരോ കണ്ടതാണ്…”
മുരളിയുടെ കണ്ണുകൾ നിറഞ്ഞു. അച്ഛൻ മരിച്ച വേദന മാറുന്നതിന് മുമ്പ് താൻ നാട് വിട്ടു. പിന്നെ ഏട്ടൻ മാത്രം. അവനും പോയതോടു കൂടി അമ്മ തീർത്തും ഒറ്റപ്പെട്ടിട്ടുണ്ടാവാം. താൻ കാരണം കുടുംബം തകർന്നു. അയാൾക്ക് കരയണമെന്ന് തോന്നി. ഒറ്റയ്ക്കൊരിടം ലഭിച്ചിരുന്നെങ്കിൽ !
മുരളി വീട്ടിലേക്ക് കയറി. ഇല്ല, അമ്മയുടെ ഗന്ധമുള്ള ഈ ഇടം വിട്ട് എങ്ങോട്ടും പോകുവാൻ തനിക്കാവില്ല. കുറ്റബോധം നിറഞ്ഞ മനസ്സുമായി അയാൾ കോലായിലേക്കിരുന്നു.