പതനം

നൂറു വയസ്സ് തികയുന്നതിന്റെ തലേന്നാണ് ആച്ചിയമ്മ ടീച്ചർ ഇഹലോകവാസമവസാനിപ്പിച്ച് നിത്യതയിലേക്കു കടക്കുന്നത്. ആച്ചിയമ്മ ടീച്ചറിന്റെ ആകസ്മികമല്ലാത്ത മരണം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ലേഖകന് പത്രത്തിൽ കൊടുക്കേണ്ട മാറ്ററിന്റെ കാര്യത്തിൽ നേരിയ ആശയകുഴപ്പമുണ്ടായിരുന്നു. അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ലെങ്കിലും വെറുമൊരു സാധാരണ മരണമായി അതിനെ കാണുക വയ്യ.
ആച്ചിയമ്മ ടീച്ചർ നാടിന്റെ സ്വന്തമായിരുന്നുവെന്നത് തന്നെ കാരണം. അമ്പത്തിയഞ്ചാം വയസ്സിൽ പെൻഷനാകുമ്പോൾ ടീച്ചർ ഏകദേശം മുപ്പത്തിയഞ്ചു വർഷത്തെ അദ്ധ്യാപന ജീവിതം പൂർത്തിയാക്കിയിരുന്നു. നാട്ടിലെ ഏക സർക്കാർ വിദ്യാലയം; സ്വകാര്യമേഖലയിൽ അക്കാലത്ത് സ്കൂളുകൾ ഏറെയൊന്നുമില്ലാതിരുന്നതിനാൽ ആച്ചിയമ്മ ടീച്ചറിന്റെ നാട്ടിൽ ആ കൂട്ടത്തിൽ പെടുത്താവുന്ന ഒന്ന് എത്തിയിരുന്നില്ല. ഒന്നോ രണ്ടോ സ്വകാര്യ സ്കൂളുകൾ അങ്ങ് നഗരത്തിലാണ്. സ്വാഭാവികമായും തലമുറകളായി നാടിന്റെ വിദ്യാഭ്യാസ തറവാടായിരുന്നു ടീച്ചർ പ്രധാനാധ്യാപികയായി പിരിഞ്ഞ ആ വിദ്യാലയം.
ടീച്ചറിന്റെ വിദ്യാഭ്യാസവും അവിടത്തന്നെയായിരുന്നു. അതായത് ടീച്ചറിന്റെ സ്കൂളുമായുള്ള ബന്ധം ഏതാണ്ട് അരനൂറ്റാണ്ടോളം ആ ചെറിയ ഗ്രാമത്തിലെ ഒരോ വീട്ടിൽ നിന്നും നാലഞ്ചു പേരെങ്കിലും പല കാലങ്ങളിലായി ആ സ്കൂളിൽ പഠിച്ചിരിക്കണം. അവർ ഒന്നുങ്കിൽ സഹപാഠികൾ അല്ലെങ്കിൽ ആച്ചിയമ്മ ടീച്ചർ പഠിപ്പിച്ചവർ.
ആ ടീച്ചർ ആണ് നാടിനെ ദുഃഖത്തിലാഴ്ത്തി കൊണ്ടു കടന്നു പോയിരിക്കുന്നത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമായി ആ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വളരെ വേഗത്തിലാണ് നാടിന്റെ മുഖഛായക്ക് മാറ്റമുണ്ടായത്. വികസനത്തിന്റെ കാര്യത്തിൽ മറ്റെല്ലാ പഞ്ചായത്തുകളെയും പിന്നിലാക്കികൊണ്ടു ഒരു കുതിപ്പായിരുന്നു നാടിന്റേത്. ടീച്ചറിന്റെ അനുഗ്രഹം കൊണ്ടാണതെന്നായിരുന്നു നാട്ടുകാരുടെ വിശ്വാസം.
അവർ ചൂണ്ടിക്കാട്ടുന്ന വസ്തുതകൾ അതിനു പിൻബലം നല്കുന്നു. ടീച്ചർ പഠിപ്പിച്ച രണ്ടുപേരാണ് സ്ഥലം എം.എൽ.എ മാരായതും അതിലൊരാൾ മന്ത്രിയായതും. കൊച്ചുഗ്രാമത്തിലെ കൊച്ചുവിദ്യാലയത്തിൽ നിന്ന് സിവിൽ സർവിസ് നേടിയത് അഞ്ചു പേര്. അവർ സെക്രട്ടറിയേറ്റിലും കേന്ദ്രത്തിലും പോലീസ് വകുപ്പിലും വിദേശ സർവീസിലും ഉന്നതസ്ഥാനങ്ങളിലെത്തി. ഡോക്ടർമാരും എഞ്ചിനീയർമാരും നിരവധി. മതമേലദ്ധ്യന്മാരായിത്തീർന്നവർ രണ്ടു പേർ. സംസ്ഥാനത്തെ രണ്ണ്ടു പത്രങ്ങളുടെ എഡിറ്റർമാർ ആ സ്കൂളിൽ നിന്ന് ജയിച്ചു പോയവരാണ്. നാടിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ തുടരെ തുടരെ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച് പേക്കൂത്ത് നടത്തുന്ന ചാനൽ പ്രവർത്തകർ വേറെ. അദ്ധ്യാപകരുടേത് വലിയ ഒരു നിരയാണ്. അമേരിക്ക, ജർമ്മനി, യൂ.കെ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഒട്ടനവധി. പിന്നെ രാജ്യത്തിന്റെ അതിർത്തി കാക്കുന്നവർ, ശാസ്ത്രജ്ഞർ, കേറ്ററിംങ്ങു സെർവീസുകാർ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്ന് വേണ്ട പെൻഷൻ പറ്റിയ നാളു മുതൽക്ക് സഹായിയായി എത്തിയ ജോർജ് വരെയുണ്ട് ടീച്ചറിന്റെ വിദ്യാർത്ഥികളായി വളർന്ന് വലുതായവർ.
നാലഞ്ചു മാസം മുൻപാണ് ടീച്ചറിന്റെ നൂറാം പിറന്നാൾ ആഘോഷമായി കൊണ്ടാടുന്നതിനെ പറ്റി ആലോചിക്കുവാൻ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേര്ന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമ്മിച്ച കൺവെൻഷൻ സെന്റർ ഉദ്ഘടനത്തോടൊപ്പം ആദ്യ പരിപാടിയായി ടീച്ചറിന്റെ ജന്മശതാപ്തി ആഘോഷം കെങ്കേമമായി നടത്തുകയാണെന്ന തീരുമാനം അറിയിക്കുന്നതിന് ചെന്ന മന്ത്രിയോടും സംഘത്തോടും സ്വയമെന്നോണം ടീച്ചർ പറഞ്ഞു:
ആ ദിവസം ഞാനില്ലെങ്കിലോ …?
ടീച്ചർ തന്റെ മരണം മുൻകൂട്ടി കണ്ടിരുന്നുവെന്നു വേണം അനുമാനിക്കാൻ.ടീച്ചറിന്റെ മരണത്തെ വെറുമൊരു മരണമായി റിപ്പോർട്ടു ചെയ്യാനാവില്ല. അതായിരുന്നു പ്രാദേശിക ലേഖകന്റെ ധർമ്മ സങ്കടം. എഡിറ്റർ ടീച്ചറിന്റെ വിദ്യാർത്ഥിയായിരുന്നതിനാൽ മുൻ പേജിൽ തന്നെ വാർത്ത കൊടുക്കാതിരിക്കില്ല. അതിനാൽ ഈ മരണത്തിന് പല പല വിശേഷണങ്ങളാവും വേണ്ടത്. ആച്ചിയമ്മ ടീച്ചർ നിര്യാതയായി , അല്ലെങ്കിൽ ആച്ചിയമ്മ ടീച്ചർ അന്തരിച്ചു എന്നെ തലകെട്ടുകളിൽ അന്തരിച്ചു എന്നു കൊടുക്കുന്നതാവും ഉചിതം. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന ദേശീയ അവാർഡുകൾ നേടിയിട്ടുള്ള ആൾ ആന്തരിക്കാനേ സാധ്യതയുള്ളു. നിര്യാണം കുറച്ചുകൂടി തഴേയുള്ളവർക്കാകുംയോജിക്കുക. മരണം വെറും സാധാരണക്കാർക്കും. പിന്നെ താമസിച്ചില്ല. പ്രാദേശിക ലേഖകൻ കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് കാറിൽ പത്രമോഫീസിലേക്ക് യാത്രയായി.
വിദേശത്തു ജോലിയുള്ള ഇളയമകനും കുടുംമ്പവും എത്തിച്ചേരുന്നതിനായി മൊബൈൽ മോർച്ചറിയിൽ വെച്ച ടീച്ചറിനെ സെമിത്തേരിയിലേക്ക് കൊണ്ടുപോയത് അടുത്ത ദിവസം, അതായത് നൂറാം ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന ദിവസം ഉച്ച കഴിഞ്ഞാണ്. അപ്പൊ കോരിച്ചൊരിയുന്ന മഴയായിരുന്നു. നൂറു വർഷം മുന്പ് ഇതുപോലെ മഴ തകർത്തു പെയ്ത ദിവസമായിരുന്നത്രെ ടീച്ചർ പിറന്നു വീണത്. കല്ലറയുടെ മൂടി അടഞ്ഞ ഏതാണ്ട് അതേ സമയത്തു തന്നെ.
ഭൂമിയിലേക്കെത്തിയ സമയത്തുതന്നെ മണ്ണിലേക്ക് മടങ്ങുക. വലിയൊരു ഭാഗ്യമെന്നാവണം ഇതിനെ വിശേഷിപ്പിക്കേണ്ടത്. പക്ഷെ ടീച്ചർ കഴിഞ്ഞാൽ കുടുംബത്തിലെ ഏറ്റവും പ്രായംചെന്ന അവറാച്ചന് അങ്ങനെയല്ല തോന്നിയത്. വലിയൊരു കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തതയായിരുന്നു മരണ വീട്ടിൽ.
രണ്ടു ദിവസമാ നാട് മുഴുവൻ അവിടെയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ആച്ചിയമ്മ ടീച്ചറെ അവസാനമായി ഒന്ന് കാണുവാനുള്ള തിക്കും തിരക്കും. ആദര സൂചകമായി മൃതശരീരത്തിൽ അർപ്പിച്ച റീത്തുകൾ സെമിത്തേരിയിലേക്ക് മാറ്റാനായി രണ്ട് മിനിലോറികളാണ് വേണ്ടി വന്നത്. അടക്കം കഴിഞ്ഞ് തിരികെയെത്തുമ്പോഴും തിരക്കിന് കുറവുണ്ടായിരുന്നില്ല. ഇരുട്ട് വീണതോടെയാണ് അല്പമൊന്ന് കുറഞ്ഞത്. എന്നിട്ടും സംസ്കാരത്തിൽ പങ്കുകൊള്ളാൻ കൃത്യമയെത്താൻ കഴിയാത്തവർ ഇടവിട്ട് വന്നു കൊണ്ടിരുന്നു. ഒടുവിൽ രാത്രികനത്തതോടെ ആളുകളുടെ വരവ് നിലച്ചു. മരണവീടിന്റെ നിശബ്ദത യായിരുന്നു ഇരുട്ടിനും. പക്ഷെ അവറാച്ചന്റെ മനസ്സ് ഒട്ടും ശാന്തമായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുദിവസത്തെ ക്ഷീണമുണ്ടായിരുന്നിട്ടും അവറാച്ചന് ഉറക്കം വന്നില്ല. ആച്ചിയമ്മയെക്കാള് പത്തു വയസ്സിനിളപ്പുണ്ടായിരുന്നെങ്കിലും വാർദ്ധക്യത്തിന്റെ പ്രശ്നനങ്ങൾ അലട്ടുന്നുണ്ട്. തൊണ്ണൂറാം വയസ്സിൽ അങ്ങനെയില്ലെങ്കിലല്ലേ അതിശയപ്പെടേണ്ടതൊള്ളൂവെന്ന് സ്വയം ആശ്വസിക്കാറുമുണ്ട്. മിലിട്ടറിയിലെ വീരകൃത്യങ്ങളടക്കം അവസരം കിട്ടുമ്പോഴൊക്കെ ഹിന്ദിയിൽ തമാശകൾ പറഞ്ഞ് അതിന്റെ അർത്ഥവും വിശദീകരിച്ച് പൊട്ടിച്ചിരിക്കുന്ന പ്രകൃതക്കാരനായിരുന്നു അവറാച്ചൻ.
പക്ഷെ എന്തുകൊണ്ടോ ഈ നിമിഷം ഒന്നിനെ പറ്റിയും ലാഘവത്തോടെ ചിന്തിക്കാൻ കഴിയുന്നില്ല. ആച്ചിയമ്മയുടെ മരണത്തിലുള്ള ദുഃഖമോ ഒരു പക്ഷെ ഇനി താനായിരിക്കാം പോകേണ്ടതെന്ന ഭയമോ ആയിരുന്നില്ല അതിനുള്ള കാരണം. ആച്ചിയമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യാഖ്യാനിച്ച് നോക്കേണ്ടിയിരിക്കുന്നു എന്ന തീരുമാനയത്തിലാണ് ഒടുവിൽ അവറാച്ചൻ എത്തിചേർന്നത്. നൂറു വയസ്സുവരെ ജീവിച്ചുവെങ്കിലും മനസ്സമാധാനത്തോടെയല്ല ആച്ചിയമ്മ വിടവാങ്ങി പോയിരിക്കുന്നതെന്ന കണ്ടെണ്ത്തലായിരുന്നു ആദ്യത്തേത്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് അതിനുള്ളത്. ഒന്നാമതായി, തലേന്നുവരെ സ്വബോധത്തോടെ സംസാരിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെതിരുന്ന ആച്ചിയമ്മ എടുത്തടിച്ചതു പോലെയാണ് ബോധരഹിതയായി വീണതും മണിക്കൂറുകൾക്കുള്ളിൽ മരണപെട്ടതും. രണ്ടാമതായി ആച്ചിയമ്മയുടെ ശരീരം ശവപ്പെട്ടിയിൽ കിടത്തുമ്പോൽ കാലിന്റെ ഭാഗം നാലോ അഞ്ചോ ഇഞ്ചു നീളത്തിൽ ഒഴിഞ്ഞു കിടന്നിരുന്നു. പെട്ടി ഏർപ്പാടാക്കിയവർക്ക് അളവിന്റെ കാര്യത്തിൽ തെറ്റുപറ്റുയതാവാം.
തുണി കുത്തിത്തിരുകി വെച്ച് നിറച്ചുവെങ്കിലും അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. മൂന്നാമതായി കല്ലറക്കുള്ളിലും പെട്ടി നിറഞ്ഞായിരുന്നില്ല ഇരുന്നത്. ഒത്ത നടുക്കായിവെക്കുമ്പോൾ മുൻപിലും പിന്നിലും വിടവുകൾ…
തന്നോടൊപ്പം പോരാൻ ആർക്കെങ്കിലും ഇടം ഇട്ടു കൊണ്ടുള്ള യാത്രയായിരിക്കുമോ അത് ?
ആണെങ്കിൽ തന്നെ ആരെയാവും കൊണ്ടുപോകാനാഗ്രഹിക്കുന്നത് ? പ്രായത്തിന്റെ കാര്യം നോക്കുമ്പോൾ തന്നെയാവണം ഉദ്ദേശിച്ചിട്ടുണ്ടാവുക. പക്ഷെ സ്വർഗത്തിലേക്കുള്ള യാത്രയിൽ തന്നെ കൂട്ടുവാൻ ആച്ചിയമ്മ ഒരിക്കലും തയ്യാറാവുകയില്ലെന്ന് ഉറപ്പാണ്.
കാരണം ജീവിച്ചിരുന്ന കാലത്ത് ആച്ചിയമ്മയുടെ അമ്മായിയപ്പന്റെ അനിയന്റെ മകനായ താൻ കഴിയാവുന്നത്ര രീതിയിൽ അവരെ ദ്രോഹിച്ചിട്ടുണ്ടല്ലോ. മലേഷ്യൻ തോട്ടങ്ങളിൽ സൂപ്രണ്ടായിരുന്ന അവരുടെ ഭർത്താവ്, തന്റെ പിതൃസഹോദര പുത്രൻ അവിടെ സമ്പാദിച്ചത് മുഴുവൻ ഇവിടെ ഭൂമിയിലാണ് നിക്ഷേപിച്ചിരുന്നത്. മിലിട്ടറിയില് നിന്ന് പെൻഷൻ വാങ്ങി പോന്ന താൻ പുരയിടത്തിന്റെ അതിർത്തിയിലെ കല്ല് മാറ്റി കുറെ ഭാഗം കൈവശപ്പെടുത്തിയത് അകെ പൊല്ലാപ്പായി. വഴക്കും വക്കാണവുമായി കുറേ കാലം കണ്ടാൽ പോലും മിണ്ടാതിരുന്നതിന് ഒരു മാറ്റം വന്നത് പക്ഷാഘാതം ബാധിച്ച് മരിച്ച ആച്ചിയമ്മയുടെ ഭർത്താവിന്റെ ശരീരം നാട്ടിലെത്തിച്ചപ്പോഴാണ്.
പിന്നെ ആച്ചിയമ്മയുടെ ജീവിതം ഒരു സമരമായിരുന്നല്ലോ. പക്ഷെ മാറ്റിയിട്ടു കല്ല് തിരികെയിടുവാൻ എന്തുകൊണ്ടോ തോന്നിയില്ല. എല്ലാം പൊറുത്തുവെങ്കിലും ആച്ചിയമ്മ തന്നോട് മനസ്സുകൊണ്ട് ക്ഷമിച്ചിട്ടില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാൽ തന്നെ ഒപ്പം കൂട്ടുവാൻ ആച്ചിയമ്മ താല്പര്യപെടുന്നില്ലന്ന് കരുതാവുന്നതാണ്. ആ വിശ്വാസം നിശ്ചയമായും ഇപ്പോൾ തന്റെ രക്ഷക്കെത്താതിരിക്കില്ല. മാത്രമല്ല ചരമ പ്രസംഗത്തിൽ ബിഷപ്പ് ഊന്നി പറഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്യുമ്പോഴും അങ്ങിനെയാണ് തോന്നുക. ബിഷപ്പ് ആച്ചിയമ്മയുടെ ശിഷ്യനാണെന്നത് പോകട്ടെ. ഒരു വിശ്വാസ സമൂഹത്തിന്റെ ആകപ്പാടെയുള്ള ഇടയൻ കൂടിയാണല്ലോ .ഇടയൻ വൃഥാ വാക്കുകൾ ഒരിക്കലും ഉപയോഗിക്കില്ല. അത് ശ്രവിച്ച് ജീവിതം ക്രമീകരിക്കുന്നവരെ വഴിതെറ്റിക്കുവാൻ ശ്രമിക്കുകയുമില്ല.
ആച്ചിയമ്മയുടെ മക്കളെയും കൊച്ചുമക്കളെയും ശേഷം ബന്ധുക്കളെയും ആശ്വസിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ബിഷപ്പിന്റെ പ്രസംഗം.
ക്ലേശങ്ങളുടെ ലോകത്തുനിന്നാണ് നമ്മുടെ പ്രിയപ്പെട്ട ഈ മാതാവ് കടന്നുപോയിരിക്കുന്നത്. ഈ രക്ഷപെടൽ ഭൗതികമായ മരണം തന്നെയാണ്. ഓരോ മരണത്തിലും നാമോർക്കേണ്ടത് മഹാ നീതിമാനായ ഇയ്യോബിന്റെ ജീവിതമാണ്. ദൈവത്തിന്റെ വിശ്വസ്തനായിരുന്ന ഇയ്യോബ് അതിസമ്പന്നനായിരുന്നു. ഒന്നാലോചിച്ചു നോക്കിയേ …
ഏഴായിരം ആടുകൾ, മൂവായിരം ഒട്ടകങ്ങൾ, അഞ്ഞൂറ് ജോഡി കാളകൾ, അഞ്ഞൂറ് പേൺ കഴുതകൾ, പിന്നെ എണ്ണമറ്റ ദാസീ ദാസന്മാരും ഏഴു പുത്രന്മാരും മൂന്ന് പുത്രിമാരാലും അനുഗ്രഹിക്കപെട്ടവൻ, പക്ഷെ അദ്ദേഹത്തെ പരീക്ഷിക്കുവൻ ദൈവം സാത്താനെ അനുവദിക്കുന്നു. സമ്പത്തും സന്തോഷങ്ങളും ഒന്നൊന്നായി നഷ്ട്ടപെടുമ്പോഴും ഇയ്യോബ് ദൈവത്തിന് കിഴ്വഴങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ വ്രണങ്ങള് നിറഞ്ഞു. ഭാര്യ അദ്ദേഹത്തെ പഴിച്ചു. ദൈവത്തെ തള്ളിപ്പറയാൻ ആവശ്യപ്പെട്ടു. പക്ഷെ ദൈവനീതിയിലുള്ള തന്റെ വിശ്വാസം ഇയ്യോബ് ആവർത്തിച്ച് ഉറപ്പിക്കുകയാണ് ചെയ്തത്. ആ സന്ധ്യയെപ്പറ്റി നാം ഒരു നിമിഷം ഓർക്കുക. മരുഭൂമിൽ നിന്നും വീശിയ കൊടുംകാറ്റിൽ തകർന്നു വീണ വീടിനുള്ളിൽ പെട്ട് പിടഞ്ഞു മരിക്കേണ്ടി വന്ന ഏഴു പുത്രന്മാരും മൂന്ന് പുത്രിമാരും, അതിനു മുൻപ് സർവ്വ സമ്പത്തും ദുഷ്ട ശക്തിയാൽ കവർന്നിരുന്നു. എല്ലാത്തിനേയും അതിജീവിച്ച ഒരേ ഒരാളായ ഇയ്യോബിന്റെ ഭ്രിത്യൻ ഇക്കാര്യങ്ങൾ അറിയിക്കുമ്പോൾ ഇയ്യോബ് എന്താചെയ്തത്?
എഴുനേറ്റ് തന്റെ അങ്കി വലിച്ചു കീറി. തല മുണ്ഡനം ചെയ്തു. സാഷ്ടാംഗംവീണു നമസ്കരിച്ചു കൊണ്ട് ഇയ്യോബ് പറഞ്ഞു.
‘അമ്മയുടെ ഉദരത്തിൽ നിന്ന് നഗ്നനായി ഞാൻ വന്നു, നഗ്നനായി തന്നെ മടങ്ങുന്നു. കർത്താവ് തന്നു, കർത്താവ് എടുത്തു, കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ.’
ബിഷപ്പിന്റെ പ്രസംഗം കൂടിയിരുന്നവരെ ആശ്വസിപ്പിച്ചുവെങ്കിലും അവറാച്ചനിൽ അത് വല്ലാത്ത ആശയകുഴശപ്പമാണുണ്ടാക്കിയത്. ഇയ്യോബിന്റെ മരണവും ആച്ചിയമ്മയുടെ മരണവും തമ്മിൽ എന്ത് ബന്ധം?
ആകെയുള്ളത് കർത്താവ് തന്നത് കർത്താവ് എടുത്തു എന്നതു മാത്രമാണ്. അതിലാണ് തന്റെ ഊന്നൽ. കർത്താവിന്റെ നാമം വാഴ്ത്തപ്പെടാൻ ഒരു പുതു രക്തത്തെ കൂടെ കൂട്ടണമെന്നതാവണം ആച്ചിയമ്മയുടെ ആഗ്രഹം. അല്പം ഭംഗിയായി ബിഷപ്പ് അത് അവതരിപ്പിച്ചെന്നു മാത്രം. അങ്ങനെയെങ്കിൽ ആരെയാവും ആച്ചിയമ്മ ഉദ്ദേശിച്ചിട്ടുണ്ടാവുക ? അവറാച്ചന് ഇരിപ്പുറച്ചില്ല. വീട്ടിലുള്ളവർ ഓരോ മുറിയിലായി തളർന്നു കിടന്ന് ഉറക്കമാരംഭിച്ചിരുന്നു.
അവറാച്ചൻ ആദ്യം കണ്ട വാതിലിൽ മുട്ടി. കതകു തുറക്കുമ്പോൾ കണ്ണ് തിരുമ്മി സൂസി പുറത്തേയ്ക്കു വന്നു. ആച്ചിയമ്മയുടെ മൂത്ത മകളാണ്. അമ്പരപ്പോടെ സൂസി ചോദിച്ചു : ‘എന്താ അവറാച്ചായാ ?’
‘മോളെ നിനക്കെന്തെങ്കിലും അസുഖമുണ്ടോടീ …?’
സൂസി ഉറക്കപിച്ചിൽ ഒന്ന് ഞെട്ടി.
‘എന്ത് പറ്റി? എന്താ അച്ചായന് അങ്ങിനെ ചോദിച്ചത്?’
‘ഏയ് ഒന്നുമില്ല.. വെറുതെ.. തോമസുകുട്ടിക്കോ ..?’
സൂസി കട്ടിലില് കിടന്നുറങ്ങുകയായിരുന്ന ഭർത്താവിനെ നോക്കി.
അപ്പോള് അവറാച്ചൻ: ‘ഹാർട്ടിന് കുഴപ്പമെന്തെങ്കിലുമുണ്ടോ.?’ അല്ലെങ്കിൽ വല്ല ക്യാൻ സറോ മറ്റോ ?’
സൂസി അന്തംവിട്ട് നോക്കി നിൽ ക്കെ അവറാച്ചൻ നടന്നു നീങ്ങി. അടുത്ത മുറിയുടെ വാതിലിൽ മുട്ടി. ലില്ലി കുട്ടിയാണ് കതകു തുറന്നത്. ആച്ചിയമ്മയുടെ രാമത്തെ മകൾ.
‘ങ് ഹാ …മോളെ ലില്ലിക്കുട്ടി….
നിനക്കോ , നിന്റെ ഭർത്താവിനോ, മക്കൾക്കോ ഗുരുതരമായ എന്തെങ്കിലും അസുഖമുണ്ടോ ? വല്ല ക്യാൻസറോ മറ്റോ …?’
ലില്ലിക്കുട്ടിയും അമ്പരന്നു പോയിരുന്നു. തുടർന്ന് ഇളയമകൾ സോമ, ആണ്മക്കളായ കുഞ്ഞച്ചൻ, കുഞ്ഞുമോൻ,ഈപ്പച്ചൻ അവരുടെ ഭാര്യമാർ തുടങ്ങിയവരോടൊക്കെ അവറാച്ചൻ അതേ ചോദ്യം ചോദിക്കുകയും അവർക്കെല്ലാം ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. അങ്ങിനെ നേരം വെളുപ്പിച്ച അവറാച്ചൻ ഒന്നുറങ്ങിയത് വെട്ടം വീണു തുടങ്ങിയപ്പോഴാണ്. ഒരുറക്കം കഴിഞ്ഞില്ല, കൂട്ടത്തോടെ ഒരു പൊട്ടിക്കരച്ചിൽ കേട്ടാണ് അവറാച്ചൻ ഞെട്ടിയുണർന്നത്. തെക്കേ ചായ്പ്പിൽ ആരൊക്കെയോ കൂടിനിൽ ക്കുന്നു. അടുക്കളക്കാരികളാണ് ഉച്ചത്തിൽ നിലവിളിക്കുന്നത്. അവറാച്ചൻ തിടുക്കത്തിൽ അവിടേക്കു ചെന്നു. അപ്പോൾ ആരോ കരഞ്ഞു കൊണ്ടു പറയുന്നത് കേട്ടു.
ജോർജാണേ…. അവനിന്നലെ ആകെ അവശനായിട്ടാ ഉറങ്ങാൻ കെടന്നത്. കൊച്ചമ്മ അവനെ വിളിച്ചുകൊണ്ടങ്ങു പോയല്ലോ…
തെല്ലൊരാശ്വാസത്തോടെ അവറാച്ചൻ മനസ്സിൽ കരുതി. ആച്ചിയമ്മ ജോർജിനെ വിളിച്ചുകൊണ്ടു പോയിരിക്കുന്നു.
പെൻഷൻ പറ്റിയ നാൾ മുതൽ വീടുംകൂടും വിട്ട് അവർക്കൊപ്പം മകനെ പോലെ നിന്നവനെ അവർ കൂടെ കൂട്ടി. മക്കളും മരുമക്കളും ഒന്നും ഒരിക്കലുമുണ്ടായിരുന്നില്ലലോ കൂട്ടായിട്ട്. മരണത്തിനു തൊട്ടുമുൻപ് ബോധം മറയുന്ന അവസരത്തിലും അവര് വിളിച്ചു കൊണ്ടിരുന്നത് ആ പേര് മാത്രം…
ജോർജേ….. എടാ ജോർജേ…
ചെറുകഥാകൃത്തും സിനിമ തിരക്കഥാകൃത്തും. ടൈപ്പ്റൈറ്റർ (കഥാസമാഹാരം ) പുഞ്ചപ്പാടം കഥകൾ​ (ഹാസസാഹിത്യം),​സൂപ്പർ ജംഗിൾ റിയാലിറ്റി ഷോ​ (ബാലസാഹിത്യം), ഇഷാൻ എന്ന കുട്ടി(നോവൽ) എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന മലയാള ചലച്ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും എഴുതി. പതിനാലു വർഷം ദുബായിൽ സിവിൽ എഞ്ചിനിയറായി ജോലിചെയ്തു. ഇപ്പോൾ സ്വദേശമായ കുട്ടനാട്ടിലെ ചങ്ങങ്കരിയിൽ താമസം. ആർക്കിടെക്റ്റ് കൺസൽട്ടൻറ് ആയി പ്രവർത്തിക്കുന്നു. പാം അക്ഷരതൂലിക പുരസ്കാരം, പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ്, എന്നിവ ലഭിച്ചിട്ടുണ്ട്.