വലിയ തറവാടുവീടോ നാലുകെട്ടോ അല്ലെങ്കിലും പഴമയുടെ സൗന്ദര്യമാവോളമുണ്ടായിരുന്നു അവരുടെ വീടിന്. ഓടിട്ട മേൽക്കൂരയും കാവിയിട്ട നിലങ്ങളും. ഉമ്മറത്ത് തണലു തരുന്ന മരങ്ങളും. ആകെമൊത്തം ശാന്തത. നടുവിലെത്തെ വലിയ മുറിയിൽ നിന്നും മുകളിലേക്കുള്ള മരപ്പടികൾ കയറിയാൽ ആദ്യം കാണുന്ന മുറിയാണ് അവരുടേത്.
അതായത് അധികമാരാലും വായിക്കപ്പെടാത്ത, അറിയപ്പെടാത്ത പത്മയെന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടേത്. എന്നോ എപ്പോഴോ വായിച്ചു തുടങ്ങിയതാണ് അവരുടെ ബ്ലോഗെഴുത്തുകൾ, ഓരോ കഥയും കഥാപാത്രങ്ങളും ഹൃദയം കുത്തിതുറന്ന് അകത്തുകയറി കുടിയിരിക്കാൻ തുടങ്ങിയപ്പോഴാണ് എഴുത്തുകാരിയെ നേരിട്ടൊന്ന് കാണാനും സംസാരിക്കാനും ആഗ്രഹം തോന്നി തുടങ്ങിയത്.
വ്യക്തിപരമായി സന്ദേശങ്ങൾ അയച്ചിട്ടും യാതൊരു മറുപടിയും കിട്ടിതായപ്പോൾ ചെറിയൊരു വിവരം വെച്ച് ഏതാണ്ട് രണ്ടു മൂന്നുമാസത്തോളം നടത്തിയ റിസർച്ച്ന്റെ ഫലമായിട്ടാണ് ഇവിടെ അവരോടൊപ്പം അവരുടെ എഴുത്തുമുറിയിലിരിക്കുന്നത്. അത്യാവശ്യം പ്രായം ചെന്ന ഒരു സ്ത്രീയെയാണ് പ്രതീക്ഷിച്ചതെങ്കിലും മുപ്പതുകളുടെ അവസാനത്തിലോ നാല്പതുകളുടെ തുടക്കത്തിലോ ആയിരിക്കണം അവരുടെ വയസ്സിരിക്കുന്നത്. ഇരുനിറവും കുഞ്ഞി കണ്ണുകളും നരവീണു തുടങ്ങാത്ത ചുരുണ്ടമുടിയിഴകളുമുള്ള അവർക്ക് അമ്മ മാത്രമേ ഉള്ളൂവത്രെ! ഒത്തിരി സന്തോഷത്തോടെയാണ് അവരെന്നെ വരവേറ്റത്. ഒരു പക്ഷേ ഈ വരവ് അവരെ അത്ഭുതപെടുത്തി കാണണം. മറുപടി കിട്ടാത്ത സന്ദേശങ്ങളെ ചൊല്ലി ഞാനവരോട് കൊറുവിച്ചപ്പോൾ വാത്സല്യത്തോടെ തലയിൽ തലോടി. മണിക്കൂറുകൾ കൊണ്ട് ഞങ്ങൾ ഒത്തിരി അടുത്തു. മേഡം എത്രപെട്ടന്നാണ് അമ്മയായത്… !
“അമ്മ എങ്ങനെയാണ് എഴുത്തിലേക്ക് വന്നത്? ഓരോ എഴുത്തുകളും തരുന്നത് ഓരോ മുറിവുകളാണ് നിസ്സഹായതയുടെ, വേർപാടുകളുടെ, കാത്തിരിക്കുന്നവരുടെ, വിരഹത്തിലകപ്പെടുന്നവരുടെ, കനലുപേറുന്ന സ്ത്രീകളുടെയൊക്കെ കഥകൾ.. അനുഭവങ്ങളെയോ കാഴ്ചകളെയോ ആധാരമാക്കിയാണോ അവയൊക്കെ എഴുതപ്പെട്ടത്?”
“എഴുത്തിന് വേണ്ടിയാണോ ഒറ്റക്കൊരു ജീവിതം തിരഞ്ഞെടുത്തത്?”
“യഥാർത്ഥ പേര് ചാരുലത എന്ന് ആണല്ലോ, അപ്പോൾ പത്മയെന്ന തൂലികനാമം സ്വീകരിക്കാൻ കാരണം?”
ആദ്യമേ ഉള്ളിലുണ്ടായിരുന്നതും നേരിൽ കണ്ടപ്പോൾ തോന്നിയതുമായ ചോദ്യങ്ങളെ കൗതുകം കൊണ്ട് ഞാനവർക്കു നേരെയെറിഞ്ഞു. അവർ ചിരിച്ചു. ഒന്നും പറയാതെ, മുറിയിൽ പുസ്തകങ്ങൾ അടുക്കിവെച്ചിരുന്ന ഷെൽഫിലേക്ക് നോക്കിയിരുന്നതിനു ശേഷം എഴുത്തുമേശയിൽ നിന്നും ഒരു നോട്ടുബുക്കെടുത്തു കൈയിൽ തന്നു.
“ഇതിലെന്റെ ആദ്യ കഥയുണ്ട്… കൊള്ളാവോന്ന് അറിയില്ല്യ. ആരും വായിച്ചിട്ടില്ലാത്ത, എങ്ങും പ്രസിദ്ധികരിച്ചിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട കഥ ..!”
കുട്ടി വായിച്ചോളൂ… ഇപ്പോ വരാന്നും പറഞ്ഞ് അവർ പടികളിറങ്ങി. മങ്ങി തുടങ്ങിയ പേജുകൾ, പരന്നു തുടങ്ങിയ അക്ഷരങ്ങൾ. സന്തോഷത്തോടെ അതിലുപരി ആകാംഷയോടെ ഞാൻ വായിച്ചു തുടങ്ങി.
ഒരു വേനൽമഴ പെയ്യുമ്പോഴാണ് അവർ ആദ്യമായി കണ്ടുമൂട്ടിയത്. പുതുമണ്ണിന്റെ ഗന്ധമുയർന്നു തുടങ്ങിയപ്പോൾ അയാൾ അടുക്കി വെച്ചിരുന്ന പുസ്തകങ്ങളിൽ വിരലോടിക്കുകയായിരുന്നു. അവളോ, നീല സാരിക്കുള്ളിൽ വീർപ്പുമുട്ടിക്കൊണ്ട് പച്ച ഷർട്ടും വെള്ള ലൂസ് പാന്റും ധരിച്ച അയാളെയും ചുമലിൽ തൂക്കിയ അത്യാവശ്യം വലിയ ബാഗിലേക്കും അത്ഭുതത്തോടെ നോക്കുകയായിരുന്നു.
ഓർമ ശരിയാണെങ്കിൽ അതവളുടെ അഞ്ചാമത്തെയോ ആറാമത്തെയോ പെണ്ണുകാണലായിരുന്നു. മുൻപുണ്ടായിരുന്ന അനുഭവങ്ങളിൽ വെച്ച് ഇത് വ്യത്യസ്തമായിരുന്നു. കാരണം അയാൾ ഒരിക്കൽ പോലും അവളെ നോക്കിയതെയില്ല. കൂടെ വന്ന അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയെ കണ്ടാൽ മാത്രമേ അതൊരു പെണ്ണുകാണാൽ ചടങ്ങാണെന്ന പ്രതീതിയെങ്കിലുമുള്ളൂ. സംസാരിക്കാൻ വന്നപ്പോഴോ, മുറിയിൽ അടുക്കി വെച്ച പുസ്തകങ്ങൾ കണ്ട് അവിടേക്ക് തിരിഞ്ഞു.അവയിൽ വിരലോടിക്കുന്നു, പേജുകൾ മറിക്കുന്നു, ഗന്ധമാസ്വദിക്കുന്നു. കൂടെ ഒരാളുണ്ടെന്ന ചിന്ത പോലുമില്ല. പുസ്തകമേള കണ്ട ലാഘവത്തോടെ നിൽക്കുന്ന അയാൾ ഒന്നും മിണ്ടാതിരിക്കെ സ്വയം സംസാരിച്ചു തുടങ്ങാൻ അവൾ തീരുമാനിക്കുകയായിരുന്നു. പക്ഷേ അടുത്ത നിമിഷം ഒരു പുസ്തകം പിടിച്ചു കൊണ്ട് അവൻ അവൾക്കുനേരെ വന്നു.
“ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ?” വളരെയധികം ശാന്തമായി “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ” എന്ന പുസ്തകം പിടിച്ചു കൊണ്ടാണ് അയാളത് ചോദിച്ചത്.
കണക്കിൽ ബിരുദമെടുക്കാൻ നടക്കുന്നവൾക്ക് പുസ്തകങ്ങളോട് അത്ര താല്പര്യം തോന്നിയിട്ടേയില്ല അതുകൊണ്ട് ആ രണ്ടു പുസ്തകങ്ങളെ പറ്റിയും അവൾക്ക് ധാരണയില്ലായിരുന്നു.
“കേട്ടിട്ടുണ്ട് വായിച്ചിട്ടില്ല്യ “.
സ്വതസിദ്ധമായ ചിരിയോടെ അവൾ പറഞ്ഞു. പിന്നെ അവനൊന്നും ചോദിക്കാൻ നിന്നില്ല. പുസ്തകം യഥാസ്ഥാനത്തു വെച്ച് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണമെന്നും പറഞ്ഞു പോയി. അവൾക്ക് ചിരി വന്നു.
“ന്റെ ദേവീ ഇതെന്തു കഥ! ” ഒറ്റ നോട്ടത്തിൽ തന്നെ ചെറുക്കനെ ഇഷ്ടപ്പെടാത്ത വീട്ടുക്കാരോട് ഇതു കൂടി പറഞ്ഞപ്പോൾ മേലാൽ ഇതുമാതിരി കിറുക്കന്മാരെ കൊണ്ടു വന്നേക്കരുതെന്ന് ബ്രോക്കറ് അമ്മാവനെ ചട്ടം കെട്ടി വിട്ടു.
ദിവസങ്ങൾക്ക് ശേഷം അങ്ങേര് വീണ്ടും തിരിച്ചു വന്നു. നാട്ടുവർത്തമാനങ്ങൾക്കിടയിൽ വിഷയം ആ കിറുക്കനിലേക്ക് മാറിയപ്പോൾ ഉമ്മറവാതിലിനപ്പുറം നിന്നുകൊണ്ട് അവൾ കാതോർത്തു . ‘മാധവൻ’ പേരു വീണു കിട്ടി. ഊരുതെണ്ടിയാണത്രേ! തോന്ന്യാസിയും. അയാളുടെ അമ്മ പറഞ്ഞതുമാത്രം കേട്ട് ആലോചന കൊണ്ടു വന്നതിൽ ബ്രോക്കറമ്മാവൻ സ്വയം പഴിച്ചു. പിന്നെയും ഒരുപാട് പേരുടെ വീട്ടുകാര്യവും സ്വഭാവശുദ്ധിയും വെളിപ്പെടുത്തി അമ്മാവൻ യാത്രപറഞ്ഞിട്ടും അവൾ അയാളെയോർത്തു. മാധവനെ! സഞ്ചാരിയായിരിക്കാം പക്ഷേ തോന്ന്യാസിയായിരിക്കില്ല. അല്ലെങ്കിൽ ആർക്കറിയാം മനുഷ്യനെ, വായിച്ചെടുക്കാൻ പറ്റില്ലലോ!
എങ്ങനെയായാലും ഭാവിയിൽ എപ്പോഴെങ്കിലും ഓർത്തു ചിരിക്കാൻ, തന്റെ സാഹിത്യബോധത്തിനൊരു കൊട്ടുകൊട്ടിയ, വിചിത്രമായൊരു അനുഭവം സമ്മാനിച്ച മാധവനെ മറവിബാധിക്കാതൊരിടത്തേക്ക് മാറ്റിവെക്കണമെന്നവൾക്ക് തോന്നി.
പിന്നെയും ചായകുടിക്കാൻ ആരൊക്കെയോ വന്നു പോയി. അപ്പോഴൊക്കെയും അവൾ മാധവനെയോർത്തു, വെറുതെ!
കോളേജ് ലൈബ്രറിയിൽ നിന്നും “ഖസാക്കിന്റെ ഇതിഹാസം” കണ്ടുപിടിച്ചെടുത്തപ്പോൾ ‘ഒര് അന്തോം കുന്തോം ഇല്ല്യാത്ത ഭാഷയും ഒട്ടും അച്ചടക്കം ഇല്ല്യാത്തൊരു നടനും, വായിക്കാണ്ടിരിക്കുന്നതാ നല്ലതെന്ന്’ പറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വാക്കുകൾ കേട്ട് പുസ്തകം അവിടെ തന്നെ വെച്ചതിൽ കുറ്റബോധം തോന്നിയത് മാധവനെ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ്. തിരക്കില്ലാത്ത കെ. എസ്.ആർ.ടി.സി യിലെ സ്ഥിരം യാത്രകളിൽ ഏതോ ഒന്നിൽ വിരോധമില്ലെങ്കിൽ കൂടെയിരുന്നോട്ടെയൊന്നും ചോദിച്ചു കൊണ്ടാണ് അയാൾ വീണ്ടും അവളിലേക്ക് എത്തുന്നത്. അത് അങ്ങനെയാണല്ലോ.. കണ്ടുമുട്ടേണ്ടവരാണെങ്കിൽ എങ്ങനെയെങ്കിലും എവിടെവെച്ചെങ്കിലും നിയോഗം പോലെ യാതൃശ്ചികമായി കൂട്ടിമുട്ടുക തന്നെ ചെയ്യും!
കൂടെയിരിക്കാൻ സമ്മതമറിയിച്ചു കൊണ്ട് കണ്ണുകളെ പുറംകാഴ്ചകളിലേക്ക് പറഞ്ഞുവിടുമ്പോഴും മനകണ്ണ് അയാളെ ചുറ്റിതിരിഞ്ഞു. ഇതാ ഖസാക്കിന്റെ ഇതിഹാസം തന്നെയല്ലെയെന്ന് വീണ്ടും വീണ്ടും ആലോചിച്ചു . വേതാളം പോലെ കൊണ്ടുനടക്കുന്ന ബാഗ് അതെയെന്നുറപ്പ് നൽകി. ചക്രങ്ങൾ ഉരുണ്ടു, കടന്നു പോകുന്നു ഒരുപാട് മരങ്ങൾ, ഒരുപാട് വഴികൾ, ഒരുപാട് മനുഷ്യർ! എന്തു കൊണ്ടോ അവൾക്കയാളോട് സംസാരിക്കാൻ തോന്നി. അതികഠിനമായൊരാഗ്രഹത്തിനു പുറത്ത് സംസാരിച്ചു തുടങ്ങി. പണ്ടെ വായാടിയായതു കൊണ്ട് മിണ്ടി തുടങ്ങാൻ അവൾക്കൊട്ടും പ്രയാസം തോന്നിയില്ല പക്ഷേ അയാൾക്ക് അവളെ ഓർമ്മപോലുമുണ്ടായിരുന്നില്ല. അല്ലെങ്കിലും ഓർമിച്ചു വെക്കാൻ വേണ്ടി അയാളവളെ ശ്രദ്ധിച്ചിട്ടുകൂടിയില്ലല്ലോ.
അവൾ സംഭവം വിവരിച്ചു, അയാൾ ഓർത്തെടുത്തു. പെണ്ണുകാണൽ ആദ്യത്തെ സംഭവമല്ലാത്തതു കൊണ്ട് ഇവിടെയും ഖസാക്കിന്റെ ഇതിഹാസമാണ് ഓർമയുടെ അടയാളമായത്. മനുഷ്യരുടെ മുഖങ്ങൾ അങ്ങനെ ഓർത്തുവെക്കാറില്ലത്രേ!
” ഇത് കൂടെപിറപ്പാണോ?” ചേർത്തുപിടിച്ചിരിക്കുന്ന ബാഗ് നോക്കി അവൾ കളിയായ് ചോദിച്ചു. അയാൾ ചിരിച്ചു.
“വേണ്ടതും വേണ്ടപ്പെട്ടതും കൂടെ കൊണ്ടു നടക്കാൻ ഇഷ്ടം”
“ഇങ്ങളൊരു സഞ്ചാരിയാണല്ലേ… എവിടൊക്കെ പോയിട്ടുണ്ട്!?”
“ആരു പറഞ്ഞു?” മാധവൻ പുരികമുയർത്തി.
“ബ്രോക്കറ് അമ്മാവൻ… മൂപ്പര് പറയാ ഇങ്ങളൊരു ഊരുതെണ്ടിയാണ്, തോന്നിയാസിയാണ്, ഇങ്ങടെ അത്രേം അലമ്പായൊരു മനുഷ്യൻ ആ നാട്ടിലെ ഇല്ല്യാന്ന്” കുഞ്ഞികണ്ണുകൾ പറ്റാവുന്ന അത്രയും വിടർത്തിക്കൊണ്ടവൾ വല്ല്യ കാര്യം പോലെ പറഞ്ഞു വെച്ചു. മാധവൻ പൊട്ടി ചിരിച്ചു. സഹയാത്രികരുടെ കണ്ണുകൾ അവരെ തേടിയെത്തി,നിമിഷങ്ങൾക്കകം തിരിച്ചു പോയി.
“ഇനിയെന്തെങ്കിലും?” അവൻ ചോദിച്ചു.
അവൾ വീണ്ടും എന്തൊക്കെയോ ചോദിച്ചു, പറഞ്ഞു. ആദ്യമേ ഫിറ്റ് ചെയ്യ്തു വെച്ച ചിരിക്കപ്പുറം അയാൾക്ക് പറയാനും ചോദിക്കാനുമൊന്നുമില്ലായിരുന്നു. പിന്നെയും മൗനം തളം കെട്ടിതുടങ്ങിയപ്പോഴാണ് അവൾ ഖസാക്കിന്റെ ഇതിഹാസത്തെ പറ്റി പറഞ്ഞത്. കൂട്ടുകാരിയുടെ അഭിപ്രായം തമാശരൂപത്തിൽ ഇത്തിരി കൂടെകൂട്ടി പറഞ്ഞപ്പോൾ അയാൾ ചിരിച്ചില്ല.
“അത് മനസിലാക്കി വായിക്കപ്പെടാത്തതുകൊണ്ടാണ്” മാധവന്റെ ശബ്ദത്തിന് കനം വെച്ചു. അവളൊന്നും മിണ്ടിയില്ല.
“അതിലെഴുതി വെച്ചേക്കുന്നത് കുറച്ച് ജീവിതങ്ങളാണ്… അത്ഭുതപ്പെടുത്തുന്ന ജീവിതങ്ങൾ! ഗുണപാഠകഥകളിൽ വിശ്വസിക്കുന്നവർക്ക് ചിലപ്പോൾ ദഹിച്ചെന്ന് വരില്ല. എന്നാലും അത്രയേറെ പുസ്തകങ്ങൾക്കിടയിൽ ജീവിച്ചിട്ടും കുട്ടിയുടെ കാഴ്ചപ്പാടും ഇങ്ങനെയാണെന്ന് അറിയുമ്പോൾ കഷ്ടം തോന്നുന്നു” മാധവൻ കൈയിലെ ബാഗിനെ ഒന്നൂടെ ചേർത്ത് പിടിച്ചു പറഞ്ഞു നിർത്തിയപ്പോൾ ഒന്നിനെപറ്റിയും മുൻവിധികൾ അരുതെന്ന് അവളപ്പോൾ മനസിലാക്കുകയായിരുന്നു.
കോളേജ് ലൈബ്രറിയിൽ നിന്നും പുസ്തകം ആരോ എടുത്തിരിക്കുന്നു. ഒരിക്കലും ആകർഷിച്ചിട്ടില്ലാത്ത വീട്ടിലെ ഷെൽഫിലും അങ്ങനൊരു പുസ്തകം കണ്ടുകിട്ടിയില്ല. ഒ. വി വിജയൻ എന്ന എഴുത്തുകാരനിലൂടെ ഒരിക്കൽ കടന്നു പോയിട്ടുണ്ടെന്ന് ഓർമിച്ചെടുത്തതും അന്നുതന്നെയായിരുന്നു. പത്താം ക്ലാസിലെ മലയാളത്തിൽ പാഴുതറയുടെ നെടുവരമ്പ് കടന്ന് തൂക്കികൊല്ലാൻ വിധിച്ച മകനെ കാണാൻ കണ്ണൂർക്ക് തീവണ്ടികയറിയ ഒരച്ഛന്റെ കഥയുണ്ടായിരുന്നു. ആ വെള്ളയിയപ്പൻ പിറവിയെടുത്തതും അതെ തൂലികയിൽ നിന്നാണെന്നറിഞ്ഞപ്പോൾ ഉറപ്പിച്ചതായിരുന്നു എങ്ങനേലും ഖസാക്കിന്റെ ഇതിഹാസം വായിക്കണമെന്ന്. ലൈബ്രറിയിൽ തിരിച്ചെത്തുന്ന ആ പുസ്തകത്തെ കാത്തിരിക്കുമ്പോഴായിരുന്നു അവളും മാധവനും തമ്മിലെ അടുത്ത കണ്ടുമുട്ടൽ.
കടൽതീരത്തു വെച്ചായിരുന്നു അത്. ആൾത്തിരക്കില്ലാത്ത ഒരിടത്ത് ഇത്തിരി നേരം തിരകളെ നോക്കിയിരിക്കണമെന്ന് കരുതിയാണ് മണൽ പരപ്പിലൂടെ നടന്നത്. അല്പം ദൂരെ മണലിൽ കടലിനെ നോക്കി ചമ്രം പടിഞ്ഞിരിക്കുന്ന മനുഷ്യനെ കണ്ടപ്പോൾ തന്നെ ആളെ മനസിലായി. മാധവൻ! ഉള്ളിൽ എന്തോ ഭയങ്കര സന്തോഷം തോന്നി അവൾക്ക്. കഴിയുന്നത്രയും വേഗത്തിൽ നടന്നടുത്തെത്തി. ദേഷ്യപ്പെടുമോന്ന് അവൾക്ക് പേടിയുണ്ടായിരുന്നെങ്കിലും ചുമലിൽ തോണ്ടി വിളിച്ചപ്പോൾ ചിന്തയിൽ നിന്നുണർന്ന് അവൻ ചിരിച്ചു. ഇപ്രാവശ്യം അവളുടെ മുഖം അയാൾ മറന്നിട്ടുണ്ടായിരുന്നില്ല.
“ഇവിടിരിക്കെയുള്ളൂ… ഇറങ്ങില്ലെ?” കുറച്ചപ്പുറം തിരകളോടൊത്ത് കളിക്കുന്നവരെ നോക്കി ചോദിച്ചുകൊണ്ട് അവളും അയാൾക്കരികിലിരുന്നു.
“ഇറങ്ങിയാൽ ആഴമളന്നു പോകാൻ തോന്നിയെങ്കിലോ?” അയാൾ ചിരിച്ചു. തിരകൾ എത്തിനോക്കുന്നു. പോകാനൊരുങ്ങുന്ന പകൽവെളിച്ചം, വാക്കുകൾ തേടി രണ്ടുമൗനങ്ങൾ.
“അതേയ്, ന്റെ അച്ഛനൊരു കൂട്ടുക്കാരനുണ്ടായിരുന്നു. ബാലകൃഷ്ണൻ. ബാലേട്ടൻന്നാ എല്ലാരും വിളിക്യാ.. ന്നെ ഒക്കെ വല്ല്യകാര്യായിരുന്നു. എപ്പോ വന്നാലും മിട്ടായി ഒറപ്പ്! മൂപ്പര് ഒറ്റക്കായിരുന്നു താമസം. ഒരീസം കിഴക്ക് എവിടയോ തറവാട് ഇണ്ടത്രേ പോയിട്ട് വരാന്നും പറഞ്ഞ് പോയതാ… പിന്നെ ഒരു വിവരോം ഇല്ല്യാ ആളെപറ്റി. ബാലേട്ടന്റെ ആകെ സമ്പാദ്യംന്ന് പറയണത് കുറെ പുസ്തകങ്ങളാ… ആ വീട്ടില് കിടന്ന് നശിച്ചു പോവാണ്ടിരിക്കാൻ ഞങ്ങടെ വീട്ടില് കൊണ്ടോന്നു വെച്ചു. അച്ഛൻ എപ്പഴും പറയും അതിനൊക്കെ ബാലേട്ടന്റെ മണാന്ന്… “
“ചിലര് അങ്ങനെയാണ് ഓർമിക്കാൻ എന്തെങ്കിലും ബാക്കി വെച്ച് ജീവിതത്തിൽ നിന്നും കടന്നു കളയും!!” മാധവൻ നെടുവീർപ്പിട്ടു.
“മ്മ്… കുഞ്ഞിലെ അച്ഛൻ അതൊന്നും തൊടാൻ പോലും സമ്മതിക്കില്ലാർന്നു. വലുതായപ്പോ അതൊന്നും എന്നെ ആകർഷിച്ചും ഇല്ല്യാ. അതോണ്ട് പുസ്തകങ്ങളെ പറ്റി മോശം പറഞ്ഞാ ആൾക്കാർക്ക് നോവുംന്ന് ഇനിക്കി അറിയില്ല്യാർന്നുട്ടോ.. അതോണ്ടാ അന്ന് അങ്ങനെ പറഞ്ഞെ” കുറ്റസമ്മതം പോലെ അവളതു പറഞ്ഞപ്പോൾ മാധവന് ചിരി വന്നു.
നിഷ്കളങ്കത! പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണോ? ആവില്ല!
“കുട്ടിക്ക് ഇഷ്ടമുള്ള ഒന്നിനെ ആരേലും ദൂഷ്യം പറഞ്ഞാൽ അല്ലെങ്കിൽ കൊള്ളില്ലാന്ന് പറഞ്ഞാൽ ദേഷ്യം വരില്ലെ?”
“ആദ്യം സങ്കടം വരും പിന്നെ ദേഷ്യം വരും ഉറപ്പ്..”
“അതുതന്നെയാണ് അന്നുണ്ടായത്”. മാധവൻ അടുത്തുവെച്ചിരുന്ന ബാഗ് തുറന്ന് അതെടുത്തു. നീലനിറമുള്ള പുറംചട്ടയിൽ തുമ്പികളുടെ പടമുള്ള പുസ്തകം.
“ഖസാക്കിന്റെ ഇതിഹാസം”
“ആഹാ! ഇതും കൂടെ കൊണ്ടു നടക്കുവോ? നേരായിട്ടും ഇതൊന്ന് വായിക്കണംന്ന് വെച്ചിരിക്കായിരുന്നു. വീട്ടിലും കോളേജിലെ ലൈബ്രറിയിലും അന്വേഷിച്ചു കിട്ടിയില്ല്യ.” അവളിൽ നിരാശ പടർന്നു.
“എനിക്കിതിനോട് വല്ലാത്തൊരു അറ്റാച്ച്മെന്റുണ്ട്. ഇതിലെ രവി തുറന്നിട്ട വാതിലൂടെയാണ് ഞാൻ നടക്കാൻ ഇറങ്ങിയത്. നിർത്താത്ത നടത്തം! ” മാധവൻ പുസ്തകത്തിലെ അക്ഷരങ്ങളിലൂടെ വിരലോടിച്ചു. കടൽക്കാറ്റ് പേജുകൾ മറിക്കാതെ മടക്കി പിടിച്ചു. വായിച്ചു. കഥ കേൾക്കാനെന്നോണം തിരകളോടി വന്നു തിരിച്ചു പോയി വീണ്ടും വന്നു.
‘ഒന്ന്, വഴിയമ്പലം തേടി…
കൂമൻക്കാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ചു ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടെ കരുതി കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ടു ഹൃദിസ്ഥമായി തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാം അതു തന്നെ…. ‘
ഇടക്ക് എവിടെയോ വെച്ച് മാധവൻ വായന നിർത്തി പുസ്തകം മടക്കി തിരികെ വെക്കാനൊരുങ്ങി.
“എന്നും ഇവിടെ വരാറുണ്ടോ?” അവൾ ചോദിച്ചു.
“ഇവിടെ അലയും നാളുകളത്രയും എന്റെ സായാഹ്നമീ തിരകളോടൊപ്പം”
“എന്നാ ഇതെനിക്കി തരുവോ? നേരായിട്ടും പെട്ടന്ന് വായിച്ചിട്ട് കൊണ്ടു തരും”. അവൾ കൂടുതൽ വിനയത്തോടെ ചോദിച്ചു.
“സത്യത്തിൽ അന്നെനിക്ക് കുട്ടിയോടൊന്നും ചോദിക്കാനും പറയാനുമില്ലായിരുന്നു. എന്തേലും ചോദിക്കണമല്ലോ എന്നോർത്തപ്പോൾ വെറുതെ ചോദിച്ചതാണ് ഖസാക്കിന്റ ഇതിഹാസം വായിച്ചിട്ടുണ്ടോന്ന്. നീയത് അന്വേഷിക്കുമെന്നോ നമ്മളിങ്ങനെ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്നോ ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല! “
“പ്രതീക്ഷിക്കുന്നത് മാത്രം നടക്കുന്നതിനെ ജീവിതമെന്ന് പറയില്ല്യാല്ലോ. കണ്ടുമുട്ടേണ്ടവരാണെങ്കിൽ അതിനുള്ള കാരണങ്ങൾ ഉണ്ടായികൊണ്ടിരിക്കും.” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
മടിച്ചുകൊണ്ടാണെങ്കിലും അവനത് കൊടുത്തയച്ചു.
അവൾക്ക് അതിനോട് തോന്നിയ കൗതുകമൊക്കെ വായിച്ചു തുടങ്ങിയതോടെ ഇല്ലാതെയായി. ഉറങ്ങിയും ഉണർന്നും തല ചൊറിഞ്ഞും മേലോട്ടു നോക്കിയും അവളതു വായിച്ചു തീർത്തു. മാധവൻ പറഞ്ഞതുപോലെയൊന്നും അവൾക്ക് കഥവായിച്ചെടുക്കാനായില്ല. പക്ഷേ കുറെ ചോദ്യങ്ങൾ മനസ്സിൽ അവശേഷിച്ചു. മാധവൻ ഒരു വലിയ സമസ്യയാണെന്ന് തോന്നി. ഏറ്റവുമടുത്ത സായാഹ്നത്തിൽ അവർ കണ്ടുമുട്ടി.അവൾ പുസ്തകം തിരിച്ചു കൊടുത്തു.
“എങ്ങനെയുണ്ടായിരുന്നു കൊള്ളാവോ? ” മണൽപരപ്പിലിരുന്ന് ഒരു പിടി മണലുവാരി എറിഞ്ഞു കൊണ്ട് മാധവൻ ചോദിച്ചു.
“നേര് പറഞ്ഞാ ദേഷ്യപെടുവോ? “
“ഇല്ല”.
“ഇനിക്കി അത്ര അങ്ങട് ഇഷ്ടായില്ല്യ, ചെലപ്പോ മനസിലാക്കി വായിക്കാത്തത് കൊണ്ടാവും” നിരാശ!
അയാൾ ചിരിച്ചില്ല ദേഷ്യപെട്ടില്ല.
“സാരല്ല കുട്ടി, ചില കഥകളും ജീവിതങ്ങളും അത്ര പെട്ടന്ന് മനസിലാക്കാൻ പറ്റില്ല!”
മാധവൻ പുസ്തകത്തിലെ പേജുകൾ മറിച്ച്, ഗന്ധമാസ്വദിച്ച്. അവൾക്കു തന്നെ തിരിച്ചു നൽകി.
“മുന്നെ നടന്നവരുടെ കാൽപ്പാടുകൾ നോക്കി, വീണ്ടും ബസിറങ്ങി നടക്കുക. അരയാലിലകളിൽ കാറ്റ് പതിയുന്നതും കരിമ്പനകളിൽ കാറ്റ് പിടിക്കുന്നതും അറിയാതിരിക്കില്ല. ഇതിഹാസപീഠത്തിലിരുന്ന് മൊല്ലാക്ക കഥ പറയുമ്പോൾ വ്രണപ്പെട്ട കാൽ പാദം നോക്കി വേദനിക്കാതിരിക്കില്ല. അപ്പു കിളിക്ക് മനസ്സുകൊണ്ട് ഒരുപാട് കടല മുറുക്ക് വാങ്ങി കൊടുക്കാതിരിക്കില്ല. ഖസാക്കുക്കാരെ ഹൃദയത്തോട് ചേർത്തുപിടിക്കാതിരിക്കില്ല”. അനാദിയായ കടലിനെ നോക്കി മാധവൻ പറഞ്ഞപ്പോൾ അവൾ പുറംചട്ടയിലെ തുമ്പികളെ തൊട്ടു.
“ഞാൻ പത്മയെക്കുറിച്ചോർത്തു. ആത്മാർത്ഥമായി പ്രണയിച്ചിട്ടും, കാത്തിരുന്നിട്ടും, കഷ്ടപ്പെട്ട് അന്വേഷിച്ച് കണ്ടെത്തി തിരികെ വിളിച്ചിട്ടും, രവി പോയില്ലല്ലോ… അവള് അറിഞ്ഞിട്ടുണ്ടാവുമോ? മരണമോ ജീവിതമോന്ന് അറിയാത്ത ബസ്സ് വരവിനായ് രവി കാത്തുകിടന്നത്, അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അവള് വീണ്ടും കാത്തിരിക്കുമായിരിക്കും. അല്ലെ? “
“രവിക്ക് ഖസാക്കുവിട്ട് മറ്റൊരു ഇടമുണ്ടായിരുന്നില്ല. പക്ഷേ പത്മ, അവൾക്ക് മുന്നിൽ വേറൊരു ലോകമുണ്ടായിരുന്നു. ഒറ്റപ്പെട്ടവരുടേത് അല്ലാത്തൊരു ലോകം!”
“എനിക്ക് തോന്നുന്നു പത്മയെന്ന് പറഞ്ഞാൽ തന്നെ കാത്തിരിപ്പാണ്… നഷ്ടപ്പെട്ടുവെന്ന് കരുതിയാലും അവൾ തിരിച്ചു വരും, തിരഞ്ഞു കണ്ടുപിടിക്കും, തിരികെ വിളിക്കും, കാത്തിരിക്കും, മടങ്ങിവരവില്ലെന്ന് അറിഞ്ഞാലും കാത്തിരിക്കും! രവിയുടെ പത്മയെ പോലെ കയ്യൊപ്പിലെ ബാലചന്ദ്രന്റെ പത്മയെപോലെ…. “
“ഹരിയേട്ടന്റെ പത്മയെ പോലെ! “. അവൾ കൂട്ടിചേർത്തു.
“അതാരാ? “
“ന്റെ അയലോക്കത്ത് ഉള്ളോരാ… ഹരിയേട്ടനും പത്മചേച്ചിയും ഒരുപാട്ക്കാലം സ്നേഹിച്ച് കല്യാണം കഴിച്ച് സന്തോഷായിട്ട് ജീവിച്ചിരുന്നതാ…. ഒരീസം കേട്ടു ഹരിയേട്ടൻ മരിച്ചൂന്ന്… ആത്മഹത്യ! ചേച്ചി ഇപ്പോഴും പറയണു ഹരിയേട്ടൻ വരുംന്ന്… പാവം! കുറേക്കാലം മെന്റൽ ഹോസ്പിറ്റലിലൊക്കെയായിരുന്നു. …ന്നാലും എന്തിനാണാവോ ഹരിയേട്ടൻ അങ്ങനെ ചെയ്തത്! “
“മരണമാണ് ജീവിതത്തേക്കാൾ നല്ലതെന്ന് തെറ്റുദ്ധരിച്ചു കാണും! ഹ..കോഴിക്കോട്ടെ മ്മടെ അക്ബർ ഇക്ക പറയുന്നതു പോലെ അയാൾക്ക് നഷ്ടമായി എത്രയോ മഴക്കാലങ്ങൾ അത്രതന്നെ! ” അയാളിൽ നിരാശപടർന്നതും നിസ്സഹായത നിറഞ്ഞതും അവളറിഞ്ഞെങ്കിലും കാരണം ചോദിച്ചില്ല.
“പ്രിയപ്പെട്ടവരെ മരണപെടുത്തി ജീവിക്കുന്നവരെ ഒറ്റപ്പെടുത്തുകയായിരുന്നില്ലേ ആ എഴുത്തുകാരൻ? ” അവൾ വീണ്ടും സംശയമുന്നയിച്ചു. മാധവൻ തിരകളെ നോക്കി, ചക്രവാളം കനക്കുന്നതറിഞ്ഞു, മുന്നിൽ മരണത്തിന്റെ കറുപ്പ് തെളിയുന്നു, ശൂന്യത, നിലവിളികൾ, ഇരുട്ട്…
“അവനവന്റെ ആത്മാവിലേക്കൊന്നിറങ്ങി നോക്കിയാൽ ഓരോരുത്തരും ഒറ്റയാണ്.. മനുഷ്യർ ഒറ്റയാണ് കുട്ടി, വെറും ഒറ്റ! “
അവൾക്കൊന്നും മനസിലായില്ല. മാധവൻ എഴുന്നേറ്റു. ഒപ്പം കൂടിയ മണൽ തരികളെ തട്ടിമാറ്റി, ബാഗ് എടുത്ത് ചുമലിൽ തൂക്കി നടന്നു കൂടെ അവളും…
“രണ്ടുദിവസം കൂടെ ഞാനിവിടെ ഉണ്ടാവുട്ടോ ” മാധവൻ പറഞ്ഞപ്പോൾ എന്തിനെന്നില്ലാതെ അവളുടെ ഉള്ളിലൂടൊരു വെള്ളിടി കടന്നു പോയി.
“പോവണോ?”
“പോണം” എത്ര നിസാരമായിട്ടാണ് അയാളത് പറഞ്ഞത്.
“എങ്കി പിന്നെന്തിനാ രണ്ടുദിവസം കൂടെ കാക്കണേ അങ്ങ് പോയ് കൂടെ?” അവൾ ദേഷ്യപ്പെട്ടു.
“അതെങ്ങനാ… രണ്ട് പെണ്ണുകാണല് കൂടിയുണ്ടെ” കുസൃതിചിരിയോടെ മാധവൻ പറഞ്ഞു. ജീവിതം ഇത്രമാത്രം തമാശയായിരുന്നോ അവളോർത്തു.
“അതില് ആരെയെങ്കിലും ഇഷ്ടായാൽ ഈ ഊരു തെണ്ടലൊക്കെ നിർത്തുവോ?”
“അതിന് ആർക്കും ആരെയും ഇഷ്ടപെടുന്നില്ലല്ലോ..! ഇതൊക്കെ അമ്മയുടെ സന്തോഷത്തിനു വേണ്ടി ചെയ്യുന്നതാ.. ഒരിക്കൽ ദാ ഇതുപോലൊരു കടലിനുമുന്നിലിരുന്നപ്പോൾ തോന്നി തിരിച്ചു നടക്കണം.. വേരുകൾ തേടി! അമ്മയെ കണ്ടു, ഓൺ ദി സ്പോർട്ടിൽ അമ്മ ജ്യോത്സനെ കണ്ടു. പ്രവചനം! പെണ്ണുകെട്ടിയാൽ മാധവൻ നന്നാവുമത്രേ! ചിലത് ചെയ്തു തീർക്കാനുണ്ടായിരുന്നതു കൊണ്ട് അവസാനവേരും മുറിച്ചുമാറ്റി കടന്നു പോകുന്നവരെ അമ്മ പറയണത് കേൾക്കണംന്ന് തോന്നി അല്ലെങ്കിലും അതവർ അർഹിക്കുന്നുണ്ട് സ്വന്തമല്ലാതിരുന്നിട്ടുകൂടി സ്നേഹിക്കുന്നുണ്ടല്ലോ! “.
മാധവനിൽ യാതൊരു ഭാവ വ്യത്യാസങ്ങളുമുണ്ടായിരുന്നില്ല. പക്ഷേ ഓരോ വാക്കുകളും അവളെ അമ്പരപ്പിക്കുന്നു. മാധവൻ! അത്രപെട്ടന്ന് പിടികിട്ടാത്ത കഥയാണ്. കടൽ അശാന്തമാണ് പുറത്തുള്ളതല്ല ഉള്ളിലുള്ളത്! മാധവനുള്ളിലെ ആഴകടൽ, അതിൽ ചുഴികളും പ്രക്ഷോഭങ്ങളും മാത്രമേയുള്ളു…
“ഇനി എങ്ങോട്ടാ പോണെ!? “
“അങ്ങനെ ചോദിച്ചാൽ അറിയില്ല… ഭൂമിയിങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നില്ലെ… എനിക്കും ഒരിടമുണ്ടായിരിക്കും ഖസാക്ക് പോലെ തിരിച്ചു പോരാനാകാത്ത വിധം കുടുങ്ങി കിടക്കുന്നൊരിടം…
പിന്നെയുണ്ടല്ലോ ഒളിച്ചു താമസിക്കാൻ ഏറ്റവും നല്ലത് പുണ്യസ്ഥലങ്ങളാ അതാകുമ്പോൾ അന്നം മുട്ടില്ല ” അയാൾ പൊട്ടി ചിരിച്ചു. അവൾക്ക് ചിരിവന്നില്ല എന്തോ വല്ലാത്തൊരു നോവ്, വിങ്ങൽ!
“ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ രവിക്ക് ഒരു കാരണമുണ്ടായിരുന്നു. സ്വന്തം അമ്മയായി കാണേണ്ടിയിരുന്ന ചിറ്റമ്മയുമായി വേണ്ടാത്ത ബന്ധം സ്ഥാപിച്ചുകൊണ്ട് അച്ഛനെ വഞ്ചിച്ചതിന്റെ കുറ്റബോധം, ആവർത്തിക്കപ്പെട്ട പാപങ്ങൾ… പക്ഷേ ഇനിക്കി മനസിലാവുന്നില്ല നിങ്ങളെന്തിന്?
പത്മയെ പോലെ ഞാനും ചോദിക്കട്ടെ, ആരിൽ നിന്നാണ് എന്തിൽ നിന്നാണ് ഈ ഒളിച്ചോട്ടം?” ഒരുപാട് മുന്നെ കരുതി വെച്ച ചോദ്യം അവൾ തൊടുത്തു വിട്ടു. ചെന്നു കൊണ്ടത് മുറിവിൽ തന്നെയായിരിക്കാം.
മാധവൻ നിന്നു ചുവന്നു. സന്ധ്യയെക്കാൾ! വായിച്ചെടുക്കാൻ പറ്റാത്ത ഭാവങ്ങൾ, കണ്ണുനിറയുന്നുണ്ടോ? അറിയില്ല!
“പോയ്‌ക്കോളു കുട്ടി… നെടുവരമ്പുകളിൽ ഇരുട്ടു കനംവെക്കും മുൻപ് വീട് പറ്റുക”
അത്രമാത്രം പറഞ്ഞ് അയാൾ വേഗത്തിൽ നടന്നു. ബീച്ചിന്റെ അതിർത്തി കടന്ന്, റോഡ് മുറിച്ചു കടന്ന് കണ്ണിൽ നിന്നു അപ്രത്യക്ഷമാകും വരെ അവൾ നോക്കി നിന്നു.
മാധവൻ നിങ്ങളെന്തൊരു മനുഷ്യനാണ്, ഓർക്കുംതോറും ഉത്തരമറിയാത്ത ചോദ്യങ്ങൾ വന്നു മൂടുന്നു. ഒരുപക്ഷേ പാപം ചെയ്ത മനുഷ്യനാകുമോ? എന്നാലും എനിക്കി നിങ്ങളോട് വെറുപ്പ് തോന്നുന്നില്ലല്ലോ. അന്ന് അവൾക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. പോകുന്നു എന്ന് ഓർത്താൽ ഹൃദയം കനപെടുന്നു. എന്തിന്? എന്റെയാരാണ്? ഒരു ചായകൊടുത്തിട്ടുണ്ട്, പ്രതീക്ഷിക്കാതെ വീണ്ടും വീണ്ടും കണ്ടുമുട്ടിയിട്ടുണ്ട് , ചുരുക്കം ചില സായാഹ്നങ്ങളിൽ കൂടെയിരിന്നിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്, ചോദ്യങ്ങൾ കൊണ്ട് അയാളെ വേദനിപ്പിച്ചിട്ടുണ്ട്, അല്ലാതെയെന്ത്? കണ്ണാടിക്ക് മുന്നിൽ സ്വന്തം മനസാക്ഷിയോട് ചോദിച്ചു. അത് പറഞ്ഞു.
“ഇഷ്ടാണ് “.
“നേരായിട്ടും?”
” നേരായിട്ടും”
“കാരണം?”
“അറിയില്ല്യ… സ്നേഹിക്കാനും ഹൃദയത്തോട് ചേർത്തുപിടിക്കാനും കാരണങ്ങൾ വേണോ? “
“ആവോ.”
വരുമെന്ന് തീരെ പ്രതീക്ഷയില്ലാതെയാണ് അടുത്ത ദിവസം ബീച്ചിലെത്തിയത്. പക്ഷേ അന്നും അയാളുണ്ടായിരുന്നു. പതിവുപോലെ മണൽപരപ്പിൽ ചമ്രംപടിഞ്ഞിരിക്കുന്നു. ഹരാരിയുടെ ഹാപ്പിനെസ്സ് സ്കെയിലിന്റെ ഏറ്റവും മുകളിലാണ് ആ നിമിഷം താനുള്ളതെന്നവൾക്ക് തോന്നി. എപ്പോഴത്തെയും പോലെ അടുത്ത് ചെന്നിരുന്നിട്ടും അയാൾ മിണ്ടിയില്ല, തിരിഞ്ഞു നോക്കുക കൂടി ചെയ്തില്ല. മൗനങ്ങൾ!
“ഇന്നലെ ഞാൻ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല്യാച്ചാ ക്ഷമിക്കണം.” ഏറെ നേരത്തിനു ശേഷം അവൾ തന്നെ മൗനത്തിന് വിരാമിട്ടു.
അവൻ അവളെ നോക്കി, ചിരിച്ചു വിഷാദം കലർന്നചിരി!
“ഞാൻ പറഞ്ഞില്ലെ കുട്ടി…., ജീവിതത്തിലെ ഏറ്റവും ദുരിതംപിടിച്ച നേരത്താണ് ഖസാക്ക് വായിച്ചത്. രവി എനിക്ക് വാതിലു തുറന്നു തന്നു.”
“രവിയെ പോലെ?? “. അവൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“കാരണങ്ങൾ അയാളുടേത് പോലെയായിരുന്നില്ലെങ്കിലും കൈ നീട്ടി വിളിക്കുന്ന പൊരുളിനു നേരെ നടക്കാതിരിക്കാൻ കഴിയുന്നില്ല. ഒരിടത്തും സ്വസ്ഥത കിട്ടുന്നില്ല… “
“പ്രണയിച്ചിരുന്നോ… മറക്കാനാകാത്ത വിധമാരെയെങ്കിലും?”
മറവി! അയാളിൽ ഓർമകൾ ഇരച്ചു കയറി, ഏതൊക്കെയോ മുഖങ്ങൾ മുന്നിൽ മിന്നിമാഞ്ഞു. അവ ചിരിച്ചു, കരഞ്ഞു, പരിഭവിച്ചു, മാഞ്ഞുപോയി. അവൻ അവളെ ഉറ്റുനോക്കി. വൃണങ്ങളുടെ ആഴമിനിയും അളക്കരുതേ എന്നാവണം അതിനർത്ഥം.
“ചിലതൊക്കെ അറിയാതിരിക്കുന്നതാണ് നല്ലത്. അറിഞ്ഞു കഴിഞ്ഞാൽ വേദനിക്കും, സഹതപിക്കും, വെറുക്കപ്പെടും… പിന്നെ ഓർമകൾ അതീ തിരകൾ പോലെയാണ് വരും പോകും പക്ഷേ അവസാനിക്കുണ്ടോ? ഇല്ല! ആരും ആരെയും മറക്കുന്നില്ല, മറന്നൂന്ന് സ്വയമങ്ങ് വിശ്വസിക്കുന്നതാ…. “
പൊട്ടിപ്പുറപ്പെട്ട കണ്ണുനീർ തുള്ളികളെ വിദഗ്ധമായി മാധവൻ മറച്ചുപിടിച്ചു. അതിവിദഗ്ധമായി അവളത് കണ്ടെടുത്തു. അറിയാൻ ഒരുപാട് ഉത്തരങ്ങൾ ഉണ്ടായിട്ടും അവൾ ചോദ്യങ്ങളെല്ലാം പാടേ ഉപേക്ഷിച്ചു. ഇതു മാത്രം ചോദിച്ചു.
“പത്മയെ പോലെ ആരെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വിളിച്ചാൽ എന്ത് ചെയ്യും? “.
അവൻ സംശയത്തോടെ അവളെ നോക്കി കണ്ണിലൂടെ ആത്മാവിലേക്കിറങ്ങി തന്നെ വായിച്ചെടുക്കുമോ എന്നോർത്ത് അവൾ കടലിനെ നോക്കി, ആകാശത്ത് പറന്നകലുന്ന പക്ഷികളെയും ചുവന്ന സൂര്യനെയും നോക്കി.
“ഒരാൾക്കും അങ്ങനെ തോന്നാതിരിക്കട്ടെ! പത്മയെ രവി അർഹിക്കുന്നില്ല…” അവളുടെ ഉള്ളറിഞ്ഞതുപോലെ അയാൾ തിരിച്ചടിച്ചു. പതിവിലും വിപരീതമായി നേരത്തെ പോകാനൊരുങ്ങി…
“അപ്പോൾ സായാഹ്ന യാത്രകളുടെ കൂട്ടുകാരീ… വിട! “
“നാളെയൊരു സായാഹ്നം കൂടെയില്ലേ? “
“ഇല്ല! അത് കടമായിരിക്കട്ടെ, കടങ്ങൾ പടച്ചവന്റെ സൂക്ഷിപ്പുകളാണത്രേ! ആരാ പറഞ്ഞത്? അവൻ ചോദ്യഭാവത്തിൽ പുരികമുയർത്തി.
“ഒ. വി. വിജയൻ “
“ഹ ഹ മിടുക്കി!” അവൻ അവളുടെ നെറുകയിൽ തൊട്ടു.
“മുറിച്ചുമാറ്റിയെന്ന് ആശ്വാസിക്കുമ്പോഴും വേരുകൾ വീണ്ടും കിളുർക്കുന്നതെന്താണെന്റെ കുട്ടി..”
അവളുടെ കണ്ണുകൾ നിറഞ്ഞു. ഹൃദയം നീറിപിടഞ്ഞു, പിടിച്ചുവെച്ചൊരു ഗദ്ഗദം ശ്വാസംമുട്ടിക്കുന്നു.
“കുട്ടീ…”
“മ്മ് “
“……പണ്ട് പണ്ട് ,ഓന്തുകള്‍ക്കും മുമ്പ്, ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവ ബിന്ദുക്കള്‍ നടക്കാനിറങ്ങി.
അസ്തമയത്തില്‍ ആറാടി നിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ..?
ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു.
പച്ച പിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാന്‍ ഇവിടെ തന്നെ നില്‍ക്കട്ടെ.
എനിക്ക് പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുമ്പില്‍ കിടന്ന അനന്തപഥങ്ങളിലേയ്ക്ക് അനുജത്തി നോക്കി.
നീ ചേച്ചിയെ മറക്കുമോ ?
അവൻ പറഞ്ഞു നിർത്തി. അവൾക്കൊന്നും മനസിലായില്ല. വീണ്ടും ആവർത്തിച്ചു. നീ ചേച്ചിയെ മറക്കുമോ?
ശരിക്കും ഇവിടെ ചേച്ചിയാര് അനുജത്തിയാര്? ഇല്ല ചേച്ചിയുമില്ല അനിയത്തിയുമില്ല, അവളും അവനും മാത്രം! ചോദ്യം അവളോടാണ് മുന്നിൽ കിടക്കുന്ന അനന്തപഥത്തിലേക്ക് കടക്കുംമുന്നെ വെറുതെ ഒരു ചോദ്യം. കൂട്ടിമുട്ടിച്ചു കൊണ്ടിരുന്ന അതെ ഇതിഹാസത്തിലൂടെ….
“മറക്കില്ല… ഒരിക്കലും മറക്കില്ല! “
“ഹ..ഹ.. മറക്കും! മറക്കണം.. ഇത് കർമ്മ പരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്, ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ. മറന്നേക്കുക… “
കൈവീശി കാട്ടിക്കൊണ്ട് അയാൾ യാത്ര പോയി. നടന്നകലുന്നത് കാണാൻ അവൾ ഇഷ്ടപ്പെട്ടില്ല. കടലിലേക്ക് നോക്കി നിന്നു, നെഞ്ചുരുകി കണ്ണീർ പുറത്തുവന്നു.
തിര ചോദിച്ചു.” അത്രമേൽ സ്നേഹിച്ചിരുന്നോ?”
കരപറഞ്ഞു. “ചിലപ്പോൾ പ്രണയം ചോദിക്കാതെ കടന്നു വരും ഒറ്റക്ക് നിർത്തി തിരിച്ചു പോകും! “
കടൽക്കാറ്റുവന്നു മുടിയിഴകളിൽ തഴുകി ആശ്വാസിപ്പിച്ചു “കുഞ്ഞെ…”പത്മയും തിരികെ വിളിച്ചിട്ടെയുള്ളൂ..”
ആർക്കും ചെവികൊടുക്കാതെ അവൾ അവളിലേക്ക് തിരികെ നടന്നു. കാത്തിരിപ്പിന്റെ പകലുകളുടെയും, ആകാംഷയുടെ സായാഹ്നങ്ങളുടെയും നഷ്ടം ചിന്താഭാരം പേറുന്ന രാത്രികളെ സമ്മാനിച്ചപ്പോൾ, ഓർമ്മകൾ കൂട്ടിരുന്ന ഏതോ ഒരു രാത്രിയിൽ ആദ്യമായി അവൾ എഴുതി. ഒരു സായാഹ്നത്തിന്റെ കടം തീർക്കാൻ എത്തുന്നവനെ കാത്തിരിക്കുന്ന പെണ്ണിന്റെ കഥ! ആ പെണ്ണിന്റെ പേര് പത്മ..!
കഥയവസാനിച്ചു…, എന്റെ ചോദ്യങ്ങളും. ഹൃദയത്തിന് വല്ലാത്തൊരു വേദന. പത്മമ്മാര് എല്ലാരും ഇങ്ങനെയാണോ? ആ..ആർക്കറിയാം! സ്വാഭാവികമായി ഞാനാ ഷെൽഫിലെ പുസ്തകങ്ങൾക്കടുത്തേക്ക് നീങ്ങി. കണ്ടെത്താൻ ശ്രമിച്ച പുസ്തകം അവരുടെ എഴുത്തു മേശക്കു മുകളിൽ കണ്ടെത്തി. പുറംചട്ടയിൽ തുമ്പികളുടെ പടമുള്ള പുസ്തകം…! ഞാനും മാധവനെ പോലെ അതിലെ അക്ഷരങ്ങളിലൂടെ വിരലോടിച്ചു. ചായയും പലഹാരങ്ങളുമായി അവർ കയറിവന്നു. ഖസാക്കിന്റെ ഇതിഹാസം പിടിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോൾ അവർ ചിരിക്കാൻ ശ്രമിച്ചു. ചായക്കപ്പ് നീട്ടി കൊണ്ട് പറഞ്ഞു.
“ചിലരങ്ങനെയാണ് ഓർമിക്കാനെന്തെങ്കിലും ബാക്കി വെച്ച് ജീവിതത്തീന്ന് കടന്നു കളയും “
“ഇഷ്ടപ്പെട്ടവർ അകന്നു പോകുമ്പോൾ ഹൃദയം കൊണ്ട് സ്നേഹിച്ചവർ കാത്തിരിക്കുമല്ലെ? അമ്മയുടെ തന്നെ കഥകളിലെ മീരയെ പോലെ ഗീതുവിനെ പോലെ ഗായത്രിയെ പോലെ…. “
“എഴുതിതുടങ്ങുബോൾ എല്ലാം ആരുടെയോ കഥയാണ് എന്നാൽ അവസാനിക്കുമ്പോൾ എന്റേത് മാത്രമാകുന്നു.” ആരോടെന്നില്ലാതെ അവർ പറഞ്ഞപ്പോൾ എനിക്കി വേദന തോന്നി, അവരോട് ഒരുപാട് സ്നേഹവും.
“ഇടയ്ക്കിടെ ഞാനിവിടെ വന്നോട്ടെ അമ്മേ?”
“ഓ… അതിനെന്താ കുട്ടി വരണതില് സന്തോഷം തന്നെ… പിന്നെ ന്താച്ചാല് ഇവിടെ ഉണ്ടാവോന്നാ സംശയം.. ഞാനധികവും തീർത്ഥാടനത്തിലാ കുട്ടി… കർണാടകത്തൂന്ന് വന്നിട്ട് രണ്ടു ദിവസെ ആയിട്ടുള്ളു അതിനിടക്കാ ഈ എഴുതൊക്കെ, ഇനിയും പോണം വേറെ ഒരിടത്ത് ” അവർ നെടുവീർപ്പിട്ടു. എനിക്ക് ചിരിവന്നു. വീണ്ടും ആ പെണ്ണിന്റെ പേരോർത്തു. പത്മ!
അവൾ ഇഷ്ടപ്പെട്ടവരെ തേടും, കണ്ടെത്താൻ ശ്രമിക്കും, തിരിച്ചു വിളിക്കും, കാത്തിരിക്കും..
രവിയുടെ പത്മയെ പോലെ, ബാലചന്ദ്രന്റെ പത്മയെ പോലെ, ഹരിയുടെ പത്മയെ പോലെ.. ദാ മാധവന്റെ പത്മയെ പോലെ!
പാൽപ്പൊടിയിട്ട ചായ, നല്ല മധുരം! ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി.
ഒരു മഴ പെയ്തെങ്കിൽ.. ആരോഹണമില്ലാതെ, അവരോഹണമില്ലാതെ കാലവർഷത്തിന്റെ വെളുത്ത മഴ!
കടപ്പാട് : ഖസാക്കിന്റെ ഇതിഹാസം