നിഴൽ രൂപങ്ങൾ

ചിരി മുഴക്കങ്ങൾക്കിടയിലും
കേൾക്കും വിതുമ്പുലുകളിൽ
കാതോർത്ത്,  
ഇമ പൂട്ടാതെ
അബോധതലങ്ങളിൽ
പുൽ പടർന്നോരങ്ങളിൽ
മണ്ടി നടക്കും ആത്മചേതന.

കളങ്കമന്യേ കുണുങ്ങും
കാൽത്തള കിലുങ്ങും,
കൊച്ചിരിപ്പല്ലുകൾ
കുഞ്ഞു പാദങ്ങൾ,
കുഞ്ഞുമണി ശലഭങ്ങൾ
കാത്തിരിപ്പിൻ വസന്തങ്ങൾ.

ചെമ്പട മുറികിയുണരും
പേരാൽ തറയിളകും
ചടുല താളമിടും
കോമരക്കൂട്ടങ്ങൾ
ആടിത്തിമിർക്കും
ഗോപുര നടകളിൽ
നിറദീപ സന്ധ്യകളിൽ.

കൗമാര കാമനകൾ
തെളിയിച്ച നിഴലുകൾ,
കാഴ്ചയുടെ കനവുകളിൽ
കാണാ വെളിച്ചങ്ങൾ തേടി
ഉന്മാദ മുദ്ര ചാർത്തും
തീക്ഷ്ണ പ്രവാഹം ജ്വലനം .

അന്ധകാരത്തോടേൽക്കും യൗവ്വനം
സിരയിലൊഴുകും കനലാൽ
കോട്ട തീർക്കും,
ചോദ്യം തൊടുക്കും
പൊരുൾ തേടിയലയും
പാപാന്ധകാര പടുകുഴി
പാളയത്തിൽ ചുവക്കും…..
മിഥ്യകൾ…. സത്യങ്ങൾ 

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശി. പതിനഞ്ച് വർഷമായി യുഎയിൽ . ആദ്യ കവിതാസമാഹാരം 'വാകപ്പൂക്കൾ' 2022ൽ ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽവെച്ച് പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു. രണ്ടാമത്തെ കാവ്യസമാഹാരത്തിന്റെ പണിപ്പുരയിൽ.