ഇക്കുറി
നാലാംവാര്‍ഡില്‍ നിന്നൊരു കവിത
തെരഞ്ഞെടുപ്പില്‍
മത്സരിക്കുന്നുണ്ടത്രേ !
ഛന്ദോബദ്ധമല്ലാത്ത,
അലങ്കാരങ്ങളില്ലാത്ത
ദാരിദ്ര്യം പിടിച്ച
ഒരെട്ടുവരിക്കവിത.
ചിരിക്കുമ്പോള്‍
രണ്ടാം വരിയില്‍നിന്നൊരു
വാക്കല്പം പുറത്തേക്കുന്തിനില്‍ക്കുന്ന
ചിത്രം നോട്ടീസിലച്ചടിച്ച്
ഓരോ വീട്ടിലുമവള്‍ കയറി.
നോട്ടീസ് വായിക്കാതെ
കുറുങ്കവിതച്ചെറുക്കന്മാര്‍
ഒറ്റരൂപാനാണയമവള്‍ക്കുനേരെ നീട്ടി,
വിളക്കത്ത് കാലു നീട്ടിയിരുന്നു രാമായണം
വായിക്കുന്നമുത്തശ്ശിയെഴുത്തുകള്‍
നിനക്കിതെന്തിന്റെ കേടാണെന്ന്
മിണ്ടാതെ ചോദിച്ചു,
കാണാനല്പമെങ്കിലുമെന്ന്
കലുങ്കിലെ കവിതകള്‍
അവളുടെ പുറകിലുറക്കെപ്പറഞ്ഞു,
അവള്‍ കടന്നുപോകുമ്പോള്‍
കിണറ്റുവക്കിലും ബസ്റ്റോപ്പിലുമൊരൂറിച്ചിരി പരന്നു,
റിട്ടയര്‍ ചെയ്തപ്പോള്‍
വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍
ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിച്ച
മലയാളം മാഷ് രാത്രി പതിനൊന്നരക്ക്
നിന്നെ വെട്ടിത്തിരുത്തി സുന്ദരിയാക്കാമെന്ന്
മെസ്സേജയച്ചു.
അഭയാര്‍ത്ഥികളന്യഭാഷകള്‍
കുടിയേറിപ്പാര്‍ക്കുന്ന അക്കരേക്ക്
വാക്കുകൊണ്ടൊരു പാലം തീര്‍ക്കുമെന്നും
ദുഖിതരും ഏകാകികളുമായ
എഴുത്തുകളുടെ തെരുവില്‍
വാക്കുവിളക്കുകള്‍ കൊളുത്തുമെന്നും
എഴുതിയ പ്രകടനപത്രിക
പഴയ നീണ്ട കഥകള്‍
മുണ്ടും മടക്കിക്കുത്തി വട്ടമിട്ടിരിക്കുന്ന
ചായക്കടയില്‍
വൈന്നേരക്കടി പൊതിയാനെടുത്തു,
ഒരുപുറം മാത്രമടിച്ചിരുന്നെങ്കില്‍…
കടക്കാരന്റെ മകള്‍
പ്രണയഗാനം
നീള്‍മിഴിയാള്‍
പരിഭവിച്ചു
ആയിടെ മാത്രം പറ്റുപുസ്തകത്തിലിടം കിട്ടിയ
ഭാഗ്യവാനായ ചെറുകഥ
ആ കണ്ണിലലിഞ്ഞു.
ക്ലബ് ഹൌസുകളുടെ മീറ്റ് ദ കാന്റിഡേറ്റ്
വാതില്‍പ്പടിയില്‍ കാത്തുകെട്ടിക്കിടന്നതിന് മടുത്തു.
ഒടുക്കം കേട്ടവരാവട്ടെ
കൊള്ളാമെന്നുപറഞ്ഞ് മ്യൂട്ടാക്കി ചിരിച്ചു,
നിങ്ങളെപ്പോലെ.
നാളെയാണ് തെരഞ്ഞെടുപ്പ്.
എന്താണ് ചെയ്യേണ്ടതെന്ന്
നിങ്ങള്‍ക്കറിയാവുന്നതുപോലെ
വോട്ടെണ്ണിക്കഴിഞ്ഞാല്‍
എന്തുചെയ്യണമെന്നവള്‍ക്കുമറിയാം