ഇനി കുറച്ചുകൂടിയേയുള്ളൂ. നടക്കുന്നതിനിടയിൽ അവൾ എന്തിനായിരിക്കും വിളിച്ചതെന്ന് ആലോചിക്കാൻ തോന്നിയില്ല. ഒരർത്ഥത്തിൽ ചിന്തകൾ തന്നെ ആണല്ലോ ഇവിടേക്കു എത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇല്ല വന്നിട്ടില്ല. കുറച്ചൊന്നിരുന്നേക്കാം.
കയ്യിലെ പത്രക്കടലാസ് നിലത്തു വിരിച്ച് അതിന്മേൽ ഇരിക്കാൻ തുനിയുമ്പോൾ കാലത്തു വായിച്ച വാർത്ത പിന്നെയും കണ്ണിലുടക്കി. ഒരു കുഞ്ഞുബാല്യം കൂടി എരിഞ്ഞടങ്ങിയതിന്റെ വർണ്ണനകളിന്മേലാണ് ഇപ്പോൾ ഞാനിരിക്കുന്നത്. നിസംഗതയോടെ….
പുറകിൽ കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവൾ നിൽക്കുന്നു. മുഖം കണ്ടാലറിയാം ഉള്ളിലുള്ള നീറ്റലിന്റെ ആഴം. ഇതൊക്കെ പതിവുള്ളതാണെങ്കിലും എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപുള്ള ഈ നിശ്ശബ്ദത, അത് എന്നും അസ്സഹനീയമായതിനാലാവണം തെല്ലൊരു ദേഷ്യത്തോടെയാണ് ചോദിച്ചത്.
“നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയ്”.
അപ്പോഴത്തെ അവളുടെ ഭാവം എന്നെ കൂടുതൽ അസ്വസ്ഥനാക്കുകയാണ് ചെയ്തത്. കണ്ണുകൾ നിറഞ്ഞു തുളുമ്പി മുഖത്തൊരു വികൃതമായ ചിരിയോടെ..
“നിനക്ക് ക്ഷമയറ്റു അല്ലെ”
ഒരു മറുപടിക്ക് പ്രസക്തിയില്ലാത്തതിനാൽ മിണ്ടാതിരുന്നതേയുള്ളൂ.
“എനിക്കൊരു വരം കിട്ടിയിരുന്നെങ്കിൽ…. കുഞ്ഞുങ്ങളെ കുടുക്കാൻ ആരെങ്കിലും ചിന്തിക്കുമ്പോൾ തന്നെ, അതെവിടെയായാലും, എനിക്കവിടെ പറന്നെത്തണം… അവരുടെ ചോര കുടിക്കാൻ പറ്റണം..”
ഏങ്ങലുകൾ നേർത്ത് നേർത്ത് പുലമ്പലായി മാറി.
“കുഞ്ഞുങ്ങളല്ലേ… വലിയവരാണെങ്കിൽ എന്താണ് നടക്കുന്നത് എന്നെങ്കിലും അറിയാം..”
ഭാവം കുറേക്കൂടി ശാന്തമാകുന്നത് എനിക്കാശ്വാസമായി.
“നിനക്ക് വല്യത്താനെ ഓർമ്മയില്ലേ?”
ഇത്തവണ ഉത്സാഹത്തോടെയാണ് മറുപടി പറഞ്ഞത്. ഏതാണ്ട് സാധാരണ നിലയിലായതു പോലെ.
“ഉണ്ട്. നല്ല മനുഷ്യൻ. പ്രമാണിയായിരുന്നെങ്കിലും ഇല്ലാത്തവരോട് കരുതലുണ്ടായിരുന്നു.”
“അതെ. പെണ്കുട്ടികളായ ഞങ്ങളോടും. ഒരു തരത്തിലുള്ള ചീത്തയും കേട്ടിട്ടില്ല.”
“അവിടെ ഒരു സൽക്കാരം നടക്കുന്നതിനിടയിലാണ്.. എനിക്കതുവഴി പോകേണ്ടിവന്നു. വല്യത്താൻ എന്നോട് അങ്ങോട്ട് ചെല്ലരുതെന്നും വഴിമാറി പോകാനും ആംഗ്യം കാണിച്ചു. ഒരുപക്ഷേ ഞാൻ അവരുടെ മുമ്പിൽ ചെന്ന്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതു പോലെ.”
പക്ഷെ തിരിഞ്ഞു നടക്കുന്നതിനിടയിൽ അതിഥികളോടായി പറയുന്നത് കേട്ടതിതാണ്.
“നാട്ടിലൊക്കെ ഇഷ്ടം പോലെ ഉണ്ടല്ലോ. എടുത്തു ഉപയോഗിച്ചൂകൂടെ?”
നന്നേ ബുദ്ധിമുട്ടിയാണ് പറയുന്നതിന്റെ ഗതി മനസ്സിലാക്കി എടുത്തത്.
“എടുത്ത് ഉപയോഗിക്കാൻ ഞങ്ങളെന്താ….” മുഴുവനാക്കിയില്ല. “പുറത്തെന്ത്? അകത്തെന്ത്?”
ഇനിയും ഇടപെടാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതിനാൽ ചോദിച്ചു പോയി.
“ഇതൊക്കെ എത്രകാലം മുൻപ് നടന്നതാണ്. ഇപ്പോൾ കാലമൊക്കെ മാറിയില്ലേ?
അവളുടെ നോട്ടത്തിൽ ഉളിയുടെ മൂർച്ച. കണ്ണുകൾ പതിവിലും വിടർന്നിരുന്നു. നെറ്റിയിൽ വിയർപ്പ് പൊടിയുന്നു. അതൊ ചോരയോ …
“ഇപ്പോൾ എന്തെങ്കിലും മാറിയിട്ടുണ്ടോ?”
“അത്… ഇപ്പൊ..” എന്റെ വാക്കുകൾ തൊണ്ടയിൽ തന്നെ ശ്വാസംമുട്ടി മരിച്ചു.
“നിനക്കൊക്കെ നേരെ ചൊവ്വേ ഒരു കഥ പറയാനുള്ള ധൈര്യമുണ്ടോ? നിന്നെക്കാളും ഭേദം വല്യത്താൻമാരാണ്. കൂടെയുള്ളവരെങ്കിലും സുരക്ഷിതരായിരുന്നു.”
എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സമയമെടുത്ത് പാകമാകുന്ന വാക്കുകളെ കാത്തിരിക്കുക അല്ലാതെ. തളർന്നിരുന്നെങ്കിലും അവൾ സംയമനത്തോടെ പറഞ്ഞു.
“നമുക്ക് വിദ്യയെ വിളിക്കാം. അവൾക്കേ ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.”
വിദ്യയെ എനിക്കറിയാം. ഇപ്പോൾ അദ്ധ്യാപികയാണ്. അറിയുന്ന കാലം മുതൽക്കേ കാലത്തിനു മുൻപേ നടക്കാനായിരുന്നു താത്പര്യം. ചോദിക്കാനിരിക്കുന്ന ചോദ്യങ്ങൾക്കുപോലും ഉത്തരമുള്ളവൾ.
ചെറുപുഞ്ചിരിയോടെ ആണ് വിദ്യ ടീച്ചർ നടന്നു വന്നത്. ചുറ്റുമുള്ളത് ഒന്നും അവരെ അലട്ടുന്നതായി തോന്നിയില്ല. പ്രസന്നവും ആത്മവിശ്വാസം നിറഞ്ഞതുമായ മുഖം. ഇവിടെ നടന്നതൊന്നും ടീച്ചർ അറിഞ്ഞില്ലായിരിക്കുമോ….
ടീച്ചറെ കണ്ടതോടെ അവളുടെ മുഖത്തും പ്രത്യാശയുടെ നേരിയ കതിരുകൾ.
ഞങ്ങൾ കുറേനേരം പരസ്പരം നോക്കി അങ്ങിനെയിരുന്നു. പൊതുവെ വാക്കുകൾക്ക് ദാരിദ്ര്യമുള്ള എനിക്ക് എന്തെങ്കിലും പറഞ്ഞുതുടങ്ങാനാവുമായിരുന്നില്ല.
“ടീച്ചർ….. എങ്ങിനെ മുന്നോട്ട് പോകാനാണ് തീരുമാനം?”
“കൃത്യമായി ഒന്നും ആയില്ല.”
ടീച്ചറുടെ പ്രതികരണങ്ങളിൽ ലവലേശം സങ്കടമുണ്ടായിരുന്നില്ല. എന്നാൽ സമൂഹം സ്വതേ കൈക്കൊണ്ടിട്ടുള്ള രീതികളിൽ പ്രകടമായ അസ്വസ്ഥത കാണാമായിരുന്നു.
“അവബോധം ഉണ്ടാക്കാനുള്ള ചർച്ചകളല്ലേ നാടെങ്ങും”
“അവബോധം ആവശ്യമല്ലേ? കുഞ്ഞുങ്ങളെ എന്തൊക്കെ പിഠിപ്പിക്കണം… എങ്ങിനെ പിഠിപ്പിക്കണം… ആര് പിഠിപ്പിക്കണം. എന്തൊക്കെ മാതാപിതാക്കൾ അറിഞ്ഞിരിക്കണം … ഇതൊക്കെ ചർച്ച ചെയ്യേണ്ടേ?”
എന്റെ ചോദ്യം അസ്ഥാനത്താണെന്ന് രണ്ടുപേരുടേയും നോട്ടത്തിലുണ്ടായിരുന്നു.
ടീച്ചറുടെ മറുചോദ്യം ഇതായിരുന്നു. തികഞ്ഞ അവജ്ഞയോടെ.
“ചർച്ചകൾ കൊണ്ടെന്താണ് കാര്യം. ആരെങ്കിലും ഉത്തരവാദിത്തത്തോടെ എന്തെങ്കിലും ചെയ്യുന്നുണ്ടോ? എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കുന്നുണ്ടോ? അത് നടപ്പാക്കുന്നുണ്ടോ? അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കുന്നുണ്ടോ? അടുത്ത കുരുതിക്കായി കാത്തിരിക്കും. പിന്നെയും ചർച്ച ചെയ്യാൻ”
അവളും അതിനോടുകൂടി.
“അലറിവിളിക്കാൻ പഠിപ്പിക്കുന്നതിനു പകരം വാക്കും, ഭാഷയും, വ്യാകരണവും പഠിപ്പിക്കുന്നു…”
എന്തായാലും മുന്നോട്ടുള്ള കാര്യങ്ങൾ ടീച്ചറെ ഏല്പിച്ചമട്ടാണ്. അവൾ തന്റെ സാധനങ്ങൾ ഒതുക്കികെട്ടാൻ തുടങ്ങി. കെട്ടുന്നതിനിടയിൽ കയ്യിൽ തടഞ്ഞ ഒരു അരിവാൾ അവൾ ഭാണ്ഡത്തിൽ നിന്നും പുറത്തെടുത്ത് ടീച്ചർക്ക് നേരെ നീട്ടി.
“ഒന്ന് മൂർച്ച കൂട്ടിയാൽ ഉപയോഗിക്കാം”
ടീച്ചർ അത് മേടിച്ചില്ല.
“ആർക്കെതിരെയാണ് ഉപയോഗിക്കേണ്ടത് എന്നറിയാത്തവർക്ക് ഇതുകൊണ്ടെന്താണ് പ്രയോജനം?”
ഇത് കേട്ടതും അരിവാൾ ഭാണ്ഡത്തിലേക്കു തിരുകി ചുറ്റുമുള്ള മരങ്ങളുടെ നീണ്ട നിഴലുകളിലൂടെ നടന്ന് അവളില്ലാതായി.
അവൾ ഇല്ലാതായതിന്റെ വിമ്മിഷ്ടം എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. പഴമയുടേയും പെരുമയുടേയും കരുത്ത് ഉരുകിപ്പോയിരിക്കുന്നു. എന്റെ മെലിഞ്ഞ കൈകാലുകൾ എനിക്ക് വ്യക്തമായി കാണാം. എന്നിട്ടും ധൈര്യം സംഭരിച്ച് ചോദിച്ചു.
“ഇത്തരമൊരു കാര്യം ഒറ്റയ്ക്ക് ചെയ്തു തീർക്കാമെന്ന് തോന്നുന്നുണ്ടോ? കറ്റ കൊയ്ത കൈകളേയും ജാഥകൾ നയിച്ച കാലുകളേയും ശക്തി കുറച്ചു കാണരുത്”
ടീച്ചർക്ക് ഒരു കുലുക്കവുമില്ല.
