ഒറ്റയാൾ ചിത്രപ്രദര്‍ശനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് നിള സ്റ്റേസി ജോണ്‍സിന്റെ പ്രെഷ്യൻ ബ്ലൂ ഒക്ടോബര്‍ ഇരുപതു മുതല്‍ ഇരുപത്തേഴു വരെ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കും.
അക്കാദമിയുടെ ചരിത്രത്തില്‍ സോളോ എക്സിബിഷന് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരിയാണ് നിള എന്ന എട്ടു വയസുകാരി. മൂന്നു വയസ്സില്‍ പെയിന്റ് ചെയ്തു തുടങ്ങിയ നിളയുടെ ആദ്യത്തെ സോളോ എക്സിബിഷന് ആറാം വയസ്സിലായിരുന്നു. നാലാമത്തെ സോളോ എക്സിബിഷനാണ് എപ്പോൾ അരങ്ങേറുന്നത്.
ക്യാന്‍വാസില്‍ മിക്സഡ് മീഡിയ ഉപയോഗിചുള്ളതാണ് പെയിന്റിഗുകൾ. ഡെസ്മണ്ട് റിബൈറോ ആണ് പെയ്ന്റിങ്ങില്‍ മാര്‍ഗദര്‍ശി. പ്രൊഫഷനല്‍ ആയി നിളയെ ചിത്രകലയ്ക്ക് പരിശീലനം നൽകിയിട്ടില്ലെങ്കിലും പല മീഡിയങ്ങളില്‍ പരീക്ഷിക്കുന്ന ആര്‍ട്ടിസ്റ്റുകളുമായുള്ള സമ്പര്‍ക്കം ചിത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ജര്‍മന്‍ ആര്‍ട്ട് കളക്റ്റീവുകളായ സോണനകിന്ഡര്, ക്രൂക്കഡ് ട്രീസ് എന്നിവര്‍ക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
ബദല്‍ വിദ്യാഭ്യാസ രീതിയായ ഡീസ്കൂളിംഗ് പിന്തുടരുന്ന നിള യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള യാത്രകള്‍ പല ചിത്രങ്ങള്‍ക്കും പ്രചോദനമായിട്ടുണ്ട്. ജാസ്, ഡ്രംസ്, വയലിന് എന്നിവയില്‍ പരിശീലനം നേടുന്നുണ്ട്. നിളയ്ക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാം.