“ഭൂമിയിലെ യാതൊരു ജന്തുവും ചിറകുകൾ കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവർ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.”
(വി.ഖുർആൻ 6 :30)
പേർഷ്യൻ മിസ്റ്റിക് സാഹിത്യത്തിലെ പ്രശസ്ത കവിയും, ജലാലുദ്ദീൻ റൂമിയുടെ മുൻഗാമിയുമായിരുന്ന ഫരീദുദ്ദീൻ അത്താറിൻ്റെ “മൻത്വി ഖുത്ത്വയ്ർ “, [പക്ഷി സംഭാഷണം] ഐഹിക കാമനകൾ സൃഷ്ടിക്കുന്ന തടസ്സങ്ങളെ ഓരോന്നായി തരണം ചെയ്ത് ആധ്യാത്മിക സാഫല്യത്തിലേക്കെത്തി ചേരുന്ന പക്ഷികളെ കേന്ദ്രപ്രതീകമായി അവതരിപ്പിച്ചു കൊണ്ടുള്ള മനോഹര കാവ്യമാണ്. ദൈവത്തിങ്കലേക്കുള്ള പരീക്ഷണം നിറഞ്ഞ പാതയിൽ ഒരു സൂഫിയുടെ ക്ഷമയോടെയുള്ള യാത്രയുടെ ആധ്യാത്മിക രൂപകമായ പക്ഷിസംഭാഷണത്തിൻ്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് ശ്രീ. സി. പി ഉണ്ണി നാണുനായർ ആണ്. അദർബുക്ക്സാണ് പബ്ളിക്കേഷൻ നിർവഹിച്ചിരിക്കുന്നത്.
ആകാശബന്ധം കൊണ്ടായിരിക്കാം പക്ഷികളെ ആത്മീയ ഔന്നത്യത്തിൻ്റെ ജീവപ്രതീകങ്ങളായാണ് ഉത്തമ സാഹിത്യം എപ്പോഴും പരിഗണിച്ചിട്ടുള്ളത്. മനുഷ്യൻ്റെ ഐഹിക വിമോചനത്തിനുള്ള സമുന്നത മോഹത്തെ പക്ഷികളുടെ ആകാശയാനവുമായി ഫരീദുദ്ദീൻ അത്താർ ബന്ധപ്പെടുത്തുന്നു. ഒരു പറ്റം പറവകളുടെ മോക്ഷ യാത്രയുടെ അനർഘ മുഹൂർത്തങ്ങളെ വർണ്ണിച്ചു കൊണ്ടാണ് ആഖ്യാനം മുന്നേറുന്നത്. ദിവ്യ സന്നിധിയിലേക്കുള്ള പ്രയാണത്തിൽ പക്ഷിക്കൂട്ടം അനുഭവിക്കുന്ന പീഡാനുഭവങ്ങൾ ദൈവ സാക്ഷാത്ക്കാരത്തിനു ശ്രമിക്കുന്ന മനുഷ്യൻ്റെ പ്രാഥമിക ക്ലേശങ്ങളെ പ്രതിനിധീകരിക്കുന്നു. പറവകൾ തങ്ങളുടെ ഖലീഫയെ കണ്ടെത്താൻ ഒരിക്കൽ അനന്ത വിഹായസ്സിൽ വട്ടമിട്ടെത്തുന്നു.
“ജലത്തിനും കരയ്ക്കുമിടയിലെ രഹസ്യങ്ങളെനിയ്ക്കെന്ന പോലെയാർക്കുണ്ടറിവു? ചൊല്ക. സുലൈമാൻ്റെ പടയുടെ മുൻഗാമിയും വിശ്വസ്തനാം സേവകനും ഞാനല്ലാതെ മറ്റാരുമല്ല!
“ഉറച്ചശബ്ദത്തിൽ ഇങ്ങനെപറഞ്ഞത് “ഹുപ്പോ ” [hooope] പക്ഷിയാണ്. ദൈവിക കാര്യങ്ങളിൽ അറിവും വിവേകവും ഉള്ളത് കൊണ്ട് ”ഹുപ്പോ ” യെ തങ്ങളുടെ നേതാവും വഴികാട്ടിയുമായി പക്ഷിക്കൂട്ടം തിരഞ്ഞെടുത്തു.
