പെട്ടെന്നൊരു ദിവസം ആശുപത്രിക്കിടക്കയിലേക്കു ചാഞ്ഞപ്പോൾ കൃപാകറിന്റെ ജീവിതം ബന്ധനത്തിലായി. എന്നും പ്രഭാതത്തിൽ അഞ്ചു മണിക്ക് കുടിക്കുന്ന സമോവർ ചായയില്ല , പ്രഭാത നടത്തയില്ല, ജീവിതംപെട്ടെന്ന് കിടക്കയും, കുറെ മരുന്നുകളും, അവളുടെ കുറെ നിയമാവലികളുമായി ചുരുങ്ങി.
കല്യാണം കഴിഞ്ഞു മുപ്പതു വർഷമാകുന്നു. മക്കൾ രണ്ടു പേരും വിദേശത്ത്. ഈ മുപ്പതു വർഷത്തിനിടയിൽ ഒരിക്കൽ പോലും അസുഖക്കിടക്കയിൽ വീഴാത്തത് അവളുടെ രീതികൾ കൊണ്ടെന്നാണ് അവളുടെ അവകാശവാദം ഞാനും സമ്മതിച്ചു കൊടുക്കും. പുകവലിക്കരുത്, ആഴ്ചയിൽ ഒരു ദിവസം മാത്രം രണ്ടു സ്മാൾ, കുടി വെള്ളം തിളപ്പിച്ചത് മാത്രം, കറിക്കുപയോഗിക്കുന്ന മസാലകൾ വീട്ടിൽ പൊടിപ്പിച്ചത് മാത്രം, എന്നും ഫ്ലാറ്റ് മൊത്തം ഡെറ്റോൾ ഒഴിച്ച് കഴുകി തുടച്ചിട്ട് മാത്രം ഉറക്കം ഇങ്ങനെ കുറെ കർശന നിയമങ്ങൾ, നിനക്ക് വൃത്തി രോഗമാണ് എന്ന് ചിലപ്പോഴൊക്കെ ഞാൻ കളിയാക്കുമായിരുന്നു.
എന്തിനും ഏതിനും വ്യക്തമായ നിയമങ്ങൾ അവർക്കുണ്ടായിരുന്നു. മൂത്തവൻ സിദ്ധു ഡോക്ടർ ആവണമെന്നും, ഇളയവൻ അമൽ എഞ്ചിനീയർ ആവണമെന്നും അവളുടെ നിയമാവലിയിൽ ഉണ്ടായിരുന്നു. പക്ഷെ എന്റെയീ രോഗക്കിടക്കയിൽ അവൾ കാണിക്കുന്ന നിയമാവലികൾ കാണുമ്പൊൾ എനിക്ക് ചിരി വരും. ഇത് എന്റെ രോഗവും, നിരഞ്ജനയും തമ്മിലുള്ള യുദ്ധമാണ് ‘ കളിയാക്കണ്ട കൃപാകർ ഈ യുദ്ധവും ഞാൻ ഞാൻ ജയിക്കും ‘
അതവളുടെ ഉറച്ച തീരുമാനം ആയിരുന്നു. ഇതാണ് പെണ്ണ് എന്ന് ഞാൻ ഉള്ളിൽ അഭിമാനിക്കും. ഞാൻ ആലോചിക്കും ജീവിതത്തിൽ എത്രയോ പ്രതിബന്ധങ്ങൾ വന്നിരിക്കുന്നു ഒരിക്കൽ പോലും അവൾ പതറുന്നത് കണ്ടിട്ടില്ല. എന്തും ധൈര്യപൂർവ്വം നേരിടുന്ന ഒരു പെണ്ണ് .. അത് തന്റെ ഭാഗ്യം തന്നെ ആയിരുന്നു. ഒരു ചെറു സിനിമയിലെ സെന്റിമെന്റ്സ് കണ്ടാൽ തന്നെ കണ്ണീർ പൊഴിക്കുന്ന എന്നെ അവൾ കളിയാക്കും..,
‘കൃപകർ നിങ്ങൾ പെണ്ണും ഞാൻ ആണും ആയി പിറക്കേണ്ടതായിരുന്നു’ എന്ന്.
ചില രാത്രികളിൽ എനിക്ക് വേദന കൂടുമ്പോൾ പുലരും വരെ അവൾ കൈകളും കാലുകളും മസ്സാജ് ചെയ്തു തരും.. അറിയാതെ ഞാൻ മയങ്ങി പോകും. (ഞാനും, നിരഞ്ജനയും തമ്മിൽ എത്രയോ ആശയ യുദ്ധങ്ങൾ നടന്നിരിക്കുന്നു). മക്കൾ രണ്ടു പേരും നിരഞ്ജനയുടെ ശിഷ്യർ ആയിരുന്നു. അവർക്കു എന്തിനും ഏതിനും’അമ്മ വേണം, വിദേശത്തു നിന്ന് പോലും അവർ അമ്മയെ വിളിച്ചു ഉപദേശം തേടും.
‘ഇക്കണക്കിനു സിദ്ധു സർജറിചെയ്യാൻ പോലും നിന്നെ വിളിക്കുമല്ലോ ‘എന്ന് പറയുമ്പോൾ എങ്കിൽ ഞാൻ ഉപദേശം കൊടുക്കും എന്നവൾ വീമ്പിളക്കും
“ഒരു ദിവസം അസുഖം എന്നെയും കൊണ്ട് പോകും എന്ന് ഞാൻ നെടു വീർപ്പിടും.
“ഇല്ല കൃപാകർ ഈ നിരഞ്ജനയെ കബളിപ്പിക്കാൻ ആർക്കും കഴിയില്ല” ചില നേരം അഹങ്കാരം എന്നോ, അമിത ആത്മവിശ്വാസം എന്നോ വിചാരിക്കാവുന്ന വാക്കുകൾ. ഒരു രാത്രിയിൽ ഉറക്കത്തിൽ എന്നെയും കൊണ്ട് പോകാൻ ഒരാൾ വന്നു. സുഷുപ്തിയുടെ ആഴത്തിലായിരുന്ന എന്നെയും കൊണ്ട് മുറി കടക്കാൻ ശ്രമിക്കുന്ന അയാൾ ചെന്ന് പെട്ടത് അവളുടെ മുന്നിൽ. ഉറക്കച്ചടവോടെ എനിക്ക് മസാജ് ചെയ്തിരുന്ന അവളെ കണ്ടു അയാൾ പരുങ്ങി.
“നിങ്ങളെന്തിനാ ചെരുപ്പിട്ടു അകത്തു കയറിയത്” പുരാതനമായ ചെരുപ്പിൽ നോക്കി അവൾ പുലമ്പി പതുങ്ങി നിന്ന അയാളോട് അവൾ കല്പിച്ചു
“ഇനി പത്തു മണി കഴിഞ്ഞാൽ ഒരു ചങ്ങാതിക്കും കാണാൻ അനുവാദമില്ല….. കടന്നു പോകൂ” അവൾ കാർക്കശ്യം കാട്ടി
“ഞാൻ ..ഞാൻ …” അയാൾ നിന്ന് പരുങ്ങി.
“പ്ളീസ് കടന്നു പോകൂ …ഓരോ രാജാപ്പാർട്ടുകൾ .. മനുഷ്യനെ ബുദ്ധി മുട്ടിക്കാൻ…” മനസില്ലാ മനസോടെ എന്നെ വിട്ട് രാജാപ്പാർട്ടുകാരൻ പുറത്തേക്കു പോയി. നിരഞ്ജനയുടെ നിയമാവലികൾ പാലിച്ചു കൊണ്ട്.