നഷ്ടം

ലക്ഷ്യത്തിലേക്കൊരു
ചുവടു കൂടിയെന്ന്
നിനച്ചാഞ്ഞു
നടക്കും നേരം
കൺമുമ്പിലാ വഴി
പൊടുന്നനെ
മരിച്ചു വീഴുന്നത്..
ആകെയുള്ളൊരു
ഒറ്റ വഴി –
യറ്റു പോകുമ്പോൾ
പ്രതീക്ഷകൾ ഒന്നല്ല
ഒരായിരമാ-
ണനാഥമാകുന്നത്..

നമ്മെ
കൂട്ടിക്കൊണ്ടു പോകാൻ
വഴികളെ
ശട്ടം കെട്ടിയ
ചില നാൽക്കവലകളുണ്ട്..
വഴികൾ
മാടി വിളിക്കുമ്പോൾ
നിന്ന് നട്ടം തിരിയും
അവിടെ
നാലു പേരുണ്ടെങ്കിലോ
ഒരാൾ ഒന്നു പറയും
മറ്റെയാൾ വേറൊന്നും
രണ്ടുമല്ലെന്ന് മൂന്നാമനും
ഇവയൊന്നുമല്ലെന്ന്
നാലാമനും…

തെരഞ്ഞെടുത്ത വഴി
നേരാകാം
പിഴക്കാം
ചിലപ്പോൾ വഴി തെറ്റാം
വഴിക്കും തെറ്റാം
ചൂണ്ടു പലകകൾ
പിഴപ്പിക്കുകയുമാവാം…

ആർക്കു പിഴച്ചാലും
പിഴപ്പിച്ചാലും
നഷ്ടം
വഴിയാത്രക്കാരനു
മാത്രം..

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വിളയൂർ സ്വദേശി. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു.