പത്മരാജന്‍റെ സിനിമാക്കണ്ണ്

കഥ ദ്വൈവാരികയിൽ  89 ല്‍ ആണ് ‘മാര്‍വാഡി ജയിക്കുന്നു’ എന്ന എന്‍റെ കഥ വരുന്നത്. ആ കഥയുടെ ചലച്ചിത്ര സാധ്യതകളെക്കുറിച്ചൊന്നും അന്നറിയില്ലായിരുന്നു. തീര്‍ത്തും പുതുമയാര്‍ന്ന ഒരു കഥ, അന്നാള്‍ വരെ മലയാള സിനിമ കാണാത്ത ഒരന്തരീക്ഷം എന്നൊക്കെയുള്ള നിലക്കാണ് അത് പത്മരാജന് അയച്ചു കൊടുക്കുന്നത്. പത്മരാജന്‍റെ സിനിമകള്‍ ഒന്നിനൊന്ന് വ്യത്യസ്ത അനുഭവങ്ങളായതിനാല്‍ അദ്ദേഹത്തിനത് ഇഷ്ടപ്പെടുമെന്നും ഭാഗ്യമുണ്ടെങ്കില്‍ സിനിമയാവുമെന്നും തോന്നി.

കഥ നടക്കുന്നത് ബോംബേയില്‍. വിജയ്കുമാര്‍ കിമാനി എന്ന കൂര്‍മ്മബുദ്ധിയും അതിസാമര്‍ത്ഥ്യക്കാരനുമായ മാര്‍വാഡിയും കീര്‍ത്തിഭായ് എന്ന നേര്‍ഗതിക്കാരനും അത്യദ്ധ്വാനിയുമായ ഒരു ഗുജറാത്തിയും തമ്മിലുള്ള മത്സരമാണ് കഥ. ഇന്നാലോചിക്കുമ്പോള്‍ ആ കഥയില്‍ എന്താണ് പുതുമ എന്നു തോന്നിപ്പോവുന്നു. ലോകത്തെവിടേയും നടക്കാവുന്ന ഒരു കഥ. പക്ഷെ കഥ നടക്കുന്ന അന്തരീക്ഷവും കഥാസന്ദര്‍ഭങ്ങളും ഇപ്പോഴും പുതുമ ചോരാതെ നില്‍ക്കുന്നു. 

ഗുജറാത്തിലെ തെരുവോരത്തു നിന്നും ബോംബേയിലെ വിപുലമായ ടെക്സ്റ്റൈല്‍ ലോകത്തിലേക്ക് കീര്‍ത്തിഭായിയെ കൈ പിടിച്ചുയര്‍ത്തിയവനാണ് കിമാനി എന്ന മാര്‍വാഡി. പാരഗണ്‍ എന്നൊരു പരസ്യക്കമ്പനിയുടേയും അവര്‍ രംഗത്തു പരിചയപ്പെടുത്തിയ സുശീല പട്വര്‍ദ്ധന്‍ എന്ന അതിസുന്ദരിയായ ഒരു മോഡലിന്‍റേയും ബലത്തിലാണ് കീര്‍ത്തിഭായിയുടെ വ്യാപാര ശൃംഖല വികസിക്കുന്നതും അയാള്‍ വലിയ സാമ്രാജ്യങ്ങള്‍ക്ക് അധിപതിയാവുന്നതും. ഒരു ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്ന, തനിക്ക് കൈ തന്ന് സഹായിച്ച മാര്‍വാഡിയെ അയാള്‍ കടത്തി വെട്ടുന്നു, തന്‍റെ അധ്വാനവും ദീര്‍ഘദര്‍ശനവും ഒന്നുകൊണ്ടു മാത്രം. അതേ സമയം ബിസിനസ്സില്‍ ഒരു പുരോഗതിയുമുണ്ടാക്കാന്‍ കഴിയാതെ മാര്‍വാഡി പിന്നോക്കം പോവുകയും ചെയ്യുന്നു. ഈ തകര്‍ച്ച അയാളുടെ വ്യക്തിജീവിതത്തേയും കുടുംബജീവിതത്തേയും സാരമായി ബാധിച്ചു. വീട്ടില്‍ എപ്പോഴും വഴക്ക്, കുറ്റപ്പെടുത്തല്‍, സാമ്പത്തിക ഞെരുക്കം, ഉറക്കമില്ലായ്മ എന്നിങ്ങനെ മാര്‍വാഡി ഉഴറി. അയാള്‍ക്ക് ദിശ തെറ്റി. സൂക്ഷ്മ നിരീക്ഷണത്തില്‍ കീര്‍ത്തിഭായിയുടെ വളര്‍ച്ചക്കും വിജയത്തിനും കാരണം പാരഗണ്‍ എന്ന പരസ്യക്കമ്പനിയും അവര്‍ അവതരിപ്പിച്ച സുശീല പട്വര്‍ദ്ധന്‍ എന്ന മോഡലുമാണെന്ന് അയാള്‍ക്ക് ബോധമുണ്ടായി. സുശീലയെ തന്‍റെ സ്ഥാപനത്തിന്‍റെ പരസ്യത്തിന് മോഡലാക്കിയാല്‍ തന്‍റെ വ്യാപാരം പച്ച പിടിക്കുമെന്ന കണക്കുകൂട്ടലിൽ കിമാനി ആ വഴിക്ക് നീക്കം തുടങ്ങി. അത് വിജയിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അറ്റ കൈക്ക് അയാള്‍ തന്‍റെ മാര്‍വാഡി ബുദ്ധി പ്രയോഗിച്ചു. പാരഗണ്‍ എന്ന പരസ്യക്കമ്പനിയെത്തന്നെ വലിയ വില കൊടുത്ത് സ്വന്തമാക്കി. അതിന് കൊളാബയിലെ കിടപ്പാടം പോലും വില്‍ക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. അങ്ങനെ പൂജ്യത്തില്‍ നിന്ന് അയാള്‍ വീണ്ടും ആരംഭിക്കുകയാണ്.

“കഥ എനിക്കിഷ്ടപ്പെട്ടു”, എന്നെ ഞെട്ടിച്ചു കൊണ്ട് മടക്കത്തപാലില്‍ പത്മരാജന്‍റെ മറുപടി വന്നു. “പക്ഷേ ചലച്ചിത്രമാക്കുമ്പോള്‍ കൂടുതല്‍ കഥാസന്ദര്‍ഭങ്ങളും കൂടുതല്‍ വിവരങ്ങളും വേണ്ടി വരും. അതു ശേഖരിക്കൂ. എന്നിട്ട് സിനിമക്കു പറ്റിയ രീതിയില്‍ ഒരു കഥയുണ്ടാക്കൂ. സാധിക്കുമെങ്കില്‍ രംഗങ്ങളായിത്തന്നെ എഴുതൂ. എന്നിട്ട് എന്നെ ബന്ധപ്പെടൂ.”

ഈ കത്തു കിട്ടിയതോടെ ഞാന്‍ ശരിക്കും പുലിവാല് പിടിച്ചു. സിനിമയ്ക്കു പറ്റിയ രീതിയില്‍ കഥയെ എങ്ങനെ മാറ്റിയെഴുതണം, രംഗങ്ങളാക്കി തിരിക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഈ സാഹസത്തിനൊന്നും മുതിരേണ്ടിയിരുന്നില്ലെന്ന് എന്നിലെ തിരയെഴുത്തനുഭവ ദാരിദ്ര്യം എന്നെ നോക്കി പല്ലിളിച്ചു. നനഞ്ഞു, ഇനി കുളിച്ചു കയറുകയേ നിവൃത്തിയുള്ളു എന്ന എണ്ണത്തില്‍ ഗുരുക്കന്മാരായ മുണ്ടൂര്‍ ജ്യേഷ്ഠന്മാരെ സമീപിച്ചു. അപ്രകാരം സിനിമാ സ്റ്റൈലില്‍ തന്നെ മലമ്പുഴ ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തു. സിനിമയ്ക്കെഴുതി പരിചയമില്ലെങ്കിലും അവരുടെ ദീര്‍ഘകാലത്തെ എഴുത്തനുഭവങ്ങളുടെ കരുത്തില്‍ കഥയെ സിനിമയുടെ വാര്‍പ്പിലേക്ക് ഉരുക്കിയൊഴിച്ചു. മൊത്തം അറുപതു രംഗങ്ങളാക്കി തിരിക്കുകയും ചെയ്തു. 

ഈ പുരോഗതി അറിയിച്ചപ്പോള്‍ നേരില്‍ വന്നു കാണാന്‍ പത്മരാജന്‍ ഡേറ്റ് തന്നു. അപ്രകാരം ജഗതിയില്‍ ഐശ്വര്യ അപാര്‍ട്മെന്‍റിലെ ഫ്ളാറ്റില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. താമസം പൂജപ്പുരയാണെങ്കിലും അദ്ദേഹം എഴുതാന്‍ വരുന്നത് ജഗതിയിലെ ഈ ഫ്ളാറ്റിലേക്കാണെന്ന് ഞാന്‍ മനസ്സിലാക്കി. ആദ്യം ഒരു പരിഭ്രമമുണ്ടായി. എന്തൊക്കെയായാലും സിനിമാ ക്കാരനല്ലേ, കുറച്ചെങ്കിലും ജാഡ കാണാതിരിക്കുമോ? എന്നാല്‍ എന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് പത്മരാജന്‍ സ്നേഹത്തോടെ സംസാരിക്കുകയും ഒരു ലളിത സ്വഭാവക്കാരനാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെയുള്ളില്‍ അടിസ്ഥാനപരമായി ഒരെഴുത്തുകാരനാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്ക് തോന്നി.

രംഗങ്ങള്‍ ഓരോന്നായി വായിച്ചു കേള്‍പ്പിക്കുമ്പോള്‍ അദ്ദേഹം വലിക്കുന്ന 555 സിഗരറ്റുകള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒരു മണിക്കൂറിനിടെ ഒരു പത്തെണ്ണമെങ്കിലും വലിച്ചിട്ടുണ്ടാവണം. വായന കഴിഞ്ഞതും അദ്ദേഹം ഒരു 555 എനിക്ക് ഓഫര്‍ ചെയ്തു. ഇത്രയും വലിയ ഒരു സംവിധായകന്‍റെ മുന്‍പിലിരുന്ന് പുകയൂതി വിടുന്നത് ശരിയാണോ എന്ന് എന്നിലെ അപരിഷ്കൃത മനസ്സ് സങ്കോചപ്പെട്ടു.

“വലിക്കാറില്ലേ ?”, പത്മരാജന്‍ പ്രോത്സാഹിപ്പിച്ചു.

“ഉവ്വ്…”

തുറന്ന പാക്കറ്റ് നീട്ടി. അന്നാണ് ജീവിതത്തിലാദ്യമായി ഞാനൊരു 555 വലിക്കുന്നത്.

“ബോംബേ ജീവിതം എനിക്ക് വലിയ പിടിയില്ല,” പത്മരാജന്‍ പറഞ്ഞു. “അതിനാല്‍ നമുക്കീ തീമിനെ കേരളത്തിലേക്ക് ഒന്നു മാറ്റി നടാം. കണ്ണിങ്ങായ മാര്‍വാഡിയെ കോട്ടയത്തെ അച്ചായനാക്കാം. സ്ട്രേറ്റ്ഫോര്‍വേഡായ ഗുജറാത്തിയെ മലബാറുകാരനാക്കാം. അപ്പോള്‍ രണ്ടു ദേശത്തിന്‍റെ ലാന്‍ഗ്വേജും കള്‍ച്ചറും കൊണ്ടുവരാന്‍ കഴിയും.”

പത്മരാജനിലെ സിനിമാക്കണ്ണ് തുറന്ന് വെളിച്ചം മിന്നിക്കുന്നത് ഞാന്‍ കണ്ടു. അടിസ്ഥാനപരമായി എഴുത്തുകാരനാണെങ്കിലും അദ്ദേഹത്തിന്‍റെയുള്ളില്‍ ദൃശ്യസാധ്യതകള്‍ തിരയുന്ന ഒരു മനസ്സ് ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് ഭയമായിത്തുടങ്ങി. സംഗതി സീരിയസ്സാവുകയാണല്ലോ എന്ന ഭയം. വെള്ളിത്തിരയില്‍ എന്‍റെ പേര് തെളിയുമ്പോഴുള്ള മാനസികാവസ്ഥ ഞാന്‍ കല്പനയില്‍ കാണാന്‍ തുടങ്ങി.

“സിനിമയില്‍ എപ്പോഴും ഡ്രാമാറ്റിക് മൊമന്‍റ്സ് ഉണ്ടാവണം,” പത്മരാജന്‍ തുടര്‍ന്നു പറഞ്ഞു. “അതിന് ഇപ്പോള്‍ എഴുതിക്കൊണ്ടു വന്നത്രയും പോരാ. ഒരു നോവലുണ്ട്. അതൊന്നു വായിക്കൂ. ചിലപ്പോള്‍ ഹെല്‍പ്ഫുള്‍ ആയേക്കും.”

അതേതു നോവലാണെന്ന് അദ്ദേഹം ഓര്‍മ്മയില്‍ തിരഞ്ഞു. പിടി കിട്ടാതെ മകന്‍ അനന്ത പത്മനാഭനെ ഫോണില്‍ വിളിച്ചു. അനന്തന്‍ ആ നോവലിന്‍റെ പേര് പെട്ടെന്ന് ഓര്‍ത്തെടുത്തു.

Cain And Abel /  Jeffrey Archer 

“അവന്‍ ഭയങ്കര വായനയാ. എന്നെപ്പോലൊന്നുമല്ല.” 

ഗന്ധര്‍വ്വനെ നേരില്‍ കണ്ട ആഹ്ലാദത്തില്‍ ഞാന്‍ നാട്ടിലേക്ക് മടങ്ങി. ആര്‍ച്ചറെ വാങ്ങി വായന തുടങ്ങി. പുതിയ കഥാസന്ദര്‍ഭങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു. മണര്‍കാട്ടെ ഒരു സുഹൃത്തില്‍ നിന്നും കോട്ടയത്തെ ശീലങ്ങളും അവരുടെ സ്ലാങ്ങും മനസ്സിലാക്കി. തലശ്ശേരിക്കാരന്‍ ചങ്ങാതി അവരുടെ ദേശസംസ്കാരങ്ങള്‍ പറഞ്ഞു തന്ന് സഹായിച്ചു. സംഭാഷണ മെഴുതുന്നത് എന്തായാലും പത്മരാജനായിരിക്കുമെന്നതിനാല്‍ ആ സമയത്ത് വേണമെങ്കില്‍ ഈ കൂട്ടുകാരുടെ സഹായം തേടാം എന്നു തീരുമാനിച്ചു.

പുതുക്കിയെഴുതിയ കഥയെ രംഗങ്ങളാക്കി തിരിക്കാം എന്ന ഘട്ടമെത്തിയപ്പോള്‍ ആയിടെ റിലീസായ തമ്പി കണ്ണന്താനത്തിന്‍റെ ‘ഇന്ദ്രജാലം’ എന്ന മോഹന്‍ലാല്‍ സിനിമ കണ്ട് ഞാന്‍ ശരിക്കുമൊന്ന് ഞെട്ടി. ആ സിനിമയിലെ ചില അടരുകള്‍ക്ക് മാറ്റിയെഴുതിയ എന്‍റെ കഥയുമായി ചില സമാനതകളുണ്ടായിരുന്നു. മാറ്റിയെഴുതിയ കഥ കേരളത്തിലാണ് നടക്കുന്നതെങ്കിലും അതിന്‍റെ ഫ്ളാഷ്ബാക് പോര്‍ഷന്‍ ബോംബേയിലാണ്. ഇന്ദ്രജാലത്തിലും ബോംബേയുണ്ട്. ഇനി നമ്മുടെ സിനിമ വന്നാല്‍ത്തന്നെ അത് കണ്ണന്താനപ്പടത്തിന്‍റെ സ്വാധീനമുള്‍ക്കൊണ്ട് ചെയ്തതാണെന്നേ ആളുകള്‍ പറയൂ. അങ്ങനെയൊരു സിനിമ ചെയ്യാന്‍ ഇനി പത്മരാജന്‍ തയ്യാറാവുമോ ?

