പക്ഷിയിനം പുരുഷൻ

വാരാന്ത്യം ആയതിനാലാകണം നഗരത്തിനിത്ര തിരക്ക്. പൊടിക്കാറ്റിന്റെ ചടച്ച താളത്തിനൊത്ത് പാറുന്ന കർട്ടനുകൾക്കുമുന്നിൽ ബാൽക്കണിയുടെ കൈവരിയിലൂന്നി നിന്നുകൊണ്ട് ഞാൻ നഗരത്തെ നോക്കുമ്പോൾ, ഇരുവശത്തുമുള്ള കോൺക്രീറ്റുകാടിനെ നെടുകെപിളർത്തുന്ന ആറുവരിപ്പാതയാണ് കാണുന്നത്. നോക്കെത്താദൂരത്തെവിടെയോ നേർത്തുനേർത്തൊടുങ്ങാനായി നീണ്ടുകിടക്കുന്ന റോഡിൽനിന്നും അതിൻ്റെ കരകളിലുള്ള കെട്ടിടക്കൂട്ടങ്ങളിലേക്ക് ഞാൻ കണ്ണയയ്ക്കുമ്പോൾ, നോട്ടംതട്ടുന്ന ഓരോ കെട്ടിടത്തിന്റെയും ജനാലച്ചതുരങ്ങൾക്ക് പറയാനുണ്ടായിരുന്നത് ഉൾനീറ്റലുകളും ഉൾപ്പുളകങ്ങളും തീർക്കുന്ന പല പല വികാരങ്ങൾ തിങ്ങിവിങ്ങുന്ന കഥകളായിരുന്നു. കഴിഞ്ഞകാലങ്ങളിൽ പലപ്പോഴായി ഈ ജനാലകൾ പറഞ്ഞുതന്ന കഥകളിട്ട് കോടകലക്കിയ കുടങ്ങളിൽ നിന്നുമാണ് ഞാനെൻ്റെ കവിതകളോരോന്നും വാറ്റിയെടുത്തിരുന്നത്. ഇനിയുമൊരു ആയിരംകുപ്പി കവിതകൾ നിറച്ചുമാറ്റിയാലും കഥകളുടെ ഈ കോടക്കുടങ്ങൾക്ക് വരൾച്ച തീണ്ടില്ല.

ചുണ്ടിലെരിയുന്ന ചുരുട്ടിൽനിന്നുമുയരുന്ന പുകയുടെ ഇരട്ടവരയ്ക്കുള്ളിൽ എന്റെ ചിന്തകളെ ഉരുട്ടിയെഴുതി നിറച്ചുകൊണ്ടിരിക്കെയാണ്, എനിക്കു പിന്നിലായുയർന്ന കാലടിശബ്ദംകേട്ട് ഞാൻ തിരിഞ്ഞുനോക്കിയത്. സെലസ്റ്റീനയാണത്. പോയവാരം തെരുവിന്റെ മടക്കുകളിലൊന്നിൽനിന്നും എന്റെയൊപ്പം കൂടിയവൾ.

സ്ട്രീറ്റ്‌ലൈറ്റിന്റെ ചുവട്ടിലിരുന്ന്, തണുപ്പിച്ച ബിയർ വിൽക്കുന്ന മഷെറാനോയിൽനിന്നും കഴിഞ്ഞ ഒരുമാസക്കാലം കടംപറ്റിയ കള്ളിന്റെ കണക്കുതീർത്ത് മടങ്ങാനായ് ഒരുങ്ങുമ്പോഴാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. അവളൊന്ന് ചിരിച്ചു. ഞാനും.
സെലസ്റ്റീനാ എന്നവൾ പേര് പറഞ്ഞു. വിളിക്കാനെളുപ്പത്തിന് സെലറ്റ് എന്ന് ഞാൻ ചുരുക്കി.
മുഷിഞ്ഞതല്ലെങ്കിലും അയഞ്ഞതും കാറ്റിൽ പാറുന്നതുമായ എന്റെ വേഷവും വല്ലാത്ത കോലവും കണ്ടിട്ടാകണം, എന്റെകൂടെ പോരുന്നതിനുമുൻപ് കൈയ്യിലെത്ര പണമുണ്ടെന്നവൾ തിരക്കിയത്. മഷെറാനോയുടെ നേർക്ക് പോക്കറ്റിൽ മിച്ചമുണ്ടായിരുന്ന കാശത്രയും എടുത്തുനീട്ടി— മൂന്നു ക്യാൻ ബിയറിനുള്ളതേ ഇപ്പോൾ കൈയ്യിലുള്ളെങ്കിലും, വിറ്റുതീരുന്ന പുസ്തകങ്ങളുടെ റോയൽറ്റിയിനത്തിൽ അടുത്തയാഴ്ച ഇത്തിരി കാശുകിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ മറുചോദ്യങ്ങളൊന്നുംതന്നെ തൊടുത്തില്ല.

കാഴ്ചയ്ക്കൊരു നീതിമാന്റേതായ ഭാവമേതുമില്ലാത്തവനായ എന്റെയീ മുഖത്തുനിന്നും ഇത്തരമൊരു വാചകം കേട്ടാൽ, അവളുടെ ഗണത്തിൽപ്പെട്ട മറ്റു പെണ്ണുങ്ങളിൽനിന്നും പ്രതീക്ഷിക്കാവുന്നൊരു പ്രതികരണമായിരുന്നില്ല സെലറ്റിൽ നിന്നുമുണ്ടായത്. ഐസുകട്ടകൾക്കിടയിൽ പൂഴ്ത്തി വച്ചിരുന്നവയിൽനിന്നും മഷെറാനോ എടുത്തുനീട്ടിയ ബിയർക്യാനുകൾ ഓരോന്നായി വാങ്ങി തന്റെ ഹാന്റ്ബാഗിലേക്ക് ഇട്ടശേഷം എന്റെകൂടെ പോരാൻ തുടങ്ങുമ്പോൾ അവൾ ചോദിച്ചു,
“ഓരോ ക്യാൻ വീതം നമ്മളിരുവരും കുടിച്ചുകഴിയുമ്പോൾ, മിച്ചമുള്ള മൂന്നാമത്തെ ക്യാൻ ബിയറിനായി നീ വാശിപിടിക്കുമോ..?”
ഞാനൊന്നും പറയാതെ, ചെറുതായി ചിരിക്കുക മാത്രം ചെയ്തു.
അവളും ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. “വാശിപിടിക്കരുത്. അത് നമുക്ക് ലൗ-സിപ്പ് ചെയ്യാനുള്ളതാണ്.”
ഞാൻ വാശിപിടിച്ചില്ല. അവളെ അനുസരിച്ചു.
അന്നുരാത്രിയിൽ മൂന്നാമത്തെ ക്യാൻ ബിയറിൽ തുടങ്ങിയ ലൗ-സിപ്പുകൾ ആറ് രാവുകളും അത്രതന്നെ പകലുകളും പിന്നിടുന്നതുവരെ നീണ്ടുനിന്നു. ഈ ദിനരാത്രങ്ങൾക്കിടയിൽ പലപല വഴിമടക്കുകളിലൂടെയും ഇടനിരത്തുകളിലൂടെയും അവളെന്നെ കൈപിടിച്ചുനടത്തി. പകലിരവുകളെന്ന ഭേദമില്ലാതെ, കൊട്ടിത്തഴമ്പുവീണ തുകൽവാദ്യങ്ങളിൽ വിരൽ തട്ടിച്ച് താളമിടുവിച്ചു. താളപ്പിഴകൾമാത്രം വരുത്തിയിരുന്ന എനിക്ക് താളപൊരുത്തങ്ങളോടെ മേളം കൊഴിപ്പിക്കുന്നവിധം അവൾ പഠിപ്പിച്ചുതന്നു. മുറ്റിനിന്ന കരിമേഘക്കെട്ടുകൾ വകഞ്ഞുമാറ്റി പൂർണ്ണചന്ദ്രബിംബത്തെ കാട്ടിത്തന്നു. തെളിനിലാവ് വിതറുമ്പോഴും ഇന്ദുഗോളത്തിനേറ്റ കളങ്കങ്ങളുടെ കാരണങ്ങൾ പറഞ്ഞുതന്നു. ഒരുപാട് കരഞ്ഞു. അതിലേറെ ചിരിച്ചു. ചിരിച്ചതിലുമധികം കിതച്ചു.

