
നൊമ്പരപ്പുകയേറ്റു മങ്ങിയ നക്ഷ-
ത്രച്ചോട്ടിൽ, ഖബറിന്നിരുൾ തൊട്ടു,
തേങ്ങിയ കാറ്റ് പിഞ്ചുരോദനപ്പൂക്ക-
ളേ, വാരിയെടുത്തു തൊട്ടിലാട്ടി.
കൂരിരുൾ തിളച്ചു തൂവുന്നമേഘച്ചോ-
ട്ടിൽ, ഉമ്മകൾ തുരുതുരേ പിറ-
ക്കുന്ന, ചുണ്ടുകളുറങ്ങി വീണപ്പോൾ,
ഉറുമ്പിറങ്ങി നടന്നു ഉമ്മച്ചുണ്ടിൽ.
നോവുകൾ വേരൂന്നിയ ഒലീവുമര-
ച്ചോട്ടിൽ, ഉമ്മതന്നുടലൂട്ടിയാ
കുഞ്ഞിക്കിളിമുട്ടകൾ, പച്ചിലക്കിട-
യിൽ ചോരക്കറ പുരണ്ടു വീണൂ.
സ്വപ്നങ്ങൾ നിശ്ചലമായ ഭൂവിടത്തിൽ,
ആകാശനീലിമ കത്തിപ്പടർ-
ന്നു, മിന്നിപ്പായും മഞ്ഞഗോളത്തിൻ,
മുരൾച്ചയിൽ അധിനിവേശ ദാഹം.
മരണമൗനത്തിൻ സങ്കടപ്പടവിൽ
പിടഞ്ഞിരിക്കുന്ന പിഞ്ചോമന-
കളിൽ, മതത്തിന്റെ ഉന്മാദ ഗന്ധങ്ങ-
ളില്ല, ദേശാതിർത്തി മിണ്ടും ഭാഷയില്ല.
അതിർത്തിക്കപ്പുറവും കുഞ്ഞുരോദന-
ത്തിനു, ഒറ്റഭാഷ മാത്രം. നോവി-
ക്കുന്നവരോടും, കൂട്ടുകൂടും നിഷ്കളങ്ക
ഹൃദയമെഴുതും ഭാഷ മാത്രം.
എങ്കിലും പിഞ്ചുരോദനം പറ്റിയ ന-
ക്ഷത്രരാവുകളിലും, മണ്ണിനെ മാത്രം
സ്വപ്നം കാണും ഈ വിശ്വമെത്ര – വിചിത്രം.








