നൈറ്റ്‌ ലൈഫ്‌

കാൻവാസിൽ
ഫ്ലാറ്റ്‌ ബ്രഷാൽ
തീർക്കപ്പെട്ട
എക്സ്‌-പാറ്റേർണ്ണുകൾ;
അലിഞ്ഞു കലരുന്ന
അക്രിലിക്കിന്റെ
മഞ്ഞയും ഓറഞ്ചും.

ട്രൈപ്പോഡിനു മുന്നിൽ
ഞാൻ ഇരിയ്ക്കുന്ന
സ്റ്റുഡിയോ ജനലിനു കീഴേ
സന്ധ്യയൊടുങ്ങുന്നു.

പാലെറ്റിലേയ്ക്ക്‌
അബദ്ധത്തിൽ
ഒരു തുള്ളി കൂടുതൽ
വെള്ളം ചോർന്നു
വീണുപോകുന്നു.
കൈവെള്ളയിൽ
സൈക്കഡെലിക്‌ വർണ്ണരൂപങ്ങളുടെ
കാഴ്ച.

നഗരം ജ്വലിയ്ക്കുന്നു
തെരുവിനപ്പുറം
പാശ്ചാത്യസംഗീതക്ലബ്ബുകളിലൊന്നിൽ
ഉയർന്ന ഡെസിബെല്ലിൽ
ചിലമ്പിയ്ക്കുന്ന ആരവത്തിനൊത്ത്‌
ഡാൻസ്ഫ്ലോറിൽ
ചടുലമായ നൃത്തച്ചുവടുകൾ
പതിച്ചു തുടങ്ങാറായി.

മൂൺഫ്ലവർ പ്രകാശധാരകൾക്കിടയിൽ
തമ്മിലുരുമ്മിക്കിലുങ്ങുന്ന
മൊഹീതോ ഗ്ലാസ്സുകൾക്കു പിന്നിൽനിന്ന്
വന്നു തറയ്ക്കുന്ന നോട്ടങ്ങളിൽ
ഇനി
വായിച്ചെടുക്കാനാവാത്ത
നിറങ്ങൾ ചേരും.
മഞ്ഞയും, ചുവപ്പും കലർത്തിയ
നീലിച്ച ലഹരികൾ;

പച്ചപ്പ്‌ വിരിച്ച ഇടവരമ്പുകൾ
തേടാത്ത
വർണ്ണരാജികൾ,
ഒറ്റരാവുപ്രണയങ്ങൾ.

സ്ഫടികചഷകങ്ങൾ നുരഞ്ഞു
നിറഞ്ഞൊഴിയും.
അതിരാത്രി കർഫ്യൂവിനാൽ
വാതിലുകളടയുമ്പോൾ
സ്മോക്ജോയിന്റുകളിൽ
ആൾത്തിരക്കേറും.

മൂന്നുനാലെന്നെണ്ണിത്തുടങ്ങി
പിന്നെ നിർത്താനാവാത്ത
പുകച്ചുരുളുകളുടെ
സ്വിസ്സ്‌ ബോളിലേറി
പഞ്ഞിമേഘങ്ങളിലെ
ഒരിയ്ക്കലും മടുപ്പിയ്ക്കാത്ത ,
ഭ്രമിപ്പിയ്ക്കുന്ന
നിശാശാലകളിലേയ്ക്ക്‌
ചേക്കേറും ഒരു പറ്റം.

തൂവൽഘനത്തോടെ
ഒഴുകിപ്പറന്നിറങ്ങി
മഞ്ഞുനക്ഷത്രങ്ങൾ
പൂക്കൾ പൊഴിച്ചു തുടങ്ങുന്ന
രാവസ്തമയങ്ങളിൽ
ആരും തുറക്കാത്ത വാതിൽ
കീശയിൽ കരുതിയ
താക്കോലിട്ട്‌ തുറന്ന്
മുറിയിലെ മെത്തയിൽ
തലകീഴായോ, കമിഴ്‌ന്നോ എന്നില്ലാതെ
നഗര മില്ലേനിയൽസ്‌
അടുത്ത രാവിനെക്കാത്ത്‌
ശയിക്കും.

സ്വപ്നത്തിൽ ഞാനപ്പോൾ
പണ്ടൊരുച്ചയിൽ
ആരെയോ തേടിയലഞ്ഞ
അലരിക്കാടിനെക്കാണും;
അറിയാതെ അനുഗമിച്ച
ഗന്ധർവ്വന്റെ മൂളിപ്പാട്ട്‌ കേൾക്കും;
രാത്രി തീർന്നിട്ടും വാസനിയ്ക്കുന്ന
റെഡ്‌ വനിലാ പെർഫ്യൂമും,
സീരി-എക്സ്പർട്ട്‌ ഷാമ്പൂവും
തോറ്റു പോകുന്ന
ചെമ്പകഗന്ധത്തിലലിയും.

വവ്വാലുകളെക്കുറിച്ച്‌
പണ്ടെഴുതിയ ഒറ്റവരിക്കവിത
പിന്നെയും ഉരുവിടും;
“അവർ രാവിന്റെ കൂട്ടുകാർ
ഇരുളിന്റെ ആഴങ്ങൾ
തേടിയലയുമ്പോൾ
ഇവിടെ ഞാൻ തനിയേ
എന്നിലേയ്ക്കൊതുങ്ങുന്നു”.

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.