ഇന്ന് അവൾ പോവുകയാണ്.

നിലത്ത് വീണുകിടന്ന വസ്ത്രങ്ങൾ വാരിയെടുത്ത് മാറുമറച്ചുകൊണ്ടവൾ എന്നേനോക്കി ഒന്ന് ചിരിച്ചു. എനിക്കെന്തുകൊണ്ടോ ചിരിക്കുവാൻ കഴിഞ്ഞില്ല. ഞാൻ വീണ്ടും പുറത്തേക്ക് നോട്ടംതിരിച്ച് നിന്നു. കൈയ്യിലെടുത്ത തുണികൾ കിടക്കയിലേക്കിട്ട്, ഉടുത്തുമുഷിഞ്ഞ എന്റെയൊരു ലുങ്കികൊണ്ട് മുലക്കച്ചകെട്ടി എന്റെയരികിലേക്ക് അവൾ വന്നു.

“എന്തേ ചിരിക്കാത്തത്..?” അവൾ തിരക്കി.
“ഒന്നുമില്ല.”
“ഒന്നുമില്ലേ..?”
“ഇല്ല.”
“എന്തെങ്കിലും വിഷമമുണ്ടോ..?”
“ഇല്ലന്നേ.”
“പിന്നെന്തു പറ്റി..?”
“അറിയില്ലടോ. ഇതൊരു വിഷമമാണോ എന്നൊന്നും എനിക്കറിയില്ല. അല്ലെങ്കിൽ, ഈ അവസ്ഥയെ എന്തുപേരിട്ട് വിളിക്കണമെന്ന അറിവില്ലായ്മയുമാകാം. നമ്മൾ ഇനിയുമെന്നായിരിക്കും വീണ്ടും കാണുകയെന്ന് ഓർത്തപ്പോൾ…”
“നമ്മൾ ഇനിയും കാണും. ഒരിക്കൽകൂടി.”
“എന്ന്..?”
“ഇന്നലെ ഉറങ്ങും മുൻപ്, എന്നെക്കുറിച്ചുള്ളതാണെന്ന് പറഞ്ഞ് നീയൊരു കവിത ചൊല്ലിയില്ലെ. ഏതെങ്കിലുമൊരു മാഗസിനിൽ എന്നെങ്കിലുമൊരിക്കൽ ആ കവിത അച്ചടിച്ച് വന്നാൽ, അന്ന് അതിന്റെ ഒരു കോപ്പിയുമായി ഞാൻ വരും. നിന്റെ കൈയ്യൊപ്പ് വാങ്ങാൻ.”

ഇന്നലത്തെ ഇരവിൽ ഇവളെയൊന്ന് രസംപിടിപ്പിക്കാനായി ചൊല്ലിയ വരികളാണവ. ഇന്നോളം ഞാൻ കുത്തികുറിച്ചവയിലെ മോശം കവിതകളിൽ ഒരെണ്ണം. പടച്ചുവിട്ട എനിക്കുതന്നെ മതിപ്പില്ലാത്തത്. പിന്നെങ്ങനെയാണ് ഏതെങ്കിലുമൊരു മാഗസിനിൽ അത് മഷിപ്പെട്ടുവരിക. എങ്കിലും അവൾക്കുവേണ്ടി മുഖത്ത് ഞാനൊരു ചിരി വരുത്തി. ആ കവിത ഒരിക്കൽക്കൂടി ചൊല്ലിക്കൊടുക്കാമോ എന്ന് എന്നോടവൾ ചോദിച്ചു.

എനിക്ക് സന്തോഷമേ ഉണ്ടായിരുന്നൊള്ളു. എരിയുന്ന ചുരുട്ട് ഒരിക്കൽകൂടി ഊന്നിവലിച്ച്, കുറ്റി പുറത്തേക്കെറിഞ്ഞശേഷം ഞാനൊന്ന് മുരടനക്കി. പിന്നെ അവൾക്കുവേണ്ടി ആ കവിത ചൊല്ലി.

“സജലമീ മിഴികളിൽ മൃദുതരം മൗനം
വിജനവീഥികളുടെ നിയതിപോലെ
പിടയുമൊരു വാക്കിനാലെങ്കിലും
തടയാതുടയ്ക്കാതെ നീ മരുവീടവേ
പകുത്തേകിയതിലൊരുതുടം ജീവൻ
തേകുവാനിട തൂകാതെ, തളിർക്കാതെ
ഓരോരാവിലും തെരുപ്പിടിപ്പിച്ചതത്രയും
ആരോ കുടഞ്ഞിട്ടുപോയ ഉന്മാദശേഷിപ്പുകൾ,
ഉണർച്ചയുടെ ചെന്തീത്തിണർപ്പുകൾ,
ഉയിരിന്റെ ചീയുംചോരച്ചാലുകൾ.
നീ നിറയുന്ന ഭൂമിതൻ ജലകുംഭങ്ങളിൽ
ആദിജീവൻ തുടിക്കുന്ന ഘനജലദങ്ങളിൽ
പറുദീസകൾക്കപ്പുറം നീ മുളയ്ക്കുന്നു.
അറുതികളില്ലാതെ നീ തളിർക്കുന്നു.
പൊയ്പോയ രാവുകളിലോരോന്നിലും നീ
എന്നിൽ കറുപ്പായലിയുമ്പൊഴും,
കണ്മറ ചൂടിയോരശ്വമായ് ഇരവിലെ
ഉന്മാദവീഥികളിലലയുമ്പോഴും,
ഉണർവ്വിനും നിദ്രയ്ക്കുമിടയിലെ വേളയിൽ
ഉയിരിന്റെ പാതി നീ കവരുമ്പോഴും,
നുരചിതറും അലകളിലോരോന്നിലും നീ
ഉടലുലച്ചെന്നുയിർ തേടുമ്പോഴും,
തിരിതീർത്ത് മനസ്സിൽ വരിയൊത്തുനിർത്തിയ
ഭൂതകാല ചെടിപ്പെരിക്കുമ്പോഴും,
നീയല്ല നീയല്ല നീയല്ലെരിഞ്ഞത്
എന്നിലെ ദുർഗ്രഹ ചിന്തയല്ലോ.
നീ വിശുദ്ധ, രാക്കാടിൻ കലമ്പലിൽ
നീ നിത്യകന്യ, രാക്കിനാമരീചിക.
ഇടറുന്ന നെഞ്ചിലുയിരിടും മോഹനീരാഴിയിൽ
നിന്നേ തിരഞ്ഞവർ പാപികൾ, വ്യഭിചാരികൾ.”

മുഖത്തുനിറഞ്ഞൊരു ചിരിയോടെ സെലറ്റ് എന്നെ ഒരിക്കൽക്കൂടി ഗാഢമായി ചുംബിച്ചു. അപ്പോൾ മുറിയുടെ കോളിംഗ്ബെൽ ശബ്ദിച്ചു. പ്രസാധകന്റെ ആഫീസിൽ ജോലിനോക്കുന്നൊരു വൃദ്ധനായിരുന്നു അത്. എമിലിയോ. എല്ലാമാസവും പതിമൂന്നാം തീയതി അയാൾ കൃത്യമായി പണമെത്തിക്കും. ഒരുമാസക്കാലത്തേക്ക് വിലകുറഞ്ഞ കള്ളുകുടിച്ച് കരൾ പഴുപ്പിക്കാനും, നെഞ്ച് നീറുവോളം ചുരുട്ട് വലിക്കാനും, സെലറ്റിനെപ്പോലെ ഒപ്പംകൂടുന്ന പെൺദേഹങ്ങളിൽ അഭിഷേകം ചെയ്യാനുമുള്ള പണം.

എമിലിയോ നീട്ടിയ കവർ വാങ്ങി, അതിലടങ്ങിയ നോട്ടുകളിലെ ഒരു താളെടുത്ത് ഞാൻ അയാൾക്കു നൽകി. ഈ നക്കാപ്പിച്ചയുടെ ആവശ്യമൊന്നും അയാൾക്കില്ലെങ്കിലും, കൃത്യമായി പണമെത്തിച്ചുതരുന്നതിലുള്ള സ്നേഹത്തെ പണത്തിന്റെ ഒരു താളിലേക്ക് ആവാഹിച്ച് ഞാൻ നൽകും. അങ്ങനെ നൽകുന്നതിനൊരു കാരണവുമുണ്ട്.

കുറച്ചുകാലം മുൻപാണ്. ഈ ഒറ്റമുറി ഗുടുസ്സിലിരുന്ന് വേരിറങ്ങിയ ഒരിക്കൽ, പുറത്തേയ്ക്കൊന്നിറങ്ങി ചുറ്റിനടന്നിട്ടുവരാമെന്ന് ഞാൻ തീരുമാനിച്ചു. കാൽനടയാണ് എനിക്കേറ്റവുമിഷ്ടം. നഗരത്തിന്റെ ഇടുങ്ങിയ ഇടനാഴികളിലൂടെയും, തിരക്കേറിയ നിരത്തുകളിലൂടെയുമൊക്കെ കറങ്ങിനടന്ന് ഒരുവിധം കാഴ്ചകളൊക്കെ കണ്ടുതീർത്തിരുന്ന ഞാൻ അന്നുപോയത് നഗരാതിർത്തിയിലേയ്ക്കായിരുന്നു. അവിടെ കെട്ടിടക്കൂട്ടങ്ങളില്ല, ജനത്തിരക്കില്ല, വാഹനങ്ങളുടെ കൂട്ടയോട്ടവുമില്ല. അവിടെയുള്ളത് കുറേ മരങ്ങളും, പച്ചിലപ്പൊന്തകളും, വലിയൊരു തടാകവുമാണ്. പുതുതായി അവിടേയ്ക്ക് ചെന്നെത്തുന്നൊരുവന് ദൂരക്കാഴ്ചയിൽ അങ്ങനൊരു തടാകമുള്ളതായി തോന്നുമോ എന്നത് എനിക്കൊരു സംശയമാണ്. കാരണം, പ്രധാന പാതയിൽനിന്നും തടാകംവരെയുള്ള അരകിലോമീറ്ററോളം ദൂരത്തിൽ ഇടതൂർന്ന് നിൽക്കുന്ന ഹരിതമേഖലയാണ്. ഓക്കും, ബീച്ചും, ഒലിവും, പൈനും, മേപ്പിളും, യൂക്കാലിപ്റ്റസുമൊക്കെ ഇഞ്ചോടിഞ്ച് ഉരുമിനിൽക്കുന്ന ഈ പച്ചപ്പിന്റെ പട്ടയ്ക്കുള്ളിലാണ് അലെസ്സാന്ദ്രോ ദദ്ദാരിയോയുടെ കണ്ണുകൾപോലെ നീലിച്ചുകിടക്കുന്ന തടാകം. തടാകത്തിനു നടുവിലായി ഒട്ടേറെ പക്ഷികൾ പാർക്കുന്നൊരു തുരുത്തും.

തടാകത്തിന്റെ കരയിലൂടെ കറങ്ങി നടന്നും, വിളഞ്ഞുനിന്ന ഒലിവിൻ കായ്‌കളിൽ ചിലത് പറിച്ചുതിന്നും, കൂട്ടമായും അല്ലാതെയും പാറിവന്ന് മീനുകളെ കൊത്തിയെടുത്ത് പായുന്ന കൊറ്റികളെ നോക്കിയും, വെള്ളപ്പരപ്പിലൂടെ കല്ലുകൾ തെറ്റിച്ചും, പിന്നെ കുറേനേരം വെറുതെ കുത്തിയിരുന്നുമൊക്കെ നേരമൊരിത്തിരി കഴിഞ്ഞപ്പോൾ തുരുത്തിലേക്കൊന്ന് പോയാലോ എന്നൊരു തോന്നൽ എന്നിലുണ്ടായി.

കാഴ്ചയ്ക്ക് അതിഭയങ്കരനൊരു തടാകമാണെങ്കിലും, ഭയപ്പെടേണ്ടത്ത്ര ആഴമൊന്നും അതിനുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. വളരെ വ്യക്തമായിത്തനെ അടിത്തട്ട് കാണാവുന്ന വെള്ളക്കെട്ടിലൂടെ ഞാൻ മെല്ലെയങ്ങ് നടന്നു. ഇക്കരയിൽനിന്നും തുരുത്തുവരെയുള്ള ദൂരത്തിന്റെ ഒത്തനടുക്കുള്ള ആഴമേറിയ ഇടത്തിന്, എന്റെ കഴുത്തൊപ്പമേ താഴ്ചയുണ്ടായിരുന്നൊള്ളു. അവിടെയെത്തിയപ്പോൾ മാത്രമാണ് അല്പമൊന്ന് നീന്തേണ്ടതായി വന്നത്.

എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് തുരുത്തിനുള്ളിലെ കാഴ്ചയാണ്. തടാകത്തെപ്പറ്റി പറഞ്ഞതു പോലെതന്നെയാണ് തുരുത്തിന്റെയും അവസ്ഥ. തടാകക്കരയിൽനിന്നും നോക്കിയാൽ കുറേ മരങ്ങൾ തിങ്ങിനിൽക്കുന്നൊരു ചെറിയ ഇടമായി മാത്രമേ തോന്നുകയുള്ളെങ്കിലും, ഈ തുരുത്തൊരു വിസ്മയലോകമാണ്. മരങ്ങൾക്കിടയിലൂടെ നടന്ന് ഉള്ളിലേക്ക് ചെന്നപ്പോൾ തുരുത്തിനുള്ളിലായും ഒരു വെള്ളക്കെട്ട് കണ്ടു. ഇന്ദ്രനീലം ഉരുക്കിയൊഴിച്ചതുപോലുള്ള തെളിവെള്ളക്കെട്ടിന്റെ ഇറമ്പിൽ വളർച്ചമുരടിച്ച്, ചുവടുവണ്ണമേറിയൊരു ഒലിവുമരം വെള്ളത്തിലേക്ക് ചാഞ്ഞ് പന്തലിച്ചുനിൽപ്പുണ്ട്. അതിനുചുറ്റുമായി പല വർഗ്ഗങ്ങളിൽപ്പെട്ട ഒട്ടേറെ പക്ഷികളും, വലുതും ചെറുതുമായ കുറെയേറെ അണ്ണാറക്കണ്ണന്മാരും, എലികളും, വെള്ളത്തിൽനിന്ന് മേലേയ്ക്ക് കയറിവന്ന കുറേയേറെ ആമകളും അവരവർക്കാകും വിധം ഉറക്കെ ചിലച്ചുകൊണ്ട് വട്ടംചുറ്റി പറക്കുന്നു…, നടക്കുന്നു…, നീന്തിത്തുടിക്കുന്നു. വെള്ളക്കെട്ടിനുള്ളിലെ ചിലയ്ക്കാൻ കഴിവില്ലാത്ത മീനുകളൊക്കെയും ഉയർന്നുചാടി വെള്ളത്തിനുമീതെ ദേഹംതല്ലിവീണ് ഒച്ചയുണ്ടാക്കുന്നു. കണ്ണിലൂടെ കുളിരൊഴുക്കുന്ന ഈ കാഴ്ചകൾ കാൺകെ, ഭൂമിയിലെ സന്തോഷമത്രയും ആ തുരുത്തിന്റെ ചെറുവൃത്തത്തിനുള്ളിലേക്ക് ചുരുങ്ങിയതുപോലെയാണ് എനിക്കു തോന്നിയത്.

അല്പംകൂടി അരികിലേക്ക് ചെന്നപ്പോഴാണ് അവയൊക്കെ വെറുതെ ചുറ്റിത്തിരിയുകയല്ലെന്നും, വളർച്ചമുരടിച്ച ആ മരത്തിനുചുവട്ടിൽ, വെള്ളക്കെട്ടിനെ അഭിമുഖീകരിച്ച് ഇരിക്കുന്ന പ്രായമായൊരു മനുഷ്യനു ചുറ്റുമാണ് ഈ ജന്തുജാലങ്ങളത്രയും വലംവയ്ക്കുന്നതെന്നും ഞാൻ മനസ്സിലാക്കിയത്. മടിയിൽ കരുതിയിട്ടുള്ള ഇല്ലിക്കൂടയ്ക്കുള്ളിൽനിന്നും എടുക്കുന്ന റൊട്ടികൾ ഓരോന്നായി നുള്ളിക്കീറി തന്റെ ചുറ്റുമുള്ള ജീവപ്രാണികൾക്ക് നൽകുകയാണയാൾ. ആ വൃദ്ധൻ എമിലിയോ ആയിരുന്നു.

പ്രസാധകന്റെ ഓഫീസിനുള്ളിൽവച്ച് കണ്ടിട്ടുള്ളതല്ലാതെ പുറത്തൊരിടത്തുവച്ച് എമിലിയോയെ ഞാൻ കാണുന്നത് അന്നാദ്യമായിട്ടായിരുന്നു. പരിചയമുള്ള അയാൾക്കരികിലേക്ക് ഒരുവേള ഞാൻ നടന്നുചെന്നാൽ, അവിടെ കൂടിനിൽക്കുന്ന തുരുത്തിന്റെ മക്കൾ സഭപിരിഞ്ഞു പോയേക്കുമോ എന്ന അശങ്കയാൽ അല്പം ദൂരത്തുകൂടി നടന്ന്, വെള്ളക്കെട്ടിന്റെ മറുവശത്ത് എമിലിയോയ്ക്ക് അഭിമുഖമായി ഞാൻ ചെന്നുനിന്നു. വാസ്തവത്തിൽ അപ്പോഴാണ് അതുവരെ കണ്ട കാഴ്ചയുടെ യഥാർത്ഥ പതിപ്പുകണ്ട് ഞാൻ ഞെട്ടിയത്. നാമെല്ലാം ചെയ്യാറുള്ളതുപോലെ കൂടയിൽ നിന്നുമെടുക്കുന്ന റൊട്ടികളോരോന്നും നുള്ളി നിലത്തേക്കിട്ടു കൊടുക്കുകയല്ല അയാൾ ചെയ്യുന്നത്. അണ്ണാറക്കണ്ണന്മാർക്കും, കിളികൾക്കും, ആമകൾക്കും, മീനുകൾക്കും, എലികൾക്കുമെല്ലാം ഒരച്ഛന്റെ വാത്സല്യത്തോടെ, നുറുക്കിയ റൊട്ടിക്കഷ്ണങ്ങൾ ഓരോന്നായി അയാൾ വായിൽ വെച്ചുകൊടുക്കുകയാണ്.

