നിറഞ്ഞ ചിരികൾക്കിടയിലേയ്ക്ക്
നേർത്തകരച്ചിലുമായ്..
ചുരുട്ടിയ മുഷ്ടിക്കുള്ളിൽ
കനമുള്ളതെന്തോ കരുതിയും
അടഞ്ഞ കുഞ്ഞുകണ്ണുകളിൽ,
വെളിച്ചത്തിന്റെ –
സ്വപ്‌നങ്ങൾ തിരുകിയും.
ഇഴഞ്ഞും നീന്തിയും.
ജീവിതസാഗരത്തിന്റെ-
നീർച്ചുഴികളിലേയ്ക്ക്..
നേർത്തകരച്ചിൽ..
കാര്യസാധ്യത്തിനുള്ള
വെറും നിലവിളികൾ .
പിച്ച നടന്നും
പിറുപിറുത്തും
പിച്ചകമൊട്ടിറുത്തും
പാഞ്ഞുകയറിയത്
ജീവിതത്തിലേക്ക്.
അക്ഷരലോകത്തുനിന്നും
അച്ചടിത്താളിൽ നിന്നും
ആഹരിച്ചതൊക്കെ
ജീവിതത്തിന്റെ
രുചിഭേദങ്ങൾ.
പാൽമണമുതിർത്ത
ശൈശവ നിഷ്കളങ്കത,
പകർന്നാടിയ
ബാല്യകൗമാര ജീവിതരസങ്ങളിൽ
ചോർന്നു പോയി.
തീക്ഷണ യൗവ്വനം
നിറഞ്ഞാടിയ വസന്തത്തിൽ
മരുഭൂമിയിൽ പോലും
ഉദ്യാനങ്ങൾ നിറഞ്ഞു.
അവിടെ, മഴവില്ലിന്റെ
വർണ്ണക്കുടകളുമായി
തീവ്രപ്രണയം, പിന്നെ
പ്രണയനൊമ്പരം.
പകലിരവുകൾക്ക്
ദൈർഘ്യം കുറഞ്ഞ
ജീവിതസായാഹ്നത്തിൽ,
ജീവിതത്തിന്റെ
പരിഭ്രമിക്കുന്ന പദപ്രശ്നങ്ങളിൽ,
പിറന്നതും
വളർന്നതും
പഠിച്ചതും
രുചിച്ചതും..
എന്തെന്നും എന്തിനെന്നും ഉള്ള
സ്വയം ചോദ്യങ്ങൾ.
ഒച്ചുപോലെ ഇഴയുന്ന
സമയത്തെ ശപിച്ച് …
ഒച്ചകൾ ഒന്നും കേൾക്കാനാവാത്ത
നരച്ച ബാല്യം
വെറുതെ പിറുപിറുക്കുന്നു.
ഒടുവിൽ..
ആറടിത്താഴ്ചയിൽ..
പട്ടടത്തീയിൽ..
ഒഴിഞ്ഞ കയ്യും
സ്വപ്നങ്ങളില്ല മിഴിയടച്ചും
സ്വനപേടകത്തിനുള്ളിൽ
സ്വരം നിലച്ചുമൊരു-
സുഖസുഷുപ്തി.