“ഒന്നും കുറച്ച് കാണുന്നില്ല. പക്ഷെ ഇവിടെ അതുകൊണ്ട് പ്രയോജനമില്ല. ഈ കാര്യത്തിൽ എല്ലാവർക്കും പരിമിതികളുണ്ട്. നിങ്ങൾക്കും…. വാക്കുകളുടെ… ഭാഷയുടെ… സദാചാരത്തിന്റെ….”
ടീച്ചർ തുടർന്നു.
“ചുരുക്കത്തിൽ, നിങ്ങള്ക്ക് ഒന്നും ചെയ്യാനില്ല. അത് അവർ തന്നെ ചെയ്തുകൊള്ളും”
ഇത്രയും പറഞ്ഞിട്ട് ടീച്ചറും ഇറങ്ങി നടന്നു.
എട്ടു താഴുകളിട്ടു പൂട്ടിയ നിലയിലെന്നെ ഞാൻ കണ്ടു, കൈകാലുകൾ ചങ്ങലകൾ കൊണ്ട് കെട്ടിവരിഞ്ഞ്. അപ്പോഴും രണ്ടു കൈകളിലുമുള്ള പേനകൾ അക്ഷരങ്ങൾക്ക് മുകളിലൂടെ ഒഴുകിക്കൊണ്ടിരുന്നു. എന്നിൽ നിന്ന് എന്നോ ഇറങ്ങിപ്പോയ ബുദ്ധിയുടെ അവശിഷ്ടങ്ങൾ കൊത്തിതിന്നുന്ന ഒരു പൂവങ്കോഴിയെയും ഞാൻ അവിടെ കണ്ടു.
വളരെ പ്രയാസപ്പെട്ടാണ് ടീച്ചർ സ്‌കൂളിൽ അമ്മമാരുടെ ഒരു യോഗം സംഘടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. തുടക്കത്തിൽത്തന്നെ പ്രധാന അദ്ധ്യാപികയും മാനേജരും ഇതിന് എതിരായിരുന്നു. സ്‌കൂളിന്റെ പ്രതിഛായക്ക് മങ്ങലേറ്റു തുടങ്ങുന്നു എന്ന ചിന്തയായിരുന്നു ഒരു പ്രധാന കാരണം. പങ്കെടുക്കുന്നവരുടെ പ്രതികരണം എങ്ങിനെ ആയിരിക്കുമെന്നുള്ളതിനെക്കുച്ച് കലശലായ പേടിയും രണ്ടുപേർക്കും ഉണ്ടായിരുന്നു. മാതാപിതാക്കളുടെ ഭാഗത്തുനിന്നും ടീച്ചറെ കുറിച്ചുള്ള പരാതികളും നേരിൽ കാണാനുള്ള സമ്മർദ്ദവും ഏറി വന്നപ്പോൾ പിന്നെ എതിർത്തുനിൽക്കാനായില്ല.
പങ്കെടുത്തവരിൽ ഭൂരിഭാഗവും ടീച്ചറുടെ രീതികളെ എതിർക്കുന്നവരും, അത് പരസ്യമായി അറിയിക്കണമെന്ന് ആഗ്രഹമുള്ളവരുമായിരുന്നു.
യോഗം തുടങ്ങിയതോടെതന്നെ ചോദ്യങ്ങളുമായി അവർ എഴുന്നേറ്റു.
“ടീച്ചർ സിലബസിൽ ഇല്ലാത്തത് പഠിപ്പിക്കുന്നതെന്തിനാ?”
“വീട്ടിലുള്ളവർ തൊട്ടാലും കുട്ടികൾ അലറി വിളിക്കുകയാണ്”
“പരിചയമുള്ളവർ ആണെങ്കിലും കുട്ടികളെ തനിയെ അവരുടെ കൂടെ വിടാറില്ല”
ഇങ്ങനെ പോയി വലിയവരുടെ അലറലുകൾ. പ്രധാന അദ്ധ്യാപികയുടെയും മാനേജരുടെയും മുഖത്ത് അസഹ്ഷ്ണുത അണകെട്ടി നിന്നിരുന്നു ഇപ്പോൾ പൊട്ടുമെന്നപോലെ.
ഇരുവരും സഹായിക്കാൻ സാധ്യത ഇല്ലെന്ന് അറിയാമായിരുന്നതിനാൽ ടീച്ചർ യോഗത്തെ അഭിസംബോധന ചെയ്യാൻ എഴുന്നേറ്റു. എന്തുപറഞ്ഞു തുടങ്ങണമെന്ന് അറിയാതെ നിൽക്കുമ്പോൾ..
“ടീച്ചറേ…”
മൂന്നിലും നാലിലും പഠിക്കുന്ന നാലഞ്ചു കുട്ടികൾ ഒച്ചവെച്ചുകൊണ്ടു യോഗത്തിന്റെ നടുവിലേക്ക് ഓടിക്കയറി വന്നു.
തൊട്ടുപുറകേ പ്യുണും.
കിതപ്പുമാറ്റാൻ കഷ്ടപെടുന്നതിനിടയിൽ പ്യുൺ പറയുന്നുണ്ടായിരുന്നു.
“പെയിൻറ് അടിക്കാൻ വന്ന ആരോ ആണ്. എല്ലാവരും ചേർന്ന് മരത്തിന്റെ ചുവട്ടിൽ പിടിച്ചുവച്ചിട്ടുണ്ട്.”
“ഇതൊക്കെ ക്‌ളാസ് നടക്കുന്ന സമയത്താണോ ചെയ്യുന്നത്?” യോഗത്തിന് വന്നവർ ബഹളമുണ്ടാക്കി.
പ്രധാന അദ്ധ്യാപികയും മാനേജരും പരസ്പരം വാക്കുകൾക്കായി പരതി.
“ക്‌ളാസ് കഴിഞ്ഞിട്ടേ തുടങ്ങാവൂ എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്”.
ഒരുവിധം പറഞ്ഞൊപ്പിച്ചിട്ട് മാനേജരും പ്യുണും പുറത്തേക്ക് ഓടി. മാനേജരുടെ പുറകെ പ്രധാന അദ്ധ്യാപികയും യോഗത്തിനു വന്ന മറ്റു ജനങ്ങളും കൈയ്യോടെ പിടിക്കപ്പെട്ടവനെ കാണാൻ പുറപ്പെട്ടു.
ഒരു പെൺകുട്ടി മാത്രം ടീച്ചറുടെ കൈ പിടിച്ചുകൊണ്ട് ടീച്ചറുടെ ദേഹത്തോട് ഒട്ടിനിന്നു.
“എന്താ മോളുടെ പേര്?”
“നിർഭയ”
“ഒറ്റക്കായിരുന്നോ?”
“ഉം”
“പേടിച്ചുപോയോ?”
“ഇല്ല”
“പിന്നെ”
“ടീച്ചർ പഠിപ്പിച്ചതുപോലെ അലറി വിളിച്ചു. അതുകേട്ട് എന്റെ കൂട്ടുകാരികളും അലറി വിളിച്ചു”
മണി കിലുങ്ങുന്ന ശബ്ദമോ, മിന്നിമായുന്ന ചിരിയോ, അതോ കണ്ണുകളിലെ കൂസലില്ലായ്മയോ, എന്താണ് അവളെ അവളാക്കുന്നത്. ടീച്ചർ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.
“നിർഭയേ …” കൂട്ടുകാരികളാണ്
“ഞാൻ പൊയ്ക്കോട്ടേ”
“ഉം”
അവൾ അവളുടെ വിജയാഘോഷങ്ങളിലേക്ക് പറന്നു പോയി.
മുറ്റത്തുള്ള അരയാലിന്റെ ഇളകിയാടുന്ന ഇലകളിൽ ടീച്ചർ പല കുഞ്ഞുങ്ങളുടെ ഭയമില്ലാത്ത മുഖങ്ങൾ കണ്ടു. അവർ അവരുടെ സുരക്ഷിതത്വത്തിലേക്ക് ചിരിച്ചുകൊണ്ട് കയറിപ്പോകുന്നത് ടീച്ചർ ചാരിതാർഥ്യത്തോടെ നോക്കിനിന്നു.