ആദിമധ്യാന്തങ്ങളെക്കുറിച്ച്
അവൾ വാചാലയാവാറുണ്ടായിരുന്നു.
പകലുകളെണ്ണിത്തീർക്കുന്ന മലയിൽ
അഗ്രഗണ്യനായ പണ്ഡിതന്റെ
ബാധകയറിയതുപോലെ
രാത്രികളിലവൾ ഉറക്കം വെടിഞ്ഞിരുന്നു.
കണ്ടെടുക്കാൻ കഴിയാത്ത നിധികളെ
മറന്നുകളയുന്ന പുതിയ മനുഷ്യനായി
അവൾ വീണ്ടും പിറന്നു.
അവസാനശ്രമത്തിനുമുൻപുള്ള
അമ്പതിമൂന്നാമത്തെ കുഴിയിൽ
പാമ്പുകളെ കണ്ടതിനാൽ
പിന്നീടങ്ങോട്ട് കൈകളിൽ
ഉറധരിച്ച് കുഴിക്കാനുറച്ചു.
ദൂരെ, കുന്നിനപ്പുറത്തെ
ബാവുൾ ഗായകരെയോർത്ത്
അവൾ പ്രണയസ്വപ്നങ്ങൾ മെനഞ്ഞു.
എഴുപത്തിരണ്ടാമത്തെ കുഴിയിൽവെച്ച്
അവർ ഇണചേരുന്നതവൾ സങ്കല്പിച്ചു.
ആംഗ്യങ്ങളിലൂടെ സംവദിക്കുന്ന ഒരാൾ
അവളുടെ കണ്ണുനീർ തുടക്കുന്നതായി
അവൾ സ്വപ്നം കണ്ടുണർന്നു.
തൊണ്ണൂറ്റിയൊമ്പതാമത്തെ നിധിക്കുഴിയിൽ
അവൾ സ്വയം നിധിയാവാൻ കൊതിച്ചു.
താഴ്വാരത്തിൽ നിന്ന്
എത്തിയേക്കാവുന്ന ബാവുൾ ഗായകൻ
മുടിയിഴയിൽ തൊടുമ്പോൾ
പുനർജ്ജനിക്കാനായി…..,
അവൾ വെറുതെ ഒന്ന് മരിച്ചു.