“സിമുർഗ് ” എന്നാണ് തങ്ങളുടെ ഖലീഫയുടെ നാമമെന്നും, പക്ഷിക്കൂട്ടമാകെ അവനോട് കടപ്പെട്ടിരിക്കുന്നു എന്നും, ഹുപ്പോ പറയുന്നു. യാത്രയുടെ നോവറിയാതെ അവനടുത്തെത്തുക അസാധ്യമെന്നും ,കാഫുമലയ്ക്കപ്പുറത്താണവനെന്നും, അരികിലെങ്കിലും നമ്മളവനകലേത്തന്നെയെന്നും ഹുപ്പോ തുടർന്ന് പറയുന്നു. അവനെ കണ്ടെത്താനായില്ലെങ്കിൽ തങ്ങളുടെ ജീവിതം വൃഥാവിലാണെന്ന് പക്ഷിക്കുട്ടത്തെ ഓർമ്മിപ്പിക്കുന്നുമുണ്ട്.
അപകടം നിറഞ്ഞ ഏഴുതാഴ്വരകൾ താണ്ടിവേണം യാത്ര പൂർത്തിയാക്കുവാൻ. എന്നാൽ യാത്രാമധ്യേയുള്ള പ്രയാസ്സങ്ങളെയും അപകടങ്ങളേയും കുറിച്ച് ഹുപ്പോ വിശദീകരിച്ചപ്പോൾ പക്ഷികൾ ഒന്നൊന്നായി ഓരോരോ കാരണങ്ങൾ പറഞ്ഞ് യാത്രയിൽ നിന്ന് പിൻവാങ്ങുകയാണ്. ആദ്യമായി വാനമ്പാടി ചിറകിടച്ചു കൊണ്ട് പറഞ്ഞു താൻ റോസിനെ അഗാധമായി പ്രണയിക്കുന്നു അതു കൊണ്ടു തന്നെ റോസാമലരിനെ പിരിയാൻ തനിക്ക് സാധ്യമല്ലെന്നും, താൻ തടവറയിലാണെന്ന് തത്തമ്മയും, ജലം ഉണ്ടെങ്കിലേ തനിക്ക് സന്തോഷം ഉണ്ടാകൂ എന്ന് താറാവും, താൻ നടക്കാൻ ശീലിച്ച പൊയ്കയെ വെടിയില്ല എന്ന് കൊക്കും, തിത്തിരിപക്ഷിയാകട്ടെ തനിക്ക് മലകളെ ഒഴിച്ചുകൂടാനാവില്ലയെന്നും, രാജാവിൻ്റെ കൈത്തണ്ടയിൽ ഇരിക്കുമ്പോഴുള്ള പ്രതാപം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ല എന്ന് പ്രാപ്പിടിയനും യാത്രയിൽ നിന്ന് ഒഴിയാനുള്ള കാരണം പറഞ്ഞു.
പക്ഷികളുടെ ഈ ഒഴിവുകഴിവുകൾ ദൈവത്തെ പിൻതുടരാനുള്ള മനുഷ്യൻ്റെ ദൗർബല്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
തുടർന്ന്,
“ഒരു ദിനം സിമർഗു തിൻമുഖപടംമാറ്റി;മുഖ-
മരുണനെപ്പോലെയെങ്ങും കിരണം വീശി,
കിരണങ്ങളവയത്രേ ഖഗങ്ങളായ് ചമഞ്ഞതു-
മറിയുക; അവൻ തന്നെ നിങ്ങളായതും !”
എന്നിങ്ങനെ യഥാർത്ഥത്തിൽ പക്ഷികളെല്ലാം തന്നെ സിമുർഗിൻ്റെ സത്തയിൽ ഉൾച്ചേർന്നവരാണെന്നും, ഹൃദയമുകരത്തിലേക്ക് ചുഴിഞ്ഞു നോക്കിയാൽ നാഥനാകും സിമുർഗിനെ കണ്ടെത്തിടാമെന്ന പകൽ പോലെ തെളിവേറിയ രഹസ്യം വിഹംഗ രാജൻ പറവക്കൂട്ടത്തെ അറിയിക്കുന്നു. ഇതു കേട്ട് പതിന്മടങ്ങ് ഉത്സാഹത്തോടെ വിഹഗങ്ങൾ യാത്രയ്ക്ക് തയ്യാറായെങ്കിലും ദുർഘടങ്ങൾ മറികടക്കാൻ തങ്ങൾക്കാകില്ലയെന്ന് ശങ്കിക്കുകയാണവർ.
‘പ്രേമിക്കുവോർ ത്യജിക്കുമെന്തും!
അവശ്യമായ് വന്നീടുകിലാത്മത്തേയും’
എന്നിങ്ങനെ പറഞ്ഞു കൊണ്ട് ഖഗശ്രേഷ്ഠൻ, പരമമാം പ്രണയത്തിൻ്റെ ശക്തിയെ സംശയിക്കേണ്ടതില്ല എന്നും, ഐഹികമോ പാരത്രികമോആയ എന്തിനെങ്കിലും വേണ്ടി ദൈവാരാധന നടത്തുന്നവർ അവനവനെത്തന്നെയാണ്, ദൈവത്തെയല്ല ആരാധിക്കുന്നതെന്നും, സ്വാർത്ഥ താത്പര്യങ്ങളെല്ലാം ത്യജിക്കുന്നവനേ ദൈവത്തെ ആരാധിക്കുന്നുള്ളുവെന്നും ഓർമിപ്പിക്കുന്നു. എല്ലാ വിഭ്രാന്തികളുമകന്നുപോയി ആഹ്ളാദത്തോടിരിക്കാൻ സിമുർഗിൻ്റെ അസ്തിത്വത്തിലുറച്ചു വിശ്വസിച്ച് അവനെ നേടുവനായി പക്ഷിക്കൂട്ടത്തെ യാത്രയ്ക്ക് തയ്യാറാക്കുകയുമാണ് ഹുപ്പോ.
തുടർന്ന് പക്ഷിക്കൂട്ടം സപ്തതാഴ്വരകൾ താണ്ടി ദൈവനഗരിയിലേക്കുള്ള തീർത്ഥയാത്ര തുടങ്ങുകയാണ്.
ഒന്നാമത്തെ താഴ്വര അന്വേഷണത്തിൻ്റേതാണ്. നൂറു കണക്കിന് പ്രതിബന്ധങ്ങൾ മുമ്പിലുണ്ടാവും. അഹോരാത്രം പരിശ്രമവും, പരിത്യാഗവും, വേണ്ടിവരും. ആത്മീയമായ അഭിലാഷം പതിന്മടങ്ങാവുമ്പോൾ ശാശ്വതസത്യത്തിൻ്റെ കവാടത്തിൽ അവിശ്വാസവും വിശ്വാസവുമൊന്നുതന്നെറിയുന്നു.
പ്രേമത്തിൻ്റെ താഴ്വരയാണ് രണ്ടാമതായി താണ്ടേണ്ടത്. യാത്രികൻ്റെ ആത്മാവ് തൻ്റെ പ്രണയിയെ കണ്ടെത്തുവാനുള്ള ആഗ്രഹത്തിൻ്റെ അഗ്നിയാൽ സ്വയം ഇല്ലാതാക്കപ്പെടുന്നു. ഇവിടെ നന്മതിന്മകളില്ല, യുക്തിയുമില്ല, തീയിനു പുകയെന്ന പോലെയാണ് സ്നേഹത്തിനു യുക്തി. അന്നേവരെ അനുഭവിച്ചിരുന്ന നൂറായിരക്കണക്കിന് ജീവിതങ്ങളെ വലിച്ചെറിയാൻ അനശ്വരമായവനോടുള്ള പ്രണയം നിമിത്തം അവൻ നിർബന്ധിതനാകുന്നു.
‘സ്നേഹത്തിൻ്റെയുദാരമാം പീഠത്തിലേറുവോനൊരു
നൂറായിരം ഹ്യത്തു വേണം പരിത്യജിക്കാൻ’!
ജ്ഞാനത്തിൻ്റെ താഴ്വരയാണ് മുന്നാമതായി വരുന്നത്. ആദ്യന്തങ്ങളില്ലാത്തതും കടന്നു പോകാനേറേ പ്രയാസമേറിയതുമാണ് ഈ താഴ് വര. ഓരോരുത്തരും തങ്ങളുടെ ആത്മീയശേഷിയ്ക്കനുസരിച്ച് പ്രബുദ്ധത കൈവരിക്കുന്നു. ഇവിടെ തത്വജ്ഞാനത്തിൻ്റെ സൂര്യൻ പ്രകാശിച്ചു നില്ക്കുന്നു. എല്ലാ നിഗൂഢതകളുടെ ചുരുളും അഴിയുന്നു. പൂർണ്ണമായും മനസ്സിലാക്കിയവർ പിന്നെ സ്വന്തത്തെ കാണുകയില്ല.
വേർപാടിൻ്റെ താഴ്വരയാണ് പിന്നീട്. അത് നിസ്സംഗതയുടേയുമാണ്. ഇഹലോകം വെറുമൊരു പുൽക്കൊടി മാത്രമെന്നറിയുന്നു.
“ഭയക്കുന്നതെന്തിനു നാം സർവ്വനാശം ഭവിക്കുകി –
ലുലകിനെ രക്ഷിപ്പവനില്ലയോ കൂടെ ” ?
അഞ്ചാമത്തെ താഴ്‌വര ഏകത്വത്തിൻ്റെതാണ്. ഇവിടെ ജീവിതവും മരണവും വ്യത്യാസങ്ങളില്ല, കാലവും അനശ്വരതയും ഒന്നായി തീരുന്നു. മഴത്തുള്ളി സാഗരത്തിൽ പതിക്കവേ ആഴിയായി തീരുമെന്നതു പോലെ, എല്ലാം ഒന്നായി മഹാ പ്രണയം മാത്രമാകുന്നു.
അമ്പരപ്പിൻ്റെയും നടുക്കത്തിൻ്റേയും താഴ്വരയാണ് ആറാമത്, പരമമായ ഏകത്വത്തെ ഉൾക്കൊണ്ട യാത്രികൻ സർവ്വവും മറക്കുന്നു. താനാരെന്നും, വിശ്വാസിയാണോ അവിശ്വാസിയാണോ, പ്രകടമാണോ, മറഞ്ഞിരിക്കുകയാണോ, ഒന്നുമറിയില്ല! പ്രണയമുണ്ടോ എന്നതുമറിയുന്നില്ല! അവൻ്റെ ഹൃദയം ഒരേ സമയം പ്രണയാർദ്രവും പ്രണയ ശൂന്യവുമായി മാറിയിരിക്കുന്നു!
ഏഴാമത്തെതും അവസാനത്തേതുമായ താഴ്വര എല്ലാ വിധ വിവരണങ്ങളെയും മറികടക്കുന്ന ഉന്മൂലനത്തിൻ്റേതാണ്. അനന്തതയുടെ മഹാസാഗരത്തിൽ ലയിക്കുന്നു. ആ മഹാസാഗരത്തിൽ മുങ്ങുന്നവൻ സ്വന്തം ഉൺയെ പ്രകടമാക്കില്ല. അവൻ ഉണ്ട് എന്നാൽ അവനില്ല!
യാത്രാരംഭത്തിൽ ആയിരക്കണക്കിന് പക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും വെറും മുപ്പത് പക്ഷികൾക്ക് മാത്രമാണ് സിമുർഗിൻ്റെ സന്നിധി പൂകാൻ സാധിച്ചത്. പലർക്കും പ്രാണൻ നഷ്ടമായി. ആ അനുഭവം കാവ്യത്തിൽ ഈവിധം വിവരിക്കപ്പെടുന്നു.
“അവാച്യമായ ആ സാന്നിദ്ധ്യത്തെ
അവർ ദർശിച്ചു.
യുക്തിക്കും ധാരണക്കും ബോധത്തിനും
അതീതമായ ദർശനം
ആ നിറവിൻ്റെ പ്രഭാപുരത്തിൽ
നൂറു ലോകങ്ങൾ ഒറ്റയടിക്ക്
എരിഞ്ഞമരും
നൂറായിരം സൂര്യചന്ദ്രന്മരും
നൂറായിരം താരകങ്ങളും
ആ പ്രഭയിൽ മുങ്ങിപ്പോകും
ഇവയെല്ലാം ഓരോ അണുകണമായി
ഒരുമിച്ചണയും പോലെ.
വിസ്മയപൂർവ്വം അവർ
ആകാഴ്ചയിൽ ആമഗ്നരായി.
സ്ഫടികശുദ്ധമായ ആ പ്രകാശധാവള്യ
ത്തിൽ പക്ഷിക്കൂട്ടം കുലുങ്ങി വിറ
ക്കാൻ തുടങ്ങുകയായി”….
ഒടുവിൽ ഒരു കണ്ണാടിയിലെന്നവണ്ണം അവരുടെ ആത്മാവിൻ്റെ പ്രതിരൂപങ്ങൾ സിമുർഗ്ഗിൽ ദർശിച്ചു. മുപ്പത് പക്ഷികളും പരസ്പരം കണ്ണയച്ചപ്പോൾ തങ്ങളും സിമുർഗ്ഗും ഒന്നു തന്നെയെന്ന അനുഭവബോധം അവരിൽ പ്രശാന്തമായ അനുഭൂതിയായി നിറഞ്ഞു.
ബന്ധനമില്ലായ്മയുടെ ജീവരൂപമായ പറവകളെ പ്രതീകമാക്കി ഉന്നതമായ ആത്മീയ സമസ്യകൾ ചർച്ച ചെയ്യുന്ന മൻതി ഖുത്വയർ പ്രാർത്ഥനയുടെയും പ്രകീർത്തനത്തിൻ്റെയും നൈർമല്യം ആവാഹിക്കുന്ന കൃതിയാണ്. നയ്ശാപൂരിലെ ജ്ഞാനിയായ സൂഫിവര്യൻ ഫരീദുദ്ദീൻ അത്താറിൻ്റെ വിശ്വപ്രശസ്തമായ ഈ കൃതിയുടെ വായന നല്കുന്നആത്മീയാനുഭവം ഉദാത്തവും മഹനീയവുമത്രേ !!