വിശറിവാലൻ കിളികളിൽ ചിലത് എമിലിയോയുടെ തോളിലും, തലയിലുമൊക്കെ നിന്ന് നൃത്തം വെച്ചുകൊണ്ട് അയാൾ വച്ചുനീട്ടുന്ന റൊട്ടിക്കഷ്ണങ്ങൾ സ്വീകരിക്കുമ്പോൾ, ചില ചെറുകുരുവികളൊക്കെ അയാളുടെ കൈവെള്ളയ്ക്കുള്ളിലിരുന്ന് മൂളിപ്പാട്ടുകൾ പാടിയാണ് കൊത്തിപ്പെറുക്കുന്നത്. പൊന്തിച്ചാടുന്ന മീനുകൾക്കുനേരെ റൊട്ടിനുറുക്ക് എറിയുമ്പോൾ അവയുടെ മത്സരമൊന്ന് കാണാനുള്ള കാഴ്ച തന്നെയായിരുന്നു. അണ്ണാറക്കണ്ണമാരുടെ പരിപാടിയായിരുന്നു ഏറ്റവും കേമം. അവ കൂടയ്ക്കുളിലേക്ക് ഓടിക്കയറുന്നു നുറുക്കുകളുമായി പുറത്തേക്ക് പായുന്നു. ശേഖരിച്ച കഷ്ണങ്ങളിൽ കുറച്ച് എലികൾക്ക് നൽകുന്നു. ഇനിയഥവാ, ഏതെങ്കിലുമൊരു പക്ഷിയ്ക്കൊ ജന്തുവിനോ റൊട്ടി കിട്ടാനുള്ളതായി എമിലിയോയ്ക്ക് തോന്നുകയാണെങ്കിൽ, അവ ഓരോന്നിനെയും തന്റെ അരികിലേക്ക് വരുത്താനായി അയാൾ വിരലിളക്കി ചൂളംവിളിക്കും. ജീവികൾ അനുസരണയുള്ള കിടാങ്ങളാകും. അയാൾക്കരികിലെത്തി റൊട്ടി വാങ്ങിക്കഴിക്കും.

ആഹാരമേകാൻ ഉദാരനും സ്നേഹനിധിയുമായൊരു ഉടയോൻ, യഥേഷ്ടം ഭക്ഷിക്കാനും വിഹരിക്കാനും സ്വതന്ത്രമായ ഒരുതുണ്ട് ഭൂമി. എല്ലാവരും സന്തുഷ്ടർ. എമിലിയോ വെറുമൊരു മനുഷ്യനല്ല. അയാൾ വിശ്വാസമെന്ന വാക്കിന്റെ പര്യായമാണ്.

ഒരു ജീവിതകാലമത്രയും ഉഴിഞ്ഞുവെച്ചാലും, ഈ ജന്തു സഞ്ജയങ്ങളിൽ നിന്നും എമിലിയോ സമ്പാദിച്ച വിശ്വാസത്തിന്റെ ഒരംശം പോലും എന്നെപ്പോലൊരുവന് നേടിയെടുക്കാനാകില്ല. ഈ തിരിച്ചറിവിനുള്ള ആദരമായാണ്, എഴുത്തിന്റെ പ്രതിഫലമായി ഓരോതവണയും കിട്ടുന്ന പണത്തിന്റെ ഒരംശം എമിലിയോയ്ക്ക് ഞാൻ നൽകുന്നത്. വാങ്ങുന്ന പണം അധികം വൈകാതെ റൊട്ടിക്കഷ്ണങ്ങളായി മാറും. ഒരു കുരുവിയോ, അണ്ണാനോ, ഫിഞ്ചോ, ബുൾബുളോ, ആമയോ, മത്സ്യങ്ങളിലൊന്നോ അത് ഭക്ഷിക്കും. അങ്ങനെ, എമിലിയോ സമ്പാദിച്ച വിശ്വാസത്തെ ഞാൻ കടംകൊള്ളും.

എമിലിയോയ്ക്ക് പണം നൽകിയശേഷം ഞാൻ കതകടച്ചു. തിരിഞ്ഞുനോക്കുമ്പോൾ, അപ്പോഴും ബാൽക്കണിയിൽ തന്നെയായിരുന്നു സെലറ്റിന്റെ നില്പ്. ഞാൻ അവൾക്കരികിലേക്കുചെന്ന്, കൈയ്യിലെ കവർ അവൾക്കുനേരെ നീട്ടി.
“എടുത്തോളു.”
അവൾ കവർ തുറന്ന് പണം എണ്ണി നോക്കിയശേഷം, അല്പമൊരു ലാസ്യത്തോടെ എന്നെ നോക്കി, “ഇത് തികയത്തില്ലലോ.” എന്ന് പറഞ്ഞു.
“കടമായി കണക്കുകൂട്ടിക്കോളു.”
അവൾ അപ്പോഴും ചിരിച്ചു. പണമേകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് ഒരാഴ്ചക്കാലം നിരന്തരമായി വേഴ്ചയിലേർപ്പെട്ടശേഷം കടംപറഞ്ഞൊഴിയുന്ന ഒരുവനായി അവൾ എന്നെ കരുതുമോ എന്ന ജാള്യതയിൽ, ഒരു വിശദീകരണം നൽകാനായി ഞാനൊരു ശ്രമം നടത്തി.
“സെലറ്റ് എന്നെ വിശ്വസിക്കണം. ഈയൊരു ജന്മത്തിൽ ഒരുപാടുപേരിൽനിന്നും കടം പറ്റിയിട്ടുള്ളവനാണ് ഞാൻ. എന്നാൽ, എനിക്ക് കടം നൽകിയവരെ ആരെയും ഇന്നോളം ഞാൻ മുഷിപ്പിച്ചിട്ടില്ല, പണം തിരികെ ചോദിച്ചുകൊണ്ട് എന്റെ പിറകേ നടത്തിയിട്ടുമില്ല. ഇതും അങ്ങനെതന്നെ…”
അവൾ എന്റെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ട്, എന്റെ ചുണ്ടോട് വിരലുകൾ ചേർത്തു.
“കുറച്ചുമുൻപേ ഞാൻ പറഞ്ഞിരുന്നില്ലേ. നീയെഴുതിയ കവിത എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലും ഒരു മാഗസിനിൽ അച്ചടിച്ചുവരുമ്പോൾ നിന്റെ കൈയ്യൊപ്പിട്ട് വാങ്ങാനായി ഞാൻ വീണ്ടുംവരുമെന്ന്. ഈ കടവും അന്ന് നീ വീട്ടിയാൽമതി. അല്ലെങ്കിൽ ചിലപ്പോൾ നീയെന്നെ മറന്നുപോയെങ്കിലോ.”

അവൾ പറഞ്ഞത് ശെരിയാണ്. ചില കടപ്പാടുകളാണ് ചിലരെ മറക്കാതിരിക്കാൻ നമ്മേ പ്രേരിപ്പിക്കുന്നത്. അതുപോലെ, കടപ്പാടിന് മറ്റൊരു വശംകൂടിയുണ്ട്. നമ്മുടെ ജീവിതത്തിൽനിന്നും പറിച്ചെറിയണമെന്ന് ആഗ്രഹിക്കുന്ന പലരെയും, എത്ര വീട്ടിയാലും ഒടുങ്ങാത്ത ചില ബാദ്ധ്യതകൾ കെണ്ടുമാത്രം, കടപ്പാടെന്ന നിവൃർത്തികേട് ഒന്നുകൊണ്ടുമാത്രം ഓർത്തുവയ്ക്കേണ്ടതായും നമുക്ക് വരാറുണ്ട്. എന്നാൽ, സെലറ്റിനെ എൻ്റെ ഓർമയിൽ നിർത്തുവാനായി എനിക്ക് കടപ്പാടുകളെ കൂട്ടുപിടിക്കേണ്ടതില്ല.

അപ്പോഴും എന്റെ കണ്ണുകളിലേക്ക് നോട്ടത്തിന്റെ നങ്കൂരമിട്ടിരിക്കുകയായിരുന്നു അവൾ. എന്തോ പറയാനായി തികട്ടി വന്നിട്ടും, വാക്കിന്റെ ചെറുകാലുകളെ കൂച്ചുവിലങ്ങിട്ട് പിടിച്ചുകെട്ടിയതുപോലെ അവൾ മൗനിയായി തുടരുന്നതുകണ്ട്, അവളെ എന്നോടടുപ്പിച്ച്, അവളുടെ മുഖം എന്റെ ഇരുകൈകളിൽ കവർന്നുകൊണ്ട് ഞാൻ ചോദിച്ചു.
“പിരിയുന്നതിനുമുൻപായി തനിക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ..?”
“ഇല്ല.”
“പക്ഷേ തൻ്റെ കണ്ണുകൾ പറയുന്നത് അങ്ങനെയല്ല. എന്നോടായി എന്തോ ഒന്ന് പറയാനായി അവ വികസിക്കുന്നതെനിക്ക് കാണാം.”
അവളുടെ കണ്ണുകളിൽ കരൾ കൊരുത്ത് നിൽക്കവേ, കേൾക്കണമെന്ന് ഞാൻ കൊതിക്കുന്ന വാക്കുകൾതന്നെയാകുമോ അവൾക്കും പറയാനുണ്ടാകുക എന്ന ജിജ്ഞാസയായിരുന്നു എന്റെയുള്ളിൽ..
“പറയാനുള്ളത് മറ്റൊന്നുമല്ല. ഇന്നലെയീ കവിത ചൊല്ലിത്തന്നതിനുശേഷം നീയൊരു കഥ പറഞ്ഞില്ലേ…”

അങ്ങനെയൊരു കഥ പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല. “ഇന്നലെ ഞാൻ പറഞ്ഞ കഥയോ. ഏത് കഥ..?”
“അതെ, എന്തേ ഓർക്കുന്നില്ലേ..!! ഒരു പക്ഷിയുടെ കഥ. സ്വപ്നങ്ങളുടെ ഇടവേളകളിൽ മാത്രം കൂടുകൂട്ടാനാവശ്യമായ നാര് തേടി പോകുന്നൊരു പക്ഷി. നിദ്രയുടെ ആഴമളക്കാൻ കഴിവുള്ള ഈ പറവ, ഓരോ സ്വപ്നങ്ങൾക്കുമിടയിലെ ഇത്തിരിനേരത്തിനുള്ളിൽ പ്രകാശവർഷങ്ങൾ താണ്ടി അകലെയുള്ള ഏതോ ഒരു നക്ഷത്രത്തിൽനിന്നും ശേഖരിച്ച നാരുമായി മടങ്ങിയെത്തും. ഓരോ പോക്കുവരവിലും ഓരോ നാരുവീതം. ഒടുവിൽ കൂടൊരുങ്ങിക്കഴിയുമ്പോൾ, ആ പക്ഷി നമുക്ക് മുന്നിലെത്തും. കാലങ്ങളെടുത്ത് നെയ്തുകൂട്ടിയ കൂട് കാട്ടാനായി നമ്മളെ അത് കൂട്ടിക്കൊണ്ടുപോകും… ഈ കഥ നീയെഴുതണം. കവിതകളേക്കാൾ ചിലപ്പോൾ നീ എഴുതുന്ന കഥകളായിരിക്കാം വളരെയേറെ ശ്രദ്ധിക്കപ്പെടുന്നത്.”
ഓളമടങ്ങിയ ഒരു പൊയ്‌കയിലേക്ക് വീണ്ടുമൊരു കല്ലെടുത്തെറിയുന്നതുപോലെയാണ് അവളിത് എന്നോട് പറഞ്ഞത്.
“സെലറ്റ്, ഞാൻ സത്യമാണ് പറയുന്നത്. ഇന്നലെ രാത്രിയിൽ തന്നോടൊരു കഥ പറഞ്ഞതായി യാതൊരു ഓർമയും എനിക്കില്ല.”
അവൾ എന്റെ കവിളിലൂടെ കൈയ്യോടിച്ചു. “അപ്പോൾ മറവിയെപ്പറ്റി ഇന്നലെ പറഞ്ഞത് നേരായിരുന്നു അല്ലെ. സാരമില്ല. മറക്കാതിരിക്കാനായി ഇന്നലെത്തന്നെ ഏതോ ഒരു കടലാസിൽ നീയിത് കുത്തിക്കുറിച്ച് വച്ചിട്ടുണ്ട്.”
“എവിടെ.”
“മേശവലിപ്പിൽ.”
ഞാൻ അവിടേയ്ക്ക് ചെന്ന് മേശവലിപ്പുകൾ രണ്ടിനുമുള്ളിൽ പരതി. അതവിടെ ഉണ്ടായിരുന്നില്ല. ആ കുറിപ്പ് കണ്ടെത്താതെ എനിക്കൊരു സമാധാനവുമുണ്ടാകില്ലെന്ന അവസ്ഥ നാമ്പിട്ടു. മേശപ്പുറത്തും, മേശവിരി വലിച്ചുമാറ്റിയും, മുറിയ്ക്കുള്ളിലാകെയുള്ളൊരു അലമാരയ്ക്കുള്ളിലും, അതിനുമീതെയും, കീഴേയും, കട്ടിലിനുചോട്ടിലും, പുതപ്പുകൾക്കിടയിലും, ചവറ്റുകൊട്ടയിലും, അങ്ങനെ മുറിയ്ക്കകമാകെ തിരഞ്ഞിട്ടും ആ കുറിപ്പ് കിട്ടിയില്ല. എന്റെ തിരച്ചിലിന്റെയും, പെരുമാറ്റത്തിന്റെയും രീതികളിലേക്ക് അല്പാല്പമായി വന്യത പടരുന്നത് കണ്ടിട്ടാകണം സെലറ്റ് എന്നെ തോളിൽ പിടിച്ച് കിടക്കയിലേക്കിരുത്തി. ആ ഇരുപ്പിനിടയിലും വിരലുകൾ തെരുപ്പിടിപ്പിച്ചും, കൈനഖങ്ങൾ കടിച്ചുതുപ്പിയും സെലറ്റ് പറഞ്ഞ കഥയെക്കുറിച്ച് ഞാൻ ആലോചിച്ചു. അപ്പോൾ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. അവളെന്നെ മടിയിൽ തല ചായ്ച്ചുകിടത്തി. എങ്ങോട്ടെന്നില്ലാത്ത ആലോചനകൾക്കിടയിലെപ്പോഴോ ഞാൻ മയങ്ങി.

