നിശബ്ദ വിലാപം

ഒന്നാം ചരമവാർഷികത്തിന്റെ
ഒത്തുകൂടലിൽ
ചുമരിൽ ആണിയിട്ടുറപ്പിച്ച
ചിത്രത്തിൽ നിന്നവൾ ഊർന്നിറങ്ങി..
ഫാനിൽ തൂങ്ങിയ
കയറിൽ നിന്നുമന്ന്
ഞാന്നിറങ്ങിയ പോലെ…

ഹാവൂ.. ആരുമതറിഞ്ഞില്ല..

ജീവിതകഥ പൊലിപ്പിച്ചും
തമാശകൾ പങ്കിട്ടുമവർ  
ഉല്ലാസനൗകതുഴയുന്നു..

ആരുമവളെ ഓർക്കുന്നില്ല..

തീന്മേശയിൽ
വിഭവങ്ങൾ നിരത്തുന്നവനെ
കണ്ടതുമവൾ പതറി!!
സങ്കടങ്ങളിൽ തണൽ വിരിച്ചവൻ!!
ചേർത്തുപിടിക്കലിൻ
രാവുകൾക്കൊടുവിൽ  
ഉള്ളിലൊരു നാമ്പ് മുളയിട്ടതറിഞ്ഞ്
പേടിച്ചുപോയവൻ!!

ഇന്നിതാ,
അവൾക്കേറ്റം പ്രിയമുള്ള
ചെമ്മീനും ചോറും വിളമ്പുന്നു!!

ഒരുൾപിടച്ചിലിൽ
ചുമരിലെ ചില്ലിട്ടചിത്രം നിലത്തേക്ക്…
ആരോ വിലപിച്ചു;
ദുശ്ശകുനം!! 

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.