നിഴലാട്ടങ്ങൾ

എത്രയകന്നാലും
കുറ്റിയിൽ കെട്ടിയ
കിടാവിനെപ്പോലെ
വേർപെടാനാകാതെ
കുരുങ്ങിക്കിടന്ന് …

ചാഞ്ഞും ചെരിഞ്ഞും
വളഞ്ഞും പുളഞ്ഞും
തടിച്ചും മെലിഞ്ഞും
നീണ്ടും കുറുകിയും
കടും കറുപ്പാർന്നും …
വിളറിക്കറുത്തും …

സൂര്യന്റെ കൈപിടിച്ചും
ചന്ദ്രന്റെ തോളേറിയും
വെളിച്ചപ്പൊട്ടുകളിൽ
തൂങ്ങിക്കിടന്നും ..

സ്വപ്നങ്ങളിൽ പോലും
നിറം ചാർത്താനാകാതെ
അകവും പുറവും
നിറപ്പാടില്ലാതെ…

ഭയപ്പെടുത്തിയും
ഭ്രമിപ്പിച്ചും ജീവനിൽ
അട്ടകണക്കെ
കടിച്ചുതുങ്ങിയും
അനുധാവനം ചെയ്ത്…

അചേതനമായതിനും
സചേതനക്കുമൊപ്പം
കേവല സത്യങ്ങളായ്
എന്നുമെല്ലാറ്റിനും
മൂകസാക്ഷിയായി …

നാവുണ്ടായിരുന്നെങ്കിൽ,
നൂറായിയിരം തുണ്ടങ്ങളായ്
മർത്ത്യജീവിതത്തെയത്
അരിഞ്ഞ് തീർത്തേനെ …

നാവുണ്ടായിരുന്നെങ്കിൽ,
നീതി പുലർന്ന്പുലർന്ന്
ഭൂമിലോകം മുഴുക്കെ
സുന്ദരസ്വർഗ്ഗമായേനെ

പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പുഞ്ചക്കോട് സ്വദേശി. UAE -യിൽ 25 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും എഴുതിവരുന്നു.