നിഗൂഢം

എൻ്റെ നയനങ്ങളുടെ
ആഴങ്ങളിലേക്ക് വേരുകളാഴ്ത്തുന്ന
പ്രതീക്ഷകളുടെ
തുടിക്കുന്ന നാരുകൾക്കിടയിൽ നിന്നും
കൃഷ്ണമണികൾ ഇടയ്ക്കിടെ
അസൂയയോടെ എത്തി നോക്കുന്നുണ്ട്.
ഇലകൾ മുഴുവൻ കൊഴിഞ്ഞുപോയ,
ചെംപൂക്കളാൽ ആകാശത്തെ കൊതിപ്പിക്കുന്ന,
ഗുൽമോഹറിൻ്റെ ശാഖയിൽ
കൊക്കുരുമ്മി പ്രണയത്തൂവൽ പൊഴിക്കുന്ന,
രണ്ട് കറുത്ത ഡ്രോംഗോ പക്ഷികളെ.

വിഷം കനച്ച മാന്തളിർ തിന്നാതെ,
ഇലക്കുടയിൽ മറഞ്ഞ
ഇടറിയ കുയിൽനാദത്താൽ
നേർത്ത മൊഴികൾ അവ്യക്തമാകുന്നു.

നരച്ച മഞ്ഞിൻ പുതപ്പിലേറി
നിശാചരികൾ പടം പൊഴിക്കുന്ന
രാത്രികൾ പോലെ പകലും,
കാലങ്ങളായി പുകമഞ്ഞ് മൂടിയ
നഗരവുമിതുപോൽ ഇരുണ്ടുപോയ്,
നിയോൺ വിളക്കുകളുടെ വെളിച്ചവും.

രാപ്പകലുകൾ സജീവമാക്കിയ തെരുവോരങ്ങളിപ്പോൾ
ശൂന്യതയുടെ മരുപ്പറമ്പുകൾ.

അധിനിവേശത്തിൻ്റെ കുളമ്പടികൾ
കാലങ്ങളായി വികൃതമാക്കിയ
ചരിത്രഭൂമികയിലെ രാജപാതകളിൽ
വിസ്മൃതിയിലേക്ക് മറച്ചു കളഞ്ഞ
ഒരു കൂട്ടം മനുഷ്യരുടെ ചേറുമണങ്ങൾ.

അവയ്ക്കു മീതെ
നിഴൽ വിരിക്കുന്ന പുകമഞ്ഞിൽ
ഉയരുന്ന മൃതുഗന്ധം.
ഇരുൾ, അനാഥരായ അവരുടെ
നാൽക്കാലികൾ ചേക്കേറുമിടങ്ങൾ .

എല്ലാ വഴികളും നിഗം ബോധിലേക്ക്
മരണത്തിലും ഊഴം കാക്കുന്നവർ.

ഈ കൂടിൻ്റെ പുറകിലെ ജാലകങ്ങൾ
ഇപ്പോൾ ബന്ധിതങ്ങളാണ്.
പ്രണവായുവിനായി ഉയരുന്ന
നിലയ്ക്കാത്ത ബഹളങ്ങൾ അപഹരിച്ചേക്കാവുന്ന
എൻ്റെ സ്വസ്ഥതയെ
ഞാൻ തടവറയിൽ ആക്കിയിരിക്കുന്നു.

ഇവിടെ ഓരോ കണങ്ങളിലും
നിൻ്റെ ചുടു നിശ്വാസങ്ങൾ ഞാനറിയുന്നു.
തീർത്തും അനാഥമായൊരെൻ്റെ
കൂടിനെ വിറപ്പിക്കുന്ന നിലവിളികൾക്കപ്പുറത്തുനിന്നും
പുക മഞ്ഞിനെ വലിച്ചുകീറി,
മുദ്രാഗീതങ്ങൾ മുഴങ്ങാതിരിക്കയില്ല.

പ്രിയപ്പെട്ടവനെ,
നമ്മളിതുപോലെ ഹംസദൂതുകളാൽ
പരസ്പരം ബന്ധിതരല്ലായിരുന്നെങ്കിൽ,
ഒരുപക്ഷേ..,
ഈ കൂട്ടിൽ..
ഭൂതകാലത്തിൻ്റെ അനേകം ഫോസിലുകൾക്കിടയിൽ
നിനക്ക് എന്നെയും തിരയേണ്ടി വന്നേനെ.

തൃശ്ശൂർ ജില്ലയിൽ വെങ്ങിണിശ്ശേരിയിൽ താമസിക്കുന്നു. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.  കവിതയെ പ്രണയിച്ചവൾ, പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാം നാൾ, കുൽധരയിൽ ഒരു പകൽ, തുടങ്ങിയ കവിതാ സമാഹാരങ്ങളും , രാമകവി v/s തെക്കേടത്തമ്മ (2 ഇന്ത്യൻ പൗരന്മാരുടെ കലികാല ചിന്തകൾ) എന്ന പേരിൽ ഒരു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.