നാവ്

നാൽപതു
പടവാളുകൾ കൊടുത്താണ്
ഞാനിന്നലെ
നാലു നാക്കുകൾ വാങ്ങിയത്..
സത്യം, മിഥ്യ
വഞ്ചന, കാപട്യം
നാലും നാലു നിറത്തിലും
ഗുണത്തിലുമുള്ളവ..

ഒറ്റ നാക്കുമുണ്ട്
വിപണികളിൽ..
ഓന്തിനെ പോലെ
നിറം മാറ്റാവുന്നവ..
വിലക്കെടുക്കപ്പെടുന്ന നാവുകൾ
വില കുറഞ്ഞ വാക്കുകളെയാണ്
പെറ്റിടുന്നത്..
പറഞ്ഞത്
പറഞ്ഞില്ലെന്ന് പറയാൻ
തിരുത്തി മൊഴിയാൻ
ഏച്ചുകെട്ടി
കൂച്ചുവിലങ്ങിടാൻ
കേമരാണ് നാക്കുകൾ..

പരോളിൽ പോലും
പുറത്തിറങ്ങിയാൽ
കണക്കു തീർക്കും..
നാടു കുട്ടിച്ചോറാക്കും..
അതിനാലാവാം
വായക്കകത്ത്
പല്ലിൻ കാവലിൽ
തളച്ചിടപ്പെട്ടിരിക്കുന്നത്..

വെറുതെ
നാക്കിട്ടടിക്കുന്നവരാണ് ചിലർ..
വിഷം പുരട്ടി
വാക്കുകൾ കൊണ്ട്
അസ്ത്രങ്ങളെയ്യും..
മധുപുരട്ടി
സ്നേഹം നടിച്ച്
നക്കിക്കൊല്ലും..
നാലാൾക്കു മുമ്പിൽ
നാറ്റിക്കും..
കുഴപ്പങ്ങളെ കെട്ടഴിച്ചു വിടും..
അപാരമാണ്
നാക്കിൻ മെയ് വഴക്കം..

സത്യങ്ങളെ മിഥ്യയാക്കലും
മിഥ്യകളെ സത്യമാക്കലും
നാക്കിന് നിഷ്പ്രയാസം..
നോക്കണം
നാക്കോടടുക്കുമ്പോൾ
വിഷം വമിക്കും
മനവും മുറിക്കും
മേനി നിറയെ
ചോരയും പൊടിക്കും..

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വിളയൂർ സ്വദേശി. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു.