നിലാവ് പൂക്കുന്ന പ്രണയം

നാണിച്ചുനിൽക്കുന്ന
പൂവിന്നിതൾത്തുമ്പിൽ
ഒരുനിലാവിൻചുണ്ടു
ചേർത്തുവച്ചു
പരിസരംനോക്കാതെ
പുണരുന്നമാത്രയിൽ
ആദ്യാനുരാഗം
അറിഞ്ഞു നിന്നു.

അതുകണ്ടുമനസ്സി-
ന്നകതാരിലെപ്പൊഴോ
ആദ്യമൊരിഷ്ടം
തളിർത്തു വന്നു.
നിഴലുനിലാവുമായ്
പ്രണയത്തിലാവുന്ന
നിമിഷമായ്നീയെന്നി-
ലൊഴുകിയെത്തി.

പലരെയുംകാണവേ
യവിടൊക്കെഞാനെൻ്റെ
പ്രിയമുള്ളൊരാളെ
തിരഞ്ഞുനിന്നു.
പലവാക്കുകേട്ടിട്ടു
മറിയാതെ നിന്നിൽനി-
ന്നൊരു വാക്കുകേൾക്കാൻ
കൊതിച്ചിരുന്നു.
ഒരുമിച്ചു നാം തുഴ-
ഞ്ഞൊരുപാടു സ്വപ്നങ്ങൾ
അറിയാതെയിടനെഞ്ചിൽ
മൂളിവന്നു.
പ്രണയാർദ്രമോരുമന്ദ-
സ്മിതവുമായന്നു നീ
പലവേളയെന്നിലുദിച്ചുനിന്നു.

അതിമോഹശലഭങ്ങ-
ളാദ്യമങ്ങറിയുന്ന
കാറ്റടിച്ചാടുന്ന
തീനാളമായ്
അതിവേഗമാറ്റങ്ങ
ളതിലേറെയാട്ടങ്ങൾ
അവിടൊടുങ്ങില്ല
പ്രണയം.
മൗനം മനസ്സിൽ
കൊരുക്കുന്ന ഭാഷയിൽ
ഊർന്നിറങ്ങും
വാക്കു പൂക്കും കവിതയിൽ
അത്രമേലെന്നെ
തഴുകുന്നിരുട്ടിൽനി-
ന്നെത്രയങ്ങുന്മുഖം
നിലാവിൻ്റെ വാങ്മയം.

പിരിയുവാനാകില്ല
നീയെൻ്റെയോർമയിൽ
കെട്ടിപ്പുണർന്നങ്ങുനിന്നാൽ.
അടരുവാനാകില്ല
ആദ്യ മന്ദസ്മിതം
അഴകോടെയിഴചേർത്തുനിന്നാൽ.

കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി. കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി ജോലിചെയ്യുന്നു. കാക്കപ്പനകൾ (കവിത) കണ്ണാംതുമ്പി(കുട്ടിക്കവിതകൾ), മഞ്ചാടിമണികൾ (ബാലസാഹിത്യം), പ്ലാസ്മ (ശാസ്ത്രലേഖനങ്ങൾ), നിഴലുകളുടെ വർത്തമാനം (കവിത), കളിപ്പാട്ടക്കണ്ണ് (കവിത) സ്കൂളിൽ പോകുമ്പോൾ (ബാലസാഹിത്യം ),പുലി വരുന്നേ (കഥാ കവിതകൾ) അക്ഷരച്ചിന്ത് (കുട്ടിക്കവിതകൾ), കളിപ്പാട്ടക്കണ്ണ് ( കവിത ) കറൻ്റിൻ്റ കഥ ( ജനപ്രിയ ശാസ്ത്രം)എന്നിവയാണ് കൃതികൾ.