നീലക്കടമ്പ് (നോവൽ)

സ്ഥലങ്ങളെയും കാലഘടനയേയും അടയാളപ്പെടുത്തുന്ന രചനകൾക്ക്
രൂപഭംഗി വരുന്നത് പരിതസ്ഥിതികളെ രീതിയിൽ അടയാളപ്പെടുത്തുക സാധ്യമാകുമ്പോഴാണ്. വായനക്കാരന് അപരിചിതമായേക്കാവുന്ന ഒരു ഭൂവിഭാഗത്തെ പരിചിതപ്പെടുത്തുക എന്നത് വിജയിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ വായനയിലൂടെ അയാൾക്കാ ഭൂമിക പരിചിതമാകുകയുള്ളു. മലയാളത്തിലടക്കം അത്തരം ഒരു പാട് രചനകൾ വന്നു പോയിട്ടുണ്ട്. യാത്രാവിവരണ സാഹിത്യ വിഭാഗം ആണ് ഈ വിഷയത്തിൽ മുന്നിൽ ഉള്ളത്. പക്ഷേ, ആ വായനകളുടെ തലം പോലെയല്ല അത് നോവലിലൂടെ പരിചയപ്പെടുത്തുമ്പോൾ . മഞ്ഞിൽ എം.ടി വിരിയിച്ചിട്ട കാഴ്ച പോലെ മീശയിൽ ഹരീഷ് വരച്ചിട്ടതു പോലെ ഒക്കെ വായനക്കാരന് ഒരു ദേശം കാണാനാകും. ആദ്യം ഓർമ്മയിൽ വന്നത് അടയാളപ്പെടുത്തി എന്നല്ലാതെ ഇവ മാത്രമാണ് അത്തരം സവിശേഷതകൾ പേറുന്നത് എന്നർത്ഥമില്ല.

1963ൽ വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ നീലക്കടമ്പ് എന്ന നോവൽ അതിനും 50 കൊല്ലം മുമ്പത്തെ കാശിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയകഥയാണ്. ഗംഗയും കാശിയും പാണ്ഡകളും അടങ്ങിയ പഴയ കാശിയുടെ ഭൂതലം വൈക്കം ഈ നോവലിൽ നന്നായി പതിപ്പിച്ചിരിക്കുന്നുണ്ട്. ഒരു ഉത്തരേന്ത്യൻ നോവൽ വായിക്കുന്ന പ്രതീതിയിൽ വായിച്ചു പോകാവുന്ന സരളവും ലളിതവുമായ ഒരു നോവൽ ആണിത്. കാശിയുടെ ജനപഥത്തിൽ, പുരോഹിത വർഗ്ഗത്തിൻ്റെ തേർവാഴ്ച നിലനില്ക്കുന്ന ഇടത്തിൽ ലേജു എന്ന ബ്രാഹ്മണ പെൺകുട്ടിയും മനോഹരൻ എന്ന തൂപ്പുകാരനും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ നോവലിൻ്റെ ഇതിവൃത്തം. വളരെ മനോഹരമായതും കാവ്യഭംഗിയുള്ളതുമായ പ്രണയവും ജീവിതവും! മനുഷ്യത്വവും മൃഗീയതയും ഇടകലർന്ന ജീവിതങ്ങൾ.. ജീവിതത്തിൻ്റെ നിസ്സഹായതയിൽ പൊള്ളിപ്പിടയുന്ന ആത്മാക്കൾ. ഇവയെ കാശിയുടെ തിരക്കിൽ ലയിപ്പിച്ച് അവതരിപ്പിക്കുന്നു. ഒപ്പം കാശിയുടെ സംസ്കാരിക പഴമയും വിശേഷങ്ങളും പാരിസ്ഥിതികതയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പഴയ കാല നോവലുകൾ ഒട്ടുമിക്കതും അവസാനിക്കുന്നത് ദുരന്തപരമായ അവസ്ഥകളിലാണ് എന്ന് കാണാം. ദുരന്തം, വിരഹം, വേർപാട് തുടങ്ങി സഹതാപ തരംഗങ്ങളുടെ വേലിയേറ്റമാണ് മിക്ക കൃതികളും പേറുന്നത്. മനുഷ്യനിലെ ദയ, സഹാനുഭൂതി, സാഹോദര്യം തുടങ്ങിയ ഘടകങ്ങളെ ഉദ്ദീപിപ്പിച്ചു കൊണ്ട് വായനയെ വൈറലാക്കുന്ന തന്ത്രം പഴയതാണ് എന്നു പാടെ പറയാനാവില്ല. ഇന്നും ഉണ്ട് മിക്ക കണ്ണീർ സീരിയലുകളും ഒലിപ്പിക്കൽ കഥയെഴുത്തുകാരും ആ പാറ്റേൺ നിലനിർത്തുന്നുണ്ട്. പഴയ വായനകൾ നല്കുന്ന സുഗന്ധം വളരെ ആസ്വാദ്യകരമാണ് എന്നു പറയാതെ വയ്യ. ആ ഭാഷാചാര്യവും ആഖ്യാന ഭംഗിയും ഇന്ന് പൊതുവേ കാണാറുമില്ല.

നല്ലൊരു വായന തന്ന ഈ പുസ്തകം വിദേശ ലൈബ്രററിയിലെ ഡിജിറ്റൽ ആർക്കൈവ്സിൽ നിന്നാണ് വായിക്കാൻ കഴിഞ്ഞത്. നാട്ടിലെപഴയ ഗ്രന്ഥശാലകളിൽ ഒരു പക്ഷേ പൊടിയടിച്ചു വിശ്രമിക്കുന്നുണ്ടാകാം.

നീലക്കടമ്പ് (നോവൽ)
വൈക്കം ചന്ദ്രശേഖരൻ നായർ
CICC Book House.(1963)
വില : ₹1.50

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.