കാലമേറെയും
കണ്ടവന്റെ കാര്യംനോക്കി
സ്വയം കാണാൻ മറന്നതിൽ
കണ്ണിൻ കാഴ്ചയേറെയും
മങ്ങിയത്രേ
ഇതുകണ്ട്
സൂര്യൻ പോലും
ഉദിക്കാൻ മടിച്ചത്രേ
കേട്ടു നിന്നതിൽ
മിക്കതൊക്കെയും
കളവുമതിലേറെ
കപടതയുമായതിൽ
കാതുകൾക്ക് മടുത്തത്രേ
ഇതുകണ്ട്
കാർമേഘത്തിനു പോലും
പെയ്യാൻ വയ്യത്രേ
നാളെയേറെയും
നാടിനെ നടുക്കുംപോൽ
നുണകളേറെ പറഞ്ഞതിൽ
നാക്കിൻതുമ്പിനു
നാണമത്രേ
ഇതുകണ്ട്
പ്രകൃതി പോലും
നാക്കിനെ പുതപ്പിച്ചു കടത്താൻ
കൊതിച്ചുവത്രേ
ഹൃദയ ഭിത്തിയിൽ
വരച്ചതൊക്കെയും
പിശാചിന്റെ ചിത്രമായതിൽ
ചായം പൂശിയിട്ടും
തെളിച്ചം മരിച്ചത്രേ
ഇതുകണ്ട്
വായുപോലും
വിഷംകഴിച്ചു
മരിച്ചാലെന്നോർത്തുവത്രേ
മനുജ മനസ്സ്
നേരിനു വിപരീതമായതിൽ
കാര്യത്തിൻ സത്യമെല്ലാം
കഥയായത്രേ
ഇതുകണ്ട്
തലച്ചോറ് പോലും
പുറത്തുചാടി
രക്ഷപ്പെടാൻ കൊതിച്ചുവത്രെ.