അരികിലൊരു
വരിയായ് കുറിച്ചിട്ട്
നിഴലായിമാറി
എന്നിലൊരോർമ്മയായ്
തീർന്നവളാണ് നീ …
അവനിയിലുയിർകൊണ്ട
മുളപൊട്ടലിൽ
കോൾമയിർകൊള്ളുന്ന
ഇന്ദ്രജാലങ്ങളിൽ
വിടർന്നാകാശം
തൊടുന്നവളാണു നീ…
പാതിയുറക്കത്തിൽ
സ്വപ്നവാടിയിലെന്നെ
തനിച്ചാക്കി
പടിയിറങ്ങുന്ന
കള്ളക്കരച്ചിലിൻ
ഊർവ്വരസങ്കേതമാണു നീ …
വേനൽച്ചൂടിന്റെ
ഇരുമ്പുകൂടങ്ങൾ
തിളക്കുന്ന ലാവയിൽ
കനലുകളായൊഴുകുമ്പോഴും
നീഹാരബിന്ദുപോൽ
പൊതിയുന്ന
കുളിരലയാണ് നീ ..
വൃദ്ധിയും ക്ഷയവുമായെന്നിൽ
നിറഞ്ഞ്
കാലഭ്രംശത്തിന്റെ
കുരുതിയിൽ
നിളപോലെ
നിർത്താതെയിപ്പോഴുമൊഴുകുന്നവളാണ് നീ…