മുഖത്തേക്ക് ആരോ മണ്ണുവാരിയെറിയുന്നതുപോലെ തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. തുറന്നുകിടന്ന ജനാലപ്പാളിയിലൂടെ മുറിയ്ക്കുള്ളിലേക്ക് പൊടിക്കാറ്റ് വീശുകയാണ്. പാറിയെത്തുന്ന പൊടിമണലുകൾ വീണടിഞ്ഞ് കട്ടിൽനിരപ്പിനൊപ്പം എത്തിയിരിക്കുന്നു. ഒരു മണൽപൊന്തയായി മാറിയ ഈ മുറിയ്ക്കുള്ളിലിപ്പോൾ സെലറ്റ് ഇല്ല. അപ്പോഴും അകത്തേയ്ക്കും, മുഖത്തേയ്ക്കും മണൽക്കാറ്റ് വീശുന്നുണ്ട്. കഴിഞ്ഞരാത്രിയിൽ എഴുതിയ കഥ, ആ പക്ഷിയുടെ കഥയെഴുതിയ കടലാസുകഷ്ണം മുറിയ്ക്കുള്ളിലെ മണൽകൂമ്പാരത്തിനടിയിലെവിടെയോ പെട്ടിരിക്കയാണ്. അതൊന്ന് തിരയണമെന്ന് തോന്നിയെങ്കിലും…
ഞാൻ കട്ടിലിൽനിന്നും മണലിലേക്ക് കാലിറക്കി. തിളച്ച മണ്ണിലേക്ക് മുട്ടോളം പൂന്തിയ കാലുകൾ ആഞ്ഞുവലിച്ച് ഞാൻ ബാൽക്കണിയിലേക്ക് നടന്നു. ഇഴഞ്ഞു എന്നുപറയുന്നതാകും ശരി. മണലുരഞ്ഞ്‌ പോറിനീറുന്ന കാലുകളോടെ ബാൽക്കണിയിലെത്തിയ ഞാൻ പുറത്തേക്ക് നോക്കിനിന്നു. എവിടെയും കൂനകളായി അടിഞ്ഞുകിടക്കുന്ന മണൽ മാത്രം. നഗരമെന്ന കലമാനിനെ പാതിവിഴുങ്ങിയ മണൽ പെരുംപാമ്പ്. മാനിന്റെ തലയും കൊമ്പുകളുമായ പൊക്കമുള്ള കെട്ടിടങ്ങൾ മണൽപ്പാമ്പിന്റെ വായിലൊതുങ്ങാതെ പുറത്തേക്ക് നീണ്ടുകിടക്കുന്നു.

എവിടേയ്‌ക്കൊന്ന് നോട്ടമുറപ്പിക്കണമെന്ന ആശങ്ക ഉള്ളിൽക്കിടന്ന് വിങ്ങുമ്പോൾ, പല കാതം താണ്ടി, ദിഗന്തങ്ങൾതേടി കുതിക്കുന്നൊരു ആൽബട്രോസിനെപോലെ എന്റെ നോട്ടം ചിറകുകൾ തളരാതെ പായുകയാണ്. കാഴ്ചയ്പ്പുറത്തേക്കുപോലും ഇന്നെന്റെ കാഴ്ചയ്ക്ക് കടന്നുചെല്ലാൻ കഴിയുന്നതായി എനിക്കുതോന്നി. ഒടുവിൽ ചക്രവാളത്തിനുമപ്പുറമുള്ള ഏതോ ഒരു സൂക്ഷ്മബിന്ദുവിൽ എന്റെ കണ്ണുകൾ ഉടക്കിയതുപോലെ, ആ ബിന്ദുവിലേക്കുതന്നെ ഞാൻ നോക്കിനിന്നു. അണുവിലും ചെറുതായിരുന്ന ആ കുറി പതിയെ വലുതാകുന്നു. വിണ്ണിനേറ്റൊരു കറുത്ത കുത്തിന്റെ രൂപത്തിൽനിന്നും മേഘക്കൂട്ടത്തെ തുളച്ചുപായുന്നൊരു കല്ലിൻചീളായി ആ ബിന്ദുവിന് രൂപമാറ്റം ഉണ്ടാകുന്നു. രൂപമാറ്റത്തോടൊപ്പം അതിന്റെ വശങ്ങളിലെന്തോ ചലിക്കുന്നതായും, ആ ചലനത്തിനൊരു താളമുള്ളതായും അനുഭവപ്പെടുന്നു.

“അത്… അതൊരു… അതൊരു പക്ഷിയാണ്.” ഞാൻ അറിയാതെ പറഞ്ഞുപോയി. കഴിഞ്ഞ മുപ്പത് കൊല്ലമായി ഈ ഭൂമിയിൽ ജീവിച്ചിട്ടും ഞാൻ കാണാതിരുന്ന ഒരുതരം പക്ഷി. ഒരു പ്രത്യേകതരം പക്ഷി. അത് ദൂരമത്രയുംതാണ്ടി മുന്നോട്ട് പറന്നുവരികയാണ്. അതിന്റെ ചിറകടിയുടെ താളത്തിന് അല്പമൊരു വ്യത്യസ്തതയുള്ളതായി എനിക്കുതോന്നി. ആറുതവണ തുടർച്ചയായി ചിറകടിച്ചശേഷം വായുവിലൂടെ അത് തെന്നിനീങ്ങുന്നു. വീണ്ടും അത്രതന്നെ തവണ ചിറകടിക്കുന്നു. വീണ്ടും വായുവിലൂടെ തെന്നിനീങ്ങുന്നു.

പക്ഷിയിലേക്കുതന്നെ പൂർണ്ണമായും ശ്രദ്ധയൂന്നിനിന്ന എന്റെ മുന്നിലേക്ക് മുറിയ്ക്കുള്ളിൽനിന്നും ഒരു കടലാസുചുരുൾ കാറ്റിന്റെ ബലത്തെ എതിരിട്ടുകൊണ്ട് ഉരുണ്ടുവന്നു. എന്റെ കാൽച്ചുവട്ടിലേക്ക് അത് പിടഞ്ഞുവീണു. അതിലേക്ക് ഞാൻ നോക്കിയില്ല. കാരണം, എനിക്ക് ആ പക്ഷിയെ നോക്കിനിന്ന് മതിവന്നിരുന്നില്ല.

പക്ഷിയിപ്പോൾ ഏറെ അടുത്തേക്കെത്തിയിരിക്കുന്നു. മഹാമേരുവോളം വലുപ്പമുള്ള ഈ പറവയെ ആണോ, ആദ്യകാഴ്ചയിൽ ഒരു കണത്തിന്റെ നുറുങ്ങിനോളം ചെറുതായി അങ്ങകലെ കണ്ടതെന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. നിവർത്തി വിടർത്തിയാൽ ഒരു തടാകത്തെ മറയ്ക്കാൻ പോന്നതാണ് അതിന്റെ ചിറകുകൾ. ചിറകിലെ തവിട്ടു നിറമാർന്ന തൂവലുകൾ കണ്ടാൽ ഇടത്തരം മേപ്പിൾമരങ്ങളുടെ ശരത്കാല രൂപമാണെന്നേ തോന്നു. ഒരു നീലത്തിമിംഗിലത്തിന്റെ തൊലിയുരിച്ച് വിരിച്ചിട്ടാലുള്ളത്ര വലുപ്പമുണ്ട് അതിന്റെ വാലിന്. പവൻപോലെ മിന്നുന്ന കണ്ണുകളും, കൂർത്ത് മിനുസമുള്ള കൊക്കുകളും, വെട്ടിത്തിളങ്ങുന്ന നഖങ്ങളുമുള്ള ആ പക്ഷിഭീമനെത്തന്നെ ഞാൻ നോക്കി നിന്നു. ഇടയ്ക്കത് എന്നെ നോക്കിയോ എന്നെനിക്ക് തോന്നി.
അതിന്റെ ഗതിപഥം പതിയെ മാറുന്നു. അതെന്റെ അരികിലേക്ക് പറന്നടുക്കുന്നു. എന്നെ നോക്കി കണ്ണുകൾ തുറിക്കുന്നു. കൂടെപ്പോരുന്നോ എന്ന് ചോദിക്കുന്നു. ഞാൻ മറുപടി പറഞ്ഞില്ലെങ്കിലും, തലകുലുക്കി സമ്മതിക്കാതിരിക്കുവാനും എനിക്ക് കഴിഞ്ഞില്ല.

എന്നെ എടുത്തുയർത്തി ആ പക്ഷി പറക്കുവാൻ തുനിഞ്ഞപ്പോൾ എന്റെ മുന്നിലേക്ക് പാറിവന്ന കടലാസിൻ കഷ്ണമെടുത്ത് ഞാൻ വായിച്ചു. ഇന്നലെ ഞാനെഴുതിയതെന്ന് സെലറ്റ് പറഞ്ഞ കഥയുടെ ഒരു നുറുങ്ങാണത്. മുഴുവിക്കാനാകാതെപോയ കഥയുടെ അവസാന ഭാഗങ്ങളിലെ വരികൾ…

“മോക്ഷത്തിന്റെ വാഹകനായ പറവ നിനക്കുമുന്നിലേക്ക് ചിറകടിച്ചെത്തുമ്പോൾ, കാലങ്ങളായി നിനക്കുവേണ്ടി നെയ്തുകൊണ്ടിരുന്ന സ്വൈരസങ്കേതം തയ്യാറായിരിക്കുന്നു എന്ന് നിനക്ക് തെര്യപ്പെടും. സൂര്യനൊടുങ്ങും മുൻപ്, ചന്ദ്രനുദിക്കും മുൻപ്, മട്ടുപ്പാവിലേക്ക് ചാഞ്ഞിറങ്ങുന്ന മോക്ഷയാനത്തെ നീ തിരിച്ചറിയും. ഒരുവാക്ക് നിന്നോട് ഉരിയാടില്ല. ഒരുനൊടി നിനക്കായ് കാത്തുനിൽക്കില്ല. നിന്നിലേക്ക്, നിന്റെ ബോധമണ്ഡലത്തിലേക്ക്, മോക്ഷമെന്ന പരമാർത്ഥത്തിന്റെ വെൺകിരണങ്ങൾ തട്ടുമ്പോൾ, യാതൊരാളുടെയും പ്രേരണയില്ലാതെതന്നെ നീ തിരിച്ചറിയും, തയ്യാറെടുക്കും…”

ഞാൻ മനസ്സിൽ പറഞ്ഞു. “അതേ… എനിക്ക് പോകാൻ സമയമായിരിക്കുന്നു.” കണ്ണുകൾ നിറഞ്ഞു തുടങ്ങിയെങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി ചാലിച്ചുകൊണ്ട് ആ പക്ഷിക്കൊപ്പം, പക്ഷി എനിക്കായൊരുക്കിയ കൂടുതേടി ഞാൻ പറന്നു.

പക്ഷി മുകളിലേയ്ക്കും. ഞാൻ താഴേയ്ക്കും.
ആ നിമിഷം, ആ പക്ഷി ഞാൻതന്നെയല്ലേ എന്നെനിക്ക് തോന്നി.
പക്ഷി മുകളിലേയ്ക്കും. ഞാൻ താഴേയ്ക്കും.

ആലപ്പുഴ ഹരിപ്പാട് ചൂണ്ടുപലക സ്വദേശി. ആദ്യപുസ്തകമായ രാവ് ചോക്കുന്ന നേരം 2020-ൽ പ്രസിദ്ധീകരിച്ചു. 1994-ൽ ജനനം. കേരള സർവ്വകലാശാലയിൽനിന്നും കോമേഴ്സ് ബിരുദം. വിദേശത്ത് അക്കൗണ്ടന്റായി ജോലി ചെയ്യന്നു.