എന്‍റെ ഉന്മേഷം നശിച്ചു. പത്മരാജനെ ഇതെങ്ങനെയറിയിക്കുമെന്നോര്‍ത്ത് ഞാന്‍ വിഷമത്തിലായി. ഇല്ല, പത്മരാജന്‍ ഇനിയൊരിക്കലും ഇതു ചെയ്യില്ലെന്ന് എനിക്കുറപ്പായി. വെള്ളിത്തിരയില്‍ എന്‍റെ പേര് തെളിയാന്‍ സമയമായിട്ടില്ലെന്ന് ഞാന്‍ സമാധാനിച്ചു.

മാസങ്ങള്‍ കഴിഞ്ഞു. ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് കോഴിക്കോട് പോകേണ്ടി വന്നപ്പോള്‍ ഹോട്ടല്‍ അളകാപുരിയില്‍ വെച്ച് അവിചാരിതമായി പത്മരാജനെ കണ്ടു. കൂടെ കുടുംബവുമുണ്ട്. ഒരു നിമിഷം അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെന്നു തോന്നുന്നു. മുഖത്ത് ഓര്‍ത്തെടുക്കലിന്‍റെ ഒരു ഭാവം. പെട്ടെന്നത് മാറി. എന്നെ തിരിഞ്ഞതും കൈകള്‍ കോര്‍ത്തു പിടിച്ചു. കണ്ണന്താനത്തിന്‍റെ സിനിമയിലെ ചില നൂലിഴകള്‍ക്ക് നമ്മുടെ കഥയുമായുള്ള സാദൃശ്യം പറഞ്ഞപ്പോള്‍ വളരെ ശ്രദ്ധാപൂര്‍വ്വം അദ്ദേഹമത് ചെവിക്കൊണ്ടു.

“എങ്കില്‍ നമുക്കത് വിടാം,” പത്മരാജന്‍ നിരുത്സാഹപ്പെടുത്തിയില്ല. “വേറെ കഥയുണ്ടെങ്കില്‍ ആലോചിക്കാം.” 

വേറെ കഥകളൊന്നും ഞാന്‍ പിന്നെ ആലോചിച്ചില്ല. പത്മരാജന്‍റെ സംവിധാനത്തില്‍ എന്‍റെ കഥ സിനിമയായിരുന്നെങ്കില്‍ എന്‍റെ തലവര തന്നെ വേറൊന്നാവുമായിരുന്നു. സിനിമ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ രംഗമാണെന്നൊക്കെ പൊതുവെ പറഞ്ഞു കേള്‍ക്കാറുള്ളത് എത്ര സത്യം ?

മാസങ്ങള്‍ കഴിഞ്ഞു. പത്മരാജന്‍റെ മരണവാര്‍ത്തയാണ് പിന്നെ കേള്‍ക്കുന്നത്. 

ഓറഞ്ചു തൊലിയുടെ മണം, സമയ സംവിധാനം, സ്നേഹം ഒരു ഗണിതവീക്ഷണം, എന്റെ കാറിന്റെ വില, തിരഞ്ഞെടുത്ത കഥകൾ (ചെറുകഥാ സമാഹാരങ്ങൾ), 50 ചെറിയ കഥകൾ (കുഞ്ഞിക്കഥകളുടെ സമാഹാരം), ഫാർമ മാർക്കറ്റ്, ഇലചക്രം (നോവൽ), കൊട്ടുക്കൂട്ടം (നോവലെറ്റുകളുടെ സമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ. മുണ്ടൂർ കൃഷ്‌ണൻ കുട്ടി സ്മാരക അവാർഡ്, സൃഷ്ടി നോവൽ അവാർഡ് തുടണ്ടി നിരവധി പുരസ്കാരങ്ങൾ. പാലക്കാടു സ്